2016-10-15 15:52:00

പ്രാര്‍ത്ഥന നല്കുന്ന സുരക്ഷ : പിതാവിന്‍റെ കരുണാര്‍ദ്രമായ സ്നേഹം


നമ്മള്‍ എപ്പോഴാണ് ദൈവത്തെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നത്? പലപ്പോഴും പ്രാര്‍ത്ഥിക്കാം.  എന്നാല്‍ സാധാരണ ജീവിതത്തില്‍ പലപ്പോഴും സംഭവിക്കുന്ന ഒരു ‘ലോജി’ക്കുണ്ട്.  ഞാന്‍ എന്‍റെ കഴിവുകൊണ്ട് പരിശ്രമിക്കുന്നു.  ചിലതൊക്കെ നടക്കുന്നു. പലതും പറ്റാതെ പോകുന്നു. എന്‍റെ കഴിവിന് അതീതമായ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍‍ എന്തുചെയ്യും?

സാധാരണ എന്‍റെ കൂടെയുള്ളവരുടെ സഹായം ആവശ്യപ്പെടാവുന്നവരുടെ ഒക്കെ സഹായം ആവശ്യപ്പെടുന്നു. അതുകൊണ്ടും ശരിയാകാതെ വരുമ്പോള്‍ എന്തുചെയ്യും? എന്‍റെ കൂടെയുള്ളവരുടെ സഹായം തേടും. അതും ശരീയാകാതെ വരുമ്പോഴാണ് നമ്മള്‍ സാധാരണഗതിയില്‍ തമ്പുരാനിലേയ്ക്ക് തിരിയുന്ന മുഹൂര്‍ത്തമുണ്ട്. തമ്പുരാനേ, സഹായിക്കണേ! ഒന്ന് ഓര്‍ത്തു നോക്കിയേ, നാം ഇങ്ങനെ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്ന പല കാര്യങ്ങളും പലപ്പോഴും കിട്ടാറില്ല. ഇതു നമ്മുടെ എല്ലാവരുടെയും – നിങ്ങളുടെയും എന്‍റെയും ജീവിതാനുഭവമാണ്. ചോദിച്ചതു പലതും നമുക്ക് കിട്ടിയിട്ടില്ല. ഇങ്ങനെ കിട്ടാതെ വരുമ്പോള്‍ നമ്മള്‍ രണ്ടാമതും ചോദിക്കും, മൂന്നാമതും ചോദിക്കും! എന്നാല്‍ തുടര്‍ച്ചായിട്ടു കിട്ടാതെ വരുമ്പോഴോ…? ഇങ്ങിനെയൊരു സാഹചര്യത്തെക്കുറിച്ചാണ് വചനത്തില്‍ ഈശോ നമ്മോടു സംസാരിക്കുന്നത്. ഭഗ്നാശരാകാതെ, നിരാശരാകാതെ, മനസ്സു മടുക്കാതെ പ്രാര്‍ത്ഥിക്കാനായിട്ടാണ്, ഈശോ ഇന്നത്തെ ഉപമ പറയുന്നത്. നിരാശരാകാതെ എപ്പോഴും പ്രാര്‍ത്ഥിക്കണം, എന്നു കാണിക്കാന്‍ ഈശോ ശിഷ്യന്മാരോട് ഈ ഉപമ പറഞ്ഞു. അതായത് നിരാശരാകാതെ, മനസ്സുമടുക്കാതെ പ്രാ‍ര്‍ത്ഥിക്കണമെന്ന് ഈശോ എന്നോടു പറയുന്നു. തമ്പുരാനോട് ഒന്നു ചോദിച്ചു, കിട്ടിയില്ല. പിന്നെയും ചോദിച്ചു, കിട്ടിയില്ല. പിന്നെയും ചോദിച്ചു, കിട്ടിയില്ല! അങ്ങനെ തുടര്‍ച്ചയായിട്ടു ചോദിച്ചിട്ടു കിട്ടാതെ വരമ്പോള്‍ തമ്പുരാന്‍റെ അടുത്തു പോകണം, അവിടുത്തോടു ചോദിക്കണം, അവിടുന്നില്‍ ആശ്രയിക്കണം.

