സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ വചനവീഥി

ദൈവത്തെ ദാഹിക്കുന്നവരും അവിടുന്നില്‍ ശരണപ്പെടുന്നവരും

നീര്‍ച്ചാലുകള്‍ തേടിനടക്കും മാന്‍പേടകളെപ്പോല്‍... - RV

30/10/2017 19:59

സങ്കീര്‍ത്തനം 42-ന്‍റെ പഠനം ഭാഗം മൂന്ന് :
വിശുദ്ധ ഗ്രന്ഥത്തിലെ ഏറെ ശ്രദ്ധേയമായ വ്യക്തിഗത വിലാപഗീതം - 42-Ɔ൦  സങ്കീര്‍ത്തനത്തിന്‍റെ വ്യാഖ്യാനപഠനം കഴിഞ്ഞ രണ്ടു പ്രക്ഷേപണങ്ങളിലായി നാം കണ്ടതാണ്. ഇന്ന് പദങ്ങളുടെ വ്യാഖ്യാനം പൂര്‍ത്തിയാക്കി മൂന്നാം ഭാഗത്ത് – ഗീതത്തെക്കുറിച്ചുള്ള ആത്മീയ വിചിന്തനമാണ്. മനുഷ്യജീവിതം ഒരു തീര്‍ത്ഥാടനം എന്നൊക്കെ ആലങ്കാരിക ഭാഷയില്‍ പറയുമ്പോള്‍ അനുദിനജീവിത സാഹചര്യങ്ങളില്‍, മനുഷ്യന്‍റെ ജീവിതയാത്ര അതിന്‍റെ സന്തോഷത്തിലൂടെയും ദുഃഖത്തിലൂടെയുമെല്ലാം ദൈവത്തെ അന്വേഷിച്ചുള്ളൊരു യാത്രയാണെന്നത് ഒരു വിശ്വാസിയുടെ പ്രത്യാശപൂര്‍ണ്ണമായ കാഴ്ചപ്പാടാണ്. മനുഷ്യന്‍റെ ജീവിതയാത്രയുടെ, അല്ലെങ്കില്‍  ആത്മീയയാത്രയുടെ പരമായ ലക്ഷ്യമാണ് നാം പഠനവിഷയമാക്കിയിരിക്കുന്ന   42-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ ഉള്ളടക്കമെന്ന് പറയാം. ജലത്തിനായി തേടി അലയുന്ന ഒരു പേടമാന്‍റെ ചിത്രം പ്രകൃതില്‍നിന്നും, പരിസ്ഥിതിയില്‍നിന്നും പ്രസക്തമായി വരച്ചുകാട്ടിക്കൊണ്ടാണ് ദൈവത്തിനായുള്ള മനുഷ്യന്‍റെ അന്വേഷണത്വരയുടെ വളരെ മൗലികവും അടിസ്ഥാനപരവുമായ സന്ദേശം അനുവാചകര്‍ക്ക് സങ്കീര്‍ത്തകന്‍ പകര്‍ന്നുനല്കുന്നത്.

 Recitation : 
  നീര്‍ച്ചാലിനായി ഹരിണി ദാഹിച്ചു കേഴുമതുപോല്‍
  നിനക്കായി നാഥാ ഞാനും ദാഹിച്ചിടുന്നു... 
 ഫാദര്‍ മാത്യു മുളവനയുടെ ഗാനാവിഷ്ക്കാരത്തിന്‍റെ ആദ്യത്തെ സമാന്തരപദം ...

 Recitation :
  നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയെപ്പോലെ,
  ദൈവമേ, എന്‍റെ ഹൃദയം അങ്ങയെ തേടുന്നൂ.
  എന്‍റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു.

