2018-06-12 12:26:00

ഉപ്പും വെളിച്ചവും പോലെ അപരനുവേണ്ടി ആയിരിക്കുക-പാപ്പാ


സ്വന്തം യോഗ്യതകളെ വാഴ്ത്തിപ്പാടാതെ ഇരുളില്‍ അപരന് വെളിച്ചമായിരിക്കുകയാണ് സാധാരണ ക്രിസ്തീയ സാക്ഷ്യമെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍, തന്‍റെ വാസയിടമായ, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ ചൊവ്വാഴ്ച(12/06/18) രാവിലെ അര്‍പ്പിച്ച ദിവ്യബി മദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഉപ്പു ആഹാരത്തിനു രുചിപകരുകയും വെളിച്ചം സ്വയം പ്രകാശിപ്പിക്കുകയല്ല മറിച്ച് മറ്റുള്ളവയെ വെളിച്ചത്തിലാക്കുകയും ചെയ്യുന്നതുപോലെ ക്രൈസ്തവന്‍ മറ്റുള്ളവര്‍ക്കു  ഉപ്പും വെളിച്ചവും ആകണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

നിസ്സാരമെന്നു തോന്നുന്ന ഒന്നാണിത്, എന്നാല്‍, കര്‍ത്താവ് നമ്മുടെ ഈ നിസ്സാരകാര്യങ്ങള്‍കൊണ്ട് വിസ്മയങ്ങള്‍ തീര്‍ക്കും. ആകയാല്‍ എളിമയുള്ളവരായിരിക്കുക. പാപ്പാ ഓര്‍മ്മിപ്പിച്ചു.

ഉപ്പ് അതിനുതന്നെ രുചിപകരുകയല്ല, വെളിച്ചം അതിനുവേണ്ടിത്തന്നെ പ്രകാശിക്കുകയുമല്ല. ഇവരണ്ടും മറ്റുള്ളവയ്ക്കു വേണ്ടിയാണ് നിലകൊള്ളുന്നത്. പാപ്പാ വിശദീകരിച്ചു.

കടകളില്‍ ടണ്‍കണക്കിനല്ല മറിച്ച് ചെറിയ പൊതികളാക്കിയാണ് ഉപ്പു വിലിക്കുന്നത്. അല്പം ഉപ്പാണ് ഭക്ഷണത്തിന് രുചിപകരുന്നത്. ഉപ്പ് അതിന്‍റെ ഗുണങ്ങളെ സ്വയം കൊട്ടി ഘോഷിക്കുന്നി്ല, പിന്നെയൊ സദാ മറ്റുള്ളവയ്ക്ക് സഹായകമായി നില്ക്കുന്നു. സാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനും ആഹാരത്തിനു രുചിപകരാനും ഉപ്പ് ഉപകരിക്കുന്നു.

ആഹരിക്കുമ്പോള്‍ നാം പറയാറില്ല ഉപ്പു നല്ലതാണെന്ന്, അതുപോലെ തന്നെ. ഇരുളില്‍ ഭവനത്തിലേക്കു പോകുമ്പോള്‍ നാം പറയാറില്ല വഴിയെ പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്ന ആ വെളിച്ചം നല്ലതാണെന്ന്. നാം വെളിച്ചത്തെക്കുറിച്ചത്തെക്കുറിച്ചു ചിന്തിക്കാതെതന്നെ ആ വെളിച്ചത്തില്‍ നടക്കുന്നു. ഇതുപോലെ അജ്ഞാതരായിരിക്കുകയെന്നതാണ് ക്രൈസ്തവന്‍റെ  ഒരു മാനം, പാപ്പാ ഉദ്ബോധിപ്പിച്ചു.

സ്വയം വിശുദ്ധനെന്നു കരുതി കര്‍ത്താവിന് നന്ദി പ്രകാശിപ്പിക്കുന്ന ഫരിസേയനെപ്പോലെ നാം ആകരുത്, നമ്മുടെ യോഗ്യതകളെ സ്വയം വാഴത്തുന്നവരാകരുത് എന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

 








All the contents on this site are copyrighted ©.