സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ വചനവീഥി

ദൈവത്തിന് നന്ദിയര്‍പ്പിക്കുന്ന സങ്കീര്‍ത്തനം 147-ന്‍റെ പഠനം

പുരാതനമായ അറാബിക് ഉപകരണം ഊദ്... ഇംഗ്ലിഷില്‍ ല്യൂട്ട്. - AFP

26/02/2018 16:10

വചനവീഥിയെന്ന ബൈബിള്‍ പഠനപരമ്പര (134) : സങ്കീര്‍ത്തനം 147-ന്‍റെ പഠനം (ഭാഗം 4).

നൂറ്റിനാല്പത്തി ഏഴാം (147) സങ്കീര്‍ത്തനപഠനം പദങ്ങളുടെ വ്യാഖ്യാനത്തിലൂടെ നാം  ഇനിയും തുടരുകയാണ് (നാലാമത്തെ ഖണ്ഡമാണിത്).. 20 പദങ്ങളുള്ള ഗീതത്തിലെ, 14 പദങ്ങളുടെയും വ്യാഖ്യാനം കണ്ടതാണ്, മനസ്സിലാക്കിയതാണ്. ഈ പഠനത്തില്‍  ആവര്‍ത്തിച്ചു പ്രസ്താവിക്കേണ്ടതും, ഓര്‍മ്മയില്‍ കൊണ്ടുവരേണ്ടതുമായ വസ്തുത ഇതാണ് – ദൈവം തന്‍റെ ജനത്തിന് നല്കിയിട്ടുള്ള നന്മകള്‍ - ആത്മീയവും ഭൗതികവുമായ നന്മകള്‍ പൊതുവായി, എന്നാല്‍ പ്രത്യേകമായി അനുസ്മരിച്ചുകൊണ്ട്, ദൈവത്തിന് നന്ദിപറ‍ഞ്ഞു സ്തുതിക്കുന്നു. അങ്ങനെയുള്ള വരികളിലൂടെയാണ് ഈ ചെറിയ പഠനോദ്യമം പുരോഗമിക്കുന്നത്. നിരുപകന്മാര്‍ക്കൊപ്പം നമുക്കും ചുരുളഴിഞ്ഞു കിട്ടുന്ന വസ്തുതയാണ് –പഠനവിഷയമാക്കിയിരിക്കുന്ന  സങ്കീര്‍ത്തനം 147 സഹിത്യഘടനയില്‍ ഒരു സ്തുതിപ്പാണ്,

മനഃസ്സമാധാനം, ഹൃദയത്തിന്‍റെ സന്തുലിതാവസ്ഥ, സാമൂഹിക സുസ്ഥിതി, സമ്പല്‍സമൃദ്ധി ഇവയെല്ലാം ദൈവത്തിന്‍റെ ദാനമാണെന്ന്, സങ്കീര്‍ത്തകന്‍ ഉറപ്പിച്ചു പ്രസ്താവിക്കുന്നത് കഴിഞ്ഞ പ്രക്ഷേപണത്തിന്‍റെ അവസാനഭാഗത്ത് - 13, 14 പദങ്ങളില്‍ നാം ശ്രദ്ധിച്ചതാണ്. വിപ്രവാസത്തിനുശേഷം ഇസ്രായേല്‍ജനം ജരൂസലേം ദേവാലയം പുനര്‍പ്രതിഷ്ഠിച്ച് ദൈവത്തിന് സ്തോത്രം പാടിയതുപോലെയും, നന്ദിയര്‍പ്പിച്ചു സ്തുതിച്ചതുപോലെയും, ഇന്നു നമ്മുടെ ഹൃദയങ്ങളും, നമ്മെത്തന്നെയും പുനര്‍പ്രതിഷിഠിച്ച്, നവീകരിച്ച് ദൈവത്തെ അനുദിനം പ്രകീര്‍ത്തിക്കണം. ദൈവം തന്‍റെ ജനത്തെ ഇന്നും പരിപാലിക്കുന്നു, നവീകരിക്കുന്നു. അവിടുന്ന് പ്രപഞ്ചത്തെയും പ്രകൃതിയെയും നവീകരിക്കും നയിക്കുകയും ചെയ്യുന്നു. അങ്ങനെ തന്‍റെ അനന്തമായ കാരുണ്യത്താല്‍ നമ്മെ നയിക്കുന്ന ദൈവത്തെ അനുദിനം ജീവിതത്തില്‍  സ്തുതിക്കാമെന്നാണ് ഈ ഗീതം ഉദ്ബോധിപ്പിക്കുന്നത്.

