2018-02-28 19:29:00

കേരളം ഭാരതത്തിന്‍റെ പ്രേഷിതയും വിശ്വാസത്തിന്‍റെ പിള്ളത്തൊട്ടിലും


പൗരസ്ത്യസഭാ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് സിറിള്‍ വാസില്‍ വത്തിക്കാന്‍റെ ദിനപത്രം, “ലൊസര്‍വത്തോരെ റൊമാനോ”യ്ക്കു (L’Osservatore Romano)  നല്കിയ അഭിമുഖത്തില്‍നിന്ന്...

കേരളം ക്രൈസ്തവികതയുടെ പിള്ളത്തൊട്ടിലും ഭാരതസഭയുടെ പ്രേഷിതയുമാണ്. പൗരസ്ത്യസഭാ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് സിറിള്‍ വാസില്‍* പ്രസ്താവിച്ചു. ഇന്ത്യ സന്ദര്‍ശനത്തിനുശേഷം ഫെബ്രുവരി 27-Ɔο തിയതി ചൊവ്വാഴ്ച വത്തിക്കാന്‍റെ ദിനപത്രം, “ലൊസര്‍വത്തോരെ റൊമാനോ”യ്ക്കു  (L’Osservatore Romano)  നല്കിയ അഭിമുഖത്തിലാണ് ഭാരതസഭയുടെ വളര്‍ച്ചയില്‍ ചെറിയ തെക്കന്‍ സംസ്ഥാനമായ കേരളത്തിലെ 20 ശതമാനത്തോളമുള്ള കത്തോലിക്കര്‍ നല്കിയിട്ടുള്ള നല്ല സേവനങ്ങളെ ആര്‍ച്ചുബിഷപ്പ് വാസില്‍ പ്രശംസിച്ചത്. ലത്തിന്‍, സീറോ-മലബാര്‍, സീറോ-മലങ്കര എന്നിങ്ങനെ മൂന്നു റീത്തുകളുള്ള കേരളത്തില്‍നിന്നും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയ്ക്കും വിദേശമിഷണറിമാരുടെ ചുവടുകള്‍ പിന്‍ചെന്ന് പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശീയ പ്രേഷിതര്‍ ഇറങ്ങി പുറപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസം, ആതുരശുശ്രൂഷ, പ്രേഷിതരംഗം എന്നിവയിലൂടെയാണ് ക്രിസ്തുവെളിച്ചം ഭാരതമണ്ണില്‍ അവര്‍ പകര്‍ന്നുനല്കിയത്. ആര്‍ച്ചുബിഷപ്പ് വാസില്‍ അഭിമുഖത്തില്‍ സാക്ഷ്യപ്പെടുത്തി. ഇന്ന് എല്ലാ ഭൂഖണ്ഡങ്ങളിലേയ്ക്കും കേരളത്തില്‍നിന്നും മിഷണറിമാര്‍ ഇറങ്ങിത്തിരിക്കുന്നുണ്ട്.

സീറോ-മലബാര്‍ സഭ ദേശീയ തലത്തിന്‍റെ അതിന്‍റെ പ്രേഷിതമേഖലയുടെ അതിര്‍ത്തികള്‍ വ്യാപിപ്പിച്ചുകൊണ്ട് തങ്ങളുടെ ചിന്നച്ചിതറിക്കിടക്കുന്ന വിശ്വാസികളുടെ അജപാലന ശുശ്രൂഷയ്ക്ക് കെട്ടുറപ്പു വരുത്തുന്നതോടൊപ്പം, ദേശീയതലത്തില്‍ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവരും, ന്യൂനപക്ഷമായ മുസ്ലിം, പാര്‍സി, സിക്ക് സമൂഹങ്ങളുമായി രമ്യതയില്‍ ജീവിക്കുന്നത് ഇടവക സമൂഹങ്ങളില്‍ തനിക്ക് അനുഭവവേദ്യമായതും ആര്‍ച്ചുബിഷപ്പ് വാസില്‍ അഭിമുഖത്തില്‍ സാക്ഷ്യപ്പെടുത്തി.

ഭാരതത്തിലെ ഒറീസ, മദ്ധ്യപ്രദേശ്, മഹാരാഷ്ട്രപോലുള്ള വടക്കന്‍ സംസ്ഥാനങ്ങളില്‍ ഒറ്റപ്പെട്ട ക്രൈസ്തവപീഡനത്തിന്‍റെ കഥകള്‍ കേള്‍ക്കുമ്പോഴും രാജ്യത്തെ പൊതുവായ അവസ്ഥ പരിശോധിക്കുകയാണെങ്കില്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ആവശ്യപ്പെടുന്ന ജനതകളുടെ മദ്ധ്യത്തിലെ (Ad Gentes)  പ്രേഷിതപ്രവര്‍ത്തനം വളരെ പ്രോത്സാഹ ജനകമായ വിധത്തില്‍ ഭാരതത്തില്‍ നടക്കുന്നുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് വാസില്‍ അഭിമുഖത്തില്‍ വിശദീകരിച്ചു.

*സ്ലൊവേനിയക്കാരാനായ ഈശോ സഭാംഗമാണ് വത്തിക്കാന്‍റെ പൗരസ്ത്യ സഭാകാര്യങ്ങള്‍ക്കായുള്ള കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ച്ചുബിഷപ്പ് സിറില്‍ വാസില്‍.








All the contents on this site are copyrighted ©.