സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ വചനവീഥി

ആയിരംദിനങ്ങളെക്കാള്‍ ശ്രേഷ്ഠം കര്‍ത്താവിന്‍റെ അങ്കണത്തിലെ ഒരുദിവസം

കിന്നരം മീട്ടി ദൈവത്തിനു സ്തുതിപാടാം... - RV

13/06/2017 12:40

സങ്കീര്‍ത്തനം പഠനം : ഗീതം 84-ന്‍റെ വ്യാഖ്യാനം നാലാംഭാഗം.

ഇത്   84-Ɔ൦ സങ്കീര്‍ത്തന പഠനത്തിന്‍റെ നാലാം ഭാഗമാണ്. സീയോണ്‍ ഗീതത്തിന്‍റെ അല്ലെങ്കില്‍ സമാശ്വാസ ഗീതത്തിന്‍റെ ഒന്നുമുതല്‍ ഒന്‍പതുവരെയുളള പദങ്ങളുടെ വ്യാഖാനം നാം കണ്ടുകഴിഞ്ഞു.   ആകെ പന്ത്രണ്ടു പദങ്ങള്‍ മാത്രമുള്ള സാമാന്യം ഹ്രസ്വമായ ഈ സങ്കീര്‍ത്തനത്തിന്‍റെ അവസാനത്തെ മൂന്നു പദങ്ങളാണ് വ്യാഖ്യാനിക്കുന്നത്. കഴിഞ്ഞ പ്രക്ഷേപണങ്ങളിലെ പാഠങ്ങള്‍ നമുക്കൊന്നു സംഗ്രഹിച്ചുകൊണ്ട് മുന്നോട്ടു പോകാം.

ഈ ശരണഗീതത്തിന്‍റെ ആദ്യഭാഗം, കൃത്യമായി പറഞ്ഞാല്‍, ദൈവത്തില്‍ ശരണപ്പെടുന്ന അല്ലെങ്കില്‍ ആശ്വാസം തേടുന്ന ഒരു ഭക്തന്‍റെ ഭാവപ്രകടനങ്ങളാണ് ആദ്യത്തെ അഞ്ചുപദങ്ങളില്‍ സങ്കീര്‍ത്തകന്‍ വരച്ചു കാട്ടുന്നത്. ദൈവത്തെ “സൈന്ന്യങ്ങളുടെ കര്‍ത്താവേ,” എന്നു വിശേഷിപ്പിച്ചു തുടങ്ങുന്ന ഈ ഗീതം വളരെ പ്രകടമായിട്ടും ഇസ്രായേല്‍ ജനത്തിന്‍റെ സാമൂഹ്യ പശ്ചാത്തലത്തിലേയ്ക്കും, കാലഘട്ടത്തിലേയ്ക്കും സ്വാഭാവികമായും നയിക്കുകയാണ്. ദൈവത്തെ “സൈന്ന്യങ്ങളുടെ കര്‍ത്താവേ,” എന്നു വിളിച്ചപേക്ഷിക്കുന്ന ആശയം തീര്‍ച്ചയായും ഇസ്രായേല്യരുടേതാണ്. ഫറവോയുടെ ബന്ധനത്തില്‍നിന്നും തങ്ങളെ നയിച്ച കര്‍ത്താവ്, ശത്രുസൈന്ന്യങ്ങളുടെയും ശത്രുരാജ്യങ്ങളുടെയും ആക്രമണങ്ങളില്‍പ്പെടാതെ അവരെ മുന്നോട്ടു നയിച്ച് ഒരു ജനമാക്കി, ദൈവജനമാക്കി വളര്‍ത്തിയ വികാരങ്ങള്‍ വരികളില്‍ സങ്കീര്‍ത്തകന്‍ ഉള്‍ചേര്‍ന്നിരിക്കുന്നത് തെളിഞ്ഞുവരുന്നു. അങ്ങനെ ശക്തനും, ധീരനും യോദ്ധാവുമായ ദൈവത്തെ ഇസ്രായേല്‍ വിളിച്ചപേക്ഷിക്കുന്നതായി പദങ്ങള്‍ വ്യക്തമാക്കുന്നു. സാധാരണ ഭാഷയില്‍ പറഞ്ഞാല്‍, ‘കരുത്തുള്ള ദൈവത്തി’ലാണ്, ശക്തനായ ദൈവത്തിലാണ് സങ്കീര്‍ത്തകന്‍ ശരണപ്പെടുന്നത്, സമാശ്വാസം തേടുന്നത്. അങ്ങനെ ദൈവത്തില്‍ പ്രത്യാശ വയ്ക്കുന്നൊരു ഭക്തനാണ് സിയോണിലേയ്ക്ക്, ജരൂസലേമിലേയ്ക്ക് കര്‍ത്താവിന്‍റെ പട്ടണത്തിലേയ്ക്ക് തീര്‍ത്ഥാടനത്തിന് ഇറങ്ങിപ്പുറപ്പെടുന്നത്. “കര്‍ത്താവേ അങ്ങേ ഭവനത്തില്‍ വസിക്കുന്നത് എത്രോയോ മോഹനം, മനോഹരം,” ശരണപ്പെടലോടെയും, സമാശ്വാസത്തോടെയുമാണ് ജനങ്ങള്‍ തീര്‍ത്ഥാടനത്തിന് പുറപ്പെടുന്നത്.

