2018-03-06 09:28:00

ഓസ്ട്രിയന്‍ ചാന്‍സലര്‍ മാര്‍പ്പാപ്പായെ സന്ദര്‍ശിച്ചു


2018 മാര്‍ച്ച് അഞ്ചാം തീയതി രാവിലെ, പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പാ ഓസ്ട്രിയയുടെ ചാന്‍സലര്‍, മി. സെബാസ്റ്റ്യന്‍ കുര്‍സിനെ (Mr. Sebastian Kurz) വത്തിക്കാനില്‍ കൂടിക്കാഴ്ചയ്ക്കായി സ്വീകരിച്ചുവെന്നു വത്തിക്കാന്‍ അറിയിച്ചു,  സംഭാഷണത്തില്‍, വത്തിക്കാനുമായുള്ള ഓസ്ട്രിയന്‍ റിപ്പബ്ലിക്കിന്‍റെ നല്ലതും ഫലപൂര്‍ണവുമായ ബന്ധം നിലനില്‍ക്കുന്നതിലുള്ള സന്തുഷ്ടി പങ്കുവയ്ക്കപ്പെട്ടു. ജീവന്‍റെ സംരക്ഷണം, കുടുംബം, സമൂഹത്തിലെ ബലഹീനരെ പരിഗണിച്ചുകൊണ്ടുള്ള പൊതുക്ഷേമം എന്നീ കാര്യങ്ങളിലുള്ള ഉപരിയായ ശ്രദ്ധയും ചൂണ്ടിക്കാണിക്കപ്പെട്ടു. 

യൂറോപ്യന്‍ യൂണിയന് ഓസ്ട്രിയയുടെ സംഭാവനകളെക്കുറിച്ചും ജനതകള്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യത്തിന്‍റെ ആവശ്യകതയെക്കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ പരാമര്‍ശനവിധേയമായി.  ഒപ്പം, സമാധാനം, ആണവായുധനിരോധനം, കുടിയേറ്റം തുടങ്ങിയ അന്താരാഷ്ട്രപ്രശ്നങ്ങളും ഇരുവരുടെയും ശ്രദ്ധയ്ക്കു വിഷയീഭവിച്ചു.

മാര്‍പ്പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം, വത്തിക്കാന്‍ സ്റ്റേറ്റുസെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനെയും സന്ദര്‍ശിച്ചശേഷമാണ്, അദ്ദേഹം മടങ്ങിയത്.








All the contents on this site are copyrighted ©.