സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

നീതിക്കായി തൂലിക ഉയര്‍ത്തിയ ഗൗരി ലങ്കേഷിനെ തോക്കുകൊണ്ടു നിശ്ശബ്ദയാക്കി

ഇന്ത്യയുടെ ഗൗരി ലങ്കേഷ് - മാധ്യമപ്രവര്‍ത്തക - RV

07/09/2017 17:40

രാഷ്ട്രീയ അഴിമതിക്കും സമൂഹിക അനീതിക്കുമെതിരെ ശബ്ദമുയര്‍ത്തിയ കര്‍ണ്ണാടകയുടെ വിഖ്യാതയാ പത്രപ്രവര്‍ത്തക,
ഗൗരി ലങ്കേഷിന്‍റെ വധത്തില്‍ ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതി അനുശോചിച്ചു.

ബാംഗളൂര്‍ കേന്ദ്രികരിച്ച് പത്രവും വാരികയും നടത്തുകയും, സാമൂഹിക തിന്മകളെ മാധ്യമ ധാര്‍മ്മികതയോടെ വാക്കാലും പ്രവൃത്തിയാലും ശക്തമായി എതിര്‍ക്കുകയുംചെയ്ത ഗൗരി ലങ്കേഷിനെ സെപ്തംബര്‍ 5-Ɔ൦ തിയതി ചൊവ്വാഴ്ച രാത്രിയാണ് അജ്ഞാതര്‍ വെടിവച്ചു വീഴ്ത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്കു മടങ്ങുകയായിരുന്ന ഗൗരിയെ ഘാതകര്‍ അനുധാവനംചെയ്ത് വീടിനടുത്തുള്ളവച്ചാണ് കൊലപ്പെടുത്തിയത്. ശിരസ്സിലും നെഞ്ചിലും ബുള്ളറ്റുകള്‍ പതിച്ചിരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തി. കൊല്ലപ്പെടുമ്പോള്‍ വിഖ്യാതയായ ഈ മാധ്യമപ്രവര്‍ത്തകയ്ക്ക് 55 വയസ്സായിരുന്നു.

സമൂഹത്തിലെ അനീതിയെയും അഴിമതിയെയും, പ്രത്യേകിച്ച് രാഷ്ട്രീയ മേഖലയിലെ തിന്മകളെ തൂലികകൊണ്ടു ശക്തമായി എതിര്‍ത്ത ഗൗരി ലങ്കേഷിനെ തോക്കുകൊണ്ടു നിശ്ശബ്ദയാക്കിയത് ഭാരത സംസ്ക്കാരത്തിന് നിരക്കാത്ത ഹീനമായ കൊലപാതകമെന്ന് ദേശീയ മെത്രാന്‍ സംഘത്തിന്‍റെ സെക്രട്ടറി, ജനറല്‍ ബിഷപ്പ് തിയദോര്‍ മസ്ക്കെരേനസ് സെപ്തംബര്‍ 6-ന് ഡല്‍ഹിയില്‍ ഇറക്കിയ പ്രസ്താവനയിലൂടെ പ്രതികരിച്ചു.

സ്വതന്ത്രഭാരതത്തിന്‍റെ മൗലിക ആദര്‍ശങ്ങള്‍ക്ക് ചേരാത്തതാണ് അതിക്രമങ്ങളെന്ന് പ്രധാനമന്ത്രി മോദി ഭാരതത്തിന്‍റെ 70-Ɔമത് സ്വാതന്ത്ര്യദിനത്തില്‍ പ്രസ്താവച്ചതിനു തൊട്ടുപിറകെയാണ് ഇന്ത്യയുടെ മാധ്യമ പ്രവര്‍ത്തക, ഗൗരി ലങ്കേഷ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ബിഷപ്പ് മസ്ക്കരേനസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്‍റെ രാഷ്ട്രീയ സ്വാര്‍ത്ഥതയെയും വര്‍ഗ്ഗീയ നീക്കങ്ങളെയും ഗൗരി ലങ്കെഷ് നിശിതമായി വിമര്‍ശിച്ചിരുന്നു.

“എന്‍റെ മതമോ വിശ്വാസമോ ഒരിക്കലും അപരനെ വെറുക്കാന്‍ എന്നെ പ്രേരിപ്പിക്കരുത്,” എന്ന മഹാത്മജീയുടെ വാക്കുകള്‍ മെത്രന്മാരുടെ പ്രസ്താവന ഉദ്ധരിച്ചു.  

ഇന്ത്യയിലെ കത്തോലിക്കാ സഭ അതിക്രമത്തെ അപലപിക്കുകയും, സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നെന്നും പ്രസ്താവനയിലൂടെ അറിയിച്ചു. തിന്മയുടെ ഇരുട്ടിനെ നന്മയുടെ പ്രകാശം കീഴ്പ്പെടുത്തട്ടെ! വിദ്വേഷത്തെ സ്നേഹംകൊണ്ടും, തിന്മയെ നന്മകൊണ്ടും നേരിടാം!! ജനങ്ങളോട് ഇങ്ങനെ അഹ്വാനംചെയ്തുകൊണ്ടാണ് ദേശീയ മെത്രാന്‍ സംഘത്തിന്‍റെ പ്രസ്താവന ഉപസംഹരിച്ചത്.

 


(William Nellikkal)

07/09/2017 17:40