ഇത് ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്.  ആലാപനം, രമേഷ് മുരളിയും സംഘവും.

          Musical Version of Ps. 84

        കര്‍ത്താവേ, അങ്ങേ വാസസ്ഥലം  എത്രമോഹനം മനോഹരം! (2).

ഈ ഗീതത്തിന് ഇസ്രായേലിലെ ജനങ്ങളുടെ സാമൂഹിക-സാംസ്ക്കാരിക ജീവിതവുമായി ബന്ധമുണ്ട്. ഇന്നു നാം ക്രിസ്തുമസ്സും പുതുവത്സരവും ആഘോക്കുന്നതുപോലെ ഇസ്രായേല്യരുടെ വലിയ ഉത്സവമായിരുന്നു വിളവെടുപ്പ്. ഇതുതന്നെയായിരുന്നു അവരുടെ പുതുവത്സരവും. വിളവെടുപ്പും പുതുവത്സരവും ചേര്‍ത്ത് ഇസ്രായേല്‍ കര്‍ത്താവിന് നന്ദിപറഞ്ഞുകൊണ്ടാണ് ജരൂസലത്തേയ്ക്ക് തീര്‍ത്ഥാടനം നടത്തിയിരുന്നത്. പുതുവത്സരം കര്‍ത്താവിന്‍റെ സന്നിധിയില്‍നിന്നും ആരംഭിക്കുകയാണ് അവരുടെ ലക്ഷ്യം. കര്‍ത്താവില്‍ ശരണപ്പെട്ടുകൊണ്ട് ആരംഭിക്കുകയെന്നത് അവരുടെ വലിയ ആഗ്രഹം മാത്രമല്ല, സാമൂഹ്യ ഉത്സവമായിരുന്നു. നന്ദിയും പ്രത്യാശയും വികാരങ്ങളായി ഒതുക്കി നില്ക്കേണ്ടതല്ലെന്നും പദങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

