2018-07-03 09:19:00

ദൈവിക മഹിമാതിരേകങ്ങളുടെ പ്രഘോഷണം


ശബ്ദരേഖ

സമ്പൂര്‍ണ്ണസ്തുതിപ്പ് - ഗീതം 147-ന്‍റെ പഠനം രണ്ടാം ഭാഗം :

147-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ പശ്ചാത്തലപഠനം നാം കഴിഞ്ഞ പ്രക്ഷേപണത്തില്‍ കണ്ടതാണ്. മനോഹരമായ ഈ സ്തുതിപ്പിന്‍റെ ഘടനയാണ് അതിലൂടെ വ്യക്തമായത്. ദൈവത്തിന്‍റെ മഹിമാതിരേകങ്ങള്‍, വിശിഷ്യ രക്ഷണീയ വൈഭവം സങ്കീര്‍ത്തകന്‍ അനുസ്മരിച്ചുകൊണ്ടും വിവരിച്ചുകൊണ്ടുമാണ് സ്തുക്കാനുള്ള ആഹ്വാനംനല്‍കുന്നത്. മൂന്നു വ്യത്യസ്ത പദങ്ങളാണ് സ്തുതിക്കാനുള്ള ആഹ്വാനമായി, മൂന്നു വിവിധ സ്ഥാനങ്ങളില്‍ ഗായകന്‍ പ്രഭണിതംപ്പോലെ, അല്ലെങ്കില്‍ ഭാരതീയ ശൈലിയില്‍ ഒരു പല്ലവിപോലെ ഉപയോഗിക്കുന്നത് ശ്രദ്ധേയമാണ്.

അവ 1, 7, 12 പദങ്ങളാണെന്നും നാം കഴിഞ്ഞ ഖണ്ഡത്തില്‍ മനസ്സിലാക്കിയതാണ്. വിപ്രവാസത്തില്‍നിന്നും തിരിച്ചെത്തിയ ഇസ്രായേല്‍ ജനത്തിന് സിയോണില്‍, അല്ലെങ്കില്‍ ജരൂസലത്തുണ്ടായ അനുഭവം, വികാരമിതാണ് - ദൈവം തങ്ങളെ സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയുംചെയ്യുന്നു. അങ്ങനെ ഇസ്രായേല്‍ അനുഭവിച്ച, ഉള്‍ക്കൊണ്ട ദൈവത്തിന്‍റെ പിതൃഭാവവും, പിതൃഗേഹത്തിന്‍റെ അനുഭവവുമാണ് സ്തുതിപ്പായി ഈ ഗീതത്തില്‍ ഉയരുന്നത്. ഇസ്രായേല്‍ മക്കളെ സ്തുതിപ്പിന്‍റെ വികാരത്തിലേയ്ക്ക് ഉയര്‍ത്തിയ സാഹചര്യവും സന്ദര്‍ഭവും ഗീതത്തിന്‍റെ ആദ്യപദങ്ങളില്‍ത്തന്നെ മനസ്സിലാക്കാം.

Recitation :
കര്‍ത്താവിനെ സ്തുതിക്കുവിന്‍  (2)
അവിടുത്തേയ്ക്ക് സ്തുതിപാടുന്നത് ഉചിതമത്രേ

സ്തുതിപ്പിനുള്ള ആഹ്വാനമാണ് ശ്രവിച്ചത്. എന്നിട്ട് സങ്കീര്‍ത്തകന്‍ ഉടന്‍തന്നെ കാരണങ്ങളും പറയുന്നു. അവ 2, 3 പദങ്ങളാണ്:

Recitation :
കര്‍ത്താവു ജരൂസലേമിനെ പണിതുയര്‍ത്തുന്നു
ഇസ്രായേലില്‍നിന്നു ചിതറിപ്പോയവരെ
അവിടുന്നു ഒരുമിച്ചുകൂട്ടുന്നു.
അവിടുന്നു ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുന്നു
അവരുടെ മുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു.

സ്തുതിക്കാനുള്ള കാരണങ്ങള്‍ ഇവിടെ വ്യക്തമാണ്. യാഹ്വേ, ദൈവം ചിതറപ്പോയ ഇസ്രായേല്‍മക്കളെ വിളിച്ചുകൂട്ടുകയും, അവിടുന്ന് ജരൂസലേമിനെ മെല്ലെ പണിതുയര്‍ത്തുകയുമാണ്. രണ്ടാമത്തെ പദം ഇങ്ങനെ സ്തുതിക്കാനുള്ള കാരണം പറയുമ്പോള്‍, മൂന്നാമത്തെ പദം മറ്റൊരു കാരണമാണ്. അവിടുന്നു തകര്‍ന്നഹൃദയങ്ങളെ സൗഖ്യപ്പെടുത്തുകയും, അവരുടെ മുറിവുകള്‍ വച്ചുകെട്ടുകയും, മുറിവ് ഉണക്കുകയുംചെയ്യുന്നു.

