2016-05-27 07:53:00

ഗ്രീസിലെ ലെസ്ബോസില്‍നിന്നും പാപ്പാ ഫ്രാന്‍സിസിനെ കാണാന്‍ ഒരപരിചിതന്‍


സിറിയന്‍ തീരങ്ങളില്‍നിന്നും, ഏജിയന്‍ കടല്‍താണ്ടി ഗ്രീസിന്‍റെ ലെസ്ബോസ് ദ്വീപിലേയ്ക്കു കുടിയേറാന്‍ ശ്രമിക്കവെ മുങ്ങിമരിച്ച 6 വയസ്സുകാരി ലീഡിയായുടെ സുരക്ഷാ ജാക്കറ്റുമായിട്ടാണ് സന്നദ്ധസേവന്‍, ഓസ്ക്കര്‍ ക്യാമ്പ് വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിനെ കാണാന്‍ എത്തിയത്. മെയ് 25-ാം തിയതി ബുധനാഴ്ച പൊതുകൂടിക്കാഴ്ചാ വേദിയിലാണ് നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളുമായി, കയ്യില്‍ സൂക്ഷിച്ച ലീഡിയായുടെ സുരക്ഷാജാക്കറ്റ് പാപ്പായ്ക്കു സമ്മാനിക്കാനുള്ള ആഗ്രഹത്തോടെ സ്പെയിന്‍കാരന്‍ ഓസ്ക്കര്‍ വത്തിക്കാനില്‍ വന്നിരിക്കുന്നത്.

നീന്തല്‍ വിദഗ്ദ്ധനാണ് സ്പെയിന്‍ സ്വദേശിയായ ഓസ്ക്കര്‍ ക്യാമ്പ്. സിറിയിലെ മനുഷ്യയാതയും കുടിയേറ്റത്തിലെ‍ മരണവും, വിശിഷ്യ കുട്ടികളുടെ യാതനകളും കണ്ടു മനസ്സലിഞ്ഞാണ് തന്‍റെ സമ്പാദ്യവും സന്നദ്ധപ്രവര്‍ത്തകരായ ഏതാനും കൂട്ടുകാര്‍ക്കൊപ്പം ലെസ്ബോസ് ദ്വീപിലേയ്ക്കു പുറപ്പെട്ടത്. അവിടെ അഭയാര്‍ത്ഥികളെ കാണാനെത്തിയ പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം ഓസ്ക്കറെ ആശ്ചര്യപ്പെടുത്തിയിരുന്നു. അതുപോലെ മടക്കയാത്രയില്‍ 4 അഭയാര്‍ത്ഥി കുടുംബങ്ങളെയും വത്തിക്കാനിലേയ്ക്ക് കൂട്ടികൊണ്ടുപോരാന്‍ ധീരതകാണിച്ച പാപ്പായുടെ മഹാമനസ്കതയിലെ ദൈവികത കലര്‍ന്ന മനുഷ്യത്വം ഓസ്ക്കര്‍ കണ്ടിരുന്നിരിക്കണം! എന്നിട്ടിതാ, ഇപ്പോള്‍ പാപ്പായെ കാണുവാനും നേരില്‍ സ്നേഹാദരങ്ങള്‍ പ്രകടമാക്കുവാനും എത്തിയിരിക്കുന്നു!!

ഏജിയന്‍ കടലില്‍ അഭയാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസേവകരാണു തങ്ങളെന്ന് കൂടെയുള്ളവരെയും ഓസ്ക്കര്‍ ക്യാമ്പ് പാപ്പായെ പരിചയപ്പെടുത്തി. “അറിയാം, എനിക്കു നിങ്ങളെ അറിയാം,” എന്നു പറഞ്ഞ പാപ്പാ ഫ്രാന്‍സിസ് ഏതാനും നിമിഷങ്ങള്‍ വികാരസ്തബ്ധനായപോലെ നെറ്റിചുളിച്ചും, കണ്ണുചിമ്മിയും ഓസ്ക്കറെ നോക്കിനിന്നു. “ഞാന്‍ നിങ്ങളെ ഓര്‍ക്കുന്നു, ലെസ്ബോസിലെ Open Arms Proactive സംഘടനയിലെ അംഗങ്ങള്‍! നന്ദി! നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം.” ഓസ്ക്കറിന്‍റെ കൈപിടിച്ചു പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ 16-ന് ലെസ്ബോസ് തീരങ്ങളിലെത്തി അവിടത്തെ മരണത്തിന്‍റെ മണമറി‍ഞ്ഞിട്ടുള്ള പാപ്പാ മനംനൊന്തായിരിക്കണം പെട്ടന്നിങ്ങനെ പറഞ്ഞ് അവസാനിപ്പിച്ചത്.

എന്നിട്ട് വിലപ്പെട്ട ആ സമ്മാനം... കടലമ്മ തട്ടിയെടുക്കുകയും ഓസ്ക്കറിന് ജീവന്‍ രാക്ഷിക്കാന്‍ സാധിക്കാതെ പോവുകയുംചെയ്ത കുഞ്ഞു ലിഡിയായുടെ സുരക്ഷാജാക്കറ്റ് സ്നേഹത്തോടെ നെഞ്ചോടു ചേര്‍ത്തു പിടിച്ച്, പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിനായി പിന്നെയും വാഹനത്തിലേറി പാപ്പാ മുന്നോട്ടു നീങ്ങി!

ഇപ്പോഴും 3000-ത്തോളം പേര്‍ ശരാശരി പ്രതിദിനം ഏജയന്‍ കടല്‍ കടക്കുന്നുണ്ടെന്ന്, പിന്നീട് വത്തിക്കാന്‍ റേ‍ഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞപ്പോള്‍ ഓസ്ക്കറിന്‍റെ കണ്ഠം ഇടറുന്നുണ്ടായിരുന്നു.

2015 ഒക്ടോബര്‍ 28-ാം തിയതി 300 അഭയര്‍ത്ഥികളുടെ മരണത്തിനു കാരണമാക്കിയ ഏജിയന്‍ കടല്‍ ദുരന്തത്തിലാണ് 6 വയസ്സുകാരി ലീഡിയയും നഷ്ടപ്പെട്ടത്. അമ്മയുടെ മാറോട് അളളിപ്പിടിച്ചവളെ താന്‍ കണ്ടെത്തിയപ്പോഴേയ്ക്കും... അമ്മയ്ക്കൊപ്പം കുഞ്ഞുമകളും യാത്രയായിരുന്നെന്ന് ഓസ്കര്‍ ക്യാമ്പ് അഭിമുഖത്തില്‍ പറഞ്ഞു. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി!

മദ്ധ്യപൂര്‍വ്വദേശത്തുനിന്നും തുര്‍ക്കിവഴി ഏജിയന്‍ കടല്‍ക്കരയിലെത്തിയാല്‍ ലെസ്ബോസ് ദ്വീപിലേയ്ക്കു കടക്കാം. കടല്‍കടക്കല്‍ ക്ലേശകരമാണ്. എന്നിട്ടു...ഗ്രീസിന്‍റെ ഭാഗമായ ലെസ്ബോസില്‍ എത്തുകയാണു ലക്ഷ്യം. അവിടെനിന്നും ഗ്രീസുവഴി യൂറോപ്പിലേയ്ക്കും പിന്നെ സാധിച്ചാല്‍ അമേരിക്കയിലേയ്ക്കുമെല്ലാം കടക്കുക.. ഇതാണ് കുടിയേറ്റത്തിന്‍റെ ഒരു പാത. ഓസ്ക്കര്‍ വിശദമാക്കി.








All the contents on this site are copyrighted ©.