2018-03-26 17:34:00

സമാധാനപൂര്‍ണ്ണമായ അന്തരീക്ഷം വിശ്വാസജീവിതത്തിന് അനുപേക്ഷണീയം


പാപ്പാ ഫ്രാന്‍സിസ് വത്തിക്കാന്‍റെ സുരക്ഷ ഉദ്യോഗസ്ഥരോട്...

മാര്‍ച്ച് 26-Ɔο തിയതി തിങ്കളാഴ്ച രാവിലെ വത്തിക്കാനിലെ സുരക്ഷാവിഭാഗത്തിലെ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ക്രമസമാധാനം പാലിക്കുക എന്ന ശുശ്രൂഷയില്‍ വ്യാപൃതരായിരിക്കുന്നവര്‍ പാപ്പായെ സംരക്ഷിക്കുന്നതിലും ഉപരി ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും വിശുദ്ധ പത്രോസിന്‍റെ സ്മൃതിമണ്ഡപം സന്ദര്‍ശിക്കാനും പ്രാര്‍ത്ഥിക്കാനുമായി നിത്യനഗരത്തില്‍ എത്തുന്നവര്‍ക്ക് സമാധാനപൂര്‍ണ്ണവും സൗഹൃദപരവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയാണ് ധര്‍മ്മമെന്ന് പാപ്പാ അനുസ്മരിപ്പിച്ചു.  കാരണം വിശ്വാസ വളര്‍ച്ചയ്ക്ക് സമാധാനം അനിവാര്യമാണ്. പാപ്പാ ചൂണ്ടിക്കാട്ടി

വത്തിക്കാനിലെത്തുന്ന വിവിധ തീര്‍ത്ഥാടകര്‍ക്കും, പൗരപ്രമുഖര്‍ക്കും രാഷ്ട്രത്തലവാന്മാര്‍ക്കും, അവരുടെ സ്ഥാനപതികള്‍ക്കും, മതനേതാക്കള്‍ക്കും അന്യമതസ്തര്‍ക്കും സുരക്ഷാവിഭാഗം നല്ക്കുന്ന സ്വീകരണവും ക്രമീകരണങ്ങളും നന്ദിയോടെ ശ്ലാഘിക്കുന്നതായി, വത്തിക്കാനിലെ ക്രെമന്‍റൈന്‍ ഹാളില്‍നടന്ന കൂടിക്കാഴ്ചയില്‍ പാപ്പാ ഫ്രാന്‍സിസ് എടുത്തുപറയുകയുണ്ടായി. സേവനങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ച പാപ്പാ അവരുടെ കുടുംബങ്ങളെയും  ഈ വിശുദ്ധവാരത്തില്‍ പ്രത്യേകമായി അനുസ്മരിച്ചു.

ദൈവമാതാവായ പരിശുദ്ധ കന്യകാനാഥയുടെ മാതൃസംരക്ഷയ്ക്ക് വത്തിക്കാന്‍റെ സുരക്ഷാ- വിഭാഗങ്ങളെ സമര്‍പ്പിച്ച പാപ്പാ, സുരക്ഷാസേവനത്തിനുള്ള നന്ദിപൂര്‍വ്വകമായ അഭിനന്ദനത്തിന്‍റെ അടയാളമായി  തിരുക്കുടുംബത്തിന്‍റെ സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവിന്‍റെ മരത്തില്‍ തീര്‍ത്ത ഒരു തിരുസ്വരൂപം ഓഫിസില്‍ സൗകര്യാര്‍ത്ഥം സ്ഥാപിക്കുന്നതിനായി അവര്‍ക്ക് സമ്മാനിച്ചു.  തന്‍റെ പ്രേഷിതയാത്രകളിലും ഇടയസന്ദര്‍ശനങ്ങളിലും സുരക്ഷ ഉദ്യോഗസ്ഥര്‍ നല്കുന്ന പിന്‍തുണയ്ക്കും അതുമായി ബന്ധപ്പെട്ട മറ്റു ക്രമീകരണങ്ങള്‍ക്കും വ്യക്തിപരമായി നന്ദിയര്‍പ്പിക്കുന്നെന്ന് പാപ്പാ പ്രസ്താവിച്ചു. ഉദ്യോഗസ്ഥന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഈസ്റ്ററിന്‍റെ ആശംസകള്‍ നേര്‍ന്നുകൊണ്ടും, അപ്പസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടുമാണ് നേര്‍ക്കാഴ്ച ഉപസംഹരിച്ചത്.   








All the contents on this site are copyrighted ©.