2018-05-07 11:25:00

"യേശുവിന്‍റെ സ്നേഹത്താല്‍ സ്നേഹിക്കുക": ത്രികാലജപസന്ദേശം


2018, മെയ്മാസം 6-ാം തീയതി, ഉയിര്‍പ്പുകാലം ആറാം ഞായറാഴ്ച മധ്യാഹ്നത്തില്‍ വത്തിക്കാനില്‍വച്ച്, സ്വര്‍ലോകരാജ്ഞീ ആനന്ദിച്ചാലും എന്ന ത്രികാലജപത്തിനു മുമ്പ് നല്കിയ സന്ദേശം വി. കുര്‍ബാനയിലെ  വി. യോഹന്നാന്‍റെ സുവിശേഷം പതിനഞ്ചാമധ്യായത്തില്‍ നിന്നുള്ള വായനയെ അടിസ്ഥാനമാക്കിയായിരുന്നു (യോഹ 15:9-17). തന്‍റെ സ്നേഹത്തില്‍ നിലനില്‍ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് യേശു നല്‍കുന്ന പ്രഭാഷണഭാഗത്തെ ആസ്പദമാക്കി പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ നല്‍കിയ സന്ദേശത്തിന്‍റെ പരിഭാഷ താഴെച്ചേര്‍ക്കുന്നു.

പ്രിയ സഹോദരീസഹോദരന്മാരേ, സുപ്രഭാതം!

ഈ ഉയിര്‍പ്പുകാലത്തില്‍, ദൈവവചനം, നമ്മെ ഉത്ഥിതനായ കര്‍ത്താവിന്‍റെ സമൂഹവുമായി പൊരുത്തപ്പെടുന്ന വഴികള്‍ നമുക്കു കാണിച്ചുതരുന്നത് തുടരുകയാണ്.  അവയ്ക്കിടയില്‍, ഇന്നത്തെ സുവിശേഷം, യേശുവിന്‍റെ, "എന്‍റെ സ്നേഹത്തില്‍ നിലനില്‍ക്കുവിന്‍" (യോഹ 15:9) എന്ന പ്രഭാഷണം, അവിടുത്തെ സ്നേഹത്തോടു ചേര്‍ന്നു നിലനില്‍ക്കുന്നതിനായി അവതരിപ്പിക്ക പ്പെടുന്നു.  ദൈവസ്നേഹത്തിന്‍റെ ചാലില്‍ വസിക്കുന്നതിന്, അവിടെ നിത്യതയുടെ വാസസ്ഥാനമൊരുക്കുന്നതിന് മാനദണ്ഡമായിരിക്കുന്നത്, നമ്മുടെ സ്നേഹത്തിന്‍റെ തീക്ഷ്ണതയും  ധീരതയും നഷ്ടപ്പെടരുതെന്നതു മാത്രമാണ്.  നാമും, യേശുവിനെപ്പോലെ, യേശുവില്‍, നന്ദിയോടുകൂടി, പിതാവില്‍ നിന്നു വരുന്ന സ്നേഹം സ്വീകരിച്ച് അതില്‍ നിലനില്‍ക്കണം.  നമ്മുടെ സ്വാര്‍ഥതയും പാപവും മൂലം അതില്‍ നിന്നു വേര്‍പെട്ടുപോകാതിരിക്കുന്നതിന് ജാഗ്രത പുലര്‍ത്തുകയും വേണം.  ഏറെ പരിശ്രമം ആവശ്യമാണെങ്കിലും അസാധ്യമായ ഒന്നല്ല ഇത്.

