2018-02-16 12:36:00

പ്രാര്‍ത്ഥന, ഉപവാസം, ദാനധര്‍മ്മം ഇവ ഉപവിയുടെ വഴികള്‍-പാപ്പാ


നിസ്സംഗത, അതിക്രമം, സ്വാര്‍ത്ഥത, ദോഷചിന്ത എന്നിവയാല്‍ മുദ്രിതമായ ഒരു ലോകം ഹൃദയങ്ങളിലും ദൈവത്തോടും മനുഷ്യരോടുമുള്ള ബന്ധങ്ങളിലും നിന്ന് ഉപവി മാഞ്ഞു പോയിരിക്കുന്നതിനാല്‍ ക്ലേശമനുഭിക്കുന്നില്ലേ എന്ന് ആത്മശോധന ചെയ്യുന്നത് ഉചിതമെന്ന് മാര്‍പ്പാപ്പാ.

പാപ്പായ്ക്കും പരിശുദ്ധസിംഹാസനത്തിനും സംരക്ഷണവും സേവനവും ഉറപ്പുനല്കുന്നതിനായി പത്തൊമ്പതാം നൂറ്റാണ്ടില്‍ രൂപംകൊണ്ട പ്രസ്ഥാനമായ, പത്രോസിന്‍റെ സിംഹാസനത്തിനു വേണ്ടി എന്നര്‍ത്ഥമുള്ള “പ്രോ പേത്രി സേദെ” യുടെ ബല്‍ജിയം, നെതര്‍ലാന്‍റ്സ്, ലക്സംബര്‍ഗ് എന്നിവിടങ്ങളില്‍ നിന്നുള്ള അമ്പതോളം പ്രതിനിധികളെ വെള്ളിയാഴ്ച 16/02/18) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യവെ നോമ്പുകാലത്തിന്‍റെ സവിശേഷതകളായ പ്രാര്‍ത്ഥന, ഉപവാസം, ദാനധര്‍മ്മം എന്നീ പുണ്യങ്ങളെക്കുറിച്ചു വിചിന്തനം ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ദൈവത്തെയും നമ്മെയും സംബന്ധിച്ച സത്യത്തിന്‍റെ പാതയിലേക്ക് നമ്മെ പുനരാനയിക്കുന്നതാണ് പ്രാര്‍ത്ഥനയെന്നും പട്ടിണിയുടെ കഠിന്യം അനുഭവിക്കുന്നവരുടെ അവസ്ഥകളില്‍ നമ്മെ പങ്കുചേര്‍ക്കുകയും അയല്‍ക്കാരന്‍റെ കാര്യത്തില്‍ കൂടുതല്‍ കരുതലുള്ളവരാകാന്‍ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നതാണ് ഉപവാസമെന്നും, സ്വന്തം മക്കളുടെ നന്മയ്ക്കായി ദൈവം കാണിക്കുന്ന പരിപാലനയില്‍ സഹകാരികളായിത്തീരുന്നതിനുള്ള അനുഗ്രഹീതമായ ഒരവസരമാണ് ദാനധര്‍മ്മമെന്നും പാപ്പാ വിശദീകരിച്ചു.

ദാനധര്‍മ്മം ഒരു ജീവിതശൈലിയക്കാനും ആവശ്യത്തിലിരിക്കുന്നവര്‍ക്കുള്ള സഹായം തുടരാനും പാപ്പാ പ്രോത്സാഹനം പകരുകയും ചെയ്തു.

ഭൂമിയില്‍ സ്നേഹം വളരുകയും അസംഖ്യം തിന്മകള്‍ക്കു കാരണമായ സംഘര്‍ഷങ്ങള്‍ക്ക് അവസാനമുണ്ടാകുകയും ചെയ്യുന്നതിനുവേണ്ടി നമ്മുടെ ഹൃദയത്തെ പരിവര്‍ത്തനം ചെയ്യാന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാന്‍ “പാപ്പാ പ്രോ പേത്രി സേദെ” പ്രസ്ഥാനത്തിലെ അംഗങ്ങളെ ക്ഷണിക്കുകയും ചെയ്തു








All the contents on this site are copyrighted ©.