2016-04-27 17:10:00

പുