2018-01-31 12:32:00

വചനശുശ്രൂഷ : പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം


രാവിലെ, തണുപ്പും കാര്‍മേഘാവൃതമായിരുന്ന അന്തരീക്ഷവും റോമില്‍ പ്രതികൂലാവസ്ഥ സൃഷ്ടിച്ചുവെങ്കിലും ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചാ പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിവിധ രാജ്യാക്കാരായ ആയിരക്കണക്കിനാളുകള്‍ എത്തിയിരുന്നു ഈ  ബുധനാഴ്ചയും (31/01/18). “യുവജനവും വിശ്വാസവും ദൈവവിളി തിരിച്ചറിയലും” എന്ന വിചിന്തന പ്രമേയം സ്വീകരിച്ചിരിക്കുന്ന ഒരു സമ്മേളനത്തില്‍ പങ്കെടുക്കുന്ന നൂറ്റമ്പതോളം വൈദികരുടെ ഒരു സംഘവും അമേരിക്കന്‍ സര്‍വ്വകലാശാലകളിലെ വിദ്യര്‍ത്ഥികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കൂടിക്കാഴ്ചയുടെ വേദി, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ   ബസിലിക്കയുടെ ചത്വരം ആയിരുന്നു. ദര്‍ശനം നല്കുന്നതിന് പാപ്പാ വെളുത്ത തുറന്ന വാഹനത്തില്‍ അങ്കണത്തിലെത്തിയപ്പോള്‍ ജനസഞ്ചയത്തിന്‍റെ ആനന്ദാരവങ്ങള്‍ അലതല്ലി.കൂടിക്കാഴ്ചയില്‍ പങ്കെടുക്കാനെത്തിയിരുന്നവര്‍ക്കിടയില്‍ നിന്ന് ഏതാനും ബാലികാബാലന്മാരെ തന്‍റെ വാഹനത്തിലേറ്റി പുഞ്ചിരിതൂകി ഏവര്‍ക്കും  അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ജനങ്ങളുടെ ഇടയിലൂടെ നീങ്ങിയ പാപ്പാ, ഇടയ്ക്കിടെ അംഗരക്ഷകര്‍ തന്‍റെ  പക്കലേക്ക് എടുത്തുകൊണ്ടുവന്നിരുന്ന പിഞ്ചുകുഞ്ഞുങ്ങളെ വണ്ടി നിറുത്തി ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇ‌ടയ്ക്കു വച്ച് ജനസഞ്ചയത്തിനിടയില്‍ നിന്ന് ഒരാള്‍  വച്ചുനീട്ടിയ തെക്കെ അമേരിക്കന്‍ പാനീയമായ “മാത്തെ” അഥവാ, “സിമറോണ്‍” പാപ്പാ രുചിച്ചുനോക്കി. വാഹനം വേദിക്കടുത്ത് നിശ്ചലമായപ്പോള്‍ അതിലുണ്ടായിരുന്ന കുട്ടികളെ ആദ്യം ഇറക്കിയതിനു ശേഷം അതില്‍ നിന്നിറങ്ങിയ പാപ്പാ സാവധാനം നടന്ന് വേദിയിലെത്തി. റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30 ഓടെ, ത്രിത്വൈകസ്തുതിയോടുകൂടി പാപ്പാ പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

പൂര്‍വ്വകാലങ്ങളില്‍ പ്രവാചകന്മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോടു സംസാരിച്ചിട്ടുണ്ട്.2 എന്നാല്‍, ഈ അവസാന നാളുകളില്‍ തന്‍റെ പുത്രന്‍ വഴി അവിടന്നു നമ്മോടു സംസാരിച്ചിരിക്കുന്നു. അവനെ അവിടന്നു സകലത്തിന്‍റെയും അവകാശിയായി നിയമിക്കുകയും അവന്‍ മുഖേന പ്രപഞ്ചത്തെ സൃഷ്ടിക്കുകയും ചെയ്തു”(ഹെബ്രായര്‍ 1:1-2)

