2018-04-20 11:11:00

പ്രാര്‍ത്ഥന ജീവിതത്തില്‍ ദൈവകൃപയുടെ ആനന്ദമുണര്‍ത്തും


സ്ഥാപനത്തിന്‍റെ 125-Ɔο വാര്‍ഷികനാളില്‍... പാപ്പാ ഫ്രാന്‍സിസ് ബെനഡിക്റ്റൈന്‍ സഭാംഗങ്ങളോട്...

ബെനഡിക്റ്റൈന്‍ സഭ ആചരിക്കുന്ന സ്ഥാപനത്തിന്‍റെ 125-Ɔο വാര്‍ഷികത്തോട് അനുബന്ധിച്ച് 400 പേരുടെ പ്രതിനിധി സംഘത്തെ  ഏപ്രില്‍ 19-Ɔο തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ ക്ലെമന്‍റൈന്‍ ഹാളില്‍  പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ചയില്‍  സ്വീകരിച്ചു. തത്സമയം പാപ്പാ പങ്കുവച്ച ചിന്തകളുടെ പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു:

1. പ്രാര്‍ത്ഥന നല്കുന്ന ദൈവികാനന്ദം
പ്രാര്‍ത്ഥന, ജോലി, പഠനം Ora et Labora et Lege എന്ന ബെനഡിക്റ്റൈന്‍ സന്ന്യാസ സഭാക്കൂട്ടായ്മയുടെ ആപ്തവാക്യത്തെക്കുറിച്ചാണ് പാപ്പാ ചിന്തകള്‍ വികസിപ്പിച്ചത്.  ധ്യാനാത്മക ജീവിതത്തില്‍ ദൈവം തന്‍റെ സാന്നിദ്ധ്യം വിളിച്ചുണര്‍ത്തുന്നത് അപ്രതീക്ഷിതവും സവിശേഷവുമായ രീതികളിലാണ്. യാമപ്രാര്‍ത്ഥനയില്‍ ദൈവവചനത്തെ ആധാരമാക്കി നാം ധ്യാനിക്കുന്നു. അനുസരണയോടെ വചനം ശ്രവിച്ച് ജീവിക്കുന്നവര്‍ അതിന്‍റെ ആത്മീയാനന്ദം അനുഭവിക്കാന്‍ ദൈവം ഇടയാക്കുന്നു. പ്രാര്‍ത്ഥന മനുഷ്യഹൃദയത്തില്‍ ഉണര്‍ത്തുന്നത് ദൈവകൃപയുടെ ആനന്ദമാണ്. അത് നമ്മുടെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും അനുദിനം നവീകരിക്കുന്നു. ജീവിത പ്രവൃത്തികള്‍ക്ക് അത് നവോര്‍ജ്ജം നല്കുന്നു. കാരണം പ്രാര്‍ത്ഥനയിലൂടെ നമുക്ക് ദൈവികവിജ്ഞാനത്തിന്‍റെ വെളിച്ചമാണ് മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ സാധിക്കുന്നത്.

നാം ആയിരിക്കുന്ന സമൂഹത്തെയും പ്രാര്‍ത്ഥന പ്രകാശിപ്പിക്കുന്നു. ദൈവത്തെ തേടി (querrere Deum…) നമ്മുടെ സ്ഥാപനത്തില്‍ എത്തുന്നവരെയും പ്രാര്‍ത്ഥന ഉദ്ദീപിപ്പിക്കും. അതുപോലെ സമര്‍പ്പിതരുടെ പ്രാര്‍ത്ഥനാഫലം അവര്‍ പഠിപ്പിക്കുന്ന സ്കൂളിലെയും കോളെജിലെയും യൂണിവേഴ്സിറ്റികളിലെയും യുവജനങ്ങളെയും പ്രചോദിപ്പിക്കുന്നു. അങ്ങനെ പ്രാര്‍ത്ഥന സദാ നവീകൃതവും ഉദ്ദീപ്തവുമായ ഒരു ആത്മീയജീവിതം ചുറ്റുമുള്ളവരിലും നമ്മിലും സൃഷ്ടിക്കുന്നു!

2. സമുന്നത സ്ഥാനം ക്രിസ്തുവിനായിരിക്കട്ടെ!
ക്രിസ്തുവിന് ഉപരിയായി ഒന്നും ജീവിതത്തില്‍ ഉണ്ടാകരുത്. വിശുദ്ധ ബെനഡിക്ടിന്‍റെ ഉപദേശമാണിത്. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ ജീവിതത്തില്‍ ഏറെ കരുതലും ജാഗ്രതയും അനിവാര്യമാണ്. അനുദിനം പ്രാര്‍ത്ഥതനയിലൂടെ ക്രിസ്തുവിനെ ശ്രവിക്കാനും അവിടുത്തെ എളിമയോടെ അനുഗമിക്കാനുമുള്ള അനുസരണയും സന്നദ്ധതയുമാണ് ജീവിതത്തിലെ ഈ ക്രിസ്തു സാന്നിദ്ധ്യം. സന്ന്യാസത്തിന്‍റെ അനുദിനജീവിത ദൗത്യം പ്രാര്‍ത്ഥനയിലൂടെ സജീവമായ ദൈവികൈക്യത്തിലും സാന്നിദ്ധ്യത്തിലും ജീവിക്കുകയെന്നതാണ്. ഉത്ഥാനകാലത്തെ ആരാധനക്രമം പ്രബോധിപ്പിക്കുന്ന ജീവന്‍റെ നിര്‍ഝരി ക്രിസ്തുവാണ്. ഓരോ ക്രൈസ്തവനും സഭയാകുന്ന വലിയ കൂട്ടായ്മയ്ക്കും അത് അനിവാര്യമാണ്. ഉത്ഥിതനായ ക്രിസ്തു പകര്‍ന്നുനല്കുന്ന ജീവന്‍റെ നീരുറവയില്‍നിന്നും ജലം ശേഖരിച്ചും ആഗിരണംചെയ്തും നമുക്ക് അവിടുന്നില്‍ ഐക്യപ്പെട്ടു ജീവിക്കാം, വളരാം.