പാപ്പാ ഫ്രാന്‍സിസ് ബ്രസീലില്‍ പോയപ്പോള്‍ (ജൂലൈ 2013-ല്‍) പറഞ്ഞൊരു കാര്യമുണ്ട്. ലോകയുവജന മേളയ്ക്കു പോയ പാപ്പാ ഫ്രാന്‍സിസ് അപ്പരസീദായിലെ കന്യാകാനാഥയുടെ പക്കലേയ്ക്കൊരു തീര്‍ത്ഥാടനം നടത്താന്‍ സമയം കണ്ടെത്തി. ആ തീര്‍ത്ഥത്തിരുനടയില്‍ തടിച്ചുകൂടിയ ആയരങ്ങളോട് പാപ്പാ പറ‍ഞ്ഞു. ഇവിടെ മൂന്നു നൂറ്റാണ്ടുകള്‍ക്കുമുന്‍പ് നാലു മുക്കുവര്‍ മീന്‍പിടിക്കാന്‍ പോയി. രാത്രിമുഴുവനും അവര്‍ വലയിറക്കി, എന്നിട്ടും അവര്‍ക്ക് ഒന്നും കിട്ടിയില്ല. ഒന്നും കിട്ടാഞ്ഞതിന്‍റെ നിരാശയില്‍ അവര്‍ തിരികെ കടല്‍ത്തീരത്തേയ്ക്കു മടങ്ങവേ, അവസാനമായിട്ടു ഒന്നുകൂടെ വലയിറക്കാമെന്ന് അവര്‍ വിചാരിച്ചു. വലയറിക്കി. പിന്നെ വലിച്ചു കയറ്റി. ഇത്തവണയും കാര്യമായിട്ടൊന്നും കിട്ടിയില്ല. എന്നാല്‍ സൂക്ഷിച്ചു നോക്കിയപ്പോള്‍ അതില്‍ ഒരു തടിക്കഷണം! മാതാവിന്‍റെ രൂപമാണ്!! പക്ഷെ, തലയില്ല!!! തലയില്ലെങ്കില്‍ പിന്നെ മാതാവിന്‍റെ രൂപമാണെങ്കിലും ഭംഗിയില്ലല്ലോ! വീണ്ടും അവര്‍ വലയിറക്കി.

ഇത്തവണ തലയും കിട്ടി. അങ്ങനെ, രണ്ടു പ്രാവശ്യമായി അവര്‍ക്കു കിട്ടിയ മാതാവിന്‍റെ തലയും ഉടലും ചേര്‍ത്തുവച്ച് രൂപം ഭംഗിയാക്കി. കൂട്ടത്തില്‍ ഒരു മുക്കുവന്‍റെ വീട്ടില്‍വച്ച് അവര്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അതാണ് പിന്നീട് പ്രശസ്തമായി തീര്‍ന്ന അപ്പരസീദായിലെ കറുത്ത മഡോണ, The Black Madonna! ഇന്നും അതാണ് അവിടുത്തെ രൂപം, പ്രതിഷ്ഠ! ഇതു പറഞ്ഞിട്ട് പാപ്പാ അവരോടു പറഞ്ഞു. രാത്രി മുഴുവന്‍ അദ്ധ്വാനിച്ചത് മീന്‍ പിടിക്കാനാണ്. എന്നാല്‍ അദ്ധ്വാനിച്ചിട്ട് ഒന്നും കിട്ടുന്നില്ല, ഒന്നും കിട്ടുന്നില്ല എന്നു പറഞ്ഞ് നിരാശരാകുമ്പോഴാണ്, ഇതാ, അവര്‍ പ്രതീക്ഷിച്ചതിലും വലിയ സമ്മാനം  കിട്ടിയത്. പ്രതീക്ഷിച്ചത് കുറെ മീനാണ്. എന്നാല്‍ പ്രതീക്ഷിച്ചതിലും വലുത് - മാതാവിന്‍റെ തിരുസ്വരൂപമാണ് അവസാനം കിട്ടിയത്.

