2017-10-28 11:47:00

സ്നേഹത്തിന്‍റെ നവമായ സുവിശേഷദാര്‍ശനികത


ആണ്ടുവട്ടം 30-Ɔ വാരം

1. യഹൂദപ്പള്ളിയില്‍ തീപിടുത്തം    ഒരിക്കല്‍ ഒരു സിനഗോഗില്‍, യഹൂദപ്പള്ളിയില്‍ തീ പിടുത്തമുണ്ടായി. അവശേഷിച്ചതില്‍ ശ്രദ്ധേയമായത് വിശുദ്ധഗ്രന്ഥച്ചുരുളിന്‍റെ രണ്ടു താളുകളാണ്. കത്തിച്ചാമ്പലായ അവശിഷ്ടങ്ങളെ നോക്കിക്കൊണ്ട് വൃദ്ധനായ റാബായ്, നീണ്ടുവെളുത്ത തന്‍റെ താടിമീശയില്‍ തടവിക്കൊണ്ട് പറഞ്ഞു. “നന്നായി! ഈ രണ്ടു ചുരുള്‍ത്തുണ്ടൊഴിച്ച് ബാക്കിയുള്ളതൊക്കെ കത്തിപ്പോയത് നന്നായി!” അപ്പോള്‍ അവിടെ തടിച്ചുകൂടിയ വിശ്വാസികള്‍ ഇതു കേട്ട് ഏറെ ക്ഷുഭിതരായി. സമൂഹത്തിന്‍റെ ആത്മീയ അടിസ്ഥാനമായ തോറ രണ്ടുപേജ് ഒഴികെ ബാക്കിയെല്ലാം കത്തി നശിച്ചിട്ടും റാബായുടെ ഖേദമില്ലാത്ത മനോഭാവത്തെ അവര്‍ കുറ്റപ്പെടുത്തി. റാബായ് പതറിയില്ല.  അദ്ദേഹം പറഞ്ഞു.

തോറയുടെ ബാക്കി ലഭിച്ച താളുകളില്‍ ശ്രദ്ധേയമായ രണ്ടു ചോദ്യങ്ങളാണ് കാണുന്നത്.   ഒന്ന്, നീയെവിടെയാണ്? രണ്ട്, നിന്‍റെ സഹോദരന്‍ എവിടെയാണ്? രണ്ടും ഏറെ പ്രസക്തമായ ചോദ്യങ്ങളാണ്. ബാക്കിയുള്ളതൊക്കെ കഥയാവട്ടെ, ചരിത്രമാവട്ടെ, ചോദ്യത്തിന്‍റെ അനുബന്ധം മാത്രമാണവ! ഒരാള്‍ക്ക് ജീവിതത്തിന്‍റെ അര്‍ത്ഥം പൂര്‍ണ്ണമായി മനസ്സിലാക്കുവാനും ജീവിതയാത്ര തുടരുവാനും സ്നേഹത്തിന്‍റെ ഈ കല്പന മതിയല്ലോ. അതുകൊണ്ട് ബാക്കിയുള്ളതൊക്കെ കത്തിപ്പോയതില്‍ വിഷമിക്കേണ്ട. ഇങ്ങനെ പറഞ്ഞ് വയോവൃദ്ധനായ റാബായ് ജനങ്ങളെ സാന്ത്വനപ്പെടുത്തി. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ആശ്ചര്യത്തോടെയാണ് അവര്‍ ശ്രവിച്ചത്.

