2016-11-21 11:36:00

ഏഷ്യയ്ക്ക് രണ്ട് കര്‍ദ്ദിനാളന്മാര്‍


നവംബര്‍ 19-Ɔ൦ തിയതി ശനിയാഴ്ച വത്തിക്കാനില്‍ നടന്ന കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ സാധാരണ പൊതുസംഗമത്തില്‍ (Consistory) മറ്റു 15 പേര്‍ക്കൊപ്പം ഈ ഏഷ്യക്കാരായ രണ്ടു പേരെയും കര്‍ദ്ദിനാളന്മാരായി പാപ്പാ ഫ്രാന്‍സിസ് വാഴിച്ചു.

ആര്‍ച്ചുബിഷപ്പ് അന്തോണി സോത്തെര്‍ ഫെര്‍ണാണ്ടസ്, 1983-മുതല്‍ മലേഷ്യയിലെ ക്വാലലമ്പൂര്‍ അതിരൂപതയുടെ മെത്രാപ്പോലീതത്തയായിരുന്നു. 2003-ല്‍ വിരമിച്ചു. പെനാങ്ക് സ്വദേശിയാണ്.

84 വയസ്സുണ്ട്. വിശ്രമജീവിതം നയിക്കുന്നു. കര്‍ദ്ദിനാള്‍ പദവിയില്‍ എത്തിച്ചേര്‍ന്ന പ്രഥമ മലേഷ്യക്കാരനാണ് ആര്‍ച്ചുബിഷപ്പ് സോത്തര്‍ ഫെര്‍ണാണ്ടസ്. പ്രായാധിക്യംകൊണ്ട് കര്‍ദ്ദിനാള്‍ സംഘത്തില്‍ വോട്ടവകാശം ഇല്ലെങ്കിലും അജപാലന രംഗത്തെ ശ്രദ്ധേയമായ സമര്‍പ്പണമാണ് അദ്ദേഹത്തിന് കര്‍ദ്ദിനാള്‍ പദവി നേടിക്കൊടുത്തത്. 84-Ɔ൦ വയസ്സിലും അദ്ദേഹം തന്‍റെ രൂപതയിലും പുറത്തും പ്രവര്‍ത്തന നിരതനാണ്.

ബാംഗ്ലാദേശിലെ ഡാക്കാ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് പാട്രിക് റൊസേരിയോയാണ് പുതിയ കര്‍ദ്ദിനാളന്മാരിലെ രണ്ടാമത്തെ ഏഷ്യക്കാരന്‍. ചിറ്റഗോംഗ് സ്വദേശി. 73 വയസ്സുണ്ട്. വിശുദ്ധകുരിശിന്‍റെ സന്ന്യാസ സഭാംഗം (Congregation of the Holy Cross). 80 വയസ്സിനും താഴെ പ്രായമാകയാല്‍ സഭയുടെ ഔദ്യോഗികകാര്യങ്ങളിലും പാപ്പായുടെ തിരഞ്ഞെടുപ്പിലും കര്‍ദ്ദിനാള്‍ പാട്രിക്കിന് വോട്ടവകാശമുള്ളതാണ്. ബാംഗ്ലാദേശിലെ പ്രഥമ കര്‍ദ്ദിനാളാണ്.

ആഗോള സഭയില്‍ 17 പുതിയ കര്‍ദ്ദിനാളന്മാരെ പാപ്പാ തിരഞ്ഞെടുത്തില്‍ 13 പേര്‍ വോട്ടവകാശം ഉള്ളവരും 4 പേര്‍ വോട്ടവകാശം ഇല്ലാത്തവരുമാണ്. ഇപ്പോള്‍ സഭയില്‍ ആകെ 211 കര്‍ദ്ദിനാളന്മാര്‍ ഉണ്ട്. അതില്‍ 111 പേര്‍ 80 വയസ്സിനു താഴെ സഭയുടെ ഔദ്യോഗിക കാര്യങ്ങളില്‍ വോട്ടവകാശമുള്ളവരും, ബാക്കി 100-പേര്‍ വോട്ടവകാശമില്ലാത്തവരുമാണ്.  ക്യൂബയിലെ ഹവാനയുടെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ ജെയിംസ് ഒര്‍ത്തേഗയ്ക്ക് 2016 ഒക്ടോബര്‍ 18-ന് 80 വയസ്സു തികയും. പോളണ്ടിലെ ക്രാക്കോ അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് മഹാര്‍സ്കിയാണ് ഒടുവില്‍ കാലംചെയ്ത കര്‍ദ്ദിനാള്‍ (2 ആഗസ്റ്റ് 2016). 








All the contents on this site are copyrighted ©.