പാപ്പാ ഫ്രാന്‍സിസ് തുടര്‍ന്ന് യുവാക്കളോടു പറഞ്ഞു.  മക്കളേ, നിങ്ങള്‍ ജീവിതത്തിന്‍റെ ചെറുപ്പത്തിലാണ്. മുന്നോട്ടു പോകുമ്പോള്‍ നിങ്ങള്‍ നിരന്തരമായി പരിശ്രമിക്കണം. നിരാശരാകാതെ പരിശ്രമിക്കണം. പരിശ്രമിച്ച് പരിശ്രമിച്ച് കിട്ടാതെ വരുമ്പോള്‍, മറക്കാതിരിക്കുക! നിങ്ങള്‍ പ്രതീക്ഷിച്ചതിലും വലിയ സമ്മാനം ഒരുക്കി തമ്പുരാനു കരുത്തുണ്ട്.  നിങ്ങള്‍ക്കായി അവിടുന്നു കാത്തിരിക്കും.   ഈ ഒരു അനുഭവം മനുഷ്യമനസ്സുകളിലും ജീവിതത്തിലും എറിഞ്ഞു പിടിപ്പിക്കാന്‍ വേണ്ടി  ഈശോ പറയുന്ന ഒരു കഥയുണ്ട്. കഥയില്‍ ദുഷ്ടനായ ഒരു ന്യായാധിപനാണ് ചിത്രീകരിക്കപ്പെടുന്നത്. ദൈവത്തെ ഭയപ്പെടുകയോ, മനുഷ്യരെ മാനിക്കാതിരിക്കുകയോ ചെയ്യാത്തൊരുവന്‍! അത്രയും ദുഷ്ടനായൊരു ന്യായാധിപന്‍! അങ്ങനെ വേറൊരു ന്യായാഥിപന്‍  ഈ ഭൂമിയില്‍ കണ്ടെന്നു വരില്ല. അങ്ങെ ചിത്രീകരിക്കപ്പെട്ട ഒരുത്തന്‍റെ അടുത്ത് ഒരു പാവം വിധവ ചെന്നുപറഞ്ഞു. തനിക്കു നീതി നടത്തിത്തരണേ, നീതി നടത്തിത്തരണേ! ഇങ്ങനെ തുടര്‍ച്ചയായി അപേക്ഷിച്ചിരുന്നു. അയാള്‍ ഒന്നും ചെയ്തില്ല. കാരണം, ദൈവത്തോടും ഭയമില്ല, മനുഷ്യരോടും ബഹുമാനമില്ല. അനീതി നിറ‍ഞ്ഞ ന്യായാധിപന്‍ പക്ഷെ, ഒരിട വിധവയുടെ ശല്യം സഹിക്കാന്‍ വയ്യാതെ, അവസാനം നീതി നടപ്പാക്കി കൊടുക്കുന്നു. എന്നിട്ട് ഈശോ പറയുകയാണ്, നീതിയില്ലാത്ത ആ ന്യായാധിപന്‍ ചെയ്തത് ഇങ്ങനെയാണെങ്കില്‍ തന്‍റെ തിരഞ്ഞെടുക്കപ്പെട്ട മക്കള്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ചോദിക്കുമ്പോള്‍, അവിടുന്ന് നീതി നടപ്പാക്കി കൊടുക്കുക തന്നെ ചെയ്യും. ഇതാണ് കഥയുടെ വൈരുദ്ധ്യം, Contrast!  ഏറ്റവും ക്രൂരനായ ന്യായാധിപനെ ചിത്രീകരിച്ചിട്ട്, അയാള്‍ അവസാനം നീതി നിവര്‍ത്തിച്ചു കൊടുക്കുമെങ്കില്‍... ഏറ്റവും നല്ലവനായ ദൈവം, നമ്മുടെ പിതാവ് ഏറ്റവും അധിമായിട്ട് നമുക്ക് നീതി നടപ്പാക്കി തരാതിരിക്കില്ല.