പദങ്ങളുടെ മൂലകൃതിയില്‍നിന്നുമുള്ള മലയാള പരിഭാഷയെടുത്താലും ആദ്യ പദത്തില്‍തന്നെ
വളരെ വ്യക്തമായി ആര്‍ക്കും മനസ്സിലാക്കാം... ദൈവത്തിനായി കൊതിക്കുന്ന, ദാഹിക്കുന്ന മനുഷ്യാത്മാവിന്‍റെ ചിത്രമാണ് സങ്കീര്‍ത്തകന്‍ വരച്ചുകാട്ടുന്നതെന്ന്. സംശയമില്ല! 
ഈ ഗീതം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ മാത്യു മുളവനയും ജെറി അമല്‍ദേവുമാണ്. ആലാപനം...
എലിസബത്ത് രാജുവും സംഘവും...

 Musical Version of Ps. 42
  നീര്‍ച്ചാലിനായി ഹരിണി ദാഹിച്ചു കേഴുമതുപോല്‍
  നിനക്കായി നാഥാ, ഞാനും ദാഹിച്ചിടുന്നു സതതം
  ജീവന്ത ദൈവമുഖമേ, ഞാനെന്നു കാണുമുദിതം
  മമ ദേഹിയുള്ളിനുള്ളില്‍ മോഹിച്ചിടുന്നു മഹിയില്‍.

ദൈവത്തിന്‍റെ ഭവനം അല്ലങ്കില്‍ ദേവാലയത്തെ എല്ലാ വിശ്വാസിയും സ്നേഹിക്കണം. ദൈവവുമായിട്ടുള്ള ഐക്യമാണ്, ദൈവികൈക്യമാണ് അവിടെ ഒരു വിശ്വാസി തേടുന്നത്, അന്വേഷിക്കുന്നത്. സഭാസ്ഥാപനങ്ങളുമായി, സഭാഅധികാരികളുമായി പിണങ്ങി നില്ക്കുന്നവര്‍ ഉണ്ട്, ധാരാളമുണ്ട്. അവര്‍ക്ക് കാരണങ്ങള്‍ ഉണ്ടാകാം. അവ പലതുണ്ടാകാം. അതു വളരെ വാചാലമായി അവതരിപ്പിക്കുന്നവര്‍ കുറവല്ല. അവര്‍ പറയുക മാത്രമല്ല, എഴുതിപ്പിടിപ്പിക്കുകയും, പറഞ്ഞു പരത്തുകയും ചെയ്യുന്നു. എന്നാല്‍ മനുഷ്യന്‍ ദൈവത്തോടു പിണങ്ങി നല്ക്കേണ്ടതുണ്ടോ? നമുക്കുള്ള കൃപയിലും നന്‍മയിലും കഴിവിലും എല്ലാം തികഞ്ഞവരാണെന്ന ചിന്ത അപകടകരമാണ്. A spiritual self complacency അപകടകരമാണ്. അതോ, കൂടുതല്‍ ദൈവാനുഗ്രഹത്തിനായി നമുക്ക് വിശപ്പും ദാഹവും തോന്നാറുണ്ടോ? (മത്തായ 5: 3, 6). ആത്മീയമായ തുറവ് അനിവാര്യമാണ്. വ്യക്തി വളര്‍ച്ചയ്ക്ക്...  ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍... നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ക്കു സംതൃപ്തി ലഭിക്കും...