2. സ്നേഹത്തിന്‍റെ സുവിശേഷം    സ്നേഹത്തിന്‍റെ കല്പനയെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷഭാഗം പരാമര്‍ശിക്കുന്നത്. “ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടുംകൂടെ സ്നേഹിക്കുക” (നിയമാവര്‍ത്തനം 6, 5). നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക. ഈ രണ്ടു  കല്പനകളില്‍ സമസ്ത നിയമവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നെന്നു ക്രിസ്തു പഠിപ്പിക്കുന്നു.  ദിവസത്തില്‍ രണ്ടു മൂന്നു പ്രാവശ്യം ഇസ്രായേല്യര്‍ ഉരുവിടുന്ന പ്രാര്‍ത്ഥനയാണ്, “ഇസ്രായേലേ, ശ്രവിക്കുക! നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ആത്മാവോടും പൂര്‍ണ്ണഹൃദയത്തോടുംകൂടെ സ്നേഹിക്കുക!” കല്പനയുടെ രണ്ടാം ഭാഗം ക്രിസ്തു കണ്ടുപിടിച്ചതല്ല, പഴയ നിയമത്തിലെ ലേവ്യരുടെ ഗ്രന്ഥത്തില്‍നിന്നുമുള്ള ഒരുവാക്യം ആദ്യഭാഗത്തോട് കൂട്ടിച്ചേര്‍ത്തതാണ് - “നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക!” (ലേവര്‍ 18,19). ഇന്നത്തെ സുവിശേഷം, നമുക്ക് പകര്‍ന്നു നല്ക്കുന്നത് സ്നേഹത്തിന്‍റെ കല്പനയുടെ നവമായൊരു വീക്ഷണമാണ്. കല്പനയുടെ രണ്ടു ഭാഗങ്ങള്‍ക്കും അവിഭക്തവും പരസ്പര പൂരകവുമായ സ്വഭാവമുണ്ടെന്നു ക്രിസ്തു പഠിപ്പിക്കുന്നു. അവ ഒരു നാണയത്തിന്‍റെ രണ്ടു പുറങ്ങള്‍പോലെയാണ്. അതിനാല്‍ കാണപ്പെടുന്ന സഹോദരനെയോ സഹോദരിയെയോ സ്നേഹിക്കാതെ കാണപ്പെടാത്ത ദൈവത്തെ നമുക്കു സ്നേഹിക്കാനാവില്ല. ദൈവസ്നേഹം സഹോദര സ്നേഹത്തിലാണ് പൂര്‍ണ്ണമാകുന്നത്. സഹോദരസ്നേഹം ദൈവസ്നേഹത്തില്‍ ബലപ്പെടുകയും ചെയ്യുന്നു.

3. ക്രിസ്തുനട്ടു വളര്‍ത്തിയ ദൈവരാജ്യത്തിന്‍റെ സ്നേഹവൃക്ഷം’     ഒരു ചെറിയ വിത്ത് മണ്ണില്‍ വീണു മുളച്ച്, മുള തളിര്‍ത്തു വളര്‍ന്ന് ചെടിയായി, വലിയ വൃക്ഷമായി ആകാശം മുട്ടുമ്പോഴാണോ, എപ്പോഴാണ് ദൈവരാജ്യം ഒരു പൂര്‍ണ്ണ അനുഭവമായി മാറുന്നത്? ഇല്ല! ചെടി മുളച്ചു വലുതായി അതില്‍ ആകാശപ്പറവകള്‍ക്ക് ചേക്കേറാന്‍ ചില്ലകളില്‍ ഇടം കരുതുകയും നല്കുകയും ചെയ്യുമ്പോഴാണ് ദൈവരാജ്യം യാഥാര്‍ത്ഥ്യമാകുന്നത്. മനുഷ്യ ജീവിതത്തില്‍ ഉണ്ടാകേണ്ട ആത്മീയതയുടെ സമഗ്രതയെക്കുറിച്ചാണ് ഇന്നത്തെ ക്രിസ്തുമൊഴികള്‍ പരാമര്‍ശിക്കുന്നത്. ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണ ആത്മാവോടുംകൂടെ സ്നേഹിക്കുക. പിന്നെ നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക!” എന്നിട്ടും ചില നേരങ്ങളില്‍ നാം കഠിന ഹൃദയരാകുന്നു. മുഷ്ടി ചുരുട്ടി ആകാശത്തോടും  ദൈവത്തോടും മറുതലിക്കുന്നു. എന്നിട്ടു നിഷേധിച്ചു പറയുന്നു. “ഞാന്‍ എന്‍റെ സോഹദരന്‍റെ കാവല്‍ക്കാരനല്ല!” എന്‍റെ സ്വാര്‍ത്ഥതയുടെ കൂടാരത്തിനു മുകളിലപ്പോള്‍ ശാപത്തിന്‍റെ വെള്ളിടി വീഴുന്നു. ഇനി മുതല്‍, നീ വിത്തു വിതച്ച ഭൂമി, നിനക്കു ഫലം തരില്ല. ജീവിതാന്ത്യത്തോളം നീ അലയുന്നവനായിരിക്കും. അതായത്, സഹോദരനെ ദ്വേഷിക്കുന്ന നിനക്ക് ഒരിക്കലും മനഃശാന്തിയുണ്ടാകില്ല. സഹോദരന്‍റെയും സഹോദരിയുടെയും കാവല്‍ക്കാരന്‍ താന്‍ അല്ലെന്നു കരുതുന്നവരൊക്കെ അശാന്തിയുടെ ഊടുവഴികളിലൂടെ ഉഴറിനടക്കും. ഒടുവിലത്തെ നിശ്വാസത്തോളം ആകുലപ്പെടും എന്നാണ് ഇതിനര്‍ത്ഥം.  നെഞ്ചില്‍ കൈവച്ചു പറയാന്‍ നമുക്കു സാധിക്കണം. “അതേ, ഞാന്‍ തന്നെയാണ് എന്‍റെ സഹോദരന്‍റെയും സഹോദരിയുടെയും കാവല്‍ക്കാരന്‍!

