സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

ഇരിങ്ങാലക്കുടയുടെ അജപാലകന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ കബറടങ്ങി

ഇരിങ്ങാലക്കുടയുടെ ആത്മീയാചാര്യന് സ്നേഹാഞ്ചലി! - RV

13/07/2016 17:24

അന്തിമോപചാര ശുശ്രൂഷകള്‍ ജൂലൈ 13-ാം തിയതി ബുധനാഴ്ച ഇരിങ്ങാലക്കുട സെന്‍റ് തോമസ് ഭദ്രാസന ദേവാലയത്തില്‍ നടത്തപ്പെട്ടു. ബുധനാഴ്ച  പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2 മണിക്ക് മൃതസംസ്‌കാര ശുശ്രൂഷകള്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ആരംഭിച്ചു. തുടര്‍ന്ന് സമൂഹ ബലിയര്‍പ്പണവും, നഗരി കാണിക്കല്‍ ശുശ്രൂഷയോടെയുമാണ് കബറടക്കം നടന്നത്.

സീറോ മലബാര്‍സഭയുടെ പരമാദ്ധ്യക്ഷനും എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാര്‍ ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് പരേതനുവേണ്ടിയുള്ള സമൂഹബലി അര്‍പ്പിക്കപ്പെട്ടത്. കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ ചെയര്‍മാന്‍, മലങ്കരസഭയുടെ പരമാദ്ധ്യക്ഷന്‍, ദേശീയ മെത്രാന്‍ സമിതയുടെ പ്രസിഡന്‍റ് എന്നീ നിലകളില്‍ കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ് ചരമപ്രഭാഷണം നടത്തി. കാലംചെയ്ത  മാര്‍ പഴയാറ്റിലിനെ ‘പാവങ്ങളുടെ പക്ഷംചേര്‍ന്ന പിതാവെ’ന്നും, ഇരിങ്ങാലക്കുടയുടെ പ്രഥമമെത്രാന്‍ എന്ന നിലയില്‍ നാടിനെ ആത്മീയ-സാമൂഹ-സാംസ്ക്കാരിക തലങ്ങളില്‍ കെട്ടിപ്പടുത്തിയ ‘നല്ല അജപാലക’നെന്നും കര്‍ദ്ദിനാള്‍ ക്ലീമിസ് പ്രഭാഷണത്തില്‍ വിശേഷിപ്പിച്ചു.  

ഭൗതിക ശരീരം ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദേവാലയത്തില്‍ പ്രത്യേകമായി തയാറാക്കിയ കല്ലറയില്‍ പ്രാദേശിക സമയം വൈകുന്നേരം 5.30-ന് സംസ്‌കരിക്കപ്പെട്ടു. 32 വര്‍ഷക്കാലം ഇരിങ്ങാലക്കുടയിലെ സാധാരണക്കാരായ ജനങ്ങങ്ങളുടെ സമഗ്രമായ ഉന്നമനത്തിനായി അശ്രാന്തം പരിശ്രമിച്ച നല്ലിടയന്‍,  മാര്‍ ജെയിംസ് പഴയാറ്റിലിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ കേരളത്തിലെ സഭാദ്ധ്യക്ഷന്മാര്‍ക്കൊപ്പം ആയിരങ്ങള്‍ സന്നിഹിതരായിരുന്നു.


(William Nellikkal)

13/07/2016 17:24