2018-01-13 12:48:00

പാപ്പായുടെ ഇരുപത്തിരണ്ടാം വിദേശ അപ്പസ്തോലിക പര്യടനം


ഫ്രാന്‍സീസ് പാപ്പായുടെ ഇരുപത്തിരണ്ടാം വിദേശ അപ്പസ്തോലിക പര്യടനത്തിന് തിങ്കളാഴ്ച (15/01/18) തുടക്കമാകും.

തെക്കെ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരനാടുകളായ ചിലിയും, പെറുവുമാണ് ഈ മാസം 15 മുതല്‍ 22 വരെ (15-22/01/18) നീളുന്ന ഈ ഇടയസന്ദര്‍ശനത്തിന്‍റെ വേദികള്‍.

സമയത്തില്‍ ഇന്ത്യയെക്കാള്‍ ചിലി 8 മണിക്കൂറും 30 മിനിറ്റും പെറു 10 മണിക്കൂറും 30 മിനിറ്റും പിന്നിലാണ്.

തിങ്കളാഴ്ച രാവിലെ റോമിലെ സമയം 8 മണിക്ക്, അതായത്, ഇന്ത്യയിലെ സമയം 12.30 ന് പാപ്പാ വത്തിക്കാനില്‍ നിന്ന് 30 കിലോമീറ്ററോളം അകലെ, ഫ്യുമിച്ചീനൊയില്‍ സ്ഥിതിചെയ്യുന്ന “ലെയൊണാര്‍ദൊ ദ വിഞ്ചി” അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്ന് ചിലിയിലേക്കു പുറപ്പെടും. ഈ വ്യോമയാത്ര 16 മണിക്കൂറിലേറെ ദീര്‍ഘിക്കും. ചിലിയില്‍, സന്ധ്യാഗൊയിലുള്ള രാജ്യാന്തര വിമാനത്താവളത്തില്‍ പാപ്പാ പ്രാദേശികസമയം രാത്രി 8.10 ന് എത്തും. അപ്പോള്‍ ഭാരതത്തില്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 4.40 ആയിരിക്കും.

പതിനഞ്ചാം തിയതിമുതല്‍ 18 വരെ ചിലിയില്‍ തങ്ങുന്ന പാപ്പായുടെ അന്നാട്ടിലെ സന്ദര്‍ശന വേദികള്‍ സന്ധ്യാഗൊ, തെമൂക്കൊ, ഇക്കീക്കെ എന്നീ പട്ടണങ്ങളാണ്.

പതിനെട്ടാം തിയതി പെറുവിലേക്കു വിമാനം കയറുന്ന പാപ്പാ അന്നാട്ടില്‍ അന്നുതന്നെ എത്തിച്ചേരുകയും ഇരുപത്തിയൊന്നാം തിയതിവരെ അവിടെ തങ്ങുകയും ചെയ്യും. ലീമ, പുവെര്‍ത്തൊ മല്‍ദൊണാദൊ, ത്രുഹീല്യൊ എന്നിവിടങ്ങളാണ് പെറുവില്‍ പാപ്പായുടെ സന്ദര്‍ശനവേദികള്‍.

ഇരുപത്തിയൊന്നിന് വൈകുന്നേരം അന്നാട്ടില്‍ നിന്ന് റോമിലേക്കു വിമാനം കയറുന്ന പാപ്പാ ഇരുപത്തിരണ്ടിന് വത്തിക്കാനില്‍ എത്തിച്ചേരും.

“എന്‍റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു നല്കുന്നു” എന്നതാണ് പാപ്പായുടെ ചിലി സന്ദര്‍ശനത്തിന്‍റെ മുദ്രാവാക്യം. പെറുവിലെ പാപ്പാസന്ദര്‍ശനത്തിന്‍റെ ആദര്‍ശ പ്രമേയം “പ്രത്യാശയാല്‍ ഐക്യപ്പെട്ട്” എന്നതാണ്.








All the contents on this site are copyrighted ©.