എന്‍റെ കൂടെ പഠിച്ച സുഹൃത്തിന്‍റെ പക്കല്‍ രണ്ടാഴ്ച മുന്‍പ് പോയിരുന്നു. മഹാരാഷ്ട്രയില്‍...!  ഫാദര്‍ ‍തോമസ് തടത്തില്‍, അദ്ദേഹം ​എം.സി.ബി.എസ്സ് സഭാംഗമാണ്. അദ്ദേഹം അവിടെ പത്തിരുപത്തി മൂന്നു വര്‍ഷങ്ങളായിട്ട് ബുദ്ധിമാന്ദ്യം സംഭവിച്ച, ഭിന്നശേഷിയുള്ള metanlly  retarded  കുട്ടികളുടെ കൂട്ടത്തിലാണ്. അവര്‍ക്കുവേണ്ടി ആദ്യം ഒരു സ്ഥാപനം, ഇപ്പോള്‍ ഇതാ, രണ്ടാമത്തെ സ്ഥാപനം. അവര്‍ക്കു വേണ്ടീട്ടാ അദ്ദേഹത്തിന്‍റെ ജീവിതം. ഞാന്‍ രണ്ടു മൂന്നു ദിവസം അവിടെ ചെന്ന് കൂടെ താമസിച്ചപ്പോള്‍ ശ്രദ്ധിച്ച കാര്യം – ഈ ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളെ സംബന്ധിച്ച് ആ വൈദികന്‍ അവര്‍ക്ക് അപ്പനും അമ്മയുമാണ്. കാരണം അച്ഛനും അമ്മയുമെല്ലാം ഉപേക്ഷിച്ചവരാണ് ഇവരെല്ലാം. ഞാന്‍ ശ്രദ്ധിച്ചു. ഈ കുഞ്ഞുങ്ങളില്‍ ആരെങ്കിലും ഒരാള്‍, എന്തെങ്കിലും ചോദിച്ച് എപ്പോഴും, മാറി മാറി അച്ചന്‍റെ അടുത്തു വന്നുകൊണ്ടിരിക്കും. അച്ചന്‍ അതിന് മറുപടി പറയും, അവര്‍ പോകും. പിന്നെയും വരും അടുത്തയാള്‍! ആ കുഞ്ഞും പിന്നെയും വരും, പിന്നെയും പോകും. ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് വരുന്നു, പോകുന്നു!!

പാപ്പാ ഫ്രാന്‍സിസ് ഈയിടെ പറഞ്ഞൊരു കാര്യമുണ്ട്. അതായത്, കൊച്ചു കുഞ്ഞുങ്ങള്‍ അപ്പന്‍റെയും അമ്മയുടെയും അടുത്തേയ്ക്ക് ഓരോ ചോദ്യങ്ങളുമായി വന്നു പോകുമ്പോള്‍, അവരുടെ ചോദിയത്തിന് ശാസ്ത്രീയമായ ഉത്തരംവച്ചു മറുപടി പ്രതീക്ഷിച്ചൊന്നുമല്ല കുഞ്ഞുങ്ങള്‍ വരുന്നത്. അവരുടെ അച്ചന്‍റെയും അമ്മയുടെയും സ്ഥാനത്ത് ഇദ്ദേഹത്തില്‍നിന്നും ശ്രദ്ധ കിട്ടണം, സ്നേഹം കിട്ടണം. ഒരു ചോദ്യമായിട്ടു വരുന്നു. അച്ചന്‍ ഒരു ഉത്തരം പറയുന്നു. പോകുന്നു. പിന്നെയും വരുന്നു. എന്തിനാ, അച്ചന്‍റെ ശ്രദ്ധയും സ്നേഹവും കിട്ടാന്‍. അമ്മയുടെ ശ്രദ്ധയും സ്നേഹവും കിട്ടാനായിട്ടാണ്.