വിളവെടുപ്പുത്സവം, തീര്‍ത്ഥാടനം, പുതുവത്സരം എന്നിവ ഇസ്രായേലില്‍ ആഘോഷിക്കപ്പെട്ടിരുന്നത് സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായിരുന്നു. ദൈവത്തിന്‍റെ സൃഷ്ടിയിലുള്ള സ്നേഹവും ശ്രേഷ്ഠതയും ജനങ്ങള്‍ ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന സമയമാണ് വിളവെടുപ്പുകാലം അല്ലെങ്കില്‍ പുതുവര്‍ഷകാലം. ദൈവിക സൃഷ്ടിയുടെ പുനരാവിഷ്ക്കാരമാണ് ഇവിടെ സംഭവിക്കുന്നത്. വിളവെടുപ്പുകാലം കഴിയുമ്പോള്‍ ഭൂമി തരിശാക്കപ്പെടുന്നു. അത് ഉണങ്ങി വരണ്ടു കിടക്കുന്നു. എന്നാല്‍ നിലമൊരുക്കി, വീണ്ടും വിത്തുപാകി, നനച്ച് ഫലമണിയിക്കണമെങ്കില്‍ ദൈവത്തിന്‍റെ അനുഗ്രഹവും, ദൈവികസൃഷ്ടിയുടെ ശ്രേഷ്ഠതയും ദാനമായ മഴയും, നനയും, മുളയും നല്ല കാലാവസ്ഥയുമൊക്കെ ആവശ്യമാണ്, അനിവാര്യമാണ്. അതിനാല്‍ ദൈവം തന്ന നന്മകള്‍ക്ക് നന്ദിപറഞ്ഞുകൊണ്ടും വിളകള്‍ കര്‍ത്താവിനു സമര്‍പ്പിച്ചു കൃതജ്ഞത യര്‍പ്പിച്ചുകൊണ്ടുമാണ്                                         ഇസ്രായേല്‍ ജനം പുതുവത്സരം ആഘോഷിക്കുന്നത്. ജനം ഗ്രാമങ്ങളില്‍നിന്നും, കുടുംബങ്ങളില്‍നിന്നും ഒറ്റയായും പറ്റമായും ജരൂസലത്തേയ്ക്ക് തീര്‍ത്ഥാടനംചെയ്യുന്നത്, എന്തൊരു ഉത്സഹത്തോടെയാണ്! എന്തൊരു ഉത്സവമാണത്! മനുഷ്യന്‍റെ സാമൂഹ്യജീവിതം ദൈവവുമായി എത്രത്തോളം ബന്ധപ്പെട്ടിരുന്നുവെന്ന് ഈ പദങ്ങള്‍ തെളിയിക്കുന്നു. നവജീവന്‍റെയും നവോത്മേഷത്തിന്‍റെയും ആഗ്രഹങ്ങള്‍ മനസ്സില്‍ ഒതുക്കിവയ്ക്കാതെ അത് ജീവിതത്തിലേയ്ക്ക്, പ്രവൃത്തിയിലേയ്ക്ക് - തീര്‍ത്ഥാടനമായും പ്രാര്‍ത്ഥനയായും രൂപാന്തരപ്പെടുന്നുവെന്നത് ഇവിടെ ശ്രദ്ധേയമാകുന്ന വസ്തുതകളാണ്.

      Musical Version of Ps. 84

                    എന്‍റെ ആത്മാവ് കര്‍ത്താവിന്‍റെ അങ്കണത്തിലെത്താന്‍

തീവ്രമായ് ആഗ്രഹിക്കുന്നു

എന്‍റെ മനസ്സും ശരീരവും ജീവനുള്ള ദൈവത്തിനു

സ്തോത്രഗീതം ആലപിക്കുന്നു.

ഇനി നമുക്ക് 84-Ɔ൦ ഗീതത്തിന്‍റെ ബാക്കി പദങ്ങളിലേയ്ക്ക്, അതായത് അവസാനപദങ്ങളിലേയ്ക്ക് കടക്കാം. മനുഷ്യന്‍ ദൈവത്തില്‍ അര്‍പ്പിക്കുന്ന ശരണത്തിന്‍റെ തീവ്രതയാണ് തെളിഞ്ഞുനില്കുന്നത്. പദങ്ങളുമായി - 10, 11, 12 പദങ്ങളുമായി നമുക്ക് പരിചയപ്പെടാം.

                RECITATION :

   അന്യസ്ഥലത്ത് ആയിരം ദിനങ്ങളെക്കാള്‍

   അങ്ങയുടെ അങ്കണത്തില്‍ ഒരു ദിവസം ആയിരിക്കുന്നതു

   എത്രയോ അഭികാമ്യമാണ്!

   ദുഷ്ടതയുടെ കൂടാരങ്ങളില്‍ വാഴുന്നതിനെക്കാള്‍

   ദൈവത്തിന്‍റെ ആലയവാതില്ക്കല്‍ കാവല്‍ക്കാരനാകാന്‍ ഞാന്‍ കൊതിക്കുന്നു.

   എന്തെന്നാല്‍, ദൈവമായ കര്‍ത്താവു - സൂര്യനും പരിചയുമാണ്.

   ഒപ്പം, അവിടുന്നു കൃപയും ബഹുമതിയും നല്‍കുന്നു.

   പരമാര്‍ത്ഥതയോടെ വ്യാപരിക്കുന്നവര്‍ക്ക്

   ഒരു നന്മയും കര്‍ത്താവു നിഷേധിക്കില്ല (2)

   സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയില്‍    

 ആശ്രയിക്കുന്നവന്‍,  പ്രത്യാശയര്‍പ്പിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.

