2018-05-08 17:17:00

"പ്രലോഭനത്തെ വിജയിക്കാന്‍ അമ്മയെ ആശ്രയിക്കുക": മാര്‍പ്പാപ്പ


സാന്താ മാര്‍ത്താ കപ്പേളയില്‍ മെയ് എട്ടാംതീയതി അര്‍പ്പിച്ച പ്രഭാതബലിമധ്യേ മാര്‍പ്പാപ്പാ നല്‍കിയ വചനസന്ദേശത്തിന്‍റെ കാതല്‍ പിശാചിന്‍റെ കെണികളില്‍ വീഴാതിരിക്കാന്‍ ജാഗ്രതയുള്ളവരായിരിക്കുക എന്നതായിരുന്നു. വി. യോഹന്നാന്‍റെ സുവിശേഷം 16-ാമധ്യായത്തിലെ വായനയെ (വാ. 5-11) ആസ്പദമാക്കി പരിശുദ്ധ പിതാവ് ഇങ്ങനെ ഉദ്ബോധിപ്പിച്ചു:

“പ്രലോഭകനാണ് പിശാചെന്ന് നമുക്ക് അത്രവേഗം മനസ്സിലാകുകയില്ല.  കാരണം, നമ്മെ പ്രലോഭിപ്പിക്കുന്നതിനുള്ള അവന്‍റെ കഴിവ് അപാരമാണ്, അതിനുവേണ്ടി, അവന്‍ തന്നെത്തന്നെ വലിയ ശക്തിയുള്ളവനാണെന്നു കാണിക്കും, ഒത്തിരിയേറെ കാര്യങ്ങള്‍ നമുക്ക് വാഗ്ദാനം ചെയ്യും.  മനോഹരമായി പൊതിഞ്ഞ സമ്മാനങ്ങള്‍ തരും... അതിനുള്ളില്‍ എന്താണെന്നു കാണാന്‍ അനുവദിക്കാതെ, സമ്മാനപ്പൊതിയുടെ മനോഹാരിതയില്‍ നമ്മെ മയക്കും.  അങ്ങനെ നമ്മുടെ ദുരഭിമാനത്തിനും ജിജ്ഞാസയ്ക്കും ചേര്‍ന്ന വാക്കുകളിലൂടെ അവന്‍റെ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ അവനു കഴിയും. ചീങ്കണ്ണിയെ വേട്ടയാടുന്നവര്‍, അതു ജീവന്‍ പോകാറായതാണെങ്കിലും അതിനെ സമീപിക്കുകയില്ല. കാരണം, അപ്പോഴും ആക്രമിക്കുകയും കൊല്ലുകയും ചെയ്യാന്‍ അതിനു കഴിയും. അതുപോലെ, ചങ്ങലക്കിട്ടതെങ്കിലും പേപ്പട്ടിയുടെ അടുത്ത് ആരും ചെല്ലുകയോ അതിനെ തലോടുകയോ ഇല്ല... പിശാചും അപകടകാരിയാണ്. ഒരുതരത്തിലും അവനെ സമീപിക്കാതിരിക്കുകയും സംസാരിക്കാതിരിക്കുകയും ചെയ്യുക എന്നത് ആത്മീയജീവിതത്തില്‍ അടിസ്ഥാനപരമായ ഒരു തെരഞ്ഞെടുപ്പാണ് എന്നു പാപ്പാ ഉപദേശിച്ചു. കാരണം, നുണയുടെ വാഗ്ദാനങ്ങളാണ് അവനുള്ളത്. നമ്മള്‍ വിഡ്ഢികള്‍, അതു വിശ്വസിക്കുകയും ചെയ്യും. വാസ്തവത്തില്‍ പിശാച് നുണയനും നുണയുടെ പിതാവുമാണ്.  അവനു മനോഹരമായി സംസാരിക്കാനറിയാം... അവന്‍ നഷ്ടപ്പെടുത്തുന്നവനാണ് എങ്കിലും വിജയിയെപ്പോലെ കാണപ്പെടും. കരിമരുന്നു പ്രയോഗത്തിലെന്ന പോലെ അവന്‍റെ പ്രഭ ശക്തമെങ്കിലും നൈമിഷികമായിരിക്കും.  എന്നാല്‍, കര്‍ത്താവ്, സൗമ്യനാണ്, പക്ഷേ നിത്യനാണ്.”

അതുകൊണ്ട്, പ്രാര്‍ഥനയിലും ജാഗ്രതയിലും, ഉപവാസത്തിലും ജീവിക്കുന്നതിനും ആഹ്വാനം ചെയ്ത പാപ്പാ, പരിശുദ്ധ അമ്മയില്‍ ആശ്രയം വയ്ക്കുന്നതിന് ഉപദേശിച്ചു കൊണ്ട് ഇങ്ങനെ അവസാനിപ്പിച്ചു: “അവസാനമായി, കുഞ്ഞുങ്ങളെപ്പോലെ അമ്മയുടെ പക്കല്‍ ചെല്ലുക.  പേടിയാകുമ്പോള്‍ അവര്‍, അമ്മേ അമ്മേ, ഞാന്‍ പേടിച്ചുപോയി എന്നു പറഞ്ഞ് ഓടിയെത്തുന്നതുപോലെ... നാഥയുടെ പക്കല്‍ ചെല്ലുക.  അവള്‍ നമ്മെ കാത്തുകൊള്ളും.  സഭാപിതാക്കന്മാര്‍, പ്രത്യേകിച്ചും റഷ്യന്‍ മിസ്റ്റിക്കുകള്‍ പറയുന്നു, ആത്മീയ പരീക്ഷകളുണ്ടാകുമ്പോള്‍, ദൈവമാതാവിന്‍റെ കാപ്പയുടെ കീഴില്‍ അഭയം തേടുക എന്ന്.  അമ്മയുടെ അടുത്തേയ്ക്കു പോവുക. അമ്മ നമ്മെ സഹായിക്കട്ടെ, ഈ പരാജിതനെ വിജയിക്കാന്‍...”








All the contents on this site are copyrighted ©.