ഈശോ ഇന്ന് സുവിശിഷേത്തില്‍ പറയുന്ന മനസ്സുമടുക്കാതെ നിരന്തരം പ്രാര്‍ത്ഥിക്കണമെന്നു പറയുന്നതിന്‍റെ മര്‍മ്മം ഇതാണ്. ദൈവം എന്‍റെ പിതാവാണ്. ഞാന്‍ ദൈവത്തിന്‍റെ മകനാണ്, മകളാണ്. അങ്ങനെയെങ്കില്‍ എന്‍റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും വിശദമായിട്ട് എന്‍റെ അപ്പന്‍ അറിയുന്നു, അല്ലെങ്കില്‍ അമ്മ അറിയുന്നു.  എന്നിട്ടും ഞാന്‍ എപ്പോഴും എന്‍റെ അപ്പന്‍റെയും അമ്മയുടെയും അടുത്തേയ്ക്ക് ചെല്ലുകയാണ്.   അപ്പനും അമ്മയും അറിയുകയാണ്. എന്നിട്ട് ഞാന്‍ അപ്പന്‍റെയും അമ്മയുടെയും പക്കലേയ്ക്ക് ചെല്ലുകയാണ്. ഇക്കാര്യം പറഞ്ഞുകൊണ്ടുതന്നെ! എന്തിനാ? അതിലൂടെ എനിക്കു കിട്ടുന്ന ഒരു കാര്യമുണ്ട് – അപ്പന്‍റെയും അമ്മയുടെയും പക്കലേയ്ക്ക് കുഞ്ഞുങ്ങള്‍  ഓരോ കാര്യവും ചോദിച്ചു ചെല്ലുമ്പോള്‍, അവര്‍ക്ക് ആവശ്യമായിരിക്കുന്നത് – അവര്‍ക്ക് കിട്ടുന്നതും കിട്ടേണ്ടതും എന്താണ്? അമ്മയുടെ സ്നേഹം, അമ്മയുടെ ശ്രദ്ധ, അമ്മയുടെ ഒരു തലോടല്‍, പിതാവിന്‍റെ വാത്സല്യം. അപ്പന്‍റെ ഒരു ആലിംഗനം. ഇതാണ് കിട്ടേണ്ടതും, കിട്ടുന്നതും, അതിലൂടെയാണ് ആ കുഞ്ഞു വളരുന്നത്. ഈശോ പറയുന്ന ഈ വചനത്തിലേയ്ക്ക് ഇതൊന്നു ചേര്‍ത്തുവച്ചു നോക്കിയാല്‍... ശ്രദ്ധവച്ചു നോക്കിയേ! മനസ്സു മടുക്കാതെ തുടര്‍ച്ചായിട്ടു പ്രാര്‍ത്ഥിക്കണം. തുടര്‍ച്ചയായിട്ട്, മനസ്സു മടുക്കാതെ തമ്പുരാന്‍റെ പക്കലേയ്ക്കു നാം ചൊല്ലണം. അങ്ങനെ ചൊല്ലുമ്പോള്‍ അവര്‍ ചോദിക്കുന്നത് – നമ്മുടെ ജീവിതത്തിലെ ആവശ്യങ്ങളാണ്. ആവശ്യങ്ങള്‍ എന്‍റെ അപ്പനായ എന്‍റെ തമ്പുരാന് അറിയാം. എന്‍റെ ജീവിതത്തിന്‍റെ എല്ലാ അംശങ്ങളും