സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ വചനവീഥി

വിലാപമെന്ന വികാരത്തിന്‍റെ സാര്‍വ്വലൗകികമായ ബൈബിള്‍ഗീതം

കാരുണാമയന്‍ - പോര്‍ച്ചുഗീസ് നടന്‍ മൊര്‍ഗാദോ - AP

05/09/2017 18:19

സങ്കീര്‍ത്തന ശേഖരത്തിലെ ഏററവും ജനകീയമായ ഗീതമാണ് സങ്കീര്‍ത്തനം 51.

കര്‍ത്താവേ, എന്നില്‍ നീ കാരുണ്യം തൂകണേ!” എന്ന അനുതാപപ്രാര്‍ത്ഥന! ലത്തീന്‍ ഭാഷയിലുള്ള ശീര്‍ഷകത്തിലാണ് ഈ സങ്കീര്‍ത്തനം ലോകം മുഴുവന്‍ അറിയപ്പെടുന്നത് : Miserere… have mercy!  കനിയണേ! ഗീതത്തിന്‍റെ ലത്തീന്‍ പരിഭാഷയുടെ പ്രഥമ പദത്തിലെ ആദ്യവാക്ക് ശീര്‍ഷകമായി ഉപയോഗിക്കുന്ന പതിവാണിത് – Miserere.  മനുഷ്യന്‍റെ ഏറെ പൊതുവായ അല്ലെങ്കില്‍ സാര്‍വ്വലൗകികവും ശക്തവുമായ അനുതാപമെന്ന വികാരത്തിന്‍റെ മനോഹരമായ ഹെബ്രായ കവിതയാണിത് Miserere. ക്രിസ്തുവിന് ഏകദേശം 950 വര്‍ഷങ്ങള്‍ക്കു മുന്‍പ് രചിക്കപ്പെട്ടതാണിതെന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ സ്ഥാപിച്ചിട്ടുള്ളതാണ്. കൂടാതെ, ദാവീദുരാജാവു രചിച്ചെന്നു പറയുമ്പോള്‍ത്തന്നെ ക്രിസ്തുവിനു മുന്‍പ് ഏകദേശം 1000-വര്‍ഷത്തേയ്ക്ക് നമ്മെ എത്തിക്കുകയാണ്. മൂലരചയുടെ ഭംഗിയും അര്‍ത്ഥവ്യാപ്തിയും പിന്നെ, വിലാപം എന്ന വികാരത്തിന്‍റെ സാര്‍വ്വലൗകികതയുംകൊണ്ട് ഗീതം കാലക്രമത്തില്‍ ലോകത്തുള്ള സകല ഭാഷകളിലേയ്ക്കും മൊഴിമാറ്റംചെയ്യപ്പെട്ടത് വളരെ സ്വാഭാവികമാണെന്നു പറയാം! അങ്ങനെ സ്ഥലകാല സീമികളെ അതിലംഘച്ച് ഇന്നും അവ പ്രയോഗത്തില്‍ നിലനില്‍ക്കുന്നു. ഹെബ്രായ സമൂഹത്തിലും ക്രൈസ്തവര്‍ക്കിടയിലും ധ്യനാത്മകമായും പ്രാര്‍ത്ഥനാപൂര്‍വ്വവും അനുദിനം എന്നോണം ഉപയോഗിക്കുന്ന ഗാനമാണിത്. അതുകൊണ്ട്, കാലാതീതമായ പ്രാര്‍ത്ഥനയെന്നോ ഗീതമെന്നോ നമുക്ക് ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്.

51-Ɔ൦ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ മാത്യു മുളവനയും  ജെറി അമല്‍ദേവുമാണ്. ആലാപനം, രാജലക്ഷ്മിയും സംഘവും...

             Musical Version of Ps. 51
            കാരുണ്യരൂപനാം പ്രഭോ നീ ദയാലുവാണല്ലോ (2).
            നിന്‍ ക്ഷമാവരം ഏകീടൂ മഹേശ്വരാ!  - കാരുണ്യ.

