2018-06-19 09:50:00

സ്വിറ്റ്സര്‍ലന്‍റിലേയ്ക്കൊരു സഭൈക്യ തീര്‍ത്ഥാടനവും അജപാലന സന്ദര്‍ശനവും


23-Ɔമത് അപ്പസ്തോലിക യാത്രയെക്കുറിച്ച്....

നാടിന് പ്രത്യാശയും ആനന്ദവുമാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ സ്വിറ്റ്സര്‍ലണ്ട് സന്ദര്‍ശനമെന്ന് ലൂസെയിന്‍-ജനീവ-ഫ്രൈബോര്‍ഗ് അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ചാള്‍സ് മൊറേറോ പ്രസ്താവിച്ചു. ജൂണ്‍ 14-Ɔο തിയതി വ്യാഴാഴ്ച വത്തിക്കാന്‍ വാര്‍ത്താ വിഭാഗത്തിനു നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് മൊറേറെ ഇങ്ങനെ പ്രത്യാശ പ്രകടിപ്പിച്ചത്.

സഭകളുടെ ആഗോള കൂട്ടായ്മയുടെ സ്ഥാപനത്തിന്‍റെ 70-Ɔο വാര്‍ഷികം അവസരമാക്കിയാണ് ജൂണ്‍ 21-Ɔο തിയതി വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് ജനീവ നഗരത്തിലെത്തുന്നത്. സഭൈക്യകേന്ദ്രത്തിലെ പരിപാടികള്‍ക്കൊപ്പം ശ്രദ്ധേയമാകുന്നതും ജനപങ്കാളിത്തമുള്ളതുമായ സംഭവം അന്നു വൈകുന്നേരം പലേക്സ്പോ സ്റ്റേഡിയത്തില്‍ (Palexpo International Convention Center) പാപ്പാ അര്‍പ്പിക്കുന്ന ദിവ്യബലിയായിരിക്കും. ആര്‍ച്ചബിഷപ്പ് മൊറേറെ ചൂണ്ടിക്കാട്ടി.

പലേക്സ്പോ രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്‍റെറിലെ ദിവ്യബലിക്കായി ഇന്‍റെര്‍നെറ്റുവഴി ജൂണ്‍ മാസത്തില്‍ ലഭ്യാമാക്കിയ 50,000 സൗജന്യ ടിക്കറ്റുകള്‍ അന്നുതന്നെ പൂര്‍ണ്ണമായും തീര്‍ന്നതായി ആര്‍ച്ചുബിഷപ്പ് മൊറോറോ അറിയിച്ചു. വിവിധ ഭാഷക്കാരുടെയും സംസ്ക്കാരങ്ങളുടെയും സങ്കരഭൂമിയായ സ്വിറ്റ്സര്‍ലണ്ടിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക പര്യടനം ജനങ്ങള്‍ക്ക് പ്രത്യാശയും ആനന്ദംപകരുന്നതുമാണ്. 38 ശതമാനം കത്തോലിക്കരും, 27 ശതമാനം പ്രോട്ടസ്റ്റ്കാരും, ബാക്കി വിവിധ മതസ്ഥരുമുള്ള രാജ്യമാണ് സ്വിറ്റിസര്‍ലണ്ട്. ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കൂടിയായ ബിഷപ്പ് മൊറോറോ പ്രസ്താവിച്ചു. 

സ്വിറ്റ്സര്‍ലണ്ടിലെ സന്ദര്‍ശന പരിപാടികള്‍ : ജൂണ്‍ 21 വ്യാഴാഴ്ച
പ്രാദേശിക സമയം 8.30-ന് റോമാ ഫുമിച്ചീനോ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും  പാപ്പാ യാത്രപുറപ്പെടും.

ആഗോള സഭൈക്യ കൂട്ടായ്മയില്‍
രാവിലെ 10.10-ന് പാപ്പാ ജനീവ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങും. വിമാനത്താവളത്തിലെ ഹ്രസ്വമായ സ്വീകരണച്ചടങ്ങാണ് ആദ്യ പരിപാടി. പ്രസി‍ഡന്‍റ് അലെയിന്‍ ബെര്‍സെറ്റുമായുള്ള സ്വകാര്യകൂടിക്കാഴ്ച വിമാനത്താവളത്തില്‍ വിശിഷ്ടാതിഥികള്‍ക്കുള്ള ഹാളില്‍ നടക്കും. തുടര്‍ന്ന് 11.15-ന് ആഗോള സഭൈക്യ കേന്ദ്രത്തിന്‍റെ ആസ്ഥാനത്ത് (World Council of Churches) കാറില്‍ എത്തിച്ചേരുന്ന പാപ്പാ സഭൈക്യപ്രാര്‍ത്ഥനയില്‍ പങ്കെടുക്കും. വചനപ്രഘോഷണം നടത്തും.

17 കി.മി. അകലെയുള്ള ബൊസ്സെ സഭൈക്യവിദ്യാപീഠത്തില്‍വച്ച് WCC-യുടെ ഭാരവാഹികളോടും ബൊസ്സെ കേന്ദ്രത്തിലെ അന്തേവാസികള്‍ക്കുമൊപ്പം പാപ്പാ ഉച്ചഭക്ഷണം കഴിക്കും. ഉച്ചതിരിഞ്ഞ് 3.45-ന് ആഗോള സഭൈക്യകൂട്ടായ്മയെ WCC-കേന്ദ്രത്തില്‍ അഭിസംബോധനചെയ്യുന്നതിന് പാപ്പാ അവിടേയ്ക്ക് 18 കി.മി. കാറില്‍ തിരികെ യാത്രചെയ്യും. തുടര്‍ന്ന് സഭൈക്യകൂട്ടായ്മയെ അഭിസംബോധനചെയ്യും.

ജനങ്ങള്‍ക്കൊപ്പം സമൂഹബലിയര്‍പ്പണം
വൈകുന്നരം 5.30-ന് ജനീവയിലെ പലേക്സ്പോ രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്‍ററില്‍ പാപ്പാ ദിവ്യബലിയര്‍പ്പിക്കും. വചനചിന്തകള്‍ പങ്കുവയ്ക്കും. പാപ്പായുടെ ജനീവ സന്ദര്‍ശനത്തില്‍ ഏറ്റവും അധികം ജനപങ്കാളിത്തമുള്ള പരിപാടിയായിരിക്കുമിത്. പ്രാദേശിയ സമയം രാത്രി 8 മണിക്ക് ജനീവ രാജ്യാന്തര വിമാനത്താവളത്തിലെ ഔദ്യോഗിക യാത്രയയപ്പിനെ തുടര്‍ന്ന് പാപ്പാ വത്തിക്കാനിലേയ്ക്ക് മടങ്ങും.

വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി 9.40-ന് റോമിലെ ചമ്പീനോ വിമാനത്താവളത്തില്‍ ഇറങ്ങുന്ന പാപ്പാ, 28 കി. മി. കാറില്‍ സഞ്ചരിച്ച് വത്തിക്കാനിലെത്തും.








All the contents on this site are copyrighted ©.