സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

വ്യക്തിഗത വഴികള്‍ വിട്ട് ദൈവികതയുടെ ‘ഹൈവേ’ കയറാം

യുവജനങ്ങള്‍ക്കൊപ്പം - ഡാക്കയിലെ നോട്ടര്‍ ഡാം കോളെജില്‍... നൂണ്‍ഷ്യോ ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് കോചേരിയും... - REUTERS

03/12/2017 12:27

ഡാക്ക നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള നോട്ടര്‍ ഡാം കോളെജ് (Notre Dame College) മൈതാനിയിലെ പ്രത്യേക വേദിയില്‍വച്ചാണ് ബംഗ്ലാദേശിലെ യുവജനങ്ങളുമായി പാപ്പാ ഫ്രാന്‍സിസ് സംവദിച്ചത്. 7000-ല്‍പ്പരം യുവജനങ്ങള്‍ സമ്മേളിച്ചതില്‍, അധികവും കത്തോലിക്കരും കൂട്ടത്തില്‍ ഇതര മതവിഭാഗങ്ങളില്‍പ്പെട്ടവരും പാപ്പായെ കാണാനും ശ്രവിക്കാനും എത്തിയിരുന്നു.

പ്രകാശംപരത്തുന്നവര്‍ 
നിങ്ങളുടെ ദേശീയ കവി, കാസി നസ്രൂള്‍ ഇസ്ലാം യുവജനങ്ങളെ വിശേഷിപ്പിച്ചത്, “ഭയമില്ലാതെ, ഇരുട്ടറയിലും പ്രകാശം വിരിയിക്കുന്നവര്‍...!” എന്നാണ്.  യുവജനങ്ങള്‍ ധൈര്യശാലികളാണ്. യാതൊരു ആപച്ഛങ്കയുമില്ലാതെ സാഹസികമായി ജീവിതത്തില്‍ മുന്നേറാനുള്ള ചങ്കൂറ്റമുള്ളവരാണ്! നിങ്ങള്‍ക്കെന്‍റെ പ്രോത്സാഹനവും അഭിവാദ്യങ്ങളും, മുന്നേറുക... പ്രതിസന്ധികളുടെ മദ്ധ്യത്തിലും വിഷാദം കീഴടക്കുമ്പോഴും ജീവിതചക്രവാളത്തില്‍ ദൈവം നോക്കെത്താ ദൂരത്താണെന്നു തോന്നാമെങ്കിലും... മുന്നേറുക!  എന്നാല്‍ മുന്നേറ്റം ശരിയായ വഴിയിലായിരിക്കണം. ജീവിതം അലഞ്ഞു തിരിയലല്ല. ദൈവം തന്നിട്ടുള്ള ഒരു ദിശയുണ്ടാകണം അതിന്. അവിടുത്തെ കൃപ നമ്മെ അതിലൂടെ നയിക്കും. സ്വാതന്ത്ര്യത്തോടെ അവിടുത്തോടു പ്രതികരിക്കാനും, നല്ലതു തിരഞ്ഞെടുക്കാനും, ദൈവികപദ്ധതിയില്‍ നമ്മില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന ഒരു “സോഫ്റ്റ് വെയറുണ്ട്” (software). എന്നാല്‍ എല്ലാ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍പോലെയും ഇതിനും ഒരു കാലികമായ പരിഷ്ക്കരണം (updating) ആവശ്യമാണ്. അതിനാല്‍ ദൈവത്തെ ശ്രവിച്ചുകൊണ്ടും, അവിടുത്തെ വിളി നല്കുന്ന വെല്ലുവിളികള്‍ സ്വീകരിച്ചുംകൊണ്ടും നമുക്ക് മുന്നേറാം!

