2017-12-20 18:43:00

പാപ്പാ ഫ്രാന്‍സിസിനെ കാണാന്‍ ജോര്‍ദ്ദാന്‍റെ രാജാവ്


വത്തിക്കാന്‍, 19 ഡിസംബര്‍ 2017. 
ജോര്‍ദ്ദാന്‍റെ രാജാവ് അബ്ദുള്ള ബിന്‍ അല്‍-ഹൂസൈന്‍ രണ്ടാമന്‍ പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി. ‍‍‍ഡിസംബര്‍ 19-Ɔ൦ തിയതി ചൊവ്വാഴച രാവിലെയായിരുന്നു കൂടിക്കാഴ്ച.  മദ്ധ്യപൂര്‍വ്വദേശത്ത് വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളുടെയും രാഷ്ട്രീയ നീക്കങ്ങളുടെയും പശ്ചാത്തലത്തില്‍ ജരൂസലത്തിന്‍റെയും മറ്റു വിശുദ്ധ സ്ഥലങ്ങളുടെയും സംരക്ഷണം, ഹേഷ്മൈറ്റ് തദ്ദേശ അറബ് ജനതയുടെ സ്ഥാനം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ പൊന്തിവന്നതായി വത്തിക്കാന്‍റെ പ്രസ്സ് ഓഫിസിന്‍റെ പ്രസ്താവന അറിയിച്ചു.

ഇസ്രായേലിന്‍റെ തലസ്ഥാനം ടെല്‍-അവീവില്‍നിന്നും മതങ്ങളുടെയും ആത്മീയ കേന്ദ്രമായ ജരൂസലത്തേയ്ക്ക് മാറ്റാനുള്ള ഏകപക്ഷീയമായ തീരുമാനവും, അതിനെ പിന്‍താങ്ങുന്ന ഇപ്പോഴത്തെ അമേരിക്കന്‍ സര്‍ക്കാരിന്‍റെ നയവുമാണ് വളരെ അടുത്തുണ്ടായ പ്രതിസന്ധികള്‍ക്ക് കാരണമായത്.  ജരൂസലത്തിന്‍റെ സമാധാനം, ഇസ്രായേല്‍ പലസ്തീന രാഷ്ട്രങ്ങളുടെ സ്വതന്ത്രമായ അസ്തിത്വം എന്നിവയാണ്  ലോകത്തെ ബഹുഭൂരിപക്ഷം ജനതയും ആഗ്രഹിക്കുന്നത്.  മദ്ധ്യപൂര്‍വ്വദേശത്തിന്‍റെ ക്രൈസ്തവ പാരമ്പര്യവും ചരിത്ര കാലത്തോളം പഴക്കമുള്ള വിശ്വാസമൂല്യങ്ങളും സ്മാരകങ്ങളും സംരക്ഷിക്കപ്പെടണമെന്ന് കൂടിക്കാഴ്ചയില്‍ യോര്‍ദ്ദാന്‍റെ രാജാവ് പ്രസ്താവിച്ചു.

പാപ്പാ ഫ്രാന്‍സിസുമായുള്ള കൂടിക്കാഴ്ചയെ തുടര്‍ന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രൊ പരോളിന്‍, വിദേശകാര്യങ്ങള്‍ക്കായുള്ള സെ്ക്രട്ടറി ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ എന്നിവരുമായും  അബ്ദുള്ള രാജാവ് ചര്‍ച്ചകള്‍ നടത്തിയെന്ന്  പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്കിന്‍റെ പ്രസ്താവന അറിയിച്ചു.








All the contents on this site are copyrighted ©.