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത്, ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം രമേഷ് മുരളിയും സംഘവും...

Musical Version of Ps. 147
ജരൂസലമേ, കര്‍ത്താവിനെ സ്തുതിക്കുക
നിന്‍റെ നാഥനെ, എന്നും പുകഴ്ത്തുക
!

കാരുണ്യത്തിന്‍റെ ജൂബിലിവത്സരത്തിന് നാം സമാപനം കുറിച്ചതേയുള്ളൂ, അതിലെ ഒരു പ്രധാന ഘടകമാണ് ലോകമെമ്പാടും സഭ തുറന്നുകൊടുത്ത കാരുണ്യത്തിന്‍റെ വിശുദ്ധകവാടങ്ങള്‍. 2015 ഡിസംബര്‍ 8-Ɔ൦ തിയതി അമലോത്ഭവനാഥയുടെ തിരുനാളില്‍ പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ തുറന്ന വിശുദ്ധകവാടം, 2016 നവംബര്‍ 20-Ɔ൦ തിയതി ക്രിസ്തുരാജന്‍റെ മഹോത്സവത്തില്‍ അടച്ചുകൊണ്ട് ഒരുവര്‍ഷം നീട്ട ജൂബിലി നാളുകള്‍ക്ക്  സമാപനമായി. രക്ഷയുടെ വാതില്‍, കാരുണ്യത്തിന്‍റെ കവാടം, സ്നേഹത്തിന്‍റെ വാതായനം ദൈവമാണ്. അതിലൂടെ നാം പ്രവേശിക്കണം, ദൈവികാരുണ്യത്തിന്‍റെ സാക്ഷികളാകണം, എന്ന് നാം പഠനവിഷയമാക്കിയരിക്കുന്ന ഈ ഗീതത്തിന്‍റെ പദങ്ങളിലൂടെ സങ്കീര്‍ത്തകന്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നത്. ദൈവികകാരുണ്യത്തിന്‍റെ ജൂബിലി സമാപനനാളിന്‍റെ ചൈതന്യത്തില്‍ നമുക്ക് ഈ സങ്കീര്‍ത്തനപദങ്ങള്‍ കൂടുതല്‍ അന്വര്‍ത്ഥമാവുകയാണ്. കാരണം, ദൈവത്തിന്‍റെ കരുണ ലോകത്തിന് ലഭ്യമാക്കുന്ന രക്ഷയാണ്, രക്ഷയുടെ ദൈവികഭാവമാണ് സങ്കീര്‍ത്തകനോടു നാം ചേര്‍ന്നു പ്രകീര്‍ത്തിക്കുന്നത്.

Recitation V.13
തന്‍റെ കവാടങ്ങളുടെ ഓടാമ്പലുകള്‍
കര്‍ത്താവ് ബലപ്പെടുത്തുന്നു
തന്‍റെ കോട്ടയ്ക്കുള്ളിലെ മക്കളെ അവിടുന്ന സംരക്ഷിക്കുന്നു!

എന്ന് 13-Ɔമത്തെ പദം പ്രസ്താവിക്കുമ്പോള്‍ 14-Ɔമത്തെ പദം പറയുന്നത്, കര്‍ത്താവാണ് സമാധാനദാതാവ്, രക്ഷകന്‍ എന്ന ആശയമാണ്.

14. കര്‍ത്താവു  തന്‍റെ അതിര്‍ത്തികളില്‍
നമുക്കു സമാധാനം സ്ഥാപിക്കുന്നു.
സമാധാനം നല്‍കുന്നു...
വിശിഷ്ടമായ ഗോതമ്പുകൊണ്ടു അവിടുന്നു
നമ്മെ തൃപ്തരാക്കുന്നു.

നാം കഴിഞ്ഞ ആഴ്ചയില്‍ പഠിച്ച രണ്ടുപദങ്ങളും പറയുന്നത് തന്‍റെ ജനത്തിന്, ലോകത്തിന് ദൈവം പിന്‍തുണയും സംരക്ഷണവും ഇന്നും നല്കുന്നുണ്ടെന്നാണ്. ദൈവത്തിലുള്ള പ്രത്യാശയോടും, അവിടുത്തെ അനുഗ്രഹത്തോടുംകൂടെ എല്ലാം നന്നായിചെയ്യുവാനും, നവമായി തുടര്‍ന്നും സാധിക്കുമെന്ന ഉറപ്പും പ്രത്യാശയും പദങ്ങളില്‍ പ്രകടമാക്കിക്കൊണ്ട് സങ്കീര്‍ത്തകന്‍ വീണ്ടും സ്തുതിപ്പിന്‍റെ ചരണം ഏറ്റുപാടി ദൈവത്തെ സ്തുതിക്കുന്നത്. 

