സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ വചനവീഥി

ഓശാന വിരിയിക്കുന്ന ദൈവസ്നേഹത്തിന്‍റെ നിറക്കൂട്ട്

സിഡ്നി നഗരത്തിനു മുകളില്‍ ആകാശത്തു വിരിഞ്ഞ നിറക്കൂട്ട്... - REUTERS

25/03/2018 14:20

ഹോസാന മഹോത്സവത്തിന്‍റെ ചിന്താമലരുകള്‍ :

പ്രകൃതിയില്‍ വൈവിധ്യമാര്‍ന്ന നിറങ്ങള്‍ നാം കാണുന്നു. അവയുടെ വേറിട്ടുനില്കുന്ന പൊലിമയും തിനിമയുമാണ് നമ്മെ ആകര്‍ഷിക്കുന്നതും ആശ്ചര്യപ്പെടുത്തുന്നതും. ഓരോരുത്തരും ഓരോ നിറങ്ങള്‍ പോലെയാണ്. അതുകൊണ്ടുതന്നെ ഓരോരുത്തരും ഓരോ നിറമല്ലേ ഇഷ്ടപ്പെടുന്നത്. കുട്ടികള്‍ക്ക് കടുത്ത നിറങ്ങളാണ് ഇഷ്ടമെങ്കില്‍, മുതിര്‍ന്നവര്‍ക്ക് പൊതുവെ ഇളംനിറങ്ങളാണ് താല്പര്യം. എന്നാല്‍ ‘അടിപൊളി’ നിറങ്ങള്‍ ഇഷ്ടപ്പെടുന്ന കുട്ടികളെപ്പോലുള്ള കാരണവന്മാരും ഉണ്ടെന്നു മറക്കരുത്. നിറങ്ങളുടെ ഇഷ്ടാനിഷ്ടം അപ്പോള്‍ വളരെ വ്യക്തിപരവും ആനുപാതികവുമാണ് എന്നു പറയുന്നതായിരിക്കും ശരി.

പെസഹാനാളില്‍ ക്രിസ്തു ജരൂസലേമിലെത്തിയപ്പോള്‍ ജനങ്ങള്‍ അവിടുത്തെ ചെറുകഴുതയുടെ പുറത്തിരുത്തി, വര്‍ണ്ണക്കുപ്പായങ്ങള്‍ വഴിനീളെ വിരിച്ച്, പച്ചച്ചില്ലകള്‍ കയ്യിലേന്തി, ആര്‍ത്തുവിളിച്ച് വളരെ മോടിയായിട്ടല്ലേ പട്ടണത്തിലേയ്ക്ക് വരവേറ്റത്. ആത്മീയ വര്‍ണ്ണപ്പൊലിമയുടെ ഓശാന മഹോത്സവത്തില്‍ നമുക്കിന്ന് ഈ ചെറിയ പ്രോഗ്രാമില്‍ പങ്കെടുത്ത് ക്രിസ്തുദേവന് സ്തുതിയും ബഹുമതിയും അര്‍പ്പിക്കാം.

പണ്ടൊരിക്കല്‍ നിറങ്ങള്‍ തമ്മില്‍ തര്‍ക്കവും വാഗ്വാദവുമുണ്ടായി. അവരില്‍ ആരാണ് ഏറ്റവും പ്രധാനപ്പെട്ടതും പ്രയോജനപ്പെടുന്നതും എന്നതായിരുന്നു തര്‍ക്കവിഷയം. രാഷ്ട്രീയത്തിലും രാഷ്ട്രങ്ങളിലും സഭയിലും സമൂഹത്തിലും പ്രസ്ഥാനങ്ങളിലുമെല്ലാം ഇതുതന്നെയാണല്ലോ പ്രശ്നം. ഓരോരുത്തരും വാദങ്ങള്‍ നിരത്തി കേമത്തം സ്ഥാപിക്കാന്‍‍ ശ്രമിക്കുകയാണല്ലോ. നിറങ്ങളുടെ പ്രശ്നമെന്താണെന്നു നോക്കാം...

