2016-08-11 10:04:00

ആശുപത്രിയിലെ ഭീകരാക്രമണം പാക്കിസ്ഥാനി സര്‍ക്കാരിന്‍റെ അലംഭാവം


ഭീകരതയ്ക്കെതിരെ പാക്കിസ്ഥാനി സര്‍ക്കാര്‍ ഇനിയും കരുതല്‍ കാണിക്കണമെന്ന് ദേശീയ മെത്രാന്‍ സമിതിയുടെ നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള കമ്മിഷന്‍ പ്രസിഡന്‍റ്, ബിഷപ്പ് ആര്‍ഷദ് ജോസഫ് പ്രസ്താവിച്ചു.

ക്വേത്ത ഭീകരതയുടെ ദുഃഖത്തില്‍ ആഗസ്റ്റ് 9-ാം തിയതി ചൊവ്വാഴ്ച ബലൂചിസ്ഥാനില്‍ സമ്മേളിച്ച ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ സമ്മേളനത്തിലാണ് ഫൈസലാബാദ് അതിരൂപത അദ്ധ്യക്ഷന്‍ ബിഷപ്പ് ആര്‍ഷദ് ഭീകരപ്രവര്‍ത്തനങ്ങളോട് അലംഭാവം കാണിക്കുന്ന പാക്കിസ്ഥാനി സര്‍ക്കാരിന്‍റെ നിലപാടിനെ വിമര്‍ശിച്ചത്.  

നിര്‍ദ്ദോഷികളും നിരാലംബരുമായ രോഗികളെ തുണയ്ക്കുവാനും ജീവന്‍ സംരക്ഷിക്കുവാനുമുള്ള അ‍ടിസ്ഥാന ഉത്തരവാദിത്വത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലക്ഷ്യഭാവം ജനാധിപത്യനയങ്ങള്‍ക്ക് വിരുദ്ധമാണെന്നും പൗരന്മാരുടെ, വിശിഷ്യാ രോഗികളും നിര്‍ദ്ദോഷികളും നിരാലംബരുമായ പൗരന്മാരെ സംരക്ഷിക്കാനുള്ള വലിയ ഉത്തരവാദിത്വം സര്‍ക്കാരിന്‍റേതാണെന്നും ബിഷപ്പ് ആര്‍ഷദ് സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.  

ആശുപത്രിയില്‍ മുസ്ലിം തീവ്രവാദികള്‍ ചാവേര്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയത് 74 പേരെയാണ്. കൂടാതെ 200-ല്‍ ആധികം രോഗികള്‍ മുറിപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ആഗസ്റ്റ് 8-ാം തിയതി ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തിയ പാക്കിസ്ഥാനി നിയമപണ്ഡിതന്‍, ബലാല്‍ കാസിയുടെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ടു, മൃതദേഹം സന്ദര്‍ശിക്കുവാനുമായി ആശപത്രിയില്‍ നിയമപണ്ഡിതന്മാര്‍ കൂടിനില്ക്കവെയാണ് മൃഗീയമായ ചാവേര്‍ ബോംബ് ആക്രമണമുണ്ടായത്. വക്കീല്‍മാരും, മാധ്യമപ്രവര്‍ത്തകരും നിര്‍ദ്ദോഷികളായ നിരവധി സാധാരക്കാരായ രോഗികളുമാണ് ക്വേത്തായിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊല്ലപ്പെട്ടത്.

‘ഷാരിയ’ ദൈവദൂഷണക്കുറ്റം നീക്കംചെയ്യുന്നതു സംബന്ധിച്ച കേസ് നടത്തയതിന്‍റെ പേരിലാണ്  നിയമപണ്ഡിതന്‍ ബലാല്‍ കാസിയെ ഭീകരര്‍ കൊലപ്പെടുത്തിയതെന്ന വസ്തുതയും മനുഷ്യാവകാശ കമ്മിഷന്‍റെ സമ്മേളനത്തില്‍ ആവര്‍ത്തിച്ചു പരാമര്‍ശിക്കപ്പെട്ടതായി ബിഷപ്പ് ആര്‍ഷദ് പ്രസ്താവനയില്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.