ഈ ഗീതം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്.  ആലാപനം ബിന്ദു ജോസഫും സംഘവും.

Musical Version Ps. 147
ഹൃദയംതകര്‍ന്ന മാനവരെ സുഖമാക്കുന്നു സകലേശന്‍
സുഖമാക്കുന്നു സകലേശന്‍. (2)

ദൈവത്തെ സുതിക്കാനുള്ള ആഹ്വാനംനല്കുന്ന സങ്കീര്‍ത്തകന്‍ അതിനുള്ള കാര്യകാരണങ്ങള്‍ വ്യക്തമാക്കിക്കൊണ്ടാണ് ആലാപനത്തിലൂടെ, സ്തുതിപ്പിലൂടെ പുരോഗമിക്കുന്നത്. നഷ്ടപ്പെട്ടതിനെ അന്വേഷിച്ചിറങ്ങുകയും, അവ തിരിച്ചെത്തുമ്പോള്‍ സന്തോഷിക്കുകയുംചെയ്യുന്ന അജപാലകനും, നല്ലിടയനുമായ ദൈവം തന്‍റെ അജഗണത്തെ നക്ഷത്രക്കൂട്ടങ്ങളെപ്പോലെ വീക്ഷിക്കുകയും എണ്ണിത്തിട്ടപ്പെടുത്തുകയും പേരുചൊല്ലി വിളിക്കുകയുംചെയ്യുന്നു.  ഇതാണ്, നാലമത്തെ പദത്തിന്‍റെ ഉള്ളടക്കം. ഈ പദം ശ്രവിച്ചുകൊണ്ട് നമുക്കതിന്‍റെ വിവരണത്തിലേയ്ക്കു കടക്കാം.

Recitation :
അവിടുന്നു നക്ഷത്രങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുന്നു.
അവയോരോന്നിനും പേരിടുന്നു.

എണ്ണിത്തിട്ടപ്പെടുത്തുക, എണ്ണിനോക്കുക എന്ന പ്രയോഗം... പിതാവിന്‍റെ കരുതലും സ്നേഹവുമാണ് പ്രകടമാക്കുന്നത്. എല്ലാവരും ഉണ്ടോ? ആരുടെയെങ്കിലും കുറവുണ്ടോ? ആരെങ്കിലും നഷ്ടമായിട്ടുണ്ടോ? എന്നു പരിശോധിക്കാനുള്ള ശ്രദ്ധയും കരുതലുമാണ് പദങ്ങളില്‍ വെളിപ്പെട്ടുകിട്ടുന്നത്. വാനവിതാനങ്ങളിലെ നക്ഷത്രങ്ങളെ മനുഷ്യര്‍ക്ക് പൂര്‍ണ്ണമായും എണ്ണാനാവില്ലെന്ന് നമുക്കറിയാം. എന്നിട്ടും അവയില്‍ ചിലതിനെ ശാസ്ത്രജ്ഞന്മാര്‍ തിരിച്ചറിയുകയും, അവയ്ക്ക് പേരിടുകയും ചെയ്തിട്ടുണ്ട്. ജ്യോതിശാസ്ത്രജ്ഞന്മാരും ഖഗോളോര്‍ജ്ജതന്ത്രജ്ഞന്മാരും അവരുടെ പഠനം ഇന്നും തുടരുകയാണ്. എന്നിട്ടും നക്ഷത്രങ്ങള്‍ എത്രയെന്നോ, ഈശ്വരസൃഷ്ടി സ്വരൂപങ്ങള്‍പോലെ നിലകൊള്ളുന്ന സൗരയൂഥത്തിന്‍റെയും, ക്ഷീരപഥങ്ങളുടെയും വ്യക്തമായ ഒരു ധാരണയോ ഇനിയും  മെനഞ്ഞെടുക്കാന്‍ മനുഷ്യര്‍ക്കാവുന്നില്ല. അപ്പോഴും സങ്കീര്‍ത്തകന്‍ പാടുന്നു.

