2017-12-20 16:39:00

''ജനങ്ങളോടൊത്തായിരിക്കുന്നത് ഏറ്റവും ആനന്ദകരം'': പാപ്പാ


ഡിസംബര്‍ 18-ാംതീയതി രാവിലെ വത്തിക്കാനില്‍ നിന്നു വീഡിയോ ലിങ്കുവവഴി ടോക്കിയോയിലെ സോഫിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു പാപ്പാ.  കുട്ടികളില്‍ നിന്നു ലഭിച്ച നൂറു ചോദ്യങ്ങളില്‍ എട്ടു ചോദ്യങ്ങള്‍ക്കാണ് പാപ്പാ ഉത്തരം നല്‍കിയത്.   സംഗ്രഹം ചേര്‍ക്കുന്നു.
1. ജനങ്ങളോടൊത്തായിരിക്കുക എന്നത് എനിക്കേറ്റവും ആനന്ദകരം.
പാപ്പാസ്ഥാനത്ത് അവരോധിതനായശേഷം പാപ്പായ്ക്ക് ഏറ്റവും വലിയ ആനന്ദം തരുന്ന കാര്യമെന്ത്? എന്നതായിരുന്നു ആദ്യചോദ്യം. ആദ്യചോദ്യകര്‍ത്താവായ യുവാവിന് പാപ്പാ ഇങ്ങനെ മറുപടി നല്‍കി:  ''ഒരു കാര്യമല്ല, ആനന്ദമേകുന്ന ഒരുപാടു കാര്യങ്ങളുണ്ട്.  എന്നാല്‍ എല്ലാറ്റിനുമുപരിയായി ഞാന്‍ സന്തോഷിക്കുന്നത് ജനങ്ങളോടൊത്ത് ആയിരിക്കുമ്പോഴും അവരോടു സംസാരിക്കുമ്പോഴുമാണ്; വളരെ പ്രത്യേകമായി കുട്ടികളോടൊത്തും, പ്രായമായവരോടൊത്തും, രോഗികളോടൊത്തും ആയിരിക്കുമ്പോഴും അവരോടു സംസാരിക്കുമ്പോഴും.  ജനങ്ങളോടൊത്തായിരിക്കുക എന്നത് എന്നെ ഏറെ സഹായിക്കുന്നു. അതെന്നെ ചെറുപ്പമാക്കുന്നു, എന്നെ ആഹ്ലാദിപ്പിക്കുന്നു, എനിക്ക് ഏറെ ആനന്ദം തരുന്നു...''
2.  വിദ്യാഭ്യാസം മത്സരത്തിനല്ല, മറ്റുള്ളവര്‍ക്കു സേവനമേകുന്നതിനാണ് 
സമൂഹത്തില്‍ മാത്സര്യമുളവാക്കുന്ന വിദ്യാഭ്യാസത്തെക്കുറിച്ചുള്ള രണ്ടാമത്തെ ചോദ്യത്തിനു പാപ്പായുടെ മറുപടി ഇങ്ങനെയായിരുന്നു: ''തൊഴില്‍ദായകം മാത്രമാകുക എന്ന ഒരു അപകടം വിദ്യാഭ്യാസത്തിനുണ്ട്.  'യോഗ്യത'നേടലിനു ശുശ്രൂഷ ചെയ്യുന്ന വിദ്യാഭ്യാസം നിങ്ങളെ ഔന്നത്യത്തിലെത്തിക്കുന്നതിനു പകരം അധോഗതിയിലാഴ്ത്തിയേക്കാം.  യോഗ്യത വളരെ പ്രധാനമാണ്.  എന്നിരുന്നാലും, ഈ യോഗ്യത കേന്ദ്രസ്ഥാനത്തുവരുമ്പോള്‍, സമൂഹവും യോഗ്യതയുടെ മാനദണ്ഡം മാത്രം കണക്കാക്കുന്നതായി മാറും.  അങ്ങനെയുള്ള സമൂഹത്തില്‍ വിജയിക്കണമെങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ മോശമായ കാര്യങ്ങള്‍ കൈക്കൊള്ളുന്നവരാകും.  മറ്റുള്ളവരുടെ സേവനത്തിനായി നേടാത്ത വിദ്യാഭ്യാസം അത് തോല്‍വിയിലേക്കു നീങ്ങുന്ന വിദ്യാഭ്യാസമാണ്. അതില്‍ത്തന്നെ പ്രാധാന്യംനല്കുന്ന ആ വിദ്യാഭ്യാസം അനഭിലഷണീയമാണ്.  അത് അപകടകരവുമാണ്. നിങ്ങളുടെ സര്‍വകലാശാലയുടെ ആദര്‍ശവാക്യം (Motto) 'വിദ്യഭ്യാസം മറ്റുള്ളവര്‍ക്കുവേണ്ടി' എന്നതാണ്. എന്നു പറഞ്ഞാല്‍, ഈ സര്‍വകലാശാലതന്നെ മറ്റുള്ളവര്‍ക്കുവേണ്ടി നിലകൊള്ളുന്നതാണ്, സേവനത്തിന്‍റെ സര്‍വകലാശാലയാണ് എന്നാണ്.  ഇത് ഒരു വലിയ സമ്പത്താണ്...''