ഈ ഭാഗം പാരായണംചെയ്യപ്പെട്ടതിനു ശേഷം, പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ താന്‍ വിശുദ്ധ കുര്‍ബ്ബാനയെ അധികരിച്ചു നടത്തിപ്പോരുന്ന പ്രബോധനപരമ്പര തുടര്‍ന്നു. ലത്തീന്‍ റീത്തിന്‍റെ  ആരാധനാക്രമമനുസരിച്ചുള്ള വിശുദ്ധകുര്‍ബ്ബാനയിലെ വചനശുശ്രൂഷയെപ്പറ്റിയായിരുന്നു പാപ്പായുടെ വിചിന്തനം.

പ്രഭാഷണസംഗ്രഹം:

വിശുദ്ധകുര്‍ബ്ബാനയെ അധികരിച്ചുള്ള പ്രബോധനം നമുക്കിന്നു തുടരാം. പ്രാരംഭ കര്‍മ്മങ്ങളെക്കുറിച്ചുള്ള പരിചിന്തനത്തിനു ശേഷം നാമിന്ന് വചനശുശ്രൂഷയെക്കുറിച്ചാണ്  ചിന്തിക്കുക. ദിവ്യബലിയുടെ ഘടനയക്ക് രൂപം നല്കുന്ന ഘടകങ്ങളില്‍ ഒന്നാണിത്. കാരണം ദൈവം പ്രവര്‍ത്തിച്ചവയെയും അവിടന്ന് നമുക്കുവേണ്ടി ഇനിയും ചെയ്യാനുദ്ദേശിക്കുന്നവയെയും കുറിച്ചു കേള്‍ക്കുന്നതിനാണ്, വാസ്തവത്തില്‍, നാം സമ്മേളിക്കുന്നത്. അത് നേരിട്ടുള്ള അനുഭവമാണ്, പറഞ്ഞു കേള്‍ക്കുന്നതല്ല. കാരണം ദേവാലയത്തില്‍ വിശുദ്ധഗ്രന്ഥം വായിക്കുമ്പോള്‍ ദൈവം തന്നെ സ്വന്തം ജനത്തോടു സംസാരിക്കുകയാണ്. ദൈവവചനത്തില്‍ സന്നിഹിതനായ ക്രിസ്തു സുവിശേഷം പ്രഘോഷിക്കുകയാണ്. എത്രയോ തവണ ദൈവവചനം പാരായണം ചെയ്യപ്പെടുന്ന വേളകളില്‍ മറ്റു കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു, അവനെ നോക്കൂ, അവളെ നോക്കു, ആ തൊപ്പി നോക്കൂ എന്നൊക്കെ പരസ്പരം പറയുന്നു, അതു വളരെ മോശമാണ്. ദൈവവവചനം വായിക്കപ്പെടുമ്പോള്‍, ഒന്നാം വായനയും രണ്ടാം വായനയും സങ്കീര്‍ത്തനവും പ്രതിവചന സങ്കീര്‍ത്തനവും സുവിശേഷവും വായിക്കപ്പെടുമ്പോള്‍ നാം ശ്രദ്ധിക്കണം, ഹൃദയം തുറക്കണം, കാരണം, ദൈവമാണ് സംസാരിക്കുന്നത്.

