2017-06-21 12:32:00

“വിശുദ്ധര്‍, പ്രത്യാശയുടെ സാക്ഷികളും സഹചാരികളും” പാപ്പാ


വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ സംബന്ധിക്കുന്നതിന് വിവിധ രാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെ ആയിരങ്ങള്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ സന്നിഹിതരായിരുന്നു ഈ ബുധനാഴ്ചയും (21/06/17).  അമേരിക്കന്‍ പ്രൊ ഫുട്ട്ബോള്‍ ഹാള്‍ ഓഫ് ഫെയിം (American Pro Football Hall of Fame)  എന്നറിയപ്പെടുന്ന ദേശീയ കാല്‍പ്പന്തുകളി സഖ്യത്തിലെ നാല്പതിലേറെ വരുന്ന പ്രിതിനിധികളുമായി വി.പത്രോസിന്‍റ ബസിലിക്കയുടെ സമീപത്തുള്ള പോള്‍ ആറാമന്‍ ശാലയില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചാനന്തരമാണ് പാപ്പാ ചത്വരത്തില്‍ എത്തിയത്. വെളുത്ത തുറന്ന വാഹനത്തില്‍ പാപ്പാ ആഗതനായപ്പോള്‍ ജനസഞ്ചയം കരഘോഷങ്ങളാലും ആരവങ്ങളാലും തങ്ങളുടെ  ആഹ്ലാദം അറിയിച്ചു.വാഹനത്തില്‍ ജനങ്ങള്‍ക്കിടയിലൂടെ നീങ്ങിയ പാപ്പാ എല്ലാവരേയും അഭിവാദ്യം ചെയ്യുകയും, പതിവുപോലെ, അംഗരക്ഷകര്‍ തന്‍റെ  പക്കലേക്കു ഇടയ്ക്കിടെ കൊണ്ടുവന്നുകൊണ്ടിരുന്ന  കുഞ്ഞുങ്ങളെ വണ്ടി നിറുത്തി തലോടുകയും ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്തു. പ്രസംഗവേദിയിലേക്കു നയിക്കുന്ന പടവുകള്‍ക്കടുത്തു വാഹനം നിന്നപ്പോള്‍ പാപ്പാ അതില്‍ നിന്നിറങ്ങി സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 9.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15 ന് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു

കാരണം നമ്മെക്കൂടാതെ അവര്‍ പരിപൂര്‍ണ്ണരാക്കപ്പെടരുത് എന്നുകണ്ട് ദൈവം നമുക്കായി കുറെക്കൂടെ ശ്രേഷ്ഠമായവ നേരത്തെ കണ്ടുവച്ചിരുന്നു. നമുക്കു ചുറ്റും സാക്ഷികളുടെ വലിയ സമൂഹമുള്ളതിനാല്‍ നമ്മെ വിഷമിപ്പിക്കുന്ന ഭാരവും പാപവും നമുക്കു നീക്കിക്കളയാം; നമുക്കായി നിശ്ചയിച്ചിരിക്കുന്ന ഈ ഓട്ടപ്പന്തയം സ്ഥിരോത്സാഹത്തോടെ നമുക്ക് ഓടിത്തീര്‍ക്കാം. നമ്മുടെ വിശ്വാസത്തിന്‍റെ നാഥനും അതിനെ പൂര്‍ണ്ണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നില്‍ കണ്ടുവേണം നാം ഓടാന്‍”.  (ഹെബ്രായര്‍ 11,40-12,1-2a 

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനു ശേഷം പാപ്പാ, താന്‍ ക്രിസ്തീയ പ്രത്യാശയെ അധികരിച്ച് പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പരയില്‍ ഇരുപത്തിയഴാമത്തേതായി പങ്കുവച്ച ചിന്തകള്‍ “വിശുദ്ധര്‍, പ്രത്യാശയുടെ സാക്ഷികളും സഹചാരികളും” എന്ന പ്രമേയത്തില്‍ കേന്ദ്രീകൃതമായിരുന്നു.

