2018-07-05 18:39:00

“സമാധാനം വന്നിറങ്ങട്ടെ!” ബാരിയില്‍ ഒരു പ്രാര്‍ത്ഥനാസംഗമം


“സമാധാനം നിങ്ങളില്‍ വന്നിറങ്ങട്ടെ!” എന്ന ആപ്തവാക്യവുമായി മദ്ധ്യപൂര്‍വ്വദേശത്തിന്‍റെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ ഫ്രാന്‍സിസ് ജൂലൈ 7-Ɔο തിയതി ശനിയാഴ്ച രാവിലെ തെക്കെ ഇറ്റലിയിലെ ബാരിയിലെത്തും. മദ്ധ്യപൂര്‍വ്വദേശത്തെ വിവിധ ഓര്‍ത്തഡോക്സ് സഭാദ്ധ്യക്ഷന്മാരും മറ്റു സഭാപ്രതിനിധികളും പാപ്പായോടു ചേര്‍ന്നുള്ള സമാധാന പ്രാര്‍ത്ഥനകളിലും സംവാദത്തിലും ആ ദിവസം ചിലവൊഴിക്കും.

പോര്‍ക്കളമായൊരു ഭൂപ്രദേശം
ആയിരങ്ങള്‍, അതില്‍ അധികവും ക്രൈസ്തവര്‍ ഏറെ നാടകീയമായി ഇപ്പോഴും കൊല്ലപ്പെടുകയും വിവിധ തരത്തിലുള്ള പീഡനങ്ങള്‍ക്ക് മദ്ധ്യപൂര്‍വ്വദേശത്ത് ഇരയാകുകയും ചെയ്യുന്നതിന്‍റെ പശ്ചാത്തലത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഈ ഏകദിന സമാധാനസംഗമം ബാരിയില്‍ വിളിച്ചുകൂട്ടിയിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി ലോകത്തിന്‍റെ മറ്റേതു പ്രവിശ്യയെക്കാളും കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്നിടമാണ് മദ്ധ്യപൂര്‍വ്വദേശം. ഐക്യരാഷ്ട്ര സംഘടന നിഷ്കൃയമായി നോക്കിനില്ക്കെ, ഇസ്രായേല്‍, ഈജിപ്ത്, ഇറാന്‍, തുര്‍ക്കി, സൗദി അറേബ്യ, പുറമെനിന്നും അമേരിക്ക, റഷ്യ എന്നീ വന്‍ശക്തികളും ആയുധങ്ങളുടെ മാറ്റുരയ്ക്കുന്ന വേദിയായിട്ടുണ്ട് ക്രിസ്തീയതയുടെ പിള്ളത്തൊട്ടിലായ ഈ പ്രദേശമെന്ന് ലോകം നിരീക്ഷിക്കുന്നു.

സിറിയയും ഇറാക്കും
രണ്ടാം ലോക മഹായുദ്ധങ്ങള്‍ക്കുശേഷം മാനവികതയുടെ ഏറ്റവും ഭീതിദമായ അടിയന്തരാവസ്ഥയാണ് മദ്ധ്യപൂര്‍വ്വദേശത്ത് കാണുന്നത്. ക്രൈസ്തവര്‍ക്കെതിരായ സാമൂഹിക രാഷ്ട്രീയ വിവേചനത്തില്‍ തുടക്കമിട്ട സിറിയയുടെയും ഇറാക്കിന്‍റെയും അവസ്ഥ കഠിനമായത് ഇസ്ലാമിക മത മൗലികവാദികളുടെ ആക്രമണവും അവരുടെ ഇസ്ലാമിക രാഷ്ട്രനിര്‍മ്മിതിക്കായുള്ള വ്യാമോഹവുമാണ്.

