2018-02-16 13:35:00

ആഗോള കുടുംബ സംഗമവും വാലന്‍റൈന്‍ ദിനാഘോഷവും


വാലന്‍റൈന്‍ ദിനാഘോഷങ്ങള്‍ കുടുംബങ്ങളിലെ സ്നേഹത്തിന്‍റെ ആഘോഷമാക്കാമെന്ന് ആഗോള കുടുംബ സംഗമത്തിന്‍റെ വക്താവ് ബ്രെന്‍റാ ഡ്രം അഭിപ്രായപ്പെട്ടു. ഫെബ്രുവരി 14-ന് ആഘോഷിച്ച വാലന്‍റൈന്‍സ് ദിനത്തില്‍  (Valentine’s Day) ഇറക്കിയ പ്രസ്താവനയിലാണ് ബ്രെന്‍റാ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

അയര്‍ലണ്ടിലെ ഡബ്ലിന്‍ നഗരത്തില്‍ 2018 ആഗസ്റ്റ് 21-മുതല്‍ 26-വരെ തിയതികളിലാണ് ലോക കുടുംബസംഗമം നടക്കാന്‍ പോകുന്നത്. പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കുന്ന ഈ സമ്മേളനത്തിന്‍റെ പശ്ചാത്തലത്തിലാണ് വാലന്‍റൈന്‍സ് ദിനാഘോഷങ്ങള്‍ ഭാര്യ-ഭര്‍തൃബന്ധങ്ങളെ സ്നേഹത്തില്‍ ഊഷ്മളമാക്കുന്ന ആഘോഷമാക്കി മാറ്റണമെന്ന് ബ്രെന്‍റാ ഡ്രം നിര്‍ദ്ദേശിക്കുന്നത്.

മധുരം കൈമാറുന്ന ആഘോഷത്തിനുമപ്പുറം പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കുന്ന ഒരു നല്ല പുസ്തകം, സാങ്കേതികതയുടെ സ്വാധീനമില്ലാത്ത ദമ്പതികളുടെ നേര്‍ക്കാഴ്ചാസായാഹ്നങ്ങള്‍, പ്രാര്‍ത്ഥനാകൂട്ടായ്മകള്‍, കുടുംബങ്ങളുടെ സൗഹൃദയാത്രകള്‍, കൈകോര്‍ത്തുള്ള ഉല്ലാസയാത്രകള്‍ എന്നിങ്ങനെ അര്‍ത്ഥവും ഫലപ്രാപ്തിയുമുള്ള കുടുംബാഘോഷങ്ങള്‍ക്ക് വാലന്‍റൈന്‍സ് ദിനം വേദിയാകണമെന്ന് അവസരമാകണമെന്ന് ബ്രെന്‍റാ പ്രസ്താവനയിലൂടെ കുടുംബങ്ങളോട് ആഹ്വാനംചെയ്തു.

പ്രിയപ്പെട്ടവര്‍ക്കുവേണ്ടി സമയവും സാന്നിദ്ധ്യവും നല്കുന്നതിനും, ദമ്പതികള്‍ തമ്മിലുള്ള സനേഹം കൂടുതല്‍ ആര്‍ഭാടമാക്കാപ്പെടാനുമുള്ള സാഹചര്യം വാലന്‍റൈന്‍സ് ദിനം നല്കുന്നു. പാരമ്പര്യങ്ങള്‍ക്കുമപ്പുറത്ത് ദമ്പതികള്‍ക്കും നമുക്കോരോരുത്തര്‍ക്കും ക്രൈസ്തവ സ്നേഹത്തിന്‍റെ അനുഭവം പങ്കുവയ്ക്കുന്ന ദിനമാണ് വാലന്‍റൈന്‍സ് ദിനമെന്ന് “സ്നേഹത്തിന്‍റെ ആനന്ദം” Amoris Laetitiae  എന്ന അപ്പസ്തോലിക പ്രബോധനത്തില്‍ പാപ്പാ ഫ്രാന്‍സിസ് വിവരിക്കുന്നത് ബ്രിന്‍റാ അനുസ്മരിച്ചു.

അയര്‍ലന്‍റിലെ കത്തോലിക്കാ സഭ വര്‍ഷങ്ങളായി ദമ്പതികളുടെ ആഘോഷമാക്കി വാലന്‍റൈന്‍സ് ദിനം ആചരിക്കുന്നത് ബ്രിന്‍റാ ചൂണ്ടിക്കാട്ടി. ദമ്പതികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ വാലന്‍റൈന്‍റെ തിരുശേഷിപ്പ് ഡബ്ളിന്‍ നഗരത്തിലെ വൈറ്റ് ഫ്രയര്‍ റോഡിലെ കര്‍മ്മലീത്ത ദേവാലയത്തില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഡബ്ലിന്‍ ജനതയ്ക്ക് വിശുദ്ധ വാലന്‍റൈനോട് പ്രത്യേകമായ ഭക്തിയും ഇന്നു വളര്‍ന്നിട്ടുണ്ട്. വിവാഹാര്‍ത്ഥികളും ദമ്പതികളും കുടുംബങ്ങളും അവിടെ പ്രാര്‍ത്ഥനയ്ക്കണയുന്നത് ശ്രദ്ധേയമായ കാഴ്ചായാണ്! 








All the contents on this site are copyrighted ©.