ആദ്യമായി, നമുക്കു ബോധ്യമാകേണ്ട ഒരു കാര്യം, ക്രിസ്തുവിന്‍റെ സ്നേഹം ഉപരിപ്ലവമായ ഒരു വികാരമല്ല എന്നതാണ്.   ഇത് ഹൃദയത്തിന്‍റെ അടിസ്ഥാനപമായ ഒരു മനോഭാവമാണ്.  അവിടുന്ന് ആവശ്യപ്പെടുന്നതുപോലെ, ആ സ്നേഹത്തില്‍ ജീവിച്ചു പ്രകടമാക്കേണ്ടതാണത്.  യേശു ഉറപ്പിച്ചുപറയുന്നതിതാണ്: "നിങ്ങള്‍ എന്‍റെ കല്‍പ്പനകള്‍ പാലിക്കുന്നെങ്കില്‍, നിങ്ങള്‍ എന്‍റെ സ്നേ ഹത്തില്‍ നിലനില്‍ക്കും, ഞാന്‍ എന്‍റെ പിതാവിന്‍റെ കല്‍പ്പനകള്‍ പാലിച്ചുകൊണ്ട്, അവിടുത്തെ സ്നേഹത്തില്‍ നിലനില്‍ക്കുന്നതുപോലെ" (യോഹ 15:10). മനോഭാവത്തിലൂടെയും, പ്രവര്‍ത്തനങ്ങളിലൂടെയും  സ്നേഹം അനുദിനജീവിതത്തില്‍ യാഥാര്‍ഥ്യമാകേണ്ടതാണ്, അല്ലാത്തപക്ഷം അത് ഒരു മായക്കാഴ്ചയ്ക്കു തുല്യമായിരിക്കും.  അവ വാക്കുകള്‍ മാത്രമായിരിക്കും വെറും വാക്കുകള്‍... വാക്കുകള്‍ മാത്രം. അതു സ്നേഹമല്ല.  സ്നേഹം ഓരോദിവസത്തിലും സമൂര്‍ത്തമാകണം.  യേശു നമ്മോടാവശ്യപ്പെടുന്നത്, "ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ, നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍" എന്നു സംഗ്രഹിച്ചിരിക്കുന്ന കല്‍പ്പന കാക്കുവാനാണ് (യോഹ 15:12).

ഉത്ഥിതനായ ക്രിസ്തു നമുക്കു നല്‍കിയ ഈ സ്നേഹം മറ്റുള്ളവര്‍ക്കു പങ്കുവയ്ക്കാനെങ്ങനെയാണു നമുക്കു കഴിയുക? സ്നേഹിക്കേണ്ട അപരവ്യക്തി ആരാണെന്നു യേശു ആവര്‍ത്തിച്ചു സൂചിപ്പിച്ചിട്ടുണ്ട്, വാക്കുകളിലൂടെയല്ല, യഥാര്‍ഥ വസ്തുതകളിലൂടെയാണത്.  ആ വ്യക്തി, ഞാന്‍ എന്‍റെ വഴിയില്‍ കണ്ടുമുട്ടുന്ന ആളാകാം, അവിടുത്തെ മുഖവും ചരിത്രവും ഉള്ള വ്യക്തിയായി എന്നെ വിളിക്കുന്ന ആളാകാം.  യേശുവിന്‍റെ സാമീപ്യമേകി, എന്‍റെ നിശ്ചയങ്ങളില്‍ നിന്നും താല്പര്യങ്ങളില്‍ നിന്നും എന്നെ പുറത്തേയ്ക്കു നയിക്കുന്ന ആളായിരിക്കാം.  എന്‍റെ സന്നദ്ധതയ്ക്കും ശ്രവണത്തിനുമായി ഏറെ അടുപ്പമുള്ള എന്‍റെ കുടുംബത്തില്‍ ആരംഭിക്കുന്ന, സമൂഹത്തിലുള്ള, ജോലിസ്ഥലത്തുള്ള, വിദ്യാലയത്തിലുള്ള... ആരെങ്കിലുമോ, ഏതെങ്കിലും സാഹചര്യത്തിലോ ഉള്ള ആളോ ആയി ആ വഴിയുടെ ഒരുഭാഗം ഒരുമിച്ചു നടക്കുന്നതിനായി കാത്തുനില്‍ക്കുന്ന വ്യക്തിയായിരിക്കാം അയാള്‍. ആ ഓരോ സഹോദരിക്കും സഹോദരനും സംലഭ്യമാകുന്നതിനു എന്നെ കാത്തുനില്‍ക്കുന്ന വ്യക്തിയായിരിക്കാം അത്. അപ്രകാരം, ഞാന്‍ യേശുവിനോടു ഐക്യത്തില്‍ നിലനില്‍ക്കുന്നുവെങ്കില്‍, അവിടുത്തെ സ്നേഹം, അപരനിലേയ്ക്കെത്തും, അവിടുന്നിലേയ്ക്ക്, അവിടുത്തെ സൗഹൃദത്തിലേയ്ക്ക് അവനെ ആകര്‍ഷിക്കുകയും ചെയ്യും.

മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള ഈ സ്നേഹം ചില അസാധാരണ നിമിഷത്തിലേയ്ക്കുമാത്രം നീക്കി വയ്ക്കുന്നതിനു വേണ്ടിയുള്ളതല്ല, മറിച്ച്, നമ്മുടെ സത്തയില്‍ നൈരന്തര്യത്തോടെ ഉണ്ടായിരിക്കേണ്ട ഒന്നാണത്.  അതിനുവേണ്ടിയാണ് നാം വിളിക്കപ്പെടുന്നത്. ഉദാഹരണമായി, പ്രായമായവരെ, അവര്‍ നമുക്കു സാമ്പത്തിക പ്രശ്നങ്ങളും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നെങ്കില്‍ പോലും  അമൂല്യനിധി പോലെ സംരക്ഷിക്കുന്നതും സ്നേഹിക്കുന്നതും, അവരെ കാക്കുന്നതും അതുകൊണ്ടാണ്.  അതിനാലാണ്, രോഗികളെ അവരുടെ അവസാനനിമിഷങ്ങളില്‍ പോലും, അവര്‍ക്കു സാധ്യമായ എല്ലാ ശുശ്രൂഷയും നാം നല്‍കുന്നത്.  അതുകൊണ്ടാണ്, ഉദരത്തിലുള്ള കുഞ്ഞുങ്ങളെ നാം എപ്പോഴും സ്വാഗതം ചെയ്യുന്നത്.  അതുകൊണ്ടു തന്നെയാണ്, എല്ലാറ്റിനുമുപരി, ജീവന്‍, ഗര്‍ഭാവസ്ഥ മുതല്‍ അതിന്‍റെ സ്വാഭാവികാസ്തമയം വരെ എല്ലായ്പോഴും സംരക്ഷിക്കപ്പെടേണ്ടതും സ്നേഹിക്കപ്പെടേണ്ടതുമാണ് എന്നു നമുക്ക് ഉറപ്പുള്ളത്. അതാണ് സ്നേഹം.

നാം യേശുക്രിസ്തുവിലൂടെ നാം സ്നേഹിക്കപ്പെടുകയും അവിടുന്ന് നമ്മെ സ്നേഹിച്ചതുപോലെ, പരസ്പരം സ്നേഹിക്കണമെന്ന് അവിടുന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, നമ്മുടെ ഹൃദയത്തില്‍ സ്നേഹമില്ലെങ്കില്‍ നമുക്കതു ചെയ്യാനാവില്ല.  എല്ലാ ഞായറാഴ്ചകളിലും നാം പങ്കെടുക്കുന്ന വിശുദ്ധ കുര്‍ബാനയുടെ ലക്ഷ്യം ക്രിസ്തുവിന്‍റെ ഹൃദയം നമ്മില്‍ രൂപപ്പെടുത്തുകയാണ്.  അതുവഴി നമ്മുടെ ജീവിതം മുഴുവനും അവിടുത്തെ ഔദാര്യപൂര്‍ണമായ മനോഭാവത്താല്‍ നയിക്കപ്പെടുകയാണ്.  പരിശുദ്ധ കന്യകാമറിയം, യേശുവിന്‍റെ സ്നേഹത്തില്‍ നില നില്‍ക്കുന്നതിനും, എല്ലാവരോടുമുള്ള സ്നേഹത്തില്‍, പ്രത്യേകിച്ച്, ഏറ്റവും ബലഹീനരായവരോടുമുള്ള സ്നേഹത്തില്‍ വളരുന്നതിനും, അങ്ങനെ നമ്മുടെ ക്രിസ്തീയവിളിയ്ക്കു പൂര്‍ണമായി പൊരുത്തപ്പെടുന്നതിനും നമ്മെ സഹായിക്കട്ടെ.

ഈ പ്രാര്‍ഥനാശംസയോടെ പാപ്പാ സന്ദേശമവസാനിപ്പിച്ച് ലത്തീന്‍ഭാഷയില്‍ ത്രികാലജപം ചൊല്ലി.  തുടര്‍ന്ന് അപ്പസ്തോലികാശീര്‍വാദം നല്‍കുകയും ചെയ്തു








All the contents on this site are copyrighted ©.