പാപ്പായുടെ     പ്രഭാഷണത്തിന്‍റെ സംഗ്രഹം:              

നമ്മു‌ടെ മാമ്മോദീസാദിനത്തില്‍ നമുക്കായി വിശുദ്ധരോടുള്ള പ്രാര്‍ത്ഥന മുഴങ്ങി. നമ്മില്‍ മിക്കവരും ആ സമയത്ത് മതാപിതാക്കളുടെ കൈകള്‍ക്കുള്ളില്‍ കിടക്കുന്ന കുഞ്ഞുങ്ങളായിരുന്നു. ക്രൈസ്തവ വിശ്വാസാര്‍ത്ഥിയെ, തിന്മയ്ക്കെതിരായ പോരാട്ടത്തില്‍ ദൈവത്തിന്‍റെ ശക്തിയെ ദ്യോതിപ്പിക്കുന്ന, വിശുദ്ധ തൈലം കൊണ്ട് അഭിഷേചിക്കുന്നതിനു മുമ്പായി വൈദികന്‍ ജ്ഞാനസ്നാനാര്‍ത്ഥിക്കായി പ്രാര്‍ത്ഥിക്കാന്‍ സമൂഹം മുഴുവനെയും ക്ഷണിക്കുകയും വിശുദ്ധരുടെ മാദ്ധ്യസ്ഥ്യം യാചിക്കുകയും ചെയ്യുന്നു..... വിശുദ്ധര്‍ സാക്ഷികളുടെ ഒരു സഞ്ചയമാണ്.

 

തിന്മയ്ക്കെതിരായ പോരാട്ടത്തില്‍ ക്രൈസ്തവര്‍ നിരാശരാകുന്നില്ല. ക്രിസ്തുമതം അക്ഷയമായ ഒരു വിശ്വാസം പുലര്‍ത്തുന്നു. നിഷേധാത്മക-ശിഥിലീകരണ ശക്തികള്‍ പ്രബലപ്പെടുമെന്ന് വിശ്വസിക്കുന്നില്ല. മാനവ ചരിത്രത്തില്‍ അവസാനവാക്ക് വിദ്വേഷമല്ല, മരണമല്ല, യുദ്ധമല്ല.  നമ്മുടെ ജീവിതത്തിന്‍റെ ഓരോ നിമിഷത്തിലും ദൈവത്തിന്‍റെ കരം നമ്മെ താങ്ങുന്നു. വിശ്വാസത്തോടുകൂടി നമുക്കു മുമ്പേ പോയ എല്ലാവരുടെയും സാന്നിധ്യവും ഉണ്ട്. അവരുടെ അസ്തിത്വം നമ്മോടു പറയുന്നത് ക്രിസ്തീയജീവിതം പ്രാപിക്കാനാകാത്ത ഒരു ആശയമല്ല എന്നാണ്. എല്ലാവരും ഒത്തൊരുമിച്ച് സമാശ്വാസമേകുന്നു. നാം ഒറ്റയ്ക്കല്ല. നിരവധി സഹോദരങ്ങളാല്‍, പലപ്പോഴും, നമുക്കു മുമ്പേ കടന്നുപോയ അറിയപ്പെടാത്തവരും, ഇഹത്തില്‍ ജീവിക്കുന്നവരുടെ കാര്യങ്ങളില്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താല്‍ ഇടപെടുന്നവരുമായ സഹോദരങ്ങളാല്‍, രൂപീകൃതമാണ് സഭ.

മാമ്മോദീസാവേളയില്‍ നടത്തുന്നതു മാത്രമല്ല ക്രൈസ്തവജീവിതത്തെ മുദ്രിതമാക്കുന്നതായ വിശുദ്ധരോടുള്ള എക പ്രാര്‍ത്ഥന. മനസ്സമ്മതം കഴിഞ്ഞവര്‍ വിവാഹമെന്ന കൂദാശയാല്‍ അവരുടെ സ്നേഹം സമര്‍പ്പിക്കുമ്പോള്‍ ആ  ജോഡികള്‍ക്കുവേണ്ടി വിശുദ്ധരുടെ മാദ്ധ്യസ്ഥ്യം യാചിക്കുന്നു. ദാമ്പത്യജീവിതയാത്ര ആരംഭിക്കുന്ന രണ്ടു യുവമിഥുനങ്ങളുടെ പരസ്പര വിശ്വാസത്തിന്‍റെ സ്രോതസ്സാണ് ഈ പ്രാര്‍ത്ഥന. ആ വിവാഹജീവിതം എന്നെന്നും തുടരുന്നതിന് ക്രിസതുവിന്‍റെ  കൃപയും വിശുദ്ധരുടെ സഹായവും ആവശ്യമാണെന്ന അവബോധം അവര്‍ക്കുണ്ട്. ദൈവം നമ്മെ ഒരിക്കലും കൈവിടുകയില്ല. നമുക്കാവശ്യമുള്ളപ്പോഴെല്ലാം അവിടത്തെ ഒരു ദൂതന്‍ നമ്മെ പിടിച്ചെഴുന്നേല്പിക്കാനും സാന്ത്വനമേകാനും ഉണ്ടായിരിക്കും.