4. സഹോദരസ്നേഹത്തിന്‍റെ പഴയനിയമ കല്പനകള്‍     ഇന്നത്തെ ആദ്യവായന, പുറപ്പാടുഗ്രന്ഥം പറയുന്നത്,
“നിങ്ങള്‍ പരദേശികളെ ഞെരുക്കുകയോ ദ്രോഹിക്കുകയോ അരുത്.
വിധവയെയോ അനാഥനെയോ നിങ്ങള്‍ പീഡിപ്പിക്കരുത്.
നിങ്ങള്‍ അവരെ ഉപദ്രവിക്കുകയും, പിന്നെ അവര്‍ എന്നെ വളിച്ചു
കരയുകയും ചെയ്താല്‍ നിശ്ചയമായും ഞാന്‍ അവരുടെ നിലവിളി കേള്‍ക്കും.
എന്‍റെ കോപം അപ്പോള്‍ നിങ്ങളുടെമേല്‍ ജ്വലിക്കും.”     - പുറപ്പാട് 22, 21-23.

എസേക്കിയേല്‍ പ്രവാചകന്‍റെ വാക്കുകളും കരുത്തുറ്റതാണ്:
“നിന്‍റെ സഹോദരനോ സഹോദരിയോ അപരാധത്തില്‍ ജീവിച്ച്അ
തില്‍ത്തന്നെ മരിച്ചിട്ട് നീയവനെ ഒരിക്കലും തിരുത്തിയില്ലെങ്കില്‍
അവന്‍റെയോ അവളുടെയോ മരണത്തിന് ഉത്തരവാദിയാണ് നീ.
നിന്‍റെ സഹോദരന്‍റെയും സഹോദരിയുടെയും കാവല്‍ക്കാരനാണു നീയെന്ന്
പ്രവാചകന്‍ തറപ്പിച്ചു പറയുന്നു. ഹേ, മനുഷ്യപുത്രാ!
നിന്‍റെ ഗോത്രത്തിന്‍റെ കാവല്‍ക്കാരന്‍ നീതന്നെ, അതേ... നീതന്നെ (2)!”

5. സ്നേഹം കല്‍പനകളുടെ കാതല്‍  “ദൈവം സ്നേഹമാണ്” Deus Cartias Est എന്ന ചാക്രികലേഖനത്തില്‍ മുന്‍പാപ്പാ ബെനഡിക്ട്
16-Ɔമന്‍ ദൈവസ്നേഹത്തെയും സഹോദരസ്നേഹത്തെയും മനോഹരമായി പ്രതിപാദിക്കുന്നുണ്ട് (Deus Cartias Est, nn. 16-18). ക്രൈസ്തവന്‍ ദൈവസ്നേഹം പ്രകടമാക്കുന്നത്, ലോകത്ത് തനിക്കു ചുറ്റമുള്ള സഹോദരങ്ങളെ – കുടുംബത്തിലും അയല്‍പക്കത്തും ജോലിസ്ഥലത്തും ജീവിതപരിസരങ്ങളിലും ഉള്ളവരെയൊക്കെ സ്നേഹിച്ചുകൊണ്ടാണ്. സഹോദര സ്നേഹത്തെയും ദൈവസ്നേഹത്തെയും സമുന്നത കല്പനയായിട്ടല്ല ക്രിസ്തു പഠിപ്പിക്കുന്നത്. മറിച്ച് അത് കല്പനകളുടെ കാതലും ഹൃദയവും, കേന്ദ്രവുമായിട്ടാണ്. അവിടമാണ് എല്ലാറ്റിന്‍റെയും ഉറവിടം, അവിടേയ്ക്ക് എല്ലാം മടങ്ങിയെത്തുന്നു. അങ്ങനെ പഴയ നിയമത്തിലെ സ്നേഹത്തിന്‍റെ കല്പനകളെ കൂട്ടിയിണക്കിയും  നവീകരിച്ചും ദൈവസ്നേഹത്തിനും സഹോദരസ്നേഹത്തിനും സമാനത കല്പിച്ചും, സ്നേഹത്തിന്‍റെ നവമായ പ്രമാണത്തിലേയ്ക്ക് സകലരെയും - വലിയവനെയും ചെറിയവനെയും, പാവങ്ങളെയും പരിത്യക്തരെയും ക്രിസ്തു ആശ്ലേഷിക്കുന്നു (cf. പുറപ്പാട് 22, 20-26). അതിനാല്‍ ക്രൈസ്തവ വിശ്വാസത്തിന്‍റെ അളവുകോല്‍ സ്നേഹമാണ്. സ്നേഹത്തിന്‍റെ ആത്മാവ് വിശ്വാസവുമാണ്.

