2017-06-20 09:37:00

ധീരരായ രണ്ട് അജപാലകരുടെ കാല്പാടുകള്‍ തേടി ഒരുയാത്ര!


കാലംകണ്ട ധീരരായ രണ്ട് അജപാലകരുടെ കാല്പാടുകള്‍ തേടി വടക്കെ ഇറ്റലിയിലെ രണ്ട് ഇടവകകളിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അര്‍ദ്ധദിന സന്ദര്‍ശം.

ജൂണ്‍ 20-Ɔ൦ തിയതി ചൊവ്വാഴ്ചയാണ് വടക്കെ ഇറ്റലിയിലെ ലൊമ്പാര്‍ഡി പ്രവിശ്യയിലുള്ള ബൊസ്സോളൊ, ബാര്‍ബിയാനാ ചെറിയ ഇടവകകള്‍ പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനം സ്വകാര്യവും അനൗപചാരികവുമാണ്! ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 8 മണിക്ക് വത്തിക്കാനില്‍നിന്നും ഹെലിക്കോപ്റ്റില്‍ പുറപ്പെട്ട് ഉച്ചതിരിഞ്ഞ് 2 മണിയോടെ തിരിച്ചെത്തുന്ന ഹ്രസ്വ സന്ദര്‍ശനമാണിത്.   20-Ɔ൦ നൂറ്റാണ്ടിന്‍റെ ആദ്യഭാഗത്ത് പാവങ്ങളുടെ പക്ഷംചേര്‍ന്ന് തങ്ങളുടെ പൗരോഹിത്യം മൗലികമായി സമര്‍പ്പിച്ച രണ്ടു ഇടവകവൈദികരുടെ സ്മൃതിമണ്ഡപങ്ങളിലേയ്ക്കുള്ള ആദരസൂചകമായ അപൂര്‍വ്വ സന്ദര്‍ശനമാണിത്.

1.  ബസ്സോളോയിലെ തീക്ഷ്ണമതിയായ വികാരി    ക്രെമോണാ രൂപതയിലെ ബൊസ്സോളോയിലെ വികാരിയായിരുന്നു ഫാദര്‍ പ്രീമോ മസ്സൊളാരി (1890-1959). പാവപ്പെട്ട കുടുംബത്തില്‍ ജനിച്ചു. പഠിച്ച് വൈദികനായി. ലോകമഹായുദ്ധങ്ങളില്‍ പട്ടാളസേവനംചെയ്തിട്ടുണ്ട്. പാവപ്പെട്ടവരുടെ സഭ സ്വപ്നംകണ്ട അജപാലകനും തീക്ഷ്ണതിയുമായിരുന്നു ഡോണ്‍ പ്രീമോ. ഒപ്പം അദ്ദേഹം വാഗ്മിയും നല്ല എഴുത്തുകാരനുമായിരുന്നു. പാവങ്ങളോടുള്ള മൗലികമായ വീക്ഷണവും സമകാലീന സഭയുടെ പ്രേഷിതശൈലിയെക്കുറിച്ചുള്ള വിമര്‍ശനവും അദ്ദേഹത്തെ സ്വന്തം രൂപതാനേതൃത്വത്തിന്‍റെ അപ്രീതിക്ക് പാത്രീഭൂതനാക്കിയിരുന്നു.

എന്നാല്‍ അക്കാലത്ത് മിലാനിലെ മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍ മൊന്തീനി, പിന്നീട് പോള്‍ ആറാമന്‍ പാപ്പാ അദ്ദേഹത്തെ അനുമോദിക്കുകയും തന്‍റെ രൂപതയിലേയ്ക്ക് പലവട്ടം ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ജോണ്‍ 23-Ɔമന്‍ പാപ്പാ ഫാദര്‍ പ്രീമോയെ വത്തിക്കാനിലേയ്ക്കു ക്ഷണിക്കുകയും, ഒരിക്കല്‍ സ്വകാര്യകൂടിക്കാഴ്ച നടത്തുകയുംചെയ്തു. “അരൂപീയാല്‍ നിറ‍ഞ്ഞ പ്രഘോഷകന്‍…,” എന്നാണ് ഫാദര്‍ പ്രീമോയെ പാപ്പാ റങ്കോളി വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്‍റെ നന്മ തിരിച്ചറിയാന്‍ കാലം ഇടയാക്കി. 2015-ല്‍ ക്രിമോണാ അതിരൂപത ഫാദര്‍ പ്രീമോയുടെ നാമകരണ നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചു.

ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ പാപ്പാ 9.00-ന് പാപ്പാ ഫ്രാന്‍സിസ് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ബസ്സോളോയില്‍ എത്തിച്ചേരും. സ്ഥലത്തെ മേയറും ക്രെമോണ രൂപതയുടെ മെത്രാപ്പോലീത്തയും ചേര്‍ന്ന് പാപ്പായെ സ്വീകരിക്കും. ഫാദര്‍ പ്രീമോ മസ്സൊലാരിയുടെ ഭൗതികശേഷിപ്പുകള്‍ അടക്കംചെയ്തിട്ടുള്ള പത്രോസ്ലീഹായുടെ ഇടവകപ്പള്ളി പാപ്പാ സന്ദര്‍ശിക്കും. ഫാദര്‍ പ്രീമോയെ നേരില്‍ക്കാണുകയും അടുത്ത് ഇടപഴകുകയും ചെയ്തിട്ടുള്ളവരുമായി പാപ്പാ കൂടിക്കാഴ്ച നടത്തും. ഇടവകജനങ്ങളെ പാപ്പാ അഭിസംബോധനചെയ്യും. തുടര്‍ന്ന് 10.30-ന് സന്ദര്‍ശനത്തിന്‍റെ രണ്ടാം ഘട്ടമായി, ഫാദര്‍ ലൊറെന്‍സോ മിലാനിയുടെ ഭൗതികശേഷിപ്പുകളുള്ള ബാര്‍ബിയാനയിലെ ക്രിസ്തുരാജന്‍റെ നാമത്തിലുള്ള ഇടവകപ്പള്ളിയിലേയ്ക്കു പാപ്പാ കാറില്‍ യാത്രചെയ്യും.

2.  ബാര്‍ബിയാനയിലെ യുവജനപ്രേഷിതന്‍    ഫ്ളോറന്‍സ് അതിരൂപതാ വൈദികനായിരുന്ന ഫാദര്‍ ലൊറേന്‍സോ മിലാനി (1923-1967). സമ്പന്ന കുടുംബസ്ഥനായിരുന്നെങ്കിലും നിരീശ്വരവാദികളായ മാതാപിതാക്കളില്‍നിന്നുമായിരുന്നു ജനനം. യുവാവായിരിക്കെ മിലാനി മാനസാന്തരപ്പെട്ട് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. 1947-ല്‍ വൈദികനായി. പാവങ്ങള്‍ക്കുവേണ്ടി എല്ലാം സമര്‍പ്പിച്ച അദ്ദേഹം സമ്പന്നമായിരുന്ന സഭയെയും സഭാധികാരികളെയും നിശിതമായി വിമര്‍ശിക്കുമായിരുന്നു. എന്നാല്‍ അനുസരണയും വിധേയത്വവും മാതൃകാപരവുമായിരുന്നു.

അദ്ദേഹത്തിന്‍റെ സത്യസന്ധതയും സുതാര്യതയുംകൊണ്ട് തീവ്രവാദിയായി തെറ്റിദ്ധരിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയുംചെയ്തിട്ടുണ്ട്. എങ്കിലും മിലാനി സഭയോടും സഭാധികാരികളോടും ക്രിസ്തുവിനോടുചേര്‍ന്നും പാവങ്ങള്‍ക്കുവേണ്ടി സമര്‍പ്പിതനായി ജീവിച്ചു. അവസാനം ഫ്ലോറന്‍സിന്‍റെ പ്രാന്തത്തിലുള്ള വളരെ ലളിതമായ ബാര്‍ബിയാനയിലായിരുന്നു ഫാദര്‍ മിലാനി അവസാനനാളുകള്‍ ചെലവഴിച്ചത്. ഡോണ്‍ മിലാനിയുടെ ചരമത്തിന്‍റെ 50-Ɔ൦ വാര്‍ഷികവും കണക്കിലെടുത്താണ് പാപ്പാ ഫ്രാന്‍സിസ് ഈ സന്ദര്‍ശനം വടക്കെ ഇറ്റലിയിലേയ്ക്ക് നടത്തുന്നത്.

സ്ഥലത്തെ മേയറും, ഫ്ലോറന്‍സ് അതിരൂപതാദ്ധ്യന്‍ കര്‍ദ്ദിനാള്‍ ജുസേപ്പെ ബെത്തോരിയും ചേര്‍ന്ന് പാപ്പായെ ബാര്‍ബിയാനയില്‍ സ്വീകരിക്കും. ഫാദര്‍ ലൊറെന്‍സോ മിലാനി അടക്കംചെയ്യപ്പെട്ടിരിക്കുന്ന ക്രിസ്തുരാജന്‍റെ ബാര്‍ബിയാനയിലെ ഇടവകപ്പള്ളി പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കും. നല്ല വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന ഫാദര്‍ മിലാനിയുടെ പൂര്‍വ്വവിദ്യാര്‍ത്ഥികളുമായി അവിടെവച്ച് പാപ്പാ കൂടിക്കാഴ്ച നടത്തും. ഇടവകാംഗങ്ങളെയും പാപ്പാ അഭിസംബോധനചെയ്യും. ഉച്ചതിരിച്ച് 1.30-ന് ഹെലികോപ്റ്ററില്‍ പാപ്പാ വത്തിക്കാനിലേയ്ക്കു മടങ്ങും. 








All the contents on this site are copyrighted ©.