2017-10-20 09:42:00

വിശുദ്ധിയില്‍ വളരാന്‍ കൂട്ടായ്മ വളര്‍ത്താം : പാപ്പാ ഫ്രാന്‍സിസ്


കൂട്ടായ്മയില്‍ വളരാതെ വിശുദ്ധിയില്‍ വളരാനാവില്ലെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. 
ഒക്ടോബര്‍ 19-Ɔ൦ തിയതി വ്യാഴാഴ്ച ആഗോള മെത്തഡിസ്റ്റ് സഭയുടെ 52 അംഗ പ്രതിനിധി സംഘത്തെ വത്തിക്കാനിലെ ക്ലെമന്‍റൈന്‍ ഹാളില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ടാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

1. വത്തിക്കാന്‍ സൂനഹദോസു തുറന്ന സഭൈക്യ സംവാദത്തിന്‍റെ പാത അനുരഞ്ജനത്തിന്‍റേതാണ്.  അനുരഞ്ജനത്തിലൂടെ സഭകള്‍ ഐക്യത്തിനായി പരിശ്രമിച്ചില്ലെങ്കില്‍ പ്രാര്‍ത്ഥനയെയോ ഉപവിപ്രവര്‍ത്തനങ്ങളെയോ കുറിച്ച് സംസാരിക്കാന്‍പോലും നമുക്ക് അവകാശമില്ല. പാപ്പാ ചൂണ്ടിക്കാട്ടി.

2. അനുരഞ്ജനം ഒരു സമൂഹത്തോടു മാത്രമല്ല ലോകത്തോടുതന്നെ സംസാരിക്കേണ്ടതും പ്രഘോഷിക്കേണ്ടതുമായ ദൈവികദാനമാണ്. അതിനാല്‍ അനുരഞ്ജനപ്പെടാനും ശുശ്രൂഷകരാകാന്‍ ഈ ചിന്ത നമുക്കെന്നും പ്രചോദനമാകട്ടെ! അനുരഞ്ജനത്തിലൂടെ ഐക്യവും കൂട്ടായ്മയും വളര്‍ത്താന്‍ പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങള്‍ തുറക്കും. അനുരഞ്ജനത്തിന് തുറവുള്ളിടത്ത് ദൈവാത്മാവ് പെന്തക്കോസ്തായില്‍ എന്നപോലെ പ്രവര്‍ത്തിക്കുന്നു. വ്യക്തികളുടെ വൈവിധ്യമാര്‍ന്ന സിദ്ധികളെ ഒന്നിപ്പിക്കുന്നത് ഏകതാനതയല്ല കൂട്ടായ്മയാണ് (Not uniformity, but unity). ക്രിസ്തീയതയുടെ പങ്കുവയ്പിന്‍റെ ജീവിതയാത്രയില്‍ നാം അപ്പസ്തോലന്മാരെപ്പോലെ ദൈവാത്മാവിന്‍റെ വരവിനായി സഹോദര ചൈതന്യത്തോടെ നാം കാത്തിരിക്കണം, ഒന്നിക്കണം എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

3. പാവങ്ങളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും തുണയ്ക്കുന്ന മാനവികതയുടെ ഇന്നിന്‍റെ പൊതുമേഖല സഭകള്‍ക്ക് കൈകോര്‍ത്തു പ്രവാര്‍ത്തിക്കാവുന്ന പ്രേഷിതത്വത്തിന്‍റെ പൊതുമേഖലതന്നെയാണ്. പാപ്പാ ചൂണ്ടിക്കാട്ടി.

4. വിശുദ്ധഗ്രന്ഥത്തിന്‍റെ പഠനത്തിലൂടെയും പാരായണത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ക്രിസ്തുവിനെ അറിയുവാനും, അങ്ങനെ വിശുദ്ധിയില്‍ വളരാനാകുമെന്നുമാണ് മെത്തഡിസ്റ്റ് സഭാ സ്ഥാപകനായ ജോണ്‍ വെസ്ലി ഉദ്ബോധിപ്പിച്ചത്. മറ്റു ക്രൈസ്തവ സഭകളും അതുപോലെ ക്രിസ്തുവിലൂടെ വിശുദ്ധിയില്‍ വളരുന്നുണ്ട്. അതിനാല്‍  ക്രിസ്തുവാകുന്നു രക്ഷയുടെ ഏകമാര്‍ഗ്ഗത്തെ ആശ്ലേഷിക്കുന്നവരാണ് വിശ്വാസികളായ നാം എല്ലാവരും എന്ന അവബോധം നമുക്കുണ്ടാവണം. അതിനാല്‍ വിശ്വാസസാക്ഷ്യത്തിലൂടെ നമുക്ക് പരസ്പരം പിന്‍തുണയ്ക്കാം, ശക്തിപ്പെടാം.

5. ജൂബിലിവര്‍ഷം വിമോചനത്തിന്‍റെ സമയമാണ് (ലേവ്യര്‍ 25, 10). സഭൈക്യസംരംഭത്തിന്‍റെ ജൂബിലിയാണിത്,
50-Ɔ൦ വാര്‍ഷികം! സംശയത്തിന്‍റെയും ഒറ്റപ്പെടലിന്‍റെയും ബന്ധനങ്ങളില്‍നിന്നും നമുക്കിനി സ്വതന്ത്രരാകാം. സംവാദത്തിന്‍റെ നീണ്ടനാളുകള്‍ നാം പിന്നിട്ടു കഴിഞ്ഞു. അതിനാല്‍ ഹൃദയത്തിലോ ക്രിസ്തുവിലോ നമുക്ക് ഇനിയും അന്യരായിരിക്കാനാവില്ല (എഫേസി. 2, 19). നാം സഹോദരങ്ങളാണ്. നാം ദൈവിക ഭവനത്തിലെ സഹവാസികളാണ്.

6. സംവാദത്തിലൂടെ നാം സത്യത്തിലും എളിമയിലും ഉപവിയിലും ഏറെ അടുത്തിട്ടുണ്ട്.
നമ്മില്‍ സാഹോദര്യം വളര്‍ന്നിട്ടുണ്ട് (UR, 11). അതിനാല്‍ ആത്മാര്‍ത്ഥമായും എളിമയിലും സഭൈക്യത്തിന്‍റെ ഈ കൂട്ടായ്മ സധൈര്യം ഇനി വളര്‍ത്തിയെടുക്കേണ്ടതാണ്. ദീര്‍ഘകാലത്തെ വിഭജിതാവസ്ഥയെ ലഘൂകരിക്കാന്‍ കര്‍ത്താവിനു കരുത്തുണ്ട്. കാരണം ഐക്യത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയത് അവിടുന്നില്‍നിന്നാണ്, അതിനെ നയിക്കുന്നത് അവിടുന്നാണ്. അവസാനം അത് അവിടുന്നില്‍ വിലയംകൊള്ളേണ്ടതുമാണ്.

 








All the contents on this site are copyrighted ©.