Recitation :
യാഹ്വേ നക്ഷത്രങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുന്നു.
അവയോരോന്നിനും അവിടുന്നു പേരിടുന്നു.

Musical Version : Pslam 147
ഹൃദയംതകര്‍ന്ന മാനവരെ സുഖമാക്കുന്നു സകലേശന്‍
സമുഖമാക്കുന്നു സകലേശന്‍. (2)
ഹൃദയംതകര്‍ന്നവരെ കര്‍ത്താവ് സുഖപ്പെടുത്തുന്നു
അവിടുന്ന് അവരുടെ മുറിവുകള്‍ വച്ചുകെട്ടുന്നു
അവിടുന്ന് നക്ഷത്രങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുന്നു.
ദൈവമേ, അവയോരോന്നിനും അവിടുന്നു പേരിടുന്നു.
        -ഹൃദയംതകര്‍ന്ന

പിതാവായ അബ്രാഹത്തോടു ദൈവം, ഉല്പത്തിയില്‍ ചെയ്ത വാഗ്ദാനം നാം പരിശോധിക്കുകയാണെങ്കില്‍ അവിടെയും തന്‍റെ സൃഷ്ടികളോടും  ജനത്തോടുമുള്ള വാത്സല്യാതിരേകത്തിന് ദൈവം ഉപമാനമാക്കുന്നത് നക്ഷത്രങ്ങളെയാണ്.

Recitation :
“ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്‍റെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്‍ത്തീരത്തെ മണല്‍ത്തരികള്‍ പോലെയും വര്‍ദ്ധിപ്പിക്കും. …”
     - (ഉല്പത്തി 22, 17).

അളവുകളില്ലാത്തതും അതിരുകളില്ലാത്തതുമായ ദൈവത്തിന്‍റെ സ്നേഹമാണ് സങ്കീര്‍ത്തകന്‍ വരികളില്‍ ഏറ്റുപാടുന്നത്. ജ്യോത്സ്യന്മാരെ ആശ്രയിച്ച് ജീവിതങ്ങള്‍ ക്രമീകരിക്കുന്നവരുണ്ട്. ഇവിടെ ജോത്സ്യന് അറിയാവുന്ന എതാനും നക്ഷത്രങ്ങളുടെ പേരുപറഞ്ഞ് മനുഷ്യന്‍റെ ആയുസ്സും, ആയുസ്സിന്‍റെ നേട്ടങ്ങളെയും കോട്ടങ്ങളെയും, മോഹിപ്പിക്കുന്ന ജീവിതകോട്ടകളെയും കുറിച്ചുള്ള പ്രവചനങ്ങള്‍ കേട്ട് ജീവിതത്തെ ക്രമീകരിക്കാന്‍ ശ്രമിക്കുന്നു. ലത്തീന്‍ഭാഷയില്‍ പറയുന്നപോലെ ഒരു hocus-pocus പരിപാടിയാണിത്. ഒരുതരം കബളിപ്പിക്കല്‍! കബളിപ്പിക്കലെന്നു പറഞ്ഞാല്‍ നക്ഷത്രഫലങ്ങളില്‍ അല്ലെങ്കില്‍ വാരഫലത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് വിഷമംവന്നാലോ...! എങ്കിലും വ്യാമോഹിപ്പിക്കലല്ലേ അത്! സങ്കീര്‍ത്തകന്‍ നമുക്ക് പകര്‍തരുന്നത് ദൈവത്തിന്‍റെ അതിരുകളില്ലാത്ത കൃപയിലുള്ള ആശ്രയബോധമാണ്. അടുത്ത പദം, അഞ്ചാമത്തെ പദം അതുതന്നെയാണഅ പറഞ്ഞുതരുന്നത് :

Recitation :
ദൈവം വലിയവനും കരുത്തുറ്റവനുമാണ്
അവിടുത്തെ ജ്ഞാനം അളവറ്റതാണ്.

ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ആരും പെട്ടന്നു ചോദിച്ചേക്കാം, ഒന്നു പറഞ്ഞേ, എങ്ങനെയാണ് ദൈവം തന്‍റെ ഈ വലുപ്പവും കരുത്തും, ജ്ഞാനവും പ്രകടമാക്കുന്നതെന്ന്? വിശുദ്ധഗ്രന്ഥത്തിലെ – പഴയനിയമത്തിലെയും പുതിയ നിയമത്തിലെയും വലിയ അത്ഭുതമാണിത്, അവിടുത്തെ കരുത്തും, അനന്തമായശക്തിയും! ദൈവം എളിയവരെ ഉയര്‍ത്തിക്കൊണ്ടാണ്, വിനീതരെ കൈപിടിച്ചുയര്‍ത്തിക്കൊണ്ടാണ് തന്‍റെ കരബലവും കരുത്തും, അളവറ്റ ജ്ഞാനവും പ്രകടമാക്കുന്നത്! ഇത് ഏറെ ആശ്ചര്യാവഹമാണ്! ദൈവം നമ്മെ വളിക്കുന്നു! എളിയവരായ നിങ്ങളെയും എന്നെയും വ്യക്തിപരമായി വിളിച്ചുകൊണ്ടും, സ്നേഹിച്ചുകൊണ്ടും കൈപിടിച്ചുനടത്തുന്നു – വീഴുമ്പോള്‍ താങ്ങുന്നു, പിന്നെയും നടത്തുന്നു. ദൈവത്തിന്‍റെ എളിമയും വിനീതഭാവവും ആശ്ചര്യാവഹംതന്നെ. ദൈവരാജ്യത്തിന്‍റെ വൈരുദ്ധ്യവും വിരോദാഭാസവുമാണിത്!!  സങ്കീര്‍ത്തനത്തിന്‍റെ ക്രിസ്തുഭാവം... Christological Perspective… പ്രകടമായിക്കാണാം. ഭൂമിയിലെ പ്രശ്നങ്ങള്‍ ദൈവം കാണുന്നേല്ലേ..?!. ചോദിക്കാം, ചോദിക്കുന്നവരുണ്ട്!! പെട്ടന്ന് മനസ്സിലേയ്ക്കു വരുന്നത് പി. ഭാസ്ക്കരന്‍ മാഷിന്‍റെ കവിതയും പുകഴേന്തിയുടെ വരികളും, പി. ജയചന്ദ്രന്‍റെ യുവശബ്ദത്തിലാണ്...

“വിണ്ണിലിരിന്നുറങ്ങുന്ന ദൈവമോ, മണ്ണിതില്‍ ഇഴയുന്ന മനുഷ്യനോ
അന്ധനാര്, ഇപ്പോള്‍ അന്ധനാര്... അന്ധകാരപരപ്പിതില്‍ അന്ധനാര്...!”

നമുക്കറിയാം... മനുഷ്യന്‍ തന്നെയാണ് അന്ധനാകുന്നത്, ഇരുട്ട് സൃഷ്ടിക്കുന്നത് - നിങ്ങളും ഞാനും തന്നെ! നമ്മുടെ സ്വാര്‍ത്ഥതയും ആര്‍ത്തിയും അത്യാഗ്രഹവും, വെട്ടിപ്പിടിക്കലുമാണ്... ജീവിതത്തിന്‍റെ താളം തെറ്റിക്കുന്നത് - കുടുംബങ്ങളെ ശിഥിലമാക്കുന്നത്, ജോലിസ്ഥലങ്ങളെ അലങ്കോലപ്പെടുത്തുന്നത്... സമാധാനജീവിതം എവിടെയും നശിപ്പിക്കുന്നത്. സങ്കീര്‍ത്തകനോടൊപ്പം ഈ സ്തുതിപ്പിലൂടെ, പദങ്ങളുടെ പഠനത്തിലൂടെ നമുക്ക് ദൈവികകാരുണ്യത്തിലേയ്ക്ക് തിരിയാം. അവിടുന്നു നമ്മുടെ മുറിപ്പെട്ട ലോകത്തെ, സമൂഹങ്ങളെ, സ്ഥാപനങ്ങളെ, കുടുംബങ്ങളെ – നമ്മെ-എന്നെയും നിങ്ങളെയും സുഖപ്പെടുത്തട്ടെ! ബലപ്പെടുത്തട്ടെ!!

Musical Version : Pslam 147
ഹൃദയംതകര്‍ന്ന മാനവരെ സുഖമാക്കുന്നു സകലേശന്‍
സമുഖമാക്കുന്നു സകലേശന്‍. (2)
കര്‍ത്താവു വലിയവനും കരുത്തുറ്റവനുമാണ്
അവിടുത്തെ ജ്ഞാനം അളവറ്റതാണ്
കര്‍ത്താവു തന്‍റെ എളിയവരെ ഉയര്‍ത്തുന്നു
ദൈവമേ, ദുഷ്ടരെ അവിടുന്നു നിലംപരിശാക്കുന്നു.
      -ഹൃദയംതകര്‍ന്ന








All the contents on this site are copyrighted ©.