Musical Version Ps. 147
ജരൂസലമേ, കര്‍ത്താവിനെ സ്തുതിക്കുക
നിന്‍റെ നാഥനെ എന്നും പുകഴ്ത്തുക!
അവിടുന്നു നിന്‍റെ അതിര്‍ത്തികളില്‍ സമാധാനം പാലിക്കുന്നു
വിശിഷ്ടമായ ഗോതമ്പുകൊണ്ടു നിന്നം തൃപ്തിയാക്കുന്നു
നിന്‍റെ കവാടങ്ങളുടെ ഓടാമ്പലുകളെ അവിടുന്നു ബലപ്പെടുത്തുന്നൂ
നിന്‍റെ സംരക്ഷയിലുള്ള മക്കളെ അവിടുന്നു അനുഗ്രഹിക്കുന്നു.

ഇനി  15, 16 പദങ്ങള്‍ പരിശോധിക്കുമ്പോള്‍ പ്രാപഞ്ചികവും പാരിസ്ഥിതികവുമായ അടയാളങ്ങളിലൂടെ മനുഷ്യരുടെമദ്ധ്യേയുള്ള ദൈവികസാന്നിദ്ധ്യം ദൈവം പ്രകടമാക്കപ്പെടുന്നച്, വെളിപ്പെടുത്തപ്പെടുന്നത്.

Recitation V.15, 16.
ഭൂമിയിലേയ്ക്ക് ദൈവം കല്പനകള്‍ അയയ്ക്കുന്നു.
അവിടുത്തെ വചനം പാഞ്ഞുവരുന്നു.
അവിടുന്ന് ആട്ടിന്‍രോമംപോലെ മഞ്ഞുപെയ്യിക്കുന്നു.
ചാരംപോലെ ഹിമധൂളി വിതറുന്നു.

ദൈവം തന്‍റെ സാന്നിദ്ധ്യമായി,  കല്‍പനകളും, തിരുവചനവും മനുഷ്യരിലേയ്ക്ക്, ഭൂമിയിലേയ്ക്ക് അയയ്ക്കുന്നത് മഞ്ഞുപോലെയും, ഹിമധൂളിപോലെയും, ചാരംപോലെയുമാണെന്ന് സങ്കീര്‍ത്തകന്‍ വരികളില്‍ വിവരിക്കുന്നു. തന്‍റെ വചനവും കല്പനകളും ജനത്തിനു നല്‍കുന്നു. അവിടുത്തെ കല്‍പനകളും പ്രമാണങ്ങളുമാണ് എന്നും നമുക്ക് ജീവിതയാത്രയില്‍ വിളക്കും വെളിച്ചവുമാകേണ്ടതാണെന്ന് പദങ്ങള്‍ സ്ഥാപിക്കുന്നു. നാം പഠിച്ച 15, 16 പദങ്ങളും,  തുടര്‍ന്നുള്ള 17, 18, 19 പദങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണ്. കര്‍ത്താവ് ഉന്നതങ്ങളില്‍നിന്നും ആലിപ്പഴം പൊഴിക്കുന്നു, തണുപ്പ് അയക്കുന്നു (17). അവിടുന്ന കാറ്റു വിതയ്ക്കുന്നു, ജലം ഒഴുക്കുന്നു (18).   അങ്ങനെ അവിടുന്നു യാക്കോബിന്, ഇസ്രായേലിന്, തന്‍റെ ജനത്തിന് കല്‍പനകളും പ്രമാണങ്ങളും വെളിപ്പെടുത്തുന്നു.

പ്രപഞ്ചരഹസ്യങ്ങളിലൂടെ ദൈവം എപ്രകാരം തന്‍റെ ജനവുമായി ലോകത്ത് ഇടപെടുന്നുവെന്നാണ് നാം ശ്രവിച്ച് 17, 18, 19 പദങ്ങള്‍ ഉദ്ബോധിപ്പിക്കുന്നത്. തന്‍റെ ജനത്തിന് മന്ന പൊഴിച്ചു നല്കിയ കര്‍ത്താവുതന്നെയാണ് ആലിപ്പഴം പൊഴിക്കുന്നത്. അവിടുന്നു തണുപ്പും ചൂടും കാലാവസ്ഥയും, അതിന്‍റെ വ്യതിയാനങ്ങളും സൃഷ്ടിക്കുന്നു. കാറ്റുവിതയക്കുന്നു, അവിടുന്നു പാറയില്‍നിന്നും ജനത്തിനായി ജലം ഒഴുക്കുന്നു.