 “ങ്ഹാ....  ഞാന്‍ പച്ചയാണ്! പച്ചനിറമാണ്. നിശ്ചയമായും ഞാനാണ് ഈ ലോകത്ത് ഏറ്റവും പ്രധാനി. ജീവന്‍റെയും പ്രത്യാശയുടെയും പ്രതീകമാണ് ഞാന്‍. വൃക്ഷങ്ങളും ചെടികളും സസ്യലതാദികളും പുല്‍നാമ്പുകളും അടങ്ങിയ പ്രകൃതി മുഴുവന്‍ എന്നെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഞാനില്ലെങ്കില്‍, എന്‍റെ ഹരിതകം ഇല്ലെങ്കില്‍ ജീവികള്‍ നിര്‍ജ്ജീവമാകും, അവയെല്ലാം ഓജസ്സറ്റ് നശിക്കും. നാട്ടിന്‍പുറത്തേയ്ക്ക് ഒന്നു കണ്ണോടിച്ചു നോക്ക്... അപ്പോള്‍ എന്‍റെ സാന്നിദ്ധ്യത്തിന്‍റെ പച്ചപ്പകിട്ട് നിങ്ങള്‍ക്കു മനസ്സിലാകും...  ഉം...”

 “നീ ഇത്ര നിഗളിക്കുന്നത് എന്തിനാ... നിന്‍റെ നോട്ടം ഈ ഭൂമിയിലേയ്ക്ക് മാത്രമാണ്.  ദേ, ഒന്നു മേലോട്ട് നോക്ക്... അതിവിസ്തൃതമായ ആകാശവിതാനവും, പിന്നെ താഴെ വിശാലമായ ആഴിപ്പരപ്പുമെല്ലാം നോക്ക്... നോക്ക്...! അവിടെ എന്താ കാണുന്നത്!??  നീലിമയാര്‍ന്ന സമുദ്രപ്പരപ്പില്‍നിന്ന് മേഘങ്ങള്‍ വെള്ളം വലിച്ചെടുത്ത് മഴ പെയ്യിക്കുകയും പ്രകൃതിയില്‍ ജീവന്‍ നിലനിര്‍ത്തുകയും ചെയ്യുന്നു. വിരിവാര്‍ന്ന നീലവിഹായസ്സ് ശാന്തിയുടെയും സമാധാനത്തിന്‍റെരയും സന്ദേശം സന്നിവേശിപ്പിക്കുകയാണ്. പിന്നെ, എന്‍റെ നീലാമ്പരത്തിന്നും മേലെയാണ്, ഈ മേഘങ്ങള്‍ക്കപ്പുറമാണ്  ദൈവം വസിക്കുന്ന നാടും വീടുമെല്ലാം.... അറിയാമോ...!!????”