3.  ബെനഡിക്ടെന്ന ആത്മീയതയുടെ ദിശാതാരം
കലുഷിതമായ കാലത്ത് മൂല്യങ്ങള്‍ തകര്‍ന്ന സ്ഥാപനങ്ങളും സമൂഹങ്ങളും വ്യക്തികളും പതറിയപ്പോഴും വിശുദ്ധ ബെനഡിക്ട് ആത്മീയതയുടെ ഒരു ദിശാതാരംപോലെ ജീവിച്ചു. ക്രിസ്തുവിലേയ്ക്ക് തന്‍റെ സഹോദരങ്ങളെയും സമൂഹത്തെയും നയിച്ച ആത്മീയജ്യോതിസ്സായിരുന്നു സിദ്ധന്‍! ആത്മീയതയിലും പ്രാര്‍ത്ഥനയിലും കേന്ദ്രീകൃതമായ ഒരു ജീവിതത്തിലൂടെയാണ് വിശുദ്ധ ബെനഡിക്ടിന് അതു സാധിച്ചതും തന്‍റെ കാലഘട്ടത്തെ പ്രകാശപൂര്‍ണ്ണമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതും. സാമാന്യബുദ്ധിയും യുക്തിയും ഉണ്ടായതുകൊണ്ട് വിവേചന ശക്തിയുണ്ടാകണമെന്നില്ല. അത് പരിശുദ്ധാരൂപിയില്‍നിന്നും യാചിച്ചു വാങ്ങേണ്ടതാണ്. വിവേചനശക്തിയില്ലെങ്കില്‍ നാം ജീവിതസാഹചര്യങ്ങളില്‍ പാവകളെപ്പോലെ കളിപ്പിക്കപ്പെടാം (GE 166-167).

4. ആത്മീയതയുടെ മരുപ്പച്ചകള്‍
പ്രാര്‍ത്ഥിക്കാനും ദൈവവിചാരത്തില്‍ ജീവിക്കാനും മനുഷ്യര്‍ക്ക് സമയമില്ലാത്ത ഇക്കാലഘട്ടത്തില്‍ സന്ന്യാസസമൂഹങ്ങള്‍ ദൈവികസാന്നിദ്ധ്യത്തിന്‍റെ മരുപ്പച്ചകളാവണം. മതങ്ങള്‍ക്കും സംസ്ക്കാരങ്ങള്‍ക്കും നിശ്ശബ്ദദതയുടെയും പ്രകൃതിരമ്യതയുടെയും അന്തരീക്ഷം വളര്‍ത്താന്‍ സാധിക്കും. നഗരങ്ങളിലോ ഗ്രാമങ്ങളിലോ ആയാലും ആശ്രമങ്ങള്‍ പ്രാര്‍ത്ഥനയുടെയും ഒപ്പം ആതിഥ്യത്തിന്‍റെയും കേന്ദ്രങ്ങളാക്കാം. അങ്ങനെ ദൈവത്തെ തേടുന്നവര്‍ക്ക് ആത്മീയാനുഗ്രങ്ങളുടെ പ്രഭവസ്ഥാനങ്ങളായി സന്ന്യാസഭവനങ്ങള്‍ നിലനില്ക്കണം.

5. മതാന്തരസംവാദവും സഭൈക്യകൂട്ടായ്മയും വേണം
സന്ന്യസ്തര്‍ വ്യാപൃതരാകുന്ന ക്രൈസ്തവൈക്യശ്രമങ്ങള്‍, മതാന്തരസംവാദം എന്നിവയെക്കുറിച്ചും പാപ്പാ പ്രഭാഷണത്തില്‍ പ്രതിപാദിച്ചു. അത് സകലരും ദൈവമക്കളാണെന്ന ബോധ്യം നമ്മില്‍ത്തന്നെയും മറ്റുള്ളവരിലും വളര്‍ത്തും. സകലരിലുമുള്ള ദൈവിക സാന്നിദ്ധ്യത്തെ പ്രോജ്ജ്വലിപ്പിച്ചും അംഗീകരിച്ചുംകൊണ്ട് നമുക്ക് ഈ ലോകത്തെ സമാധാനത്തിലേയ്ക്ക് നയിക്കാം.

വിശുദ്ധ ബെനഡ്ക്ടിന്‍റെ മാതൃകയില്‍ അക്ഷയ സമ്പത്തായ ദൈവത്തെയും ദൈവികവിജ്ഞാനവും ആര്‍ജ്ജിച്ചെടുക്കുന്ന അവസമരമാകട്ടെ ഈ ജൂബിലി! ആശംസയോടെ പാപ്പാ പ്രഭാഷണം ഉപസംഹരിച്ചു.








All the contents on this site are copyrighted ©.