3.  'വേരു'കളില്ലാത്ത യുവത എന്ന ആകുലപ്പെടുത്തുന്നു
ഇന്നത്തെ യുവതയെക്കുറിച്ചുള്ള പാപ്പായുടെ മുഖ്യപരിഗണനകളും പ്രതീക്ഷകളുമെന്തൊക്കെയാണ്? എന്ന മൂന്നാമത്തെ ചോദ്യത്തിന് പാപ്പാ, താന്‍ ആകുലപ്പെടുന്നത് വേരുകളെക്കുറിച്ച്, ഓര്‍മകളെക്കുറിച്ചാണ് എന്നാണ് മറുപടി നല്കിയത്.  ''സാംസ്ക്കാരിക വേരുകള്‍, ചരിത്രത്തിന്‍റെ വേരുകള്‍, കുടുംബത്തിന്‍റെ, മാനവികതയുടെ എല്ലാം വേരുകള്‍.  ഈ വേരുകളുടെ അഭാവമുള്ള യുവത, അവര്‍ക്കു വികസനത്തിനുള്ള കഴിവില്ല... ഈ മൂലങ്ങള്‍ കണ്ടെത്തുന്നതിന്, ഏറ്റവും ഉചിതമായ മാര്‍ഗം യുവജനങ്ങളെ പ്രായമായവരുമായി സംഭാഷിക്കുന്നതിനു പ്രോത്സാഹിപ്പിക്കുക എന്നതാണ്. യുവാവായ ഒരു വ്യക്തി എന്തുചെയ്യണം?  ഓര്‍മകള്‍ വീണ്ടെടുക്കണം, അത് വേരുകളാണ്, അതൊരിക്കലും അടച്ചുസൂക്ഷിക്കരുത്, മറിച്ച്, ഭാവിയിലേക്കു നോക്കിക്കൊണ്ട് വര്‍ത്തമാനകാലവുമായി സംവദിക്കുന്നതിന് അതിനെ അനുവദിക്കണം. ഈ വേരുകള്‍, വര്‍ത്തമാനകാലത്തിലെ വെല്ലുവിളികളിലേയ്ക്ക് ഉന്മുഖമായിരിക്കുന്ന ഈ വേരുകള്‍ ഫലമുളവാക്കും, നാളെകളില്‍ അതു തഴച്ചുവളരും. യുവജനങ്ങള്‍, എപ്പോഴും ചലിക്കുന്നവരാണ്, അവര്‍ക്ക് സ്ഥിരമായി ഒരിടത്തായിരിക്കുവാന്‍ കഴിയുകയില്ല.  അവര്‍ വാഗ്ദാനങ്ങളിലേക്കു നടക്കുന്നവരാണ്, എന്നാല്‍ അവര്‍ വര്‍ത്തമാനകാലത്തിന്‍റെ വെല്ലുവിളികളെ നേരിടുവാന്‍ അവരുടെ വേരുകളില്‍ ഉറപ്പിക്കപ്പെട്ടവരായിരിക്കണം.  യുവതയോടൊപ്പം, ലോകം സമ്പൂര്‍ണമായും പരിവര്‍ത്തനപ്പെടുന്നു''.