 “ഈ ലോകത്തെ എന്‍റെ സാന്നിദ്ധ്യം പരിമിതമാണ്. എന്നാല്‍ ഓര്‍ക്കുക. ഞാന്‍ നിങ്ങളെ ആരെയും പോലെയല്ല. ആരോഗ്യത്തിന്‍റെയും ശക്തിയുടെയും പ്രതീകമാണു ഞാന്‍. മനുഷ്യന്‍റെ ശാരീരിക വളര്‍ച്ചയ്ക്ക് ഞാന്‍ അനുപേക്ഷണീയമാണ്. എന്‍റെ സേവനം അതുല്യമാണ്. സുപ്രാധാനമായ ജീവകങ്ങളാണ്, വിറ്റാമിനുകളാണ് ഞാന്‍ വഹിക്കുന്നത്. ക്യാരറ്റും, മധുരനാരങ്ങയും, മത്തനും ചക്കയും മാങ്ങയുമെല്ലാം എന്നെയാണ് വെളിപ്പെടുത്തുന്നത്. പിന്നെ ഞാന്‍ എല്ലായിടത്തും അങ്ങിനെ കറങ്ങി നടക്കാറൊന്നുമില്ല,  അത്ര ‘ചീപ്പല്ല’ ഞാനെന്നു ചുരുക്കം. പ്രധാനമായും പ്രഭാതത്തിലും പ്രദോഷത്തിലും ആകാശവിരിയില്‍ ഞാന്‍ നിറയുമ്പോള്‍ എന്‍റെ വര്‍ണ്ണവിരിപ്പ് ആസ്വദിക്കാന്‍ ജനം ഓടിക്കൂടാറുണ്ട്. ആ നിമിഷങ്ങളില്‍ എന്‍റെ വര്‍ണ്ണപ്പൊലിമ സകലര്‍ക്കും ഹരമാണ്.  പിന്നെ ഭാരതത്തിലെ ഋഷിമാരും മുനിമാരും എന്നെ ഇഷ്ടപ്പെടുന്നു. എന്തിന് ഭാരതാംബയുടെ ത്രിവര്‍ണ്ണ    കുപ്പായത്തിലും തെളിമയോടെ മുകളില്‍ നില്ക്കുന്നത് ഞാന്‍ തന്നെയാണ്.”

 “എന്താ, നിങ്ങളൊക്കെ വലിയ ഗൗരവത്തിലാണല്ലോ? ദാ, എന്നെക്കണ്ടു പഠിക്ക്. ഞാനാണ് ജീവിതത്തിന് ഉണര്‍വ്വും ഉന്മേഷവും പകരുന്നത്! ഈ ലോകത്തു ചിരിയും ഉല്ലാസവും വിരിയിക്കുന്നത് ഞാനാണ്!! നോക്കൂ, ദാ, മേലെ സൂര്യഭഗവാനെ നോക്കൂ... ഭഗവാന്‍റെ നിറം, സ്വര്‍ണ്ണംപോലെ മഞ്ഞയാണ്. എനിക്കറിയാം ഭഗവാനെ നിങ്ങള്‍ക്കു നേരെ നോക്കാനാവില്ല!!! അത്രശക്തമാണ് ആ നിറവും, അതിന്‍റെ ശക്തിയും. അതു മഞ്ഞയല്ലേ.

പിന്നെ സൂര്യകാന്തി പുഷ്പത്തെ നോക്കൂ! സൂര്യകാന്തിയും ഭൂമിയിലുള്ള സകലതും  മഞ്ഞയായ സൂര്യനെ നോക്കിയല്ലേ ജീവിക്കുന്നത്. എന്തിന് ലോകത്ത് മനുഷ്യര്‍ ആര്‍ത്തിയോടെ തേടുന്ന സ്വര്‍ണ്ണത്തിന് നിറംപകരുന്നതും ഞാനാണ്. അങ്ങനെ ലോകം നിങ്ങളോടൊത്തു പുഞ്ചിരിക്കുമ്പോള്‍ ഓര്‍ക്കുക, എന്നെക്കൂടാതെ  ഈ ഭൂമുഖത്ത് സന്തോഷമില്ലെന്ന്. മനസ്സിലായോ...!!! ??”

