2016-07-28 20:14:00

മേളയുടെ പൊലിഞ്ഞുപോയ യുവകലാകാരന്‍ ‘മാച്യേ’യെക്കുറിച്ച്


ജൂലൈ 27 ബുധനാഴ്ച രാത്രി. ക്രാക്കോ മെത്രാസന മന്ദിരത്തിനു ചുറ്റും തടിച്ചുകൂടിയ ആയിരക്കണക്കിന് യുവജനങ്ങളെ പാപ്പാ ഫ്രാന്‍സിസ് അഭിവാദ്യംചെയ്തു നല്കിയ ഒരു ശുഭരാത്രിയുടെ സന്ദേശമാണ് താഴെ. പോളണ്ടില്‍ പാപ്പായുടെ താല്‍ക്കാലിക വസതിയാണ് മെത്രാസനമന്ദിരം :

പ്രിയ യുവജനങ്ങളേ, നിങ്ങള്‍ ഏറെ സന്തോഷപൂര്‍ണ്ണരും ആവേശഭരിതരുമാണ്!   നിങ്ങളെയും എന്നെയും വേദനിപ്പിക്കൊരു കാര്യം പങ്കുവയ്ക്കട്ടെ!  എല്ലാവരെയും സ്പര്‍ശിക്കുന്ന സംഭവമാണ്. നിങ്ങളെപ്പോലെ ഏകദേശം 22 വയസ്സുള്ള ചെറുപ്പക്കാരനാണ് മാച്യേ! (Maciej) ചിത്രകല (Graphic Arts) ഐച്ഛികവിഷയമായി പഠിച്ചു. നല്ല ജോലിയുണ്ടായിരുന്ന കലാകാരന്‍..! ജോലി വേണ്ടന്നുവച്ച് ക്രാക്കോ മേളയുടെ സന്നദ്ധസേവകനായി പ്രവര്‍ത്തിക്കുകയായിരുന്നു. മേളയുടെ ചിഹ്നവും കൊടിയും മദ്ധ്യസ്ഥരുടെ ചിത്രണങ്ങളും, പങ്കെടുക്കുന്ന നിങ്ങള്‍ കൂടെകൊണ്ടു നടക്കുന്ന ബാഗും... പിന്നെ ക്രാക്കോയെ അണിയിച്ചൊരിക്കിയിരിക്കുന്ന കൊടിതേരണങ്ങളിലെല്ലാം മാച്യേയുടെ കരവിരുതുണ്ട്, കലാവിരുതുണ്ട്! മേളയ്ക്കുവേണ്ടിയുള്ള ഈ ജോലിയില്‍ വ്യാപൃതനായിക്കൊണ്ട് അവന്‍റെ വിശ്വാസ ജീവിതത്തിന്‍റെ ഉള്‍പ്പൊരുള്‍ കണ്ടെത്തി.

നവംമ്പര്‍ മാസിത്തില്‍ മാച്യേക്ക് ക്യാന്‍സര്‍ രോഗബാധയുണ്ടെന്ന് കണ്ടെത്തി. ഡോക്ടേഴ്സിനെക്കൊണ്ട് അവന്‍ അധികമൊന്നും ചെയ്യിച്ചില്ല. അവന്‍റെ കാലുമുറിച്ചു മാറ്റണമെന്ന വൈദ്യശാസ്ത്ര വിധി അവന്‍ തള്ളിക്കളഞ്ഞു. ഈ യുവജനമേളയില്‍ പാപ്പായുടെകൂടെ ആയിക്കണമെന്നായിരുന്നു അവന്‍റെ ആഗ്രഹം. പോളണ്ടില്‍ പാപ്പാ യാത്രചെയ്യാന്‍ ഉദ്ദേശിച്ച (Krakow-Blonia) ട്രാമില്‍ അവര്‍ ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്നു.

എന്നാല്‍ ജൂലൈ രണ്ടാം തിയതി മാച്യേ കടന്നുപോയി... അന്തരിച്ചു. മാച്യേയുടെ വേര്‍പാടില്‍ വേദനിക്കുവര്‍ നിരവധിയാണ്. കാരണം അവന്‍റെ ജീവിതനന്മയുടെ വ്യാപ്തി വലുതായിരുന്നു.  മേളയുടെ സുന്ദരദിനങ്ങള്‍ സ്വപ്നംകണ്ടുകൊണ്ട്, നമുക്കുവേണ്ടി അദ്ധ്വാനിച്ച യുവകലാകാരനെ നിശ്ശബ്ദമായി അനുസ്മരിക്കാം. പ്രാര്‍ത്ഥിക്കാം. നമ്മുടെ ഹൃദയത്തില്‍ മാച്യേ സ്നേഹത്തോടെ ഉള്‍ക്കൊള്ളാം.  അവന്‍ നമ്മുടെ കൂടെയുണ്ട്!