വിശദമായിട്ട് അറിയുന്നവനാണ് ദൈവം, പിതാവ്. അങ്ങനെ എല്ലാം അറിയാം... എങ്കില്‍പ്പോലും നാം അവിടുത്തെ സന്നിധിയില്‍ ചെല്ലണം, ചോദിക്കണം. കിട്ടുന്നില്ലെങ്കിലും പിന്നെയും ചെല്ലണം. കിട്ടിയാലും നാം ചെല്ലണം. നിരന്തരം പ്രാര്‍ത്ഥിക്കണം. അങ്ങനെ ചെല്ലുമ്പോള്‍ നാം ചോദിക്കുന്നത് ജീവിതത്തിലെ ആവശ്യങ്ങളാണ്. ഈ ആവശ്യങ്ങള്‍ പിതാവായ ദൈവത്തിന് അറിയാം. കാരണം എന്‍റെ ജീവിതത്തിന്‍റെ എല്ലാ ​അംശങ്ങളും അറിയുന്നവനാണ് ദൈവം. അറിയാമെങ്കില്‍പോലും നാം ചെല്ലണം. ചോദിക്കണം.  അങ്ങനെ ചോദിച്ചിട്ടു കിട്ടിയില്ലെങ്കില്‍ പിന്നെയും ചെല്ലണം. എന്നിട്ട് നമ്മുടെ ജീവിതത്തിന്‍റെ അവസ്ഥ മനസ്സിലാക്കി വീണ്ടും ചെല്ലണം. കിട്ടിയാലും ചെല്ലണം, കിട്ടിയില്ലെങ്കിലും ചെല്ലണം. അതിലൂടെ നമുക്കു ലഭിക്കുന്ന ഒരു അവസ്ഥയുണ്ട്. ചിലപ്പോള്‍ സമ്പത്ത് കിട്ടിയില്ലെന്നിരിക്കാം. നമ്മള്‍ ആഗ്രഹിക്കുന്ന ജോലി കിട്ടിയില്ലെന്നിരിക്കാം, നമ്മള്‍ നേരിടുന്ന ജീവിതത്തിന്‍റെ പ്രശ്നം മാറിയില്ലെന്നിരിക്കാം, നമ്മുടെ സങ്കടം മാറിയില്ലെന്നിരിക്കാം. ഇതൊന്നും സംഭവിച്ചില്ലെങ്കില്‍പ്പോലും സംഭവിക്കുന്നൊരു കാര്യമുണ്ട്. എന്‍റെ പിതാവായ തമ്പുരാനുമായി തുടര്‍ച്ചയായിട്ട് ഒരു ബന്ധത്തില്‍ ഏര്‍പ്പെടുന്നു. മാത്രമല്ല, അവിടുത്തെ ശ്രദ്ധ എനിക്കു കിട്ടുന്നു... എന്ന അനുഭവം. അവിടുത്തെ കരുതല്‍ ഞാന്‍ അനുഭവിക്കുന്നു എന്ന ഹൃദയത്തിന്‍റെ അനുഭവം! അവിടുത്തെ സ്നേഹം എന്‍റെ ജീവിതത്തിലേയ്ക്കു കയറിവരുന്നു എന്ന അനുഭവം. അവിടുത്തെ പരിപാലനയുടെ കരവലയത്തിനുള്ളിലാണ് ‍ഞാന്‍ ആയിരിക്കുന്നത് എന്ന മനസ്സിന്‍റെ അനുഭവമാണത്.