 “എന്ത്... നിങ്ങളില്‍ ആര്‍ക്കാണ് ഇത്ര മുഷ്ക്ക്? ഞാന്‍ നിറങ്ങളുടെ നിറമാണ്. നിങ്ങളെയൊക്കെ അടക്കി ഭരിക്കാന്‍ എനിക്കു കരുത്തുണ്ട്. നിങ്ങളെ നയിക്കാനും എനിക്കറിയാം. മനുഷ്യരിലും ജന്തുക്കളിലും പ്രവഹിക്കുന്ന രക്തം നോക്കൂ..... അതു ഞാന്‍ തന്നെ.... ഞാന്‍ അപകടത്തിന്‍റെയും, ഒരേ സമയം ധീരതയുടെയും, പോരാട്ടത്തിന്‍റെയും പടയോട്ടത്തിന്‍റെയും പ്രതീകമാണ്. ലക്ഷൃത്തിനുവേണ്ടി പൊരുതാന്‍ എനിക്ക് വീര്യമുണ്ട്. വികാരവായ്പിന്‍റെയും സ്നേഹപ്പെരുമയുടെയും നിറവും ഞാനാണ്. ചുവന്ന റോസും ചെത്തിയും ചെമ്പരത്തിയും പോപ്പിയുമെല്ലാം എന്‍റെ വക്താക്കളാണ്, ഓര്‍ത്തോണം... പിന്നെ ചെങ്കൊടി അറിയാമല്ലോ....ങ്ഹേ...ങ്....ഉം....!!!”

“എന്നെക്കുറിച്ച് ഞാന്‍തന്നെ അധികം സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല!  എനിക്കതിന്‍റെ ആവശ്യവുമില്ല. എന്‍റെ വര്‍ണ്ണം രാജകീയമാണ്. അതിന് പ്രൗഢി പറയാതെ തന്നെയുണ്ട്. മഹത്വത്തിന്‍റെയും അധികാരത്തിന്‍റെയും ചിഹ്നമാണു ഞാന്‍. പണ്ടെല്ലാം രാജാക്കന്മാരും ഇപ്പോള്‍ മെത്രാന്മാരും തങ്ങളുടെ അധികാരത്തിനും ആരാധനയ്ക്കുമെല്ലാം എന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്, എന്‍റെ വര്‍ണ്ണപ്പകിട്ടിലാണ് അവര്‍ ശോഭിക്കുന്നത്, എന്നോര്‍ക്കണം. എലിസബത്ത് രാജ്ഞിയുടെ വസ്ത്രവിതാനം ശ്രദ്ധിച്ചിട്ടില്ലേ, അടിമുടി വയലറ്റാണ്. ഒപ്പം ഞാന്‍ വിജ്ഞാനത്തിന്‍റെയും ധ്യാനത്തിന്‍റെയും തപസ്സിന്‍റെയും പ്രതീകമാണ്.”

 “ഉം... എന്നെക്കുറിച്ച് ഞാന്‍തന്നെ എങ്ങനെയാ അധികം പറയുന്നത്. ഞാന്‍ നിശ്ശബ്ദതയുടെ നിറമാണ്. നിറക്കൂട്ടില്‍ നിങ്ങള്‍ എന്നെ തിരിച്ചറിഞ്ഞില്ലെന്നും വരാം. എനിക്കു തെളിച്ചം കുറവായിരിക്കാം. പക്ഷെ..., ഞാനില്ലെങ്കില്‍ നിങ്ങളുടെ അസ്തിത്വം ഉപരിപ്ലവമാണ്. നിങ്ങളെ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ എനിക്ക് കരുത്തുണ്ട്. നിങ്ങളില്‍ പലരുടേയും നിറങ്ങള്‍ എന്നില്‍ കലര്‍ന്നു കിടക്കുന്നുണ്ട്, ഒളിഞ്ഞുകിടക്കുന്നുണ്ട്. അറിയാമോ....?? ചിന്തയെയും ബൗദ്ധിക നിരൂപണ ശക്തിയെയും സൂചിപ്പിക്കാന്‍ എനിക്കു കരുത്തുണ്ട്. സമചിത്തതയും സന്തുലിതാവസ്ഥയും എന്‍റെ ഗാംഭീര്യവര്‍ണ്ണത്തിലാണ് തിരിച്ചറിയപ്പെടുന്നത്. പ്രാര്‍ത്ഥനയുടെയും ആന്തരിക ശാന്തിയുടെയും വര്‍ണ്ണം ഞാന്‍തന്നെയാണ്.