യുവതീയുവാക്കളായ നിങ്ങളുടെ നല്ല സായാഹ്നത്തെ പാപ്പാ നശിപ്പിച്ചെന്നു ചിന്തിക്കരുത്! ജീവിതത്തില്‍ സന്തോഷവും ദുഃഖവും, നന്മയും തിന്മയും നാം ഉള്‍ക്കൊള്ളണം. യുവതീയുവാക്കളായ നിങ്ങള്‍ ജീവിതത്തെ യാഥാര്‍ത്ഥ്യ ബോധത്തോടെ സ്വീകരിക്കണം. ഈ യുവസ്നേഹിതന്‍റെ വിശ്വാസം മാതൃകയാണ്. വിശ്വാസം അവനെ ദൈവസന്നിധിയില്‍ വരവേല്ക്കും. സ്വര്‍ഗ്ഗീയജീവനില്‍ മാച്യേ സ്വീകരിക്കപ്പെടും! മാച്യേയുടെ ആത്മാവ് ഇപ്പോള്‍ യേശുവിന്‍റെ സന്നിധിയിലാണ്. സ്വര്‍ഗ്ഗത്തില്‍നിന്ന് അവന്‍ നമ്മെ കടാക്ഷിക്കുന്നു. ഇത് ദൈവകൃപയാണ്.. കൃപയുടെ നിമിഷമാണ്...!

ഒരുനാള്‍ മാച്യേയുടെകൂടെ നാമും എത്തിച്ചേരും. അതാണല്ലോ നാം ഓര്‍ക്കേണ്ടതും, അംഗീകരിക്കേണ്ടതുമായ ജീവിതയാഥാര്‍ത്ഥ്യം. ജീവിതത്തില്‍ നല്ലത്, ശരിയായത് തിരഞ്ഞെടുക്കുക ക്ലേശകരമാണ്! എന്നാല്‍ നല്ലതു തിരഞ്ഞെടുക്കാന്‍ മാച്യേക്കു കഴിഞ്ഞു. വിശ്വാസജീവിതത്തിന്‍റെ ധീരമായ മാതൃകയ്ക്ക് നമുക്ക് ദൈവത്തിനു നന്ദിപറയാം. ജീവിതത്തില്‍ ഉറച്ചുനില്‍ക്കുവാനും, മുന്നേറുവാനുമുള്ള മാതൃകയാണ് മാച്യേ തരുന്നത്. ഭയപ്പെടേണ്ട! ദൈവം എത്രയോ മഹോന്നതനാണ്!! അവിടുന്ന് സര്‍വ്വനന്മയാണ്. അവിടുത്തെ നന്മ നമ്മിലുണ്ട്... നമ്മെ നയിക്കുന്നുണ്ട്.

നമുക്കിനി നാളെ കാണാം. നിങ്ങള്‍ ചെയ്യേണ്ടിത്, ഇന്ന് നന്നായി വിശ്രമിക്കുക. എന്നിട്ട് ക്രിസ്തീയാനന്ദം പ്രസിരിപ്പിക്കുമാറ് തുടര്‍ന്നും ഈ സംഗമത്തില്‍ മുന്നേറാം.   ആശീര്‍വ്വാദത്തിനുമുന്‍പ്, കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിക്കാം. ഓരോരുത്തരുടെയും ഭാഷയില്‍ നന്മനിറഞ്ഞ മറിയമേ... എന്ന പ്രാര്‍ത്ഥന പാപ്പായ്ക്കൊപ്പം ചൊല്ലി.

തുടര്‍ന്ന് പാപ്പാ അവര്‍ക്ക് അപ്പോസ്തോലിക ആശീര്‍വ്വാദം നല്കി. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് യുവജനങ്ങളെ പാപ്പാ അനുസ്മരിപ്പിച്ചു. എന്നിട്ട് നല്ല രാത്രി! നേര്‍ന്നുകൊണ്ട് ജാലകത്തില്‍നിന്നും പിന്‍വാങ്ങി!.. 








All the contents on this site are copyrighted ©.