6. സ്നേഹം വിശ്വാസത്തിന്‍റെ അളവുകോല്‍    നല്ലതെന്നു പറയാവുന്ന ഒരു സാമൂഹിക ജീവിതത്തെയോ, ആത്മീയ ജീവിതത്തെയോ സ്നേഹ ജീവിതത്തില്‍നിന്നും വേര്‍തിരിക്കാനാവില്ല. അതുപോലെ കൗദാശിക ജീവിതത്തെയോ പ്രാര്‍ത്ഥന ജീവിതത്തെയോ ദൈവാനുഭവത്തെയോ സഹോദരങ്ങളുമായുള്ള സ്നേഹ ക്കൂട്ടായ്മയില്‍നിന്നും ഒരിക്കലും വേര്‍തിരിക്കാനാവില്ല. വിശ്വാസത്തിന്‍റെ അളവുകോല്‍ സ്നേഹമാണ്. നാം എത്രത്തോളം സ്നേഹമുള്ളവരാണെന്ന് അനുദിനം ആത്മശോധനചെയ്യാം. അതുപോലെ നമ്മുടെ വിശ്വാസത്തെ വിലയിരുത്തുകയും വേണം. മനുഷ്യരുടെ സ്നേഹ ജീവിതമാണ് വിശ്വാസജീവിതത്തിന് ആധാരം. സ്നേഹത്തിന്‍റെ ആത്മാവാണ് വിശ്വാസമാകയാല്‍ സ്നേഹമില്ലെങ്കില്‍ എന്നില്‍ വിശ്വാസമില്ല. അതുകൊണ്ടാണ് പൗലോസ് അപ്പസ്തോലന്‍ പറഞ്ഞത്, മാലാഖമാരുടെ ഭാഷയറിഞ്ഞാലും, മാലാഖമാരൊത്തു ജീവിച്ചാലും, വാനവരാജ്യത്തെ വാരൊളി കണ്ടാലും സ്നേഹമില്ലെങ്കില്‍ എല്ലാം ശുന്യം, എല്ലാം വ്യര്‍ത്ഥം (1 കൊറി. 13, 1-5).

7. സ്നേഹത്തിന്‍റെ നവമായ ദാര്‍ശനികത    നിയമങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും ഒടുങ്ങാത്ത ചുറ്റുപാടുകളും, ഇന്നിന്‍റെയും ഇന്നലെകളുടെയും ഒഴികഴിവില്ലാത്ത നൈയ്യാമിക സ്ഥിതിഗതികളും മാറ്റിമറിച്ച്, ദൈവത്തിന്‍റെയും മനുഷ്യരുടെയും മുഖങ്ങള്‍ ഒരുമിച്ചു കാണുന്നൊരു ദാര്‍ശനികത ക്രിസ്തു നവമായി തുറന്നു തന്നിരിക്കുന്നു. അതിനാല്‍ എളിയവരിലും പാവങ്ങളിലും ദൈവത്തിന്‍റെ മുഖപ്രസാദവും മുഖപ്രകാശവും കാണുന്ന വീക്ഷണം നാം വളര്‍ത്തിയെടുക്കേണ്ടതാണ്. അത് നമ്മുടെ ജീവിതത്തിന്‍റെ അടിസ്ഥാന മാനദണ്ഡമാകേണ്ടതുമാണ്! സഹോദരങ്ങളില്‍ ദൈവത്തെ തുറവോടെ ദര്‍ശിക്കാന്‍വേണ്ട വെളിവും വെളിച്ചവും പരിശുദ്ധാത്മാവ് നമുക്ക് നല്ക്കട്ടെ! സ്നേഹത്തിന്‍റെ ദൈവികവരം അനുദിന ജീവിതചുറ്റുപാടുകളില്‍ തെളിയിക്കണമേ, എന്ന് യേശുവിന്‍റെ അമ്മയോടും ഇന്നാളില്‍ നമുക്കു പ്രത്യേകമായി പ്രാര്‍ത്ഥിക്കാം!

 








All the contents on this site are copyrighted ©.