സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

പനാമ യുവജനോത്സവത്തിന് ‘മേരിയന്‍ പ്രമേയം’

മേരിയന്‍ പ്രമേയവുമായി പനാമ യുവജനോത്സവത്തിന് ഒരുങ്ങുന്നു - RV

27/01/2017 09:52

മദ്ധ്യമേരിക്കന്‍ രാജ്യമായ പനാമയില്‍ 2019-ല്‍ അരങ്ങേറാന്‍ പോകുന്ന ലോക യുവജനോത്സവത്തിന്‍റെ സവിശേഷതയായിരിക്കും ‘മേരിയന്‍ പ്രമേയം’ . അല്‍മായര്‍, കുടുംബം, ജീവന്‍ എന്നിവയ്ക്കായുള്ള വത്തിക്കാന്‍ വകുപ്പിന്‍റെ തലവനും ആഗോള യുവജനസംഗമത്തിന്‍റെ ഉത്തരവാദിത്ത്വം വഹിക്കുകയുംചെയ്യുന്ന കര്‍ദ്ദിനാള്‍ കെവിന്‍ ഫാരല്‍ അറിയിച്ചു.

യുവജനോത്സവത്തിന്‍റെ ചരിത്രത്തിലാദ്യമായി ‘മേരിയന്‍ പ്രമേയം’ തിരഞ്ഞെടുത്തത് ഡിസംബര്‍ ആദ്യവാരത്തില്‍ പനാമയില്‍ സംഗമിച്ച സംഘാടക സമിതിയാണ്. പാപ്പാ ഫ്രാന്‍സിസ് അത് അംഗീകരിക്കുകയും ചെയ്തുവെന്ന് ജനുവരി 26-Ɔ൦ തിയതി വ്യാഴാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ കര്‍ദ്ദിനാള്‍ ഫാരല്‍ പറഞ്ഞു.

2019 ജനുവരി 22-മുതല്‍ 27-വരെ തിയതികളിലാണ് പനാമയില്‍ ലോക യുവജനമാമാങ്കം പാപ്പായുടെ സാന്നിദ്ധ്യത്തില്‍ അരങ്ങേറാന്‍പോകുന്നത്. അമേരിക്കന്‍ ജനതയുടെ വിശ്വാസത്തിന്‍റെ ഉത്തമാംശം പരിശുദ്ധ കന്യകാനാഥയോടുള്ള ഭക്തിയാണ്. അതുകൊണ്ടുതന്നെ ഭൂഖണ്ഡത്തിലാകമാനം ഈ യുവജനോത്സവം പ്രസക്തവും സജീവവുമാകും. 2016-ല്‍ പോളണ്ടില്‍ നടന്ന കഴിഞ്ഞ സംഗമത്തിന്‍റെ മൂന്നാംവര്‍ഷത്തിലാണ് മേരിയന്‍ പ്രമേയവുമായി ആഗോളസഭയുടെ യുവജനമേളയ്ക്കായി പനാമ ഒരുങ്ങുന്നത്.

ചെറിയ രാജ്യമാണെങ്കിലും അമേരിക്ക ഭൂകണ്ഡത്തിലെ വിശ്വാസത്തിന്‍റെ പിള്ളത്തൊട്ടിലാണ് പനാമ. സുവിശേഷസന്ദേശം അമേരിക്കന്‍ മണ്ണിലെത്തിയത് പനാമവഴിയാണ്. അവിടെ ലാ അന്തീഗ്വായിലാണ് (La Antigua) 1513-ല്‍ അമേരിക്ക ഭൂഖണ്ഡത്തിലെ പ്രഥമ രൂപത സ്ഥാപിതമായത്. മാത്രമല്ല, ഇന്ന് കുടിയേറ്റത്തിന്‍റെയും കേന്ദ്രമാണ് പനാമാ. ഭൂഖണ്ഡത്തിന്‍റെ തെക്കുനിന്നും വടക്കോട്ടുള്ള നീക്കങ്ങളില്‍ ജനങ്ങള്‍ക്ക് കണ്ണിയാകുന്നത് സൂയസ് കനാലിന്‍റെ ഈ ചെറുരാജ്യമാണ്. മാനവകുലത്തിന്‍റെ കാലികമായ കുടിയേറ്റപ്രതിസന്ധിയെ യുവജനങ്ങള്‍ക്ക് കൂടുതല്‍ മനസ്സിലാക്കാനും വിലയിരുത്താനുമുള്ള വേദിയാകും പനാമയെന്നും സംഘാടകര്‍ കരുതുന്നുണ്ട്.

പനാമയിലെ യുവജനോത്സവത്തിന്‍റെ മറ്റൊരു തനിമ ഇതര സഭാകൂട്ടായ്മകളില്‍നിന്നുമുള്ള യുവജനങ്ങളെ ക്ഷണിക്കുന്നെന്നതാണ്. ഇത് മുന്‍കാലങ്ങളിലും സഭ ചെയ്തിട്ടുള്ളതാണ്. എന്നാല്‍ ഇതര സഭകളുടെ വര്‍ദ്ധിച്ച സാന്നിദ്ധ്യമുള്ള അമേരിക്കന്‍ നാടുകളിലെ യുവജനങ്ങളെ ഉള്‍ക്കൊള്ളാനും, അതുവഴി ക്രിസ്തീയകൂട്ടായ്മ ബലപ്പെടുത്താനും, സഭൈക്യത്തിന്‍റെ പ്രയോക്താവായ പാപ്പാ ഫ്രാന്‍സിസിനോടൊപ്പം ഒത്തുചേരാനുമുള്ള തീക്ഷ്ണതയാണ്  തുറവുള്ള ക്ഷണത്തിന്‍റെ പിന്നിലെന്ന് സംഘാടക സമിതിക്കുവേണ്ടി വത്തിക്കാനില്‍നിന്നും യുവജനസംഗമത്തിന്‍റെ ഉത്തരവാദിത്ത്വംവഹിക്കുന്ന കാര്‍ദ്ദിനാള്‍ കെവിന് ഫാരെല്‍ പ്രസ്താവനയില്‍ വിവരിച്ചു.  


(William Nellikkal)

27/01/2017 09:52