2017-11-09 20:16:00

ആത്മാഭിമാനത്തിന്‍റെയല്ല സ്നേഹത്തിന്‍റെ സ്ഥാപനമാണ് സഭ!


ലാറ്ററന്‍ ബസിലിക്കയുടെ സമര്‍പ്പണദിനം :

നവംബര്‍ 9-Ɔ൦ തിയതി വ്യാഴാഴ്ച റോമിലെ ലാറ്ററന്‍ ബസിലിക്കയുടെ സമര്‍പ്പണത്തിന്‍റെ അനുസ്മരണനാളില്‍ പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍ ദിവ്യബലി അര്‍പ്പിക്കവെ പാപ്പാ ഫ്രാന്‍സി പങ്കുവച്ച സുവിശേഷ ചിന്തകളാണിത് (യോഹന്നാന്‍ 2, 11-23).  ആഗോളസഭാ തലവനായ പാപ്പായുടെ ഭദ്രാസന ദേവാലയമായ ലാറ്ററന്‍ മഹാദേവാലയത്തെ ആഗോളസഭയിലെ സകല ദേവാലയങ്ങളുടെയും മാതൃദേവാലയമായിട്ടാണ് കണക്കാക്കപ്പെടുന്നത്. 

സഭ പണിതുയര്‍ത്തുക, അതിനെ കാത്തുസംരക്ഷിക്കുക, വിശുദ്ധീകരിക്കുക... എന്നിങ്ങനെ മൂന്നു ധര്‍മ്മങ്ങള്‍ പാപ്പാ ഇന്നത്തെ സുവിശേഷഭാഗത്തുനിന്നും മെനഞ്ഞെടുത്തു.

ക്രിസ്തുവാകുന്നു മൂലക്കല്ലില്‍ പണിതുയര്‍ത്തുക
സഭയുടെ മൂലക്കല്ല് ക്രിസ്തുവാണ്. ക്രിസ്തുവില്ലാതെ സഭയില്ല. കാരണം അടിത്തറയില്ലാതെ എങ്ങനെ ദേവാലയമുണ്ടാക്കും! അടിത്തറയില്ലെങ്കില്‍ കെട്ടിടം നിലംപതിക്കും. അതുപോലെ ക്രിസ്തുവില്ലാത്ത, ക്രിസ്തു ജീവിക്കാത്ത ദേവാലയങ്ങളും സമൂഹങ്ങളും നിലംപതിക്കും. പിന്നെ നമ്മള്‍ സഭാമക്കളാണെങ്കില്‍ ദേവാലയത്തിന്‍റെ സജീവശിലകളാണ്. വ്യത്യസ്തവും വിഭിന്നവുമായ കല്ലുകളാണു നാം. കല്ലുകള്‍ ഒരിക്കലും കുറവല്ല, മൂല്യമില്ലാത്ത വസ്തുവല്ല. അവ സഭയുടെ സമ്പന്നതയാണ്. എല്ലാവരും ഓരേ തരക്കാരല്ല. ഓരോരുത്തരും അവരുടെ കഴിവുകള്‍ക്കൊത്തവിധം സഭയെ സമ്പന്നമാക്കുന്നവരാണ്. അതിനാല്‍ ഞാന്‍ എന്‍റെ കഴിവിനൊത്ത് സഭയുടെ നിര്‍മ്മിതിക്കായി പരിശ്രമിക്കണം, സഭയെ സംരക്ഷിക്കണം.