ഈ പദങ്ങള്‍ ദൈവത്തിന്‍റെ രക്ഷയുടെ സാമീപ്യം ഉപമകളിലൂടെ വ്യക്തമാക്കുകയാണ്. ജീവിക്കുന്ന ദൈവത്തിന്‍റെ സാന്നിദ്ധ്യത്തിലും ശക്തിയിലും ചെലവാക്കുന്ന സമയം സമ്പൂര്‍ണ്ണ ജീവിതസാഫല്യം നല്‍കുന്നു. എന്നാല്‍ അനുദിന ജീവിതവ്യഗ്രതകളും ബുദ്ധിമുട്ടുകളും മനുഷ്യരില്‍ ശൂന്യതാബോധം വളര്‍ത്തുന്നു. അങ്ങനെ യാഹ്വേയുടെ തിരുമുറ്റത്തു ചെലവഴിക്കുന്ന ഒരുദിനം മറ്റു സ്ഥലങ്ങളില്‍ ചെലവഴിക്കുന്ന ആയിരം ദിനങ്ങളെക്കാള്‍ മെച്ചമാണ്, ശ്രേഷ്ഠമാണ് എന്നാണ് ഗീതകന്‍, അല്പം അതിശയോക്തിയോടെയെങ്കിലും അവതരിപ്പിക്കുന്നത്. ദേവാലയാങ്കണത്തില്‍, കര്‍ത്താവിന്‍റെ സന്നിധിയില്‍ ആയിരിക്കുക, എന്ന അനുഭവം മറ്റു ജീവിതാനുഭവങ്ങളെക്കാള്‍ ഗുണത്തിലും ഫലത്തിലും അതിശ്രേഷ്ഠവും വിലമതിക്കപ്പെടേണ്ടതുമാണ്.

10-Ɔ൦ വാക്യത്തിന്‍റെ രണ്ടാം ഭാഗം വ്യത്യസ്തമായി ചിലര്‍ മനസ്സിലാക്കാറുണ്ട്, വ്യഖ്യാനിക്കാറുണ്ട്. അതായത് ദുഷ്ടന്‍റെയും സമ്പന്നരുടെയും വീട്ടില്‍ വസിക്കുന്നതിലും ഭേദം, ദേവാലയ കവടത്തിങ്കല്‍ കഴിയുകയാണെന്ന്. നീതമാന്മാര്‍ മാത്രമാണ് ഈ പുണ്യസ്ഥലത്തിന്‍റെ പടികള്‍ ചവിട്ടിക്കയറാന്‍ തുനിയുന്നത്. അയോഗ്യവാന്മാര്‍ അങ്ങോട്ടു കയറാന്‍ മുതിരരുതത്രേ!. പിന്നെ 11-Ɔ൦ വാക്യത്തില്‍ - ദൈവത്തിന്‍റെ ശക്തിയും സംരക്ഷണവും പ്രീതിയും അനുസ്മരിക്കപ്പെടുകയാണ്. ദൈവം ഒരിക്കലും നീതിമാനു നന്മ നിഷേധിക്കുയില്ല. ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കുന്ന, അല്ലെങ്കില്‍ ദൈവത്തില്‍ ശരണംപ്രാപിക്കുന്ന വലിയ ഭാഗ്യത്തിലേയ്ക്ക് എല്ലാവരെയും ക്ഷണിച്ചുകൊണ്ട് സങ്കീര്‍ത്തനം സമാപിക്കുന്നു. അതായത് ദൈവത്തോടുള്ള നന്ദിയും, ദൈവത്തിലുള്ള പ്രത്യാശയും വിധേയത്വവും, അതുപോലെ അനുരഞ്ജനവും വാക്കുകളില്‍ മാത്രം ഒതുക്കി നിര്‍ത്തേണ്ട വികാരങ്ങളെല്ലാന്നാണ് സങ്കീര്‍ത്തകന്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നത്. അത് പ്രാര്‍ത്ഥനായി തീര്‍ത്ഥാടനമായി കര്‍ത്താവിന്‍റെ സന്നിധിയിലേയ്ക്കുള്ള പ്രയാണമായി, ആന്തരിക വളര്‍ച്ചയായി പ്രകടമാക്കപ്പെടേണ്ടതാണെന്ന് വരികള്‍ സ്പഷ്ടമാക്കുന്നു, നമ്മെ പ്രചോദിപ്പിക്കുന്നു.

          Musical Version of Ps. 84

          എന്‍റെ രാജാവും ദൈവവുമായ കര്‍ത്താവേ

           അങ്ങേ ബലിപീഠമെന്‍റെ സങ്കേതം

           എന്നേയ്ക്കുമങ്ങയെ സ്തുതിച്ചു ഞാന്‍

           അവിടുത്തെ ആലയത്തില്‍ ദീര്‍ഘകാലം വസിക്കുന്നു.


(William Nellikkal)

13/06/2017 12:40