തുടര്‍ച്ചയായിട്ട് മനസ്സു മടുക്കാതെ പ്രാര്‍ത്ഥിക്കുമ്പോള്‍, ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് തമ്പുരാന്‍റെ പക്കലേയ്ക്കു ചെല്ലുമ്പോള്‍, എന്‍റെ ജീവിതത്തിലേയ്ക്ക് അവിടുത്തെ, എന്‍റെ പിതാവായ ദൈവത്തെ, എന്‍റെ അപ്പനായ തമ്പുരാന്‍റെ ശ്രദ്ധയും കരുതലും സ്നേഹവും കൂടുതല്‍ കൂടുതല്‍ കടന്നു വരുന്നത്, അനുഭവിക്കുന്നു. അതിലൂടെ, എന്‍റെ ജീവിതം ദൈവിക സാന്നിദ്ധ്യംകൊണ്ട് നിറയുന്നു. ഇതാണ് മടുക്കാതെ നിരന്തരം പ്രാര്‍ത്ഥിക്കണം എന്നു പറയുമ്പോള്‍, ഈശോ നമ്മോട് ആവശ്യപ്പെടുന്നത്.

നമുക്ക് പ്രാര്‍ത്ഥിക്കാം

ഈശോയേ, മനസ്സു മടുക്കാതെ, നിരാശ്ശനാകാതെ, നിരാശയിലാഴാതെ നിരന്തരം പ്രാര്‍ത്ഥിക്കാനാണ് അങ്ങ് ഇന്ന് എന്നോട് ആവശ്യപ്പെടുന്നത്. നിരന്തരം അങ്ങേ പക്കലേയ്ക്കു വരാന്‍! ഈശോയേ, അതു തിരിച്ചറിയാന്‍, അതിന്‍റെ ഗുണം തിരിച്ചറിയാനുള്ള കൃപ തരണമേ! ഞാന്‍ കാണുന്ന എന്‍റെ ജീവിതത്തിന്‍റെ ആവശ്യങ്ങള്‍ പലപ്പോഴും, ഞാന്‍ കാണുന്നതുപോലെ, അങ്ങേ കണ്‍മുന്‍പില്‍ അത്ര പ്രധാനപ്പെട്ടതായിരിക്കില്ല. അതുകൊണ്ട് അങ്ങേയ്ക്ക് അറിയാം, എന്‍റെ ജീവിതത്തില്‍ ഏതാണ് ഒന്നാമത്തേത്, രണ്ടാമത്തേത് എന്നെല്ലാം. അങ്ങ് അത് എനിക്ക് അനുവദിച്ചുതരുന്നു.  എന്നാല്‍ എന്‍റെ ഈശോയേ, എന്‍റെ ജീവിതത്തില്‍ എപ്പോഴും അങ്ങയുടെ അടുത്തേയ്ക്ക്   എന്‍റെ ജീവിതത്തിന്‍റെ ആവശ്യങ്ങളുമായി വരാന്‍, അത് ലഭിച്ചാലും ലഭിച്ചില്ലെങ്കിലും അങ്ങയുടെ പക്കലേയ്ക്കു വരാന്‍. ലഭിച്ചാലും വീണ്ടും വരാന്‍, അങ്ങനെ അങ്ങേ പക്കലേയ്ക്ക് നിരന്തരമായി മനസ്സുകൊണ്ടുവരാന്‍, മനുസ്സുകൊണ്ട് ആയിരിക്കാനുള്ള കൃപ എനിക്കു തരേണമേ, ആ ശീലം ഈശോയേ, അങ്ങ് എന്നില്‍ വളര്‍ത്തണമേ! അതിലൂടെ എന്നിലേയ്ക്ക് കടന്നു വരുന്ന അങ്ങേ രക്ഷ, സംരക്ഷ, അങ്ങേ കരുതല്‍, സ്നേഹം, അങ്ങേ സാന്നിദ്ധ്യം കൂടുതലായി അനുഭവിക്കാന്‍, എന്നില്‍ വന്നു അങ്ങേ നന്മ നിറയുന്നത് അനുഭവിക്കാന്‍, ഞാന്‍ അങ്ങേ കരവലയത്തിനുള്ളിലാണ് എന്നുള്ള അനുഭവത്തില്‍ ജീവിക്കുവാനുള്ള കൃപയും ദൈവാനുഗ്രഹവും ഈശോയേ, അങ്ങ് തരണമേ!  ആമേന്‍!!

 








All the contents on this site are copyrighted ©.