നിണസാക്ഷി സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടു.
മദ്ധ്യപ്രദേശില്‍ ഇന്‍ഡോര്‍ രൂപതയുടെ മെത്രാസനമന്ദിരത്തിനു സമീപത്തുള്ള സെന്റ് പോള്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനിയില്‍ ശനിയാഴ്ച (04/11/17) രാവിലെ അര്‍പ്പിക്കപ്പെട്ട സാഘോഷമായ സമൂഹദിവ്യബലിമദ്ധ്യേ, ഫ്രാന്‍സീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട്, വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തോയാണ് സിസ്റ്റര്‍ റാണി മരിയയെ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ പട്ടികയില്‍ ഔപചാരികമായി ചേര്‍ത്തത്.
ഭാരതസഭയിലെ പ്രഥമ വനിതാ രക്തസാക്ഷിയായ സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ഫ്രാന്‍സീസ് പാപ്പായുടെ ഉത്തരവ് കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊ ലത്തീനിലും, സീറോമലബാര്‍ മേജര്‍ ആര്ക്കിഎപ്പസ്കോപ്പല് സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആംഗലഭാഷയിലും വായിച്ചു. റാഞ്ചി അതിരൂപതയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ടെലെസ്ഫോര്‍ ടോപ്പൊ അത് ഹിന്ദിയില്‍ പരിഭാഷപ്പെടുത്തി.
ഭാരതത്തില്‍ പാപ്പായുടെ പ്രതിനിധിയായി സേവനമനുഷ്ഠിക്കുന്ന അപ്പസ്തോലിക് നുണ്‍ഷ്യൊ ആര്‍ച്ചുബിഷപ്പ് ജാംബാത്തിസ്ത ദിക്വാത്രൊ, ഭാരതത്തിലെ കത്തോലിക്കാമെത്രാന്മാരുടെ സംഘത്തിന്റെ അദ്ധ്യക്ഷനും സീറോ മലങ്കരകത്തോലിക്കാസഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ്, ഇന്‍ഡോര്‍ ബിഷപ്പ് ചാക്കോ തോട്ടുമാരിക്കല്‍ തുടങ്ങിയവരുള്‍പ്പടെ അമ്പതോളം മെത്രാന്മാര് ഈ തിരുക്കര്‍മ്മത്തില്‍ സഹകാര്‍മ്മികരായിരുന്നു.
പാവപ്പെട്ടവരെ അടിച്ചമര്‍ത്തലില്‍ നിന്നും ചൂഷണത്തില്‍ നിന്നും രക്ഷിക്കുന്നതിന് മദ്ധ്യപ്രദേശിലെ ഇന്‍ഡാര്‍-ഉദയ്നഗര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സിസ്റ്റര്‍ റാണിമരിയ ഈ ചൂഷകരുടെ പകപോക്കലിന് ഇരയായിത്തീരുകയായിരുന്നു.
1995 ഫെബ്രുവരി 25 ന് ബസ് യാത്രയ്ക്കിടയില്‍ വാടകക്കൊലയാളി സമന്ദര്സിംഗാണ് സിസ്റ്റര്‍ റാണി മരിയയെ നിഷ്കരുണം കുത്തി കൊലപ്പെടുത്തിയത്.
എഫ്.സി.സി. എന്ന ചുരുക്കസംജ്ഞയില് അറിയപ്പെടുന്ന ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹത്തിലെ അംഗമായ നവവാഴ്ത്തപ്പെട്ടവള്‍ പെരുമ്പാവൂരിനടുത്തുള്ള പുല്ലുവഴിയില്‍ നിന്നാണ് പുണ്യത്തിന്റെ വഴിയിലേക്ക് പാദമൂന്നിയത്.
പുല്ലുവഴിയിലെ വട്ടാലില്‍ പൈലി-ഏലീശ്വാദമ്പതികളുടെ ഏഴു മക്കളില്‍ രണ്ടാമത്തെ മകളായി 1954 ജനുവരി 29 ന് പിറന്ന സിസ്റ്റര്‍ റാണി മരിയ ക്ലാരമഠത്തില്‍ ചേരുകയും 1980 മെയ് 22 ന് നിത്യവ്രത വാഗ്ദാനം നടത്തുകയും ചെയ്തു. 1992 മെയ് 18 നാണ് നവവാഴ്ത്തപ്പെട്ടവള്‍ മദ്ധ്യപ്രദേശിലെ ഉദയ്നഗറില്‍ എത്തിയത്.
സമൂഹ്യശൃംഖലകള്‍: