2017-01-28 09:01:00

മാമ്മോദീസാ എന്ന കൂദാശ, സഭൈക്യത്തിന്‍റെ അടിസ്ഥാനം: ഫ്രാന്‍സീസ് പാപ്പാ


മാമ്മോദീസാ എന്ന കൂദാശയിലാണ് ക്രൈസ്തവസഭകളുടെ ഐക്യത്തിന്‍റെ അടിസ്ഥാനം.  ഫ്രാന്‍സീസ് പാപ്പാ

കത്തോലിക്കാസഭയുടെയും പൗരസ്ത്യ ഓര്‍ത്തൊഡോക്സ് സഭകളുടെയും ദൈവശാസ്ത്ര സംവാദത്തിനു വേണ്ടിയുള്ള സംയുക്ത അന്താരാഷ്ട്രകമ്മീഷനെ അഭിസംബോധന ചെയ്തു കൊണ്ടുള്ള സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇപ്രകാരം പ്രസ്താവിച്ചത്. 2017 ജനുവരി 27, വെള്ളിയാഴ്ച, വത്തിക്കാനിലെ ക്ലെമെന്‍റൈന്‍ ശാലയിലാണ് ഈ കമ്മീഷന്‍റെ  മുപ്പത്തൊന്ന് അംഗങ്ങളെ പാപ്പാ സ്വാഗതം ചെയ്തത്.

ക്രിസ്തുവില്‍ പ്രിയ സഹോദരരേ എന്ന അഭിസംബോധനയോടെ ആരംഭിച്ച സന്ദേശത്തില്‍ 2003-ല്‍ ആരംഭിച്ച, ഈ കമ്മീഷന്‍റെ സേവനത്തെ കൃതജ്ഞതയോടെ അനുസ്മരിച്ചു.  പാപ്പാ പറഞ്ഞു:

ഇത് ഈ കമ്മീഷന്‍റെ പതിനാലാമത്തെ സമ്മേളനമാണ്. കഴിഞ്ഞ വര്‍ഷം കൂദാശകളുടെ സ്വഭാവത്തെക്കുറിച്ചു പഠിക്കുന്നതിനാരംഭിച്ചു, പ്രത്യേകിച്ചും മാമ്മോദീസാ എന്ന കൂദാശയുടെ.  കൃത്യമായി പറഞ്ഞാല്‍, മാമ്മോദീസാ എന്ന കൂദാശയിലാണ് ക്രൈസ്തവസഭകളുടെ ഐക്യത്തിന്‍റെ അടിസ്ഥാനം നാം കണ്ടെത്തുക. കത്തോലിക്കസഭയിലെയും പൗരസ്ത്യ ഓര്‍ത്തഡൊക്സ് സഭകളിലെയും അംഗങ്ങളായ നമുക്കൊരുമിച്ച് പൗലോസ് അപ്പസ്തോലന്‍റെ വാക്കുകള്‍ ആവര്‍ത്തിക്കാം.

നാമെല്ലാവരും ഒരേ ആത്മാവില്‍ ഏകശരീരമാകാന്‍ ജ്ഞാനസ്നാനമേറ്റു (1 കോറി 12,13). ഈ ആഴ്ചയില്‍ നിങ്ങള്‍, ''ക്രിസ്തീയജീവിതത്തിന്‍റെ ഉറവിടവും പരകോടിയുമായ'' (LG, 11) വി. കുര്‍ബാനയുടെ ചരിത്രപരവും ദൈവശാസ്ത്രപരവും സഭാപരവുമായ വശങ്ങളെക്കുറിച്ചു പരിചിന്തനം നടത്തുകയായിരുന്നു. നമ്മുടെ ഈ യാത്രയുടെ പുരോഗതി എളുപ്പമാക്കുന്നതിനുള്ള പ്രയത്നത്തില്‍ നിങ്ങളെ ഞാന്‍ ഉത്തേജനമേകുന്നു...  പൗലോസ്ശ്ലീഹാ ഇങ്ങനെയും എഴുതുന്നു: ''ഒരു അവയവം വേദനയനുഭവിക്കുമ്പോള്‍ എല്ലാ അവയവങ്ങളും വേദനയനുഭവിക്കുന്നു'' (1 കോറി 12:26). നിങ്ങളുടെ സഹനങ്ങള്‍ ഞങ്ങളുടെയും സഹനങ്ങളാണ്. സംഘട്ടനങ്ങള്‍ അവസാനിക്കുന്നതിനും ദൈവത്തിന്‍റെ സാന്നിധ്യം സഹിക്കുന്ന എല്ലാവരും പ്രത്യേകിച്ചു കുഞ്ഞുങ്ങളും, രോഗികളും വയോധികരും അറിയുന്നതിനും വേണ്ടി നിങ്ങളോടൊത്തു ‍ഞാനും പ്രാര്‍ഥിക്കുന്നു...

  ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്നു: ക്രിസ്തീയജീവിതത്തിന്‍റെ കേന്ദ്രം, സ്നേഹത്താല്‍ നമുക്കുവേണ്ടി മരിക്കുകയും ഉയിര്‍ക്കുകയും ചെയ്ത ക്രിസ്തുവിന്‍റെ രഹസ്യമാണ്.  അതുതന്നെയാണ് പൂര്‍ണൈക്യത്തിലേക്കുള്ള നമ്മുടെ യാത്രയുടെ പരാമര്‍ശബിന്ദുവും.  ക്രൈസ്തവ രക്തസാക്ഷികള്‍ നമുക്ക് ആ പാത കാണിച്ചുതന്നിട്ടുണ്ട്.  വിവിധകാരണങ്ങളാല്‍ വിഭജനത്തിലേക്കു നീങ്ങാമായിരുന്ന ക്രൈസ്തവരെ എത്രയോ പ്രാവശ്യം അവരുടെ ത്യാഗങ്ങളാല്‍ അവര്‍ ഐക്യത്തിലേക്കു നയിച്ചിട്ടുണ്ട്.  ഏതു സഭാപാരമ്പര്യത്തില്‍ പെട്ടവരായിരുന്നാലും  രക്തസാക്ഷികളും വിശുദ്ധരും ക്രിസ്തുവില്‍ ഒന്നാണ് (യോഹ 17:22).

അവരുടെ സന്ദര്‍ശനത്തിനു നന്ദി പറഞ്ഞുകൊണ്ടും അവര്‍ക്കായി ദൈവാനുഗ്രഹം പ്രാര്‍ഥിച്ചുകൊണ്ടുമാണ് പാപ്പാ തന്‍റെ സന്ദേശം അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.