2017-06-27 17:28:00

''ദൈവം നമ്മെ ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെയും ഉപകരണങ്ങളാക്കട്ടെ'': പാപ്പാ


'''ദൈവം നമ്മെ ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെയും ഉപകരണങ്ങളാക്കട്ടെ'':  കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ഏക്യുമെനിക്കല്‍ പാത്രിയര്‍ക്കേറ്റില്‍ നിന്നുള്ള പ്രതിനിധികളോട് പാപ്പാ.

പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തരുനാളിനോടനുബന്ധിച്ച് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയര്‍ക്കേറ്റില്‍ നിന്നെത്തിയ പ്രതിനിധിസംഘത്തെ അഭിസംബോധന ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു പാപ്പാ.  

''ഈ തിരുനാളിന്‍റെ ആനന്ദം പങ്കുവെയ്ക്കാന്‍ നിങ്ങളെ അയച്ച പരിശുദ്ധ എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ബെര്‍തോലോമിയോയോടും പ്രതിനിധികളായി എത്തിയ നിങ്ങളോരോരുത്തരോടും ഞാന്‍ ഏറ്റം നന്ദിയുള്ളവനാണ്'' എന്നു പറഞ്ഞുകൊണ്ട് ആരംഭിച്ച സന്ദേശ ത്തില്‍ പത്രോസ് പൗലോസ് ശ്ലീഹന്മാര്‍ അവരുടെ വ്യത്യസ്തമായ സ്വഭാവത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ദൈവപിതാവിന്‍റെ കരുണാര്‍ദ്രസ്നേഹത്തിനു സാക്ഷ്യം വഹിച്ചുവെന്ന്  ചൂണ്ടിക്കാട്ടി. കത്തോലിക്കരുടെയും ഓര്‍ത്തൊഡോക്സ് സഭകളുടെയും ഐക്യം വീണ്ടെടുക്കുന്നതിന്‍റെ മുന്നാസ്വാദനം ഒരുമിച്ചുള്ള പ്രാര്‍ഥനകളിലും മറ്റു പൊതു ശുശ്രൂഷാവേദികളിലും നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു എന്നു പറഞ്ഞ പാപ്പാ, തന്‍റെ മുന്‍ഗാമികള്‍ ഓര്‍ത്തൊഡോക്സ് സഭാതലവന്മാരുമായി നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ചും പാത്രിയര്‍ക്കീസ് ബെര്‍തൊലോമിയോയുമായുള്ള തന്‍റെതന്നെ കൂടിക്കാഴ്ചകളെക്കുറിച്ചും സന്ദേശത്തില്‍ അനുസ്മരിച്ചു. 

യേശുക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെ തലേന്നുള്ള പ്രാര്‍ഥനതന്നെ തന്‍റെ ശിഷ്യന്മാരുടെ ഐക്യത്തിനുവേണ്ടിയാണെന്നുള്ളത് എടുത്തുപറഞ്ഞുകൊണ്ട്, അതിന്‍റെ പൂര്‍ത്തീകരണത്തിനായി ദൈവത്തില്‍ തന്നെ ശരണം വയ്ക്കണമെന്നും നമ്മെ ദൈവം ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെയും ഉപകരണങ്ങളാക്കട്ടെ എന്നും ഉള്ള പ്രാര്‍ഥനയോടെയും തനിക്കുവേണ്ടി പ്രാര്‍ഥിക്കണമേയെന്ന യാചനയോടെയുമാണ് പാപ്പാ തന്‍റെ സന്ദേശം അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.