യുദ്ധം 8-Ɔο വര്‍ഷത്തില്‍ എത്തിനില്ക്കുന്നത് സിറിയയിലാണ്. പ്രസിഡന്‍റ് ബഷാര്‍ അല്‍ ആസാദിന്‍റെ ഭരണത്തെ റഷ്യയും ഇറാനും കക്ഷിചേര്‍ന്നാണ് ഇസ്രാമിക തീവ്രവാദികളുടെയും മറ്റ് ശത്രുപക്ഷങ്ങളില്‍നിന്നും സീറിയയെ ഏകോപിപ്പിച്ചെടുക്കാന്‍ ശ്രമം നടത്തുന്നത്. 5000-ല്‍ അധികംപേരാണ് കൊല്ലപ്പെട്ടവര്‍, അതില്‍ 27,000-ത്തോളം കുട്ടികള്‍. ക്രൈസ്തവര്‍ 2 ശതമാനത്തില്‍ താഴെയായി കുറഞ്ഞു.

ഇറാക്ക് 2003-മുതല്‍ സിറിയയുമായി യുദ്ധത്തിലാണ്. പിറകെ ഇസ്രാമിക തീവ്രവാദികളും ഇസ്ലാം രാഷ്ട്ര സ്ഥാപനത്തിനിറങ്ങിയതും ഇറാക്കിന്‍റെ മണ്ണിലാണ്. പീഡിപ്പിക്കപ്പെട്ടതും പുറത്താക്കപ്പെട്ടും അവിടത്തെ പുരാതനക്രൈസ്തവ സമൂഹങ്ങളാണ്. മൊസൂള്‍, നിനീവേ താഴ്വാരങ്ങളില്‍ ക്രൈസ്തവ ഗ്രാമങ്ങള്‍ കൈയ്യേറപ്പെട്ടു. 1,20,000 പേരാണ് ഇറങ്ങിപ്പോകേണ്ടി വന്നത്. ഇന്നും സംഖ്യകക്ഷികളുടെ സഹായത്തോടെ ത്രീവ്രവാദികളെ തുരത്താന് ഇറാക്ക് ശ്രമിക്കുകയാണ്. അവിടത്തെ 3 ലക്ഷം ക്രൈസ്തവര്‍ 1.5 ആയി കുഞ്ഞുകഴിഞ്ഞു.

പലസ്തീനും ഇസ്രായേലും
മദ്ധ്യപൂര്‍വ്വദേശത്തെ ഇസ്രായേല്‍ പലസ്ഥീന്‍ യുദ്ധത്തിന് 51 വയസ്സായി. ഉടമ്പടികളും കൂടിയാലോചനകളും തകര്‍ന്ന സ്വപ്നങ്ങളും പാഴ് വേലകളുമായി മാറുന്നു. ജരൂസലത്തേയ്ക്ക് അമേരിക്കന്‍ എമ്പസി, തെല്‍ അവീവില്‍നിന്നും മാറ്റി സ്ഥാപിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന്‍റെ നീക്കങ്ങള്‍ ഇരുകക്ഷികള്‍ തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ പിരിമുറുക്കങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഇവിടെയു ന്യുനപക്ഷമായ വിശുദ്ധനാട്ടിലെ ക്രൈസ്തവര്‍ ഞെരുക്കപ്പെടുകയാണ്.ഇതിനിടയിലെ സുന്നി-ഷിയ മുസ്ലിം ഗ്രുപ്പ് സംഘട്ടനം, ഗാസാ, അല്‍-ഫതാ പ്രവിശ്യയ്ക്കുവേണ്ടിയുള്ള പലസ്തീനിയന്‍ ഹാമാസ് പോരാട്ടം എന്നിവയും മദ്ധ്യപൂര്‍വ്വദേശത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നുണ്ട്.

പാപ്പാ ഫ്രാന്‍സിസിന്‍റെയും മദ്ധ്യപൂര്‍വ്വദേശത്തെ സഭാദ്ധ്യക്ഷന്മാരുടെയും പ്രാര്‍ത്ഥനാദിനത്തിന് ഭാവുകങ്ങള്‍!
സമാധാനവഴികള്‍ തുറക്കപ്പെടട്ടെ… എന്നു പ്രാര്‍ത്ഥിക്കുന്നു!!








All the contents on this site are copyrighted ©.