അങ്ങനെ നിറങ്ങള്‍ ഓരോന്നും സ്വന്തം അവകാശങ്ങളും മേന്മകളും ഉന്നയിച്ചുകൊണ്ട് തമ്മില്‍ വഴക്കടിച്ചു. വഴക്കു മൂര്‍ച്ഛിച്ച് കോലാഹലമായപ്പോള്‍ ആകാശത്തുനിന്ന് മിന്നലും, ദിഗന്തങ്ങള്‍ പിളര്‍ക്കുമാറ് ഇടിമുഴക്കവും ഉണ്ടായി. അതോടൊപ്പം കൊരിച്ചൊരിയുന്ന മഴയും.... നിറങ്ങള്‍ പേടിച്ചരണ്ട് ഒന്നിച്ചുകൂടി, അങ്ങനെ ആശ്വാസവും ധൈര്യവും കണ്ടെത്താന്‍ ശ്രമിച്ചു. പിന്നെ മഴയാണ് സംസാരിച്ചത്.

ഓ, വിഡ്ഢികളായ നിറങ്ങളേ, നിങ്ങള്‍ പരസ്പരം പോരടിച്ച് മേധാവിത്വം നേടാന്‍ ശ്രമിക്കുന്നത് സാഹസവും, ഒപ്പം മൗഢ്യവുമാണ്. നിങ്ങളെയെല്ലാം, അല്ല നമ്മളെയെല്ലാം സൃഷ്ടിച്ചത് ദൈവമല്ലേ! ഓരോ നിറങ്ങള്‍ക്കു പിന്നിലും, എന്തിന് ഈ പ്രപഞ്ചത്തിലെ സകല ജീവജാലങ്ങള്‍ക്കും സൗരയൂഥത്തിനും ക്ഷീരപഥങ്ങള്‍ക്കുമെല്ലാം പിന്നില്‍ ദൈവമല്ലേ, ഈശ്വരനല്ലേ....

നമുക്കോരോരുത്തര്‍ക്കും ഓരോ ധര്‍മ്മമാണുള്ളത്. അവ നിറവേറ്റാന്‍ തക്കവണ്ണം നമ്മെ അവിടുന്ന് വ്യത്യസ്തരായി സൃഷ്ടിച്ചിരിക്കുന്നു. ഓരോന്നും നിസ്തുലമാണ്, തനിച്ചും കൂട്ടമായും നില്ക്കാന്‍ ദൈവം കരുത്തു നല്കിയിരിക്കുന്നു. ദൈവം നമ്മെ എല്ലാവരെയും സ്നേഹിക്കുന്നു, പരിപാലിക്കുന്നു. എല്ലാവരിലും എല്ലാറ്റിനും ദൈവത്തിന് പദ്ധതിയുണ്ട്.
ഇനി വഴക്കൊക്കെ മറന്ന്, കൈകോര്‍ത്ത് നിങ്ങള്‍ക്കൊന്ന് എന്‍റെ പിന്നാലെ വരാമോ...?  എന്‍റെകൂടെ നിങ്ങള്‍ ഒരുമിച്ചു നിന്നാല്‍ ഈ നീലാകാശ വിരിയില്‍ നിങ്ങളെ കൂട്ടിയിണക്കി നമുക്കൊരു മഴവില്ലു തീര്‍ക്കാം. അത് നമ്മുടെ കൂട്ടായ്മയും ഐക്യവുമായിരിക്കും. അതിന്‍റെ ഫലമോ....... മേഘങ്ങളില്‍ മഴവില്ല് വിരിയുമ്പോള്‍ നാനാദിക്കുകളില്‍നിന്നും അത് മനഷ്യര്‍ക്ക് ദൃശ്യമാകും. അതു കണ്ട് അവര്‍ സന്തോഷിക്കും. അവരുടെ മനം കുളിര്‍ക്കും. അപ്പോള്‍ ദൈവം തങ്ങളെ ഇനിയും സ്നേഹിക്കുന്നല്ലോ എന്നോര്‍ത്ത് അവര്‍ പ്രത്യാശയില്‍ ജീവിക്കും. ദൈവമാണ് ഈ പ്രപഞ്ചത്തിനു പിന്നില്‍ എന്നതിന്‍റെ സാക്ഷൃമായിരിക്കും നാം വിരിയിക്കുന്ന മഴവില്ല്.

