2017-05-23 12:02:00

സംഘാതാത്മകത സഭയുടെ സരണി-പാപ്പാ


ഒത്തൊരുമിച്ചുള്ള പ്രയാണമാണ് സഭയുടെ സ്വാഭാവിക സരണിയെന്ന് മാര്‍പ്പാപ്പാ.

ഇറ്റലിയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ (CEI) എഴുപതാം പൊതുസമ്മേളനം തിങ്കളാഴ്ച(22/05/17) വൈകുന്നേരം വത്തിക്കാനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.

സംഘാതാത്മകതയാണ് ദൈവത്തിന്‍റെ നയനങ്ങളിലൂടെയും അവിടത്തെ ഹൃദയംകൊണ്ടും  യാഥാര്‍ത്ഥ്യങ്ങളെ വ്യാഖ്യാനിക്കാന്‍ സഭാനേതൃത്വത്തെ പ്രാപ്തമാക്കുകയെന്നും മുറിവേറ്റിരിക്കുന്നതായ ഈ കാലഘട്ടത്തില്‍ ജീവന്‍റെ   ശുശ്രൂഷകരാകാനും യേശുവിനെ അനുഗമിക്കാനുമുള്ള വ്യവസ്ഥയാണ് ഇതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

സംഘാതമായ ഈ യാത്ര അടഞ്ഞ മനോഭാവങ്ങളാലും പ്രതിരോധങ്ങളാലും മുദ്രിതമാണെന്ന വസ്തുതയിലേക്കും വിരല്‍ചൂണ്ടിയ പാപ്പാ നമ്മുടെ അവിശ്വസ്തകള്‍ വിശ്വാസനിധിക്കുള്ള സാക്ഷ്യത്തിന്‍റെ വിശ്വാസ്യതയെ ഒറ്റുകൊടുക്കുന്ന കടുത്ത പ്രക്രിയയാണെന്നും പീഢനങ്ങളുടെ ലോകത്തില്‍ നിന്നുവരുന്ന  ഭീഷണികളെക്കാള്‍ ദോഷകരമാണവയെന്നും മുന്നറിയിപ്പു നല്കി.

ദൈവത്തിന്‍റെ സഭയെ നയിക്കാന്‍, നല്ലിടയന്‍റെ ദൗത്യത്തില്‍ പങ്കാളികളാകാന്‍ വിളിക്കപ്പെട്ടവരുടെ നയനങ്ങള്‍ക്കു മുന്നില്‍ ആരും അദൃശ്യരായിരിക്കുകയൊ, പാര്‍ശ്വവത്കൃതരായിരിക്കുകയൊ അരുതെന്നും കാരുണ്യവാനായ പിതാവിന്‍റെ   കരുതലോടെയും ആര്‍ദ്രതയോടെയും ഉദാരതയോടെയും ഓരൊ വ്യക്തിയുടെയും പക്കല്‍ എത്തണമെന്നും പാപ്പാ മെത്രാന്മാരെ ഓര്‍മ്മിപ്പിച്ചു.

ഇറ്റലിയിലെ കത്തോലിക്കാമെത്രാന്‍ സംഘം (CEI) തിങ്കളാഴ്ച(22/05/17) ആരംഭിച്ച എഴുപതാം പൊതുസമ്മേളനം വ്യാഴാഴ്ച (25/05/17) വരെ നീളും.

 “യുവജനം, വിശ്വാസസമാഗമത്തിന്” എന്നതാണ് ഈ ചതുര്‍ദിനസംഗമത്തിന്‍റെ  വിചിന്തന പ്രമേയം.      








All the contents on this site are copyrighted ©.