വാസ്തവത്തില്‍, ബൈബിള്‍ താളുകള്‍, എഴുതപ്പെട്ടവയുടെ രൂപം വെടിഞ്ഞ് ദൈവം തന്നെ പറയുന്ന ജീവസുറ്റ വചനമായിത്തീരുകയും വിശ്വാസത്തോടുകൂടി ആ വചനം ശ്രവിക്കുന്ന നമ്മെ ചിന്തിപ്പിക്കുകയും ചെയ്യുന്നു. പ്രവാചകന്മാര്‍ വഴി സംസാരിക്കുകയും തിരുലിഖിതങ്ങളുടെ കര്‍ത്താക്കള്‍ക്ക്  പ്രചോദനമേകുകയും ചെയ്ത ദൈവാരൂപി, നമ്മു‌ടെ കാതുകളില്‍ മുഴങ്ങുന്നവ ദൈവവചനം നമ്മുടെ ഹൃദയങ്ങളില്‍ സമൂര്‍ത്തമാക്കിത്തീര്‍ക്കത്തവിധം പ്രവര്‍ത്തിക്കുന്നു. ദൈവം സംസാരിക്കുന്നു, അവ പ്രാവര്‍ത്തികമാക്കുന്നതുനുവേണ്ടി നാം അവിടത്തെ ശ്രവിക്കുന്നു. ദൈവവചനം ശ്രവിക്കണമെങ്കില്‍ അതു സ്വീകരിക്കാന്‍ തുറവുള്ള ഒരു ഹൃദയം ആവശ്യമാണ്.

നാം അവിടത്തെ ശ്രവിക്കേ​ണ്ടത് ആവശ്യമാണ്. അത് ജീവിതവുമായി ബന്ധപ്പെട്ട ഒരു കാര്യമാണ്. മത്തായിയുടെ സുവിശേഷം നാലാം അദ്ധ്യായം നാലാം വാക്യം അതു നമ്മെ ഓര്‍മ്മപ്പെടുത്തുന്നു : മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല ദൈവത്തിന്‍റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് ജീവിക്കുന്നത്. ഈ ഒരര്‍ത്ഥത്തില്‍ നാം വചനശുശ്രൂഷയെ നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തിന് പോഷണമേകുന്നതിന് കര്‍ത്താവ് ഒരുക്കുന്ന വിരുന്നായിട്ടാണ് കാണുക. ബൈബിളിലെ പഴയനിയമത്തിന്‍റെയും പുതിയനിയമത്തിന്‍റെയും സമ്പന്നതകളടങ്ങിയ സമൃദ്ധമായ ആരാധനക്രമവിരുന്നാണത്. കാരണം അതില്‍ ഏകവും തനതുമായ ക്രിസ്തുരഹസ്യം സഭ പ്രഘോഷിക്കുന്നു. സഭായോഗത്തില്‍ മുഴങ്ങുന്നതും സഭയാകുന്ന തന്‍റെ ജനത്തോടുള്ള നിരന്തര സംഭാഷണം  ദൈവം തുടരുന്നതുമായ ദൈവത്തിന്‍റെ രക്ഷാകരസന്ദേശത്തോടു മൗനമാര്‍ന്ന  തുറവുകാട്ടാന്‍ വചന ശുശ്രൂഷ നമ്മെ ക്ഷണിക്കുന്നു.

വിശുദ്ധകുര്‍ബ്ബാനയില്‍ തിരുലിഖിതവായനകള്‍ പാശ്ചാത്യ പൗരസ്ത്യ സഭകളുടെ  ആരാധാനക്രമ പാരമ്പര്യമനുസരിച്ച് ഭിന്ന രീതികളിലാണ്  ക്രമപ്പെടുത്തപ്പെട്ടിരിക്കുന്നത്. വഴിതെറ്റിപ്പോകാതിരിക്കുന്നതിന് കര്‍ത്താവിന്‍റെ വചനം അനിവാര്യമാണെന്ന് നമുക്കറിയാം. ”അങ്ങയുടെ വചനം എന്‍റെ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്” (സങ്കീര്‍ത്തനം 119:105) ​എന്ന സങ്കീര്‍ത്തന വാക്യം ഇത് പ്രസ്പഷ്ടമാക്കുന്നു. ആരാധനാക്രമത്തില്‍ പ്രതിധ്വനിക്കുന്ന ദൈവവചനത്താല്‍ പതിവായി പോഷിതരും പ്രബുദ്ധരും ആയില്ലെങ്കില്‍, കഷ്ടപ്പാടുകളും പരീക്ഷണങ്ങളുമുള്ള ഭൗമിക തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാന്‍ നമുക്കെങ്ങനെ സാധിക്കും? തീര്‍ച്ചയായും, ദൈവവചനത്തിന്‍റെ വിത്ത് ഹൃദയത്തില്‍ സ്വീകരിക്കുകുയും ഫലം പുറപ്പെടുവിക്കാന്‍ അനുവദിക്കുകയും ചെയ്യാതെ ദൈവവചനം കാതുകള്‍ കൊണ്ട് ശ്രവിച്ചാല്‍ മാത്രം പോരാ. പലതരത്തിലുള്ള നിലത്തു വിത്തുവിതച്ച വിതക്കാരന്‍റെ ഉപമ ഓര്‍ക്കുക. (മര്‍ക്കോസ്:4,14-20) പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനമാണ് പ്രത്യുത്തരം ഫലദായകമാക്കുന്നത്.  അതിന്, “നിങ്ങള്‍ വചനം കേള്‍ക്കുകമാത്രം ചെയ്യുന്ന ആത്മവഞ്ചകരാകാതെ അത് നിവര്‍ത്തിക്കുന്നവരും ആയിരിക്കുവിന്‍”(യാക്കോബ് 1,22) എന്ന് യാക്കോബ് ശ്ലീഹാ പറയുന്നതു പോലെ വിശുദ്ധ കുര്‍ബ്ബാനയില്‍ ശ്രവിച്ചവ അനുദിനജീവിതത്തെ സ്പര്‍ശിക്കും വിധം പ്രവര്‍ത്തിക്കാനും നട്ടുവളര്‍ത്താനും അനുവദിക്കുന്ന ഹൃദയങ്ങള്‍ വേണം. ദൈവവചനം നമ്മു‌ടെ ഉള്ളില്‍ സഞ്ചരിക്കുന്നു. അതു നാം കാതുകള്‍ കൊണ്ടു ശ്രവിക്കുന്നു, അത് ഹൃദയത്തിലേക്ക് കടക്കുന്നു, അതു കാതുകളില്‍ നില്ക്കുന്നില്ല, അതു ഹൃദയത്തിലേക്കും ഹൃദയത്തില്‍ നിന്ന് കരങ്ങളിലേക്കും, സല്‍പ്രവൃത്തികളിലേക്കും കടക്കണം. ഇതാണ് ദൈവവചനത്തിന്‍റെ സഞ്ചാരപഥം. ശ്രവണപുടങ്ങളില്‍ നിന്ന് ഹൃത്തിലേക്കും കരങ്ങളിലേക്കും. ഇത് നമുക്കഭ്യസിക്കാം. നന്ദി.    

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.പതിവുപോലെ, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ, യുവജനത്തിന്‍റെ പിതാവും ഗുരുഭൂതനുമായ വിശുദ്ധ ജോണ്‍ ബോസ്കൊയുടെ തിരുന്നാള്‍ അനുവര്‍ഷം ജനുവരി 31 ന് ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു. ഒരു മാതൃകാദ്ധ്യാപകനെ ആ വിശുദ്ധനില്‍ ദര്‍ശിക്കാന്‍ പാപ്പാ യുവതയെ ക്ഷണിച്ചു. അദ്ദേഹത്തെ മാതൃകയാക്കി ക്രൂശിതനില്‍ വിശ്വാസമര്‍പ്പിക്കാന്‍ രോഗികള്‍ക്കും ദാമ്പത്യജീവിതദൗത്യം ഉദാരതയോടെ നിര്‍വ്വഹിക്കുന്നതിന് ആ വിശുദ്ധന്‍റെ മാദ്ധ്യസ്ഥ്യം യാചിക്കാന്‍ നവദമ്പതികള്‍ക്കും പാപ്പാ പ്രചോദനം പകര്‍ന്നു.

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.