ആദ്ധ്യാത്മിക സന്തുഷ്ടിയെക്കാളുംമെച്ചം അകന്നുനില്ക്കുന്ന ദൈവസാന്നിദ്ധ്യത്തിനുവേണ്ടിയുള്ള അന്വേഷണമാണ്. അതിനായി വിലപിക്കുകയാണ്, കേഴുകയാണ്. ലൗകിക സുഖങ്ങളുടെ പൂര്‍ണ്ണതയില്‍ അലസമായി കഴിയുന്നതിനെക്കാള്‍ നല്ലത് നഷ്ടപ്പെട്ട ആദ്ധ്യാത്മികാനുഭവങ്ങളുടെ ഓര്‍മ്മയും അയവിറക്കലുമാണ്. കണ്ണീരു കുടിക്കുകയും, അവഹേളിക്കപ്പെടുകയും, ക്ലേശങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്ന നല്ല മനുഷ്യര്‍ ലോകത്ത് ധാരാളമുണ്ടെന്നും നാം ഓര്‍ക്കേണ്ടതാണ്. 5. വിഷാദാത്മകതയും നിരാശയും ആകുലതയും വ്യഗ്രതയും വിശ്വാസിക്കു ചേര്‍ന്നതല്ല. ദൈവത്തില്‍ ഉറച്ച വിശ്വാസവും, അചഞ്ചലമായ ശരണവും നമുക്കുണ്ടാകണം. അതുണ്ടെങ്കില്‍ ദൈവത്തിനുവേണ്ടി കാത്തിരിക്കാനും അവിടുത്തെ സ്തുതിക്കാനും നമുക്കു സാധിക്കും. പ്രത്യേകിച്ച് പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും മദ്ധ്യത്തില്‍....
6-11 വിശ്വാസിക്കു തന്‍റെ ഉയര്‍ച്ചയും തകര്‍ച്ചയും, വിജയവും പരാജയവും, പ്രത്യാശയും നിരാശയും, സുഖവും ദുഃഖവും, കര്‍ത്താവിനോടു തുറന്നുപറയാന്‍ കഴിയണം. യാതൊരു ജീവിത സാഹചര്യവും മനോദുഃഖവും ദൈവത്തെ മറക്കുന്നതിനു കാരണമാകുന്നില്ല. അത് നീതീകരിക്കാനുമാവില്ല. പരീക്ഷകളുടെ ഭീകരതയില്‍ നാം അത്ഭുതപ്പെട്ടിട്ട് ആവശ്യമില്ല. ഓളിയിട്ടു കുതിച്ചൊഴുകുന്ന ജലപ്രവാഹം പോലെയും, ആര്‍ത്തിരമ്പുന്ന തിരമാലകള്‍ പോലെയും അവ നമ്മുടെമേല്‍ വന്നു പതിക്കാം. നമ്മുടെ പ്രത്യാശ ദൈവത്തിന്‍റെ സ്നേഹത്തിലും കാരുണ്യത്തിലുമാണ്. ദൈവിക ഭവനം, ദൈവത്തിന്‍റെ ആലയം, അവിടുത്തെ സഭ, ദൈവജനം, സ്രഷ്ടാവായ ദൈവത്തിലുള്ള അഭിമാനം, ആശ്രയബോധം, അവിടുത്തെ പ്രത്യാഗനത്തിലുള്ള വിശ്വാസം എന്നിവയെക്കുറിച്ച് ചിന്തിക്കുവാനും മനസ്സിലാക്കുവാനും സാധിച്ചിരുന്നെങ്കില്‍ ....