ദൈവാത്മാവു നമ്മെ വിശുദ്ധീകരിക്കട്ടെ!
സഭയുടെ ജീവന്‍ ദൈവാത്മാവാണ്, പരിശുദ്ധാരൂപിയാണ്. നമ്മില്‍ എത്രപേര്‍ ദൈവാരൂപിയുടെ സാന്നിദ്ധ്യശക്തി അറിയുന്നു, അംഗീകരിക്കുന്നു? ക്രിസ്തു – പുത്രനാകയാല്‍ പിതാവിനെ അറിയുന്നു. നമുക്ക് അവിടുന്ന് പിതാവിനെയും പരിശുദ്ധാത്മാവിനെയും വെളിപ്പെടുത്തിത്തന്നിട്ടുണ്ട്. നാം പരിശുദ്ധാവിനെ അറിയുന്നുണ്ടോ? നാം അറിയുന്ന ദൈവാത്മാവ്...
ഒരു പ്രാവാണല്ലേ! പ്രാവിന്‍റെ രൂപത്തില്‍ അവസാനിക്കേണ്ടതല്ല ദൈവാത്മാവ്. മറിച്ച് ദൈവത്തിന്‍റെ ആലയമായ നമ്മില്‍ ഓരോരുത്തരിലുംകൂടെ പരിശുദ്ധാത്മാവ് ജീവിക്കണം. ദൈവാത്മാവ് നമ്മുടെയും സഭയുടെയും ജീവനായി മാറണം. ദൈവാത്മാവിന്‍റെ ആലയങ്ങളാണ് നാം എങ്കില്‍, നമ്മിലൂടെ അവിടുന്ന് സഭയിലും ലോകത്തും ജീവിക്കണം. അതുകൊണ്ടാണ് പൗലോസ് അപ്പസ്തോലന്‍ പറഞ്ഞത്, ദൈവാത്മാവ് ഒരുക്കലും കരയാനോ വേദനിക്കാനോ ഇടയാക്കരുതെന്ന്! അതായത്, ദൈവാത്മാവിന്‍റെ ചൈതന്യത്തിന് വിരുദ്ധമായി നാം ഒന്നും ചെയ്യരുതെന്നാണ് ഇതിന് അര്‍ത്ഥം. മറിച്ച് അവിടുത്തെ സാന്നിദ്ധ്യം നമ്മിള്‍ ഒരു കൂട്ടായ്മയും ഐക്യത്തിന്‍റെ അടയാളവുമായിരിക്കണം. ദൈവാത്മാവിന്‍റെ ആലയമാകുന്ന സഭയും സഭാമക്കളും കൂട്ടായ്മയുടെ ഒരു ലയവും താളവുമായി ഒത്തുചേര്‍ന്നിരിക്കണം, സംഗമിക്കണം!

വ്യക്തിഗത വിദ്ധീകരണം സഭയുടെ നവീകരണം
മൂന്നാമതായി, സഭയെ വിശുദ്ധീകരിക്കേണ്ടത് നാം തന്നെയാണ്. നമ്മള്‍ എല്ലാവരും ബലഹീനരാണ്, പാപികളാണ്. അതുകൊണ്ടുതന്നെയാണ് നാം എന്നും നമ്മെത്തന്നെ വിശുദ്ധീകരിക്കണമെന്നും നവീകരിക്കണമെന്നും പറയുന്നത്. നമ്മെത്തന്നെ വിശുദ്ധീകരിച്ചുകൊണ്ടാണ് നാം സഭയെ നവീകരിക്കേണ്ടത്. നവീകരണം നമ്മിലാണ് ആരംഭിക്കേണ്ടത്. നമ്മുടെ കുടുംബങ്ങളും, ചെറുസമൂഹങ്ങളും നവീകരിച്ചുകൊണ്ട്, ആഗോളസഭയെയും ലോകത്തെയും നവീകരിക്കാനും വിശുദ്ധീകരിക്കാനും നമുക്കു സാധിക്കും. അങ്ങനെ സഭ വളരും, വിശുദ്ധിയിലും നന്മയിലും വളരും. അതിനാല്‍ സഭയെ അഭിമാനത്തിന്‍റെ അലംകൃതമായ വലിയ കെട്ടിടങ്ങളായി നാം കാണരുത്. വ്യക്തികള്‍ സ്നേഹത്തിലും സേവനത്തിലും ഒന്നാകുന്ന ക്രിസ്തു കേന്ദ്രങ്ങളായി, ക്രിസ്തു ഗേഹങ്ങളായി സഭയും സഭാസ്ഥാപനങ്ങളും മാറണം.  








All the contents on this site are copyrighted ©.