ശബ്ദമുഖരിതമായ ഓശാന വിളിയുടെ മദ്ധ്യേ കഴുതപ്പുറത്ത് വിനീതനായി കടന്നുപോയ ക്രിസ്തുവിലെ രക്ഷകനെയും നാഥനായ ദൈവത്തെയും ജനം തിരിച്ചറിയാതെ പോയി. എവിടെയായിരിക്കും നാം ദൈവമായ ക്രിസ്തുവിനെ ഇനി കണ്ടെത്തുക? അത് എന്നായിരിക്കും?!  ജീവിതത്തിന്‍റെ സംഗീതങ്ങളുടെയും നൃത്തങ്ങളുടെയും ഓശാനവിളികളുടേയും ശുഭമുഹൂര്‍ത്തങ്ങളില്‍ നാം ദൈവത്തെ മറുന്നുപോവുകയും കാണാതെ പോവുകയും ചെയ്യുന്നുണ്ട്. ദുഃഖത്തിലും ജീവിതവ്യഥയിലും ഡയല്‍ചെയ്യുന്ന Emergency Number-ക്കി ദൈവത്തെ മാറ്റരുത്.

കരഞ്ഞുകൊണ്ട് പിറന്നുവീഴുന്ന കുഞ്ഞിലും, ആകാശത്ത് മിന്നിത്തിളങ്ങുന്ന താരങ്ങളിലും, പ്രഭാതത്തില്‍ ഇറ്റുവീഴുന്ന തുഷാര കണികയിലും, അവയെ താങ്ങുന്ന പച്ചയിലും പുല്‍നാമ്പിലും ദൈവം മറഞ്ഞിരിക്കുന്നു. പറന്നുയരുന്ന പക്ഷിയിലും, പതഞ്ഞുപൊങ്ങുന്ന തിരമാലയിലും, തത്തിക്കളിക്കുന്ന പുഴയുടെ ജലതരംഗത്തിലും ഇതാ, ദൈവത്തിന്‍റെ സ്പന്ദനമുണ്ട്. ഓരോ പ്രഭാതത്തിലും കിഴക്കുദിക്കുന്ന സൂര്യനും, അതു പരത്തുന്ന പ്രകാശവും വിളിച്ചോതുന്നു,
‘ദൈവം ഇനിയും ഈ ലോകത്തെയും നമ്മെയും സ്നേഹിക്കുന്നു’ എന്ന്. മാനത്ത് മഴക്കാരുയര്‍ന്ന് വര്‍ണ്ണരാജിയും മഴവില്ലും വിരിയിക്കുമ്പോള്‍ പ്രത്യാശയോടെ ജീവിതത്തില്‍ നമുക്ക് കൈകോര്‍ത്തു മുന്നേറാം, ഒരുമിച്ച് ഏറ്റുപാടാം... ദൈവം എന്നെ സ്നേഹിക്കുന്നു... ദൈവം നമ്മെ സ്നേഹിക്കുന്നു... God loves the world, God still loves the world, O Lord How Great Thou art ! ദൈവമേ, അങ്ങ് എത്ര മഹോന്നതനാണ്!!

ഒരുക്കിയത് ജോളി അഗസ്റ്റിനും ഫാദര്‍ വില്യം നെല്ലിക്കലും


(William Nellikkal)

25/03/2018 14:20