2017-04-08 13:29:00

"ക്രൂശിതകള്‍ക്കായി" ശ്ലീവാപ്പാത


“ക്രൂശിതകള്‍ക്കു വേണ്ടി” എന്ന ശീര്‍ഷകത്തില്‍ കുരിശിന്‍റെ വഴി റോമില്‍ നടത്തപ്പെട്ടു.

പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവത്കൃതര്‍ക്കും വേണ്ടി ഒറേസ്തെ ബെന്‍സി എന്ന ഇറ്റലിക്കാരനായ വൈദികന്‍ 1968 ല്‍ ഇരുപത്തിമൂന്നാം യോഹന്നാന്‍ പാപ്പായുടെ നാമത്തില്‍ സ്ഥാപിച്ച സമൂഹമാണ്, സ്വന്തം ശരീരം വില്ക്കാന്‍ നിര്‍ബന്ധിതരും മനുഷ്യക്കടത്തിനിരകളുമായ സ്ത്രീകള്‍ക്കുവേണ്ടി വെള്ളിയാഴ്ച (07/04/17) ഈ കുരിശിന്‍റെ വഴി നടത്തിയത്.

ഇത്തരമൊരു കുരശിന്‍റെ വഴി തുടര്‍ച്ചയായി മൂന്നാം തവണയാണ്.

റോമിലെ ഗര്‍ബത്തേല്ല എന്ന സ്ഥലത്തുനിന്നു തുടങ്ങി ഏതാനും കിലോമീറ്ററുകള്‍ അകലെയുള്ള വിശുദ്ധ ഫ്രാന്‍ചെസ്ക റൊമാനയുടെ നാമത്തിലുള്ള ദേവലായം വരെ ആയിരുന്നു ശ്ലീവാപ്പാത.

ലൈംഗികചൂഷണത്തിനും മനുഷ്യക്കടത്തിനും ഇരകളായിത്തീരുന്ന സ്ത്രീകള്‍ ക്രിസ്തുവിന്‍റെ കാല്‍വരിസഹനത്തിനു സമാനമായ ഒരനുഭവം ജീവിക്കയാണെന്ന് ഇരുപത്തിമൂന്നാം യോഹന്നാന്‍ പാപ്പായുടെ നാമത്തിലുള്ള സമൂഹത്തിന്‍റ കീഴില്‍ മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന വിഭാഗത്തിന്‍റെ ചുമതലയുള്ള വൈദികന്‍ ആല്‍ദൊ ബൊന്നയൂത്തൊ വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

വേശ്യാവൃത്തിയിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന ഖേദകരമായ അവസ്ഥയെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.  

 








All the contents on this site are copyrighted ©.