  Musical Version of Ps. 42
  ജയഘോഷയാത്രയതിലായ് തോത്സാഹ പൂര്‍ണ്ണിമികവില്‍
  പുരുഷാരമൊത്തഹോ ഞാന്‍ ദേവാലയത്തിലേറി
  നീയെന്തിനെന്‍റെ മനമേ അഴലേന്തിലേന്തിയുഴലാന്‍...
  നിനവാര്‍ന്നിടാതെ വേഗം ദൈവാശ്രയത്തിലണയൂ.
തുണയും ആശ്രയവുമായി, പ്രത്യാശയായി മനുഷ്യന് സ്രഷ്ടാവായ ദൈവം തുണയായി ഉള്ളതുകൊണ്ടാണ് നാം അവിടുത്തെ വിളിച്ചപേക്ഷിക്കുന്നത്. വിളിച്ചപേക്ഷിക്കേണ്ടത്. എന്നിരുന്നാലും മറച്ചുവയ്ക്കാനാവാത്ത സത്യമിതാണ്: എന്‍റെ ആത്മാവ് വിഷാദം പൂണ്ടിരിക്കുന്നു, നിരാശയില്‍ ആണ്ടിരിക്കുന്നു. തിന്മയുടെ ശക്തികളാല്‍ മനുഷ്യന്‍ ആവഹിക്കപ്പെടുവാനും കീഴടക്കപ്പെടുവാനും ഇടയുണ്ട് അതിന്‍റെ ഭീതിയും മറ്റൊരു കാരണമാണ് ദൈവത്തിങ്കലേയ്ക്ക് തിരിയുന്നതിന് ഇടയാക്കുന്നത്, ഇടയാക്കേണ്ടത്. ‘ആഴം ആഴത്തെ വിളിക്കുന്നു.’ ആഴം എന്ന പ്രയോഗം മൂലകൃതിയില്‍സ ഭൂമിയുടെ അന്തര്‍ഗതത്തിലുള്ള തിളച്ചു മറിയുന്ന ജലപ്രവാഹമാണെന്ന് ബൈബിള്‍ നിരൂപകന്മാര്‍ അന്നത്തെ ശാസ്ത്ര പശ്ചാത്തലത്തില്‍ വിവരിക്കുമെങ്കിലും, ഏറെ ഭയാനകമായ തിന്മയുടെ ശക്തിയെ ചിത്രീകരിക്കുകയാണ് ഗായകന്‍റെ, സങ്കീര്‍ത്തകന്‍റെ ഉദ്ദേശ്യം. മനുഷ്യാത്മാവിനെ ഗ്രസിച്ചിരിക്കുന്നത് തിന്മയുടെ ശക്തിയാണ്. തിന്മയുടെ ശക്തിതന്നെ പൂര്‍ണ്ണമായും കീഴടക്കുന്ന ഭീതിദമായ അവസ്ഥയാണ് സങ്കീര്‍ത്തനത്തിന്‍റെ അവസാന പദങ്ങള്‍ ചിത്രീകരിക്കുന്നത്.   ഗീതം എന്നിട്ടും പ്രത്യാശ പകരുന്നു! ഇത്രയേറെ പ്രതിസന്ധയിലെത്തിയ മനുഷ്യനും തകര്‍ന്നുപോകാന്‍ ദൈവം ഇടയാക്കില്ലെന്നാണ്. കാരണം ദൈവത്തിന്‍റെ ഉടമ്പടി, സ്നേഹത്തിന്‍റെ ഉടമ്പടിയാണ്. അത് ശാശ്വതമാണ്. എട്ടാമത്തെ പദം അതു വ്യക്തമാക്കുന്നു.
 Recitation :
  കര്‍ത്താവു പകല്‍ സമയത്തും തന്‍റെ കാരുണ്യം വര്‍ഷിക്കുന്നു.
  രാത്രികാലത്ത് അവിടുത്തേയക്കു ഞാന്‍ ഗാനമാലപിക്കും.
  എന്‍റെ ജീവന്‍റെ ദൈവത്തോടുള്ള പ്രാര്‍ത്ഥതന്നെ.
വീണ്ടും ഏറ്റവും അവസാനത്തെ, 11-Ɔമത്തെ വരികളും അതുതന്നെയാണ് സമര്‍ത്ഥിക്കുന്നത്.
പ്രത്യാശയും ധൈര്യവും ഉറപ്പും തരുന്ന വരികളാണിവ.

