2018-05-05 13:09:00

പാപ്പാ തോര്‍ ദെ സ്ക്യാവിയിലെ ഇടവക സന്ദര്‍ശിക്കും


ഫ്രാന്‍സീസ് പാപ്പാ റോം രൂപതയിലെ തോര്‍ ദെ സ്ക്യാവിയിലുള്ള പരിശുദ്ധതമ കൂദാശയുടെ ഇടവക ഞായറാഴ്ച (06/05/18) സന്ദര്‍ശിക്കും.

രൂപതാ മെത്രാന്‍ സ്വന്തം രൂപതയിലെ ഇടവകള്‍ സന്ദര്‍ശിക്കണമെന്ന കാനന്‍ നിയമാനുശാസനത്തിന്‍റെ പാലനത്തിന്‍റെ ഭാഗമായിട്ടാണ് പാപ്പാ വത്തിക്കാനില്‍ നിന്ന് 15 കിലോമീറ്ററോളം കിഴക്കുമാറി സ്ഥിതി ചെയ്യുന്ന ഈ ഇടവകയില്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞ് എത്തുക.

കുട്ടികളും യുവജനങ്ങളുമായുള്ള കൂടിക്കാഴ്ച, വയോധികരും രോഗികളുമായുള്ള നേര്‍ക്കാഴ്ച, “സന്തോഷ സദനം” എന്നര്‍ത്ഥമുള്ള “കാസ ദെല്ല ജോയ” യില്‍ വച്ച് ഉപവി പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ച, ഭിന്നശേഷിക്കാരും അവരുടെ കുടുംബാംഗങ്ങളുമൊത്തുള്ള സമാഗമം, സ്ഥൈര്യലേപന കൂദാശ പരികര്‍മ്മവും ഉള്‍പ്പെടുത്തിയ ദിവ്യപൂജാര്‍പ്പണം എന്നിവയാണ് പാപ്പായുടെ പ്രധാന പരിപാടികള്‍ ആ ഇടവകയില്‍.

വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ 1972 ലും വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പാ 1993 ലും ഈ ഇടവകയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.








All the contents on this site are copyrighted ©.