2017-10-18 18:32:00

പരിഷ്ക്കരിച്ച മതബോധനഗ്രന്ഥം പുറത്തുവന്നു


ആഗോള കത്തോലിക്കാസഭയുടെ പരിഷ്ക്കരിച്ച മതബോധനഗ്രന്ഥം പാപ്പാ ഫ്രാന്‍സിസിന്‍റെ അവതാരികയോടെ പുറത്തുവന്നു. നവമായി കൂട്ടിച്ചേര്‍ത്ത അജപാലന-ദൈവശാസ്ത്ര വ്യാഖ്യാനങ്ങളോടെയാണ് പരിഷ്ക്കരിച്ച പതിപ്പ് പുറത്തുവന്നിരിക്കുന്നതെന്ന് വത്തിക്കാന്‍റെ മുദ്രണാലയത്തിന്‍റെ വക്താവ് ഒക്ടോബര്‍ 17-Ɔ൦ തിയതി ചൊവ്വാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു.

ദൈവശാസ്ത്രപരവും അജപാലന സ്വഭാവവുമുള്ള വ്യാഖ്യാനങ്ങള്‍ കൂട്ടിയിണക്കിയ സഭയുടെ മതബോധനഗ്രന്ഥത്തിന്‍റെ പരിഷ്ക്കാരം വിശ്വാസരഹസ്യങ്ങള്‍ ആഴമായി ഗ്രഹിക്കാന്‍ സഹായകമാകുമെന്ന് പാപ്പാ അവതാരികയില്‍ വ്യക്തമാക്കുന്നു. ലോകമെമ്പാടും സഭയുടെ സുവിശേഷവത്ക്കരണ ജോലിയില്‍ വ്യാപൃതരായിരിക്കുന്നവരുടെ, വിശിഷ്യാ മതാദ്ധ്യാപകരുടെയും വൈദികരുടെയും വൈദികവിദ്യാര്‍ത്ഥികളുടെയും രൂപീകരണത്തിനും പഠനത്തിനും ഈ ഗ്രന്ഥം കൂടുതല്‍ ഉപയുക്തമാകുമെന്ന് പാപ്പാ വിശദീകരിച്ചു.

നാലു ഭാഗങ്ങളാണ് ഈ പതിപ്പിനുള്ളത്
1. ദൈവത്തെ അന്വേഷിക്കുന്ന മനുഷ്യരും അവരുടെ വ്യഗ്രതയും.
2. ദൈവത്തെ തേടുകയും, അവിടുന്നുമായി സംവദിക്കുകയും ശ്രവിക്കുകയുംചെയ്യുന്ന മനുഷ്യര്‍ 
 പ്രാര്‍ത്ഥനയില്‍ എത്തിച്ചേരുന്നു.
3. ഏഴുകൂദാശകളെ കേന്ദ്രീകരിച്ചുള്ള സഭാമക്കളുടെ കൃപാജീവിതം.
4. ദൈവാരൂപിയില്‍ നിറഞ്ഞിരിക്കുന്ന ക്രൈസ്തവരുടെ ജീവിതശൈലി.

മേല്പറഞ്ഞ നാലുഭാഗങ്ങളാണ് പരിഷ്ക്കരിച്ച മതബോധനഗ്രന്ഥത്തിനുള്ളത്. വത്തിക്കാന്‍ മുദ്രണാലയം ഒരുക്കി സെന്‍റ് പോള്‍സ് പ്രസാധകര്‍ വിതരണംചെയ്യുന്ന ഗ്രന്ഥത്തിന് 1716 പേജുകളുണ്ട്. വില ഏകദേശം 1500 രൂപയാണ്. ഗ്രന്ഥമിപ്പോള്‍ ഇംഗ്ലിഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച് ഭാഷകളില്‍ ലഭ്യമാണ്. നല്ലിടയന്‍റെ ചിത്രണമുള്ള പുസ്തകത്തിന്‍റെ പുറംചട്ടയെക്കുറിച്ച് നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേല മതബോധനഗ്രന്ഥത്തിന് ആമുഖവും കുറിച്ചിരിക്കുന്നു.

(Catechism of the Catholic Church, Revised Edition, Vatican Publishing Library – St. Paul Publishing Edition, 2017).








All the contents on this site are copyrighted ©.