4.  മതങ്ങള്‍ മനുഷ്യവ്യക്തിയെ വളര്‍ത്തുന്നു
നാലാമത്തെ ചോദ്യം മതത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ളതായിരുന്നു. പാപ്പാ പറഞ്ഞു  മതം ഒരു തീയേറ്റര്‍ കണ്ടുപിടുത്തമല്ല.  അത് മനുഷ്യന്‍റെ ആന്തരികതൃഷ്ണകളില്‍ നിന്ന് ഉത്ഭവിച്ചതും അതിനെത്തന്നെ അതിശയിക്കുന്ന പരമമായതിനെ, ദൈവത്തെ അന്വേഷിക്കുന്നതുമാണ്. ഓരോ മതവും നിങ്ങളെ കുടുതല്‍ വളര്‍ത്തുന്നു. എന്നാല്‍, ഒരു വ്യക്തി ഞാന്‍ മതവിശ്വാസിയാണ്, എന്നു പറയുകയും എന്നാല്‍ വളര്‍ച്ചയില്ലാത്ത, മറ്റുള്ളവര്‍ക്കു സേവനം ചെയ്യാത്ത വ്യക്തിയായി തുടരുകയും ചെയ്യുന്നുവെങ്കില്‍, അയാള്‍ ഒരു മതവിശ്വാസിയല്ല, മറിച്ച്, വിഗ്രഹാരാധകനാണ്.  നേട്ടങ്ങള്‍ക്കും മതനേതൃത്വത്തിനും ഉള്ള അന്വേഷണമായിരിക്കും ആ വ്യക്തി നടത്തുക.  യഥാര്‍ഥവും ആധികാരികവുമായ മതാത്മകമാനങ്ങളും നിങ്ങളെ വളര്‍ത്തുകയും, അതിനുമുപരി, നിങ്ങളെത്തന്നെ അതിശയിക്കുന്നതിനും, മറ്റുള്ളവരുടെ ശുശ്രൂഷയ്ക്ക് നിങ്ങളെത്തന്നെ വിട്ടുകൊടുക്കുന്നതിനും നിങ്ങളെ പഠിപ്പിക്കുകയും ചെയ്യും... ലോകത്തിലെ മഹദ് വ്യക്തിത്വങ്ങളെല്ലാം വിശ്വാസികളായിരുന്നു... ഒരു ക്രിസ്ത്യാനി ദൈവത്തെ ആരാധിക്കുകയോ, അപരനു ശുശ്രൂഷ ചെയ്യുകയോ ചെയ്യുന്നില്ലെങ്കില്‍, അയാള്‍ താന്‍ ഒരു ക്രിസ്ത്യാനി ആണെന്നു പറഞ്ഞാലും, ഒരു ക്രിസ്ത്യാനിയായിരിക്കുകയില്ല... ഒരോ മതത്തിലും, മൗലികവാദികളുടെ ഒരു ചെറിയ ഗ്രൂപ്പുണ്ടായിരിക്കും. എന്നാല്‍ അവരൊരിക്കലും മതാദര്‍ശവുമായി പൊരുത്തപ്പെടുന്നവരല്ല... 
5. ഭൂമിയുടെ സംരക്ഷിക്കുന്നത് ദാരിദ്ര്യത്തിനെതിരായുള്ള പോരാട്ടമാണ്
തുടര്‍ന്നുള്ള ചോദ്യം, പരിസ്ഥിതിയെക്കുറിച്ചും, ദാരിദ്ര്യത്തെക്കുറിച്ചുമായിരുന്നു.  പാപ്പാ ഇങ്ങനെ മറുപടി പറഞ്ഞു, ഇന്ന് മാനവകുലം, ഒരു നിര്‍ബന്ധിത തെരഞ്ഞെടുപ്പ് നേരിടുകയാണ്. ഒന്നുകില്‍, പരിസ്ഥിതിയെ ഗൗരവമായെടുക്കുക, അതല്ലെങ്കില്‍ മാനവകുലത്തിന്‍റെ നശീകരണപ്രവൃത്തിയുടെ പരിധി ലംഘിക്കുന്നതുവരെ പോകുക. വത്തിക്കാനില്‍ ഓഷ്യാനിയയില്‍ നിന്നുള്ള ചില രാഷ്ട്രനേതാക്കള്‍ ഒരുമിച്ചുകൂടിയപ്പോള്‍, ഭൗമതാപംമൂലം സമുദ്രം വികസിക്കുമെന്നും, അങ്ങനെ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ചില ദ്വീപുകള്‍ അപ്രത്യക്ഷമാകുമെന്നും പറഞ്ഞത് അനുസ്മരിച്ചുകൊണ്ട്, ഈ രാജ്യങ്ങള്‍ ഈ അപകടത്തെ നേരിടുകയാണ്.  ഭൗമസംരക്ഷണം നമ്മുടെ ഉത്തരമാവാദിത്തമാണ്.  ആമസോണ്‍ പ്രദേശങ്ങളിലെയും അതുപോലെ മറ്റു പല പ്രദേശങ്ങളിലെയും, മാനവവംശത്തിന്‍റെ ഓക്സിജനായ വനങ്ങള്‍, അതു നശിപ്പിക്കുന്നത്, ഭൂമിയ്ക്ക് വലിയ അസന്തുലിതാവസ്ഥ സംജാതമാക്കും...  ഇക്കാര്യത്തില്‍ സാമ്പത്തികലാഭം ലക്ഷ്യം വയ്ക്കുന്നവരുടെ പരിസ്ഥിതിയാക്രമണത്തെ ചൂണ്ടിക്കാട്ടി പാപ്പാ തുടര്‍ന്നു, പരിസ്ഥിതിയുടെ അസന്തുലിതാവസ്ഥ, സാമൂഹികമായ അസന്തുലിതാവസ്ഥയ്ക്കു കാരണമാകുന്നു... ദരിദ്രര്‍ നവമായി സൃഷ്ടിക്കപ്പെടുന്നു... ദാരിദ്ര്യം വര്‍ധിക്കുന്നു...  എന്തെന്നാല്‍, ഇന്ന് ആഗോള സമ്പദ് വ്യവസ്ഥയില്‍ ധനം കേന്ദ്രസ്ഥാനത്താണ്...