ഈ ദൈവദൂതന്മാര്‍ ചിലപ്പോള്‍ മാനവ വദനവും മാനവ ഹൃദയവുമുള്ളവരായിരിക്കും, എന്തെന്നാല്‍ ദൈവത്തിന്‍റെ വിശുദ്ധര്‍ എന്നും ഇവിടെയുണ്ട്, നമ്മുടെ മദ്ധ്യേ മറഞ്ഞിരിപ്പുണ്ട്. ഇതു മനസ്സിലാക്കാനും, ഇങ്ങനെ ചിന്തിക്കാനും പ്രയാസമാണ്. എന്നാല്‍ വിശുദ്ധര്‍ നമ്മുടെ ജീവിതത്തില്‍ സന്നിഹിതരാണ്.

തങ്ങള്‍ക്കുവേണ്ടി വിശുദ്ധരുടെ മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിച്ചതിന്‍റെ സ്മരണ വൈദികര്‍ക്കുമുണ്ട്. പൗരോഹ്യത്യ കൂദാശ നല്കപ്പെടുന്ന തിരുക്കര്‍മ്മത്തില്‍ ഹൃദയസ്പര്‍ശിയാ ഒരു നിമിഷമാണത്. വൈദികാര്‍ത്ഥികള്‍ നിലത്ത് കമിഴ്ന്ന്  കിടക്കുന്നു. അപ്പോള്‍ സമൂഹം മൊത്തത്തില്‍ മെത്രാന്‍റെ നേതൃത്വത്തില്‍ വിശുദ്ധരോടു പ്രാര്‍ത്ഥിക്കുന്നു.