  എന്‍റെ ആത്മാവേ, നീ എന്തിനു ദാഹിക്കുന്നു
  നീ എന്തിനു നെടുവീര്‍പ്പിടുന്നു, ദൈവത്തില്‍ പ്രത്യാശവയ്ക്കുക.
  എന്‍റെ സാഹയവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്ത്തും.
പ്രതിസന്ധികളും നിരാശയും എന്നെ തകര്‍ക്കുമ്പോഴും, ശത്രുക്കള്‍ എന്നെ അവഹേളിക്കുമ്പോഴും, പദങ്ങളില്‍ പ്രതിധ്വനിക്കുന്നത് വിശ്വാസത്തിന്‍റെ മുറവിളിയും, ആശ്വാസത്തിന്‍റെ ശരണം വിളിയുമാണ്. Cry of faith and confidence… ആണ് മനുഷ്യന് അഭിമാക്യം! മനുഷ്യന്‍ നിരാശപ്പെട്ട് മുങ്ങിപ്പോകുന്നു, താണുപോകുന്നു എന്നു തോന്നുന്ന അവസ്ഥയിലും ദൈവത്തില്‍ പ്രത്യാശ അര്‍പ്പിക്കുകയാണ് ശ്രേഷ്ഠം. ദൈവത്തില്‍ ശരണപ്പെടുകയാണ് ഉചിതം. നിരാശയുടെ ഗര്‍ത്തത്തിലും കരകേറാം, മുങ്ങിപ്പോകാന്‍ അനുവദിക്കരുത്. നിരാശയില്‍ അമര്‍ന്നുപോകരുത്. ഇന്നും ധാരാളമായി കേള്‍ക്കുന്ന ആത്മഹത്യപോലുള്ള തിന്മയുടെ ശക്തികള്‍ക്കും പ്രലോഭനങ്ങള്‍ക്കും വിധേയരാകരുതെന്നും 42-Ɔ൦ സങ്കീര്‍ത്തനം നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ട്. നമുക്ക് ശക്തി പകരുകയും, പ്രത്യാശ പകരുകയും ചെയ്യുന്ന ഗീതമാണിത്. ഗീതത്തെക്കുറിച്ചുള്ള ഈ ആത്മീയ വിചിന്തനത്തിന്‍റെ അവസാനം നമുക്കു പറയാന്‍ സാധിക്കും. ഇതൊരു വ്യക്തിഗത വിലാപ കീര്‍ത്തനമാണെങ്കിലും, പ്രത്യാശയുടെ സങ്കീര്‍ത്തനമാണ്. ജീവിതദുഃഖങ്ങളില്‍ മനുഷ്യന്‍ ആഴ്ന്നു പോകരുന്നതെന്നും, അമര്‍ന്നുപോകരുതെന്നും... നാം അനുദിനം ദൈവത്തെ അന്വേഷിക്കണം!  മാന്‍പേടയെപോലെ നീര്‍ച്ചാലു തേടണം. ജീവന്‍റെ നീര്‍ച്ചാലും, നന്മയുടെ ഉറവയും, നിത്യജീവന്‍റെ സ്രോതസ്സും ദൈവമാണ്! എന്ന ബോധ്യം തരുന്ന ഗീതമാണിത്. അവിടുന്നില്‍ പ്രത്യാശായര്‍പ്പിച്ചു മുന്നേറിയാല്‍ മരണഗര്‍ത്തത്തില്‍നിന്നും, നിരാശയുടെ പടുകുഴിയില്‍നിന്നും നമുക്ക് കൈപിടിച്ചുയരാം... മുന്നേറാം... രക്ഷപ്പെടാം... നവജീവന്‍ പ്രാപിക്കാം.

Musical Version of Ps. 42
ഞാനിന്നു ദൈവകൃപയില്‍ ആനന്ദമാര്‍ന്നു മരുവാന്‍
സ്തുതിഗീതി പാടിടുന്നു, ത്രാതാവെനിക്കു സതതന്‍
നീയെന്തിനെന്‍റെ മനമേ അഴലേന്തിയെന്തിയുഴലാന്‍
ഹെറമന്‍ മിസാര ഗിരിമേല്‍ ഓര്‍ക്കുന്നു തിന്നെ സ്വാമിന്‍.
ചേരാന്‍ വിളിച്ചു കടലേ നീര്‍ചൂഴുമാവിയതുപോല്‍
തിരയേറ്റി ദേവ എന്നില്‍ ഭാരിച്ചധാര ചൊരിയൂ
ജീവന്‍ തരുന്നൊരധിപാ കൃപാകടാക്ഷമരുളൂ
സ്തുതിപാടിടുന്നു നാഥാ,  ഈ യാമത്തികവില്‍...! 


(William Nellikkal)

30/10/2017 19:59