6. ഞാനൊരു പാപി, എങ്കിലും...
വേറൊരു വിദ്യാര്‍ഥിയുടെ ചോദ്യമിതായിരുന്നു, ഒരുപാടുപേര്‍ക്ക് അങ്ങയെക്കുറിച്ച് ഒരു നല്ല ചിത്രമാണുള്ളത്, എന്നാല്‍ അങ്ങയെക്കുറിച്ചു സ്വന്തമായ അഭിപ്രായമെന്താണ്?
...ഞാന്‍ വിചാരിക്കുന്നത് നമ്മെക്കുറിച്ചുള്ള നമ്മുടെ വിചാരം ഏറെ ശ്രദ്ധയോടുകൂടി ആയിരിക്കണമെന്നാണ്. കണ്ണാടിയില്‍ കാണുന്നതുപോലെ നാം നമ്മെ വിചാരിച്ചുകൂടാ.  അതു നമ്മെ വഞ്ചിച്ചേക്കാം.  സ്ഥിരമായി അതില്‍ നോക്കുമ്പോള്‍ പൊങ്ങച്ചം നമ്മെ പിടികൂടിയേക്കാം. ഞാന്‍, ഒന്നോ രണ്ടോ പ്രാവശ്യം എന്‍റെ ഉള്ളിലേക്കുനോക്കും, ആന്തരികമായി എന്നില്‍ നടക്കുന്ന കാര്യങ്ങള്‍, ഞാനെന്നെ എങ്ങനെ വിധിക്കുന്നു, ഞാനെടുത്ത തീരുമാനങ്ങള്‍, എന്‍റെ മനോഭാവങ്ങള്‍ എങ്ങനെയായിരുന്നു എന്നൊക്കെ... ഞാന്‍ വിചാരിക്കുന്നു, ഞാനൊരു പാപിയാണ്, എങ്കിലും, ദൈവം എന്നെ ഒരുപാടു സ്നേഹിച്ചു, ഇപ്പോഴും സ്നേഹിച്ചുകൊണ്ടിരിക്കുന്നു. അതെന്നെ സന്തോഷഭരിതനാക്കുന്നു.
7. മനുഷ്യന്‍ ഒരു പരദേശിയാണ്
അഭയാര്‍ഥികളെക്കുറിച്ചുള്ള ചോദ്യമായിരുന്നു മറ്റൊന്ന്.  പാപ്പാ പറഞ്ഞു.  ''...ഇന്ന് ഈ പ്രശ്നം പ്രത്യേക പ്രസക്തിയുള്ളതാണ് എങ്കിലും, ഇത് മനുഷ്യന്‍റെ ചരിത്രത്തിന്‍റെ പരിഗണനയിലെന്നുമുള്ളതാണ്.  മനുഷ്യന്‍ പരദേശിയാണ്, കുടിയേറ്റക്കാരനാണ്.  യൂറോപ്പ് കുടിയേറ്റക്കാരുടേതാണ്, അവര്‍ നൂറ്റാണ്ടുകളിലൂടെ യൂറോപ്പില്‍ വന്നെത്തിയവരാണ്.  യൂറോപ്പു നിവാസികള്‍ ഇവിടെത്തന്നെ ജനിച്ച വര്‍ഗമല്ല. അവര്‍ക്ക് കുടിയേറ്റത്തിന്‍റെ വേരുകളാണുള്ളത്...  രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുണ്ടായ ഏറ്റവും വലിയ ദുരന്തമായി മാറിയ യൂറോപ്പിലേയ്ക്കുള്ള കുടിയേറ്റ പ്രശ്നം, അത് നാം നേരിടേണ്ട പ്രശ്നമാണ്... യുദ്ധംമൂലമോ, ദാരിദ്ര്യംമൂലമോ, രക്ഷപ്പെടുന്നതിനുവേണ്ടി കുടിയേറ്റത്തിനൊരുങ്ങുന്ന ആരും ഉപേക്ഷിക്കപ്പെടരുത്... അവരെ സ്വാഗതം ചെയ്യുകയും, സമുദ്ഗ്രഥിക്കുകയും ചെയ്യണം...''  ജനസംഖ്യാപരമായി യൂറോപ്പിന് ശിശിരകാലമാണ് എന്ന് പറഞ്ഞുകൊണ്ട് പാപ്പാ തുടര്‍ന്നു: '' യൂറോപ്യര്‍ക്ക് കുട്ടികളില്ല. ആ ഇടം ഇപ്പോള്‍ത്തന്നെയോ പിന്നീടോ വന്നുചേരുന്നവര്‍ സ്വന്തമാക്കും... അതുകൊണ്ട് സമൂഹത്തിലുള്‍ച്ചേര്‍ക്കുക എന്നതാണ്, ഇത് ഒരു ദുരന്തപ്രതിഭാസം ആകാതിരിക്കുവാനുള്ള പോംവഴി...''