നാം സ്വര്‍ഗ്ഗം ആഗ്രഹിക്കുന്ന പൊടിയാണ്. നമ്മുടെ ശക്തി ബലഹീനമാണ്, എന്നാല്‍ ക്രൈസ്തവരുടെ ജീവിതത്തില്‍ സന്നിഹിതമായ കൃപയുടെ രഹസ്യം ശക്തമാണ്. വിശുദ്ധരായിത്തീരാമെന്ന പ്രത്യാശ നമുക്കേവര്‍ക്കും കര്‍ത്താവ് പ്രദാനം ചെയ്യട്ടെ. എല്ലാദിവസവും ജീവിതത്തില്‍ വിശുദ്ധരായിരിക്കുക സാധ്യമാണൊ എന്ന് നിങ്ങളാരെങ്കിലും എന്നോടു ചോദിച്ചാല്‍ ഉത്തരം സാധിക്കും എന്നാണ്. എന്നാല്‍ ഇതിനര്‍ത്ഥം ദിവസം മുഴുവന്‍ നാം പ്രാര്‍ത്ഥിക്കണമെന്നാണോ? അല്ലേ അല്ല. അതിനര്‍ത്ഥം നീ നിന്‍റെ കടമ ദിവസം മുഴുവന്‍ നിറവേറ്റണം എന്നാണ്. അതായത്, പ്രാര്‍ത്ഥിക്കുക, ജോലിക്കു പോകുക, മക്കളെ നോക്കുക. എന്നാല്‍ ഇവയെല്ലാം ചെയ്യേണ്ടത് ദൈവത്തോടു തുറവുള്ള ഹൃദയവുമായിട്ടാണ്. രോഗത്തിലും കഷ്ടപ്പാടുകളിലും സഹനങ്ങളിലുമെല്ലാം അവയെല്ലാം ദൈവത്തോടു തുറക്കപ്പെട്ടിരിക്കണമെന്ന ആഗ്രഹത്തോടെ പ്രവര്‍ത്തിക്കുക. അപ്പോള്‍ നമ്മള്‍ വിശുദ്ധരാകും. അതു സാധ്യമാണ്. വിശുദ്ധരായിത്തീരാമെന്ന പ്രത്യാശ കര്‍ത്താവ് നമ്മുക്കേകട്ടെ. വിശുദ്ധരാകുന്നതിനേക്കാളെളുപ്പമാണ് കുറ്റവാളിയാകുക എന്ന് നാം ചിന്തിച്ചേക്കാം. ഇല്ല, നമുക്കു വിശുദ്ധരാകാന്‍ കഴിയും, അതിന് കര്‍ത്താവു സഹായിക്കും. ഇതാണ് നമുക്കോരോരുത്തര്‍ക്കും ലോകത്തിനു നല്‍കാന്‍ കഴിയുന്ന വലിയ സമ്മാനം. മറ്റുള്ളവരുടെ സഹനങ്ങളില്‍, കഷ്ടപ്പാടുകളില്‍ പങ്കുചേര്‍ന്നുകൊണ്ട് ജീവിക്കുന്ന സ്ത്രീപുരുഷന്മാരുണ്ട്. ഇത്തരക്കാരെ കൂടാതെ ലോകത്തില്‍ പ്രത്യാശ സാധ്യമല്ല. ആകയാല്‍ ഞാന്‍ നിങ്ങള്‍ക്കും എനിക്കുതന്നെയും ആശംസിക്കുകയാണ്, വിശുദ്ധരാകാമെന്ന പ്രത്യാശ കര്‍ത്താവ് നല്കട്ടെയെന്ന്. നന്ദി.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

പതിവുപോലെ, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ, വെള്ളിയാഴ്ച (23/06/17) യേശുവിന്‍റെ തിരുഹൃദയത്തിന്‍റെ തിരുന്നാള്‍ ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു. എല്ലാ വൈദികര്‍ക്കും പ്രത്യേക പ്രാര്‍ത്ഥനാസഹായം സഭയേകുന്ന ദിനമാണ് അതെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ തങ്ങളു‌ടെ ആദ്ധ്യാത്മികജീവിതത്തിനുള്ള പോഷണം തിരുഹൃദയത്തില്‍ നിന്നു സ്വീകരിക്കാന്‍ എല്ലാവരെയും ക്ഷണിച്ചു.

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനുശേഷം പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി. ആശീര്‍വ്വാദാനന്തരം പാപ്പായുടെ അടുത്തുചെല്ലാന്‍ അനുവദിക്കപ്പെട്ടവരില്‍ അര്‍മേനിയക്കാരിയായ മരിയെത്ത അര്‍മേന എന്ന ഒരു ചിത്രകാരിയും ഉണ്ടായിരുന്നു. 2016 ജൂണ്‍ 24 മുതല്‍ 26 വരെ ഫ്രാന്‍സീസ് പാപ്പാ അന്നാടു സന്ദര്‍ശിച്ചതിന്‍റെ   വാര്‍ഷികം പ്രമാണിച്ച്, തന്‍റെ തന്നെ സൃഷ്ടിയായ ഒരു ചിത്രം മരിയേത്ത പാപ്പായ്ക്ക് സമ്മാനിച്ചു.

സമാധാനത്തിന്‍റെ പ്രതീകമായ ഒരു വെള്ളരിപ്രാവ് ഫ്രാന്‍സീസ് പാപ്പായുടെ ഇടതു കൈയ്യില്‍ നിന്ന് പറക്കാന്‍ തുടങ്ങുന്നതും വലതു കരം കൊണ്ട് പാപ്പാ നരകുലത്തെ ആശീര്‍വദിക്കുന്നതും സമാധാനത്തിനായുള്ള തന്‍റെ ദൗത്യത്തില്‍ പങ്കുചേരാന്‍ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നതുമാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്








All the contents on this site are copyrighted ©.