യഥാര്‍ത്ഥമായ വിജ്ഞാനം ദൈവികം 
അറിവിനായി കൊതിക്കുന്ന ലോകത്ത് യഥാര്‍ത്ഥമായ അറിവ് നാം തിരിച്ചറിയണം. ജീവിതപാതയില്‍നിന്നും ഇടറി ഇറങ്ങിയാല്‍ പിന്നെ പരതി നടക്കേണ്ടിവരും. പിന്നെ ഒരിക്കലും യഥാര്‍ത്ഥമായ അറിവ് ലഭിക്കുകയില്ല. അവിടെ ദൈവകൃപ നമുക്ക് നഷ്ടമാകും. നമ്മുടെ പൂര്‍വ്വകരും കാരണവന്മാരും കണ്ടെടുത്ത അറിവാണിത്. ക്രിസ്തുവിനെ അറിഞ്ഞവര്‍ പങ്കുവയ്ക്കുന്ന അറിവിന്‍റെ വെളിച്ചമാണിത്. അത് ദൈവിക വിജ്ഞാനമാണ് (1 കൊറി. 1, 24). ദൈവിക കാഴ്ചപ്പാടുണ്ടെങ്കില്‍ മാത്രമേ, ദൈവിക വഴികള്‍ കണ്ടെത്തുകയുള്ളൂ. അതുണ്ടെങ്കില്‍ നമുക്ക് മറ്റുള്ളവര്‍ക്കായി ദൈവത്തിന്‍റെ കാതും കരങ്ങളും കാലുകളുമായിത്തീരാന്‍ സാധിക്കും. ദൈവിക മൂല്യങ്ങള്‍ പങ്കുവയ്ക്കാനും ജീവിതത്തില്‍ പകര്‍ന്നുകൊടുക്കാനും സാധിക്കും!  സന്തോഷത്തിന്‍റെ പൊയ്‍മുഖങ്ങള്‍ ജീവിതത്തില്‍ തിരിച്ചറിയേണ്ടതാണ്. തെറ്റായത് ഉപേക്ഷിച്ച്, നല്ലതു സ്വീകരിക്കാനും മോശമായവ തിരസ്ക്കരിക്കാനും വളര്‍ച്ചയുടെ പ്രായത്തില്‍ സാധിക്കട്ടെ!

ദൈവികതയുടെ ഹൈവേ...!  
വ്യര്‍ത്ഥമായ സന്തോഷങ്ങള്‍ പാടെ ഉപേക്ഷിക്കാന്‍ ജ്ഞാനം നമ്മെ സഹായിക്കും. തിന്മയുടെ സംസ്ക്കാരം നമ്മെ ഒരിക്കലും രക്ഷിക്കില്ല. മറിച്ച് അത് നമ്മില്‍ വെറുപ്പം ഇരുട്ടും പരത്തുന്ന സ്വര്‍ത്ഥതയാല്‍ നിറയ്ക്കും. നമ്മില്‍നിന്നും വ്യത്യസ്തമായി ചിന്തിക്കുന്നവരെയും പെരുമാറുന്നവരെയും ഉള്‍ക്കൊള്ളാനും സ്വീകരിക്കാനും ദൈവികവിജ്ഞാനം നമ്മെ സഹായിക്കും. സ്വാര്‍ത്ഥമായ വ്യക്തിഗത ജീവിതവഴികളില്‍ ഒതുങ്ങിപ്പോകാതെ ദൈവികതയുടെ “ഹൈവേ”യില്ക്കു (Hi way) പ്രവേശിക്കാം.
ഒരു ജനക്കൂട്ടമോ, ഒരു മതമോ വ്യക്തിയോ ‍ഞാന്‍ ശരിയാണ് മറ്റുള്ളവരെല്ലാം തെറ്റാണെന്നു ചിന്തിക്കുകയാണെങ്കില്‍ അത് ദൈവികജ്‍ഞാനമല്ല, സ്വാര്‍ത്ഥതയാണ്. ജീവിതം ക്ലേശപൂര്‍ണ്ണമാക്കുമത്. ദൈവികജ്ഞാനം ജീവിതത്തെ മനോഹരവും സന്തോഷപൂര്‍ണ്ണവുമാക്കും!

പ്രത്യാശ വിരിയിക്കുന്നവര്‍ 
യുവജനങ്ങളുടെ മുഖത്തു പ്രത്യാശയും സന്തോഷവുമാണ് തെളിഞ്ഞുനില്ക്കുന്നത്. നാടിനും സഭയ്ക്കും സമൂഹത്തിനുമുള്ള പ്രത്യാശയാണു നിങ്ങള്‍. നിങ്ങളുടെ പരിശ്രമം, അതിനാല്‍ സമൂഹത്തില്‍ സ്നേഹവും സാഹോദര്യവും, നന്മയും വളര്‍ത്താനായിരിക്കട്ടെ...!  തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് തന്‍റെ വാക്കുകള്‍
പാപ്പാ ഉപസംഹരിച്ചത്.

യുവജനങ്ങള്‍ക്കൊപ്പമുള്ള പരിപാടി ഈ അപ്പസ്തോലികയാത്രയുടെ അവസാനത്തെ പരിപാടിയായിരുന്നു.

 


(William Nellikkal)

03/12/2017 12:27