8.  ജപ്പാനില്‍ വരുന്നതിനു ഞാനാഗ്രഹിക്കുന്നു.
ജപ്പാനെക്കുറിച്ചുള്ള പാപ്പായുടെ അഭിപ്രായമെന്ത്, ഞങ്ങളെ സന്ദര്‍ശിക്കുവാന്‍ വരുന്നുവോ എന്നീ ചോദ്യങ്ങള്‍ക്കാണ് പാപ്പാ അവസാനത്തെ ചോദ്യകര്‍ത്താവിന് ഉത്തരമേകിയത്.  പാപ്പാ, ഒരിക്കല്‍, ജപ്പാനില്‍ ഒരാഴ്ച ആയിരുന്നത് അനുസ്മരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു: ''...ജനം ആദര്‍ശമുള്ളവരും, ആഴമേറിയ മതാത്മകത ഉള്ളവരുമാണ്.  അധ്വാനിക്കുന്നവരും ഒത്തിരിയേറെ സഹിച്ചിട്ടുള്ളതുമായ ജനത.  എന്നിരുന്നാലും, അതിയായ മത്സരം, ഉപഭോഗം.. എന്നീ പ്രശ്നങ്ങളുമുണ്ടെന്നും ഞാന്‍ കാണുന്നു. അത് നിങ്ങള്‍ക്കുള്ള ശക്തിയെ ഇല്ലാതാക്കും, നിങ്ങള്‍ക്കുള്ള മഹത്തായ ആദര്‍ശശക്തിയെ, ആവശ്യത്തില്‍ കവിഞ്ഞ യോഗ്യത നേടലും, മത്സരവും ഇല്ലാതാക്കിക്കളയും.  അതെ, ജപ്പാന്‍ ഒരു മഹത്തായ രാജ്യമാണ്, ഞാന്‍ അതിനെ ഏറെ ആദരിക്കുന്നു. തീര്‍ച്ചയായും, അവിടെ വരാന്‍ ഞാനാഗ്രഹിക്കുന്നു.  ഔദ്യോഗികമായ ക്ഷണവും ഞാന്‍ സ്വീകരിച്ചുകഴിഞ്ഞു.  എന്നാല്‍, ഉടനെ വരാന്‍ കഴിയുമോ എന്നെനിക്കറിഞ്ഞുകൂടാ. എന്തെന്നാല്‍, ഒരുപാടു സന്ദര്‍ശനങ്ങള്‍ എനിക്കു നടത്തേണ്ടതായിട്ടുണ്ട്... ഈ ജനതയെ ഞാനൊത്തിരി സ്നേഹിക്കുന്നു...''  
ഇത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് നിങ്ങള്‍ അവസരമൊരുക്കിയതില്‍ താന്‍ സന്തോഷവാനാണ് എന്നു പറഞ്ഞുകൊണ്ട് നന്ദിയറിയിച്ച പാപ്പാ ''നിങ്ങളുടെ സഹസ്രാബ്ദങ്ങളോളം പുരാതനമായ നിങ്ങളുടെ സംസ്ക്കാരം കാത്തുസൂക്ഷിച്ചുകൊണ്ട് അധ്വാനനിരതരായി തുടരുവിന്‍'' എന്ന ആശംസയോടെയാണ് വീഡിയോ വഴിയുള്ള ഈ സംവാദം പര്യവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.