ദൈവികനന്മയുടെ സമൃദ്ധിയും ധാരാളിത്തവുമാണ് വളരെ സ്പഷ്ടമായി ഈ പദങ്ങളില്‍നിന്നും നാം പഠിക്കേണ്ടത്, ഉള്‍ക്കൊള്ളേണ്ടത്. കൂടാതെ ജലവും  കാറ്റും... എന്ന പ്രയോഗങ്ങള്‍ മനസ്സിലാക്കാന്‍  ഗ്രീക്കിലും ഹീബ്രൂവിലുമെല്ലാമുള്ള മൂലരേഖകളിലേയ്ക്ക്, രചനകളിലേയ്ക്ക് കടാന്നാല്‍ ദൈവാരൂപി, ദൈവാത്മാവ് എന്നീ അര്‍ത്ഥള്‍ ഉള്ളതായിട്ടാണ് നിരൂപകന്മാര്‍ സ്ഥാപിക്കുന്നു. ഈ രണ്ട് ആശയങ്ങളും കൂട്ടിവായിക്കുകയാണെങ്കില്‍... 147-Ɔ൦ സങ്കീര്‍ത്തനപദങ്ങള്‍ പ്രകൃതിവര്‍ണ്ണനയോ, പ്രപഞ്ചത്തിലുള്ള ദൈവികനന്മയുടെ ബാഹ്യമായ കൃപകളുടെ സ്തുതിപ്പോ അല്ല, മറിച്ച് നിയിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന, അനാദിമുതല്‍ ഭൂമിക്കു മുകളില്‍ ചലിച്ചുകൊണ്ടിരുന്ന ദൈവാത്മാവിന്‍റെ സൃഷ്ടിപരവും ക്രിയാത്മകവും രക്ഷാകവുമായ സാന്നിദ്ധ്യമാണെന്ന് പദങ്ങള്‍ - 15, 16-മുതല്‍, 17, 18, 19 പദങ്ങളില്‍ തുടരുന്നത് നമുക്ക് വ്യക്തമാണ്, ഗണിച്ചെടുക്കാവുന്നതാണ്.

ഉല്പത്തി 1, 2 : 
ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു.
ആഴത്തുനു മുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു.
ദൈവത്തിന്‍റെ ചൈതന്യം ജലത്തിനുമീതെ
ചലിച്ചുകൊണ്ടിരുന്നു.

ഇങ്ങനെയാണ്..., പ്രപഞ്ചസൃഷ്ടിയെക്കുറിച്ച് ഉല്പത്തിയുടെ രചയിതാവ് വിവരിക്കുന്നത്. തീര്‍ച്ചയായും വിശുദ്ധഗ്രന്ഥത്തിലെ ഈ ആദ്യപദങ്ങള്‍ 147-Ɔ൦ ഗീതിത്തിന്‍റെ വരികളിലേയ്ക്ക് തിരിച്ചും വിരല്‍ചൂണ്ടുന്നു. തീര്‍ന്നില്ല! അത് പുതിയനിയമത്തിലേയ്ക്കും, ക്രിസ്തുവിലേയ്ക്കും നമ്മെ കൊണ്ടെത്തിക്കുന്നു. വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം പരിശോധിച്ചാല്‍ നമുക്കത് വ്യക്തമായിക്കിട്ടും.  ക്രിസ്തു പെസഹാതിരുനാളിന്‍റെ അവസാനത്തില്‍ ജരൂസലേം ദേവാലയത്തില്‍ പഠിപ്പിക്കുന്നതാണ് രംഗം. അപ്പോഴാണ് അവിടുന്ന് ജീവജലത്തിന്‍റെ അരുവികളെക്കുറിച്ചു സംസാരിച്ചത്: അത് സുവിശേഷകന്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു :

ആര്‍ക്കെങ്കിലും ദാഹമുണ്ടെങ്കില്‍
അവര്‍ എന്‍റെ പക്കല്‍ വന്നു പാനംചെയ്യട്ടെ.
എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹൃദയത്തില്‍നിന്ന്,
വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതുപോലെ,
ജീവജലത്തിന്‍റെ അരുവികള്‍ ഒഴുകും, പൊട്ടിപ്പുറപ്പെടും.
(യോഹന്നാന്‍ 7, 37-39 ).


(William Nellikkal)

26/02/2018 16:10