പൊതുവായ അവലോകനത്തില്‍ ശ്രദ്ധേയമാകുന്ന രണ്ടാമത്തെ ആശയം... അനുതാപത്തിന് ദാവീദു രാജാവിനെ പ്രേരിപ്പിക്കുന്ന ദൈവികസ്വരമാണ്. പ്രവാചകനായ നാഥാനിലൂടെ ദാവീദ് ദൈവത്തിന്‍റെ സ്വരം ശ്രവിച്ചതാണ് അനുതാപത്തിന് വഴിയൊരുക്കിയ പ്രധാന കാരണം. അപ്പോള്‍ ദൈവിക സ്വരത്തിന് നാം കാതോര്‍ക്കണം, എന്നുകൂടെ ഗീതം നമ്മെ പഠിപ്പിക്കുന്നു. പ്രവാചകന്‍ നാഥാന്‍ ഉപമയിലൂടെ ദാവീദു രാജാവിനോടു സംസാരിക്കുന്നു: ഒരു നഗരത്തില്‍ രണ്ടാളുകള്‍ ഉണ്ടായിരുന്നു – ധനവാനും, ദരിദ്രനും. ധനവാനു വളരെയധികം ആടുമാടുകളുണ്ടായിരുന്നു. ദരിദ്രനോ വിലയ്ക്കു വാങ്ങിയ ഒരു പെണ്ണാട്ടിന്‍ കുട്ടി മാത്രം! സ്വന്തം മകളെപ്പോലെ അതിനെ വളര്‍ത്തുകയായിരുന്നു.

ഒരു ദിവസം ധനവാന്‍റെ ഭവനത്തില്‍ ആരോ വിരുന്നിനു വന്നു. സ്വന്തം ആടുകളില്‍ ഒന്നിനെ കൊന്നു വിരുന്നൊരുക്കാന്‍ ധനവാനു മനസ്സില്ലായിരുന്നു. അയാളുടെ കണ്ണ് പാവട്ടവന്‍റെ  ആട്ടിന്‍കുട്ടിയിലായി. അയാള്‍ അതിനെ പിടിച്ചു, കൊന്ന് അതിഥിക്കു വിരുന്നു നല്കി. ഇതു കേട്ട് കുപിതനായ ദാവീദു രാജാവ് പറഞ്ഞു. “ദൈവമാണേ, ഇതു ചെയ്തവന്‍ മരിക്ക​ണം!” അപ്പോള്‍ നാഥാന്‍ ദാവീദിനോടു പറഞ്ഞു.

“ആ മനുഷ്യന്‍ നീ തന്നെ!”

“ഒരു ജനത്തെയും രാജ്യത്തെയും കര്‍ത്താവു നിന്നെ ഏല്പിച്ചു. ഭാര്യമാരെ തന്നു. ഇസ്രായേലിന്‍റെയും യൂദയായുടെയും രാജാവാക്കി നിന്നെ. ഇതുകൊണ്ടൊന്നും തൃപ്തനാകാതെ ഹീത്യനായ ഉറിയെ ചതിയില്‍ പോര്‍ക്കളത്തില്‍ കൊലപ്പെടുത്തി. എന്നിട്ട് അവന്‍റെ ഭാര്യയെ പരിഗ്രഹിച്ചു. അതിനാല്‍ കര്‍ത്താവിന്‍റെ കോപം നിന്നില്‍ നിപതിച്ചിരിക്കുന്നു. അവിടുത്തെ വാള്‍ നിന്‍റെ മേല്‍നിപതിക്കും!” - ഇതാണ്, ദാവീദു രാജാവു ശ്രവിച്ച ദൈവികസ്വരം!!   താന്‍ ദൈവത്തോടു നിന്ദയായി പെരുമാറി. നന്ദികേടു കാണിച്ചു. പാപംചെയ്തു. അങ്ങനെ രാജാവിന്‍റെ മനസ്സില്‍ വിരിഞ്ഞ അനുതാപം സങ്കീര്‍ത്തനപദങ്ങളായി വിരിഞ്ഞെന്നാണ് ചരിത്രം! സാമുവലിന്‍റെ രണ്ടാം പുസ്തകത്തിലാണ് അനുതപത്തിന്‍റെ കഥ നാം വായിക്കുന്നത് (2 സാമു. 12, 1-12). ദൈവകസ്വരം കേള്‍ക്കാന്‍ പരിശ്രമിക്കണമെന്ന് ഗീതം നമ്മെ ഇന്നും ഉദ്ബോധിപ്പിക്കുന്നു. 
കാരുണീകനാം പ്രഭോ, നീ ദയാലുവാണല്ലോ.....! Miserere Mei Deo…!

            Musical Version Ps. 51
           കാരുണ്യരൂപനാം പ്രഭോ നീ ദയാലുവാണല്ലോ (2).
           നിന്‍ ക്ഷമാവരം ഏകീടൂ മഹേശ്വരാ! കാരുണ്യ..
           കേവലം നിന്നോടു ഞാന്‍ ചെയ്തുപോയി പാപങ്ങള്‍
           നീതി നീ തന്നീടുന്നു നിഷ്പക്ഷം അഹോ വിധി – കാരുണ്യ...

നാം പഠനവിഷയമാക്കിയ 51-Ɔ൦ സങ്കീര്‍ത്തനത്തില്‍ ശ്രദ്ധേയമാകുന്ന മറ്റു അവലോകനങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണെങ്കില്‍, ഒന്നാമതായി, ദൈവത്തോടുള്ള വ്യക്തിയുടെ യാചനയാണ്.  വ്യക്തി ദൈവത്തിലേയ്ക്കാണ് മാപ്പിനായി തിരിയുന്നത്. നവമായൊരു ഹൃദയവും മനസ്സും തരണമേ, എന്നു യാചിക്കുന്നു. കാരണം പാപങ്ങള്‍ ക്ഷമിക്കുവാന്‍ വേണ്ടുവോളം കരുണാര്‍ദ്രന്‍ ദൈവമാണ്. ദൈവത്തിന്‍റെ കാരുണ്യാതിരേകം സ്വീകരിച്ച്  സഹോദരങ്ങളുമായി പങ്കുവയ്ക്കുവാനും, അവരോട് രമ്യതയില്‍ ജീവിക്കുവാനും സഹായിക്കണേയെന്ന് ഗായകന്‍ യാചിക്കുന്നു.  

            കര്‍ത്താവേ, എന്നില്‍ നീ കാരുണ്യം തൂകണേ
            നിന്‍ മഹാകാരുണ്യംമോര്‍ത്തു ദയാനിധേ!

രണ്ടാമതായി, വ്യക്തിയുടെ സത്യസന്ധതയാണ്. ദൈവത്തിങ്കലേയ്ക്ക് കലവറയില്ലാതെ പാപി ഹൃദയം തുറക്കുന്നു. ദൈവസന്നിധിയില്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ് മാപ്പിരക്കുന്നു.  മനുഷ്യന്‍ ദൈവസന്നിധിയില്‍ പ്രകടമാക്കേണ്ട സുതാര്യത സങ്കീര്‍ത്തന പദങ്ങളില്‍ സ്പഷ്ടമായി കാണുന്നു. അനുതാപിയായ മനുഷ്യന്‍റെ തുറവാണ് ദൈവത്തിന്‍റെ കൃപയ്ക്കും, അതു നല്കുന്ന നവജീവനും വഴിതുറക്കുന്നതെന്ന്, യാചനയുടെ പദങ്ങള്‍ വ്യക്തമാക്കുന്നത്.  എള്ളമറ്റുള്ളതാം നിന്‍ കൃപാവായ്പിനാല്‍ എന്നപരാധങ്ങളൊക്കെയും നീക്കണേ!

മൂന്നാമതായി, സങ്കീര്‍ത്തനത്തിന്‍റെ കേന്ദ്രചിന്ത മനസ്താപമാണ്. ധൂര്‍ത്തപുത്രനെപ്പോലെ, പിതാവേ, അങ്ങേയ്ക്കും സ്വര്‍ഗ്ഗത്തിനുമെതിരായി ഞാന്‍ പാപംചെയ്തുപോയി, എന്നുള്ള പ്രസ്താവം മനസ്താപത്തിന്‍റെ പ്രകടനവും പ്രകരണവുമല്ലേ!.?                    അങ്ങെയ്ക്കെതിരായി പാപങ്ങള്‍ ചെയ്തിവന്‍
           നിന്‍ തിരുമുമ്പില്‍ ഞാന്‍ തിന്മകള്‍ ചെയ്തുപോയ്

നാലാമത്, പാപിയുടെ പക്ഷത്തുനിന്നും ന്യായീകരണമൊന്നുമില്ല, എന്ന നിരീക്ഷണമാണ്, നാലാമതായി കാണുന്നത്. ന്യായീകരിക്കാതെ, അയാള്‍ പാപങ്ങള്‍ സമ്മതിച്ച്, ഏറ്റുപറയുന്നു. ദൈവമേ, ഞാനൊരു പാപിയാണേ, എന്ന വ്യക്തമായ ധാരണയും ബോധ്യവുമാണ് അയാളെ അനുതാപത്തിലേയ്ക്ക് നയിക്കുന്നത്.
          എന്നപരാധങ്ങള്‍ ഞാനറിവൂ വിഭോ
          എന്‍ പാപമൊക്കെയും കാണ്‍മൂ ഞാന്‍ സര്‍വ്വദാ.

അഞ്ചാമതായി, എല്ലാം നവമായി തുടങ്ങാനുള്ള അല്ലെങ്കില്‍ നവീകരിക്കപ്പെടാനുള്ള തീവ്രതയും തീക്ഷ്ണതയും സങ്കീര്‍ത്തനപദങ്ങളില്‍ തെളിഞ്ഞുനിലക്കുന്നു. ബലഹീനരും പാപികളുമായ നമുക്കും അത് മാതൃകയാക്കാവുന്നതാണ്. സങ്കീര്‍ത്തകന്‍റെ എളിമയുള്ള യാചന.
           മാമക മാലിന്യമാകെ കഴുകി നീ
            പാപക്കറ നീക്കി നിര്‍മ്മലനാക്കണേ

ആറാമത്, മാപ്പ് നാം അര്‍ഹിക്കുന്നതല്ല, ദൈവം തരുന്നതാണ്. അത് ദൈവകൃപയാണ്. ദൈവിക ദാനമാണ്. ദൈവത്തിന്‍റെ നീതിക്കും ദയയ്ക്കുമായി ഗായകന്‍ യാചിക്കുന്നു. കാരണം കര്‍ത്താവ് നീതിമാനും, നീതിയോടെ വിധിക്കുന്നവനാണ്. അതിനാല്‍ സങ്കീര്‍ത്തകന്‍ ആലപിക്കുന്നു:

           നീതിക്കു ചേര്‍ന്നതാണെന്നുമേ നിന്‍ വിധി
           നീതിമാന്‍ നീയെന്നെ ശിക്ഷിക്കുകില്‍..
           കര്‍ത്താവേ, അങ്ങു കാരുണ്യവാനും ദയാലുവുമാണല്ലോ!

           Musical Version Ps. 51
       
    കാരുണ്യരൂപനാം പ്രഭോ നീ ദയാലുവാണല്ലോ (2).
           നിന്‍ ക്ഷമാവരം ഏകീടൂ മഹേശ്വരാ! കാരുണ്യ..
           ദോഷമാകെയാര്‍ന്നു ഞാന്‍ ഘോരപാപി ഞാനിതാ
           പാപമേതുമെന്‍ മുന്നില്‍ കാണുന്നൂ സദാ വിഭോ – കാരുണീ

അവസാനമായി നമുക്കു പറയാവുന്നൊരു ശ്രദ്ധേയമായ അവലോകനം.., അനുതാപം അല്ലെങ്കില്‍ മാനസാന്തരം യഥാര്‍ത്ഥത്തില്‍ ജീവിതസാക്ഷ്യമായി പരിണമിക്കുന്നു, എന്നതാണ്. പാപത്തില്‍ വീഴുക മാനുഷികമാണ്. എന്നാല്‍ പാപച്ചേറ്റില്‍നിന്ന് എഴുന്നേറ്റ് ദൈവത്തിലേയ്ക്കു തിരിയുവാനും, എല്ലാം നവമായി തുടങ്ങുവാനും കൃപ ലഭിക്കുന്നവര്‍, കൃപാസ്പര്‍ശത്തിന്‍റെ ശക്തിയും തെളിച്ചവും ജീവിതത്തില്‍ പ്രകടമാക്കും. അത് മറ്റുള്ളവരോട് ഉറക്കെ പ്രഘോഷിക്കും, സാക്ഷ്യപ്പെടുത്തും. ദാവീദു രാജാവിനു സംഭവിച്ച വ്യക്തിഗത മാനസാന്തരത്തിന്‍റെ സാക്ഷ്യമാണ് കാലാതീതമായി നിലക്കുന്ന 51-Ɔ൦ സങ്കീര്‍ത്തനം! ഈ അനുതാപ ഗീതം. Miserere mei, Deo….! കാരുണീകനാം പ്രഭോ, നീ ദയാലുവാണല്ലോ!!

Musical Version Ps. 51 
കാരുണ്യരൂപനാം പ്രഭോ നീ ദയാലുവാണല്ലോ (2).
നിന്‍ ക്ഷമാവരം ഏകീടൂ മഹേശ്വരാ! കാരുണ്യ..
ദ്രോഹിയാണു ഞാന്‍ വിഭോ ദ്രോഹമോചനം തരൂ
എന്നസീമ പാപങ്ങള്‍ മായ്ച്ചീടണേ വിഭോ – കാരുണ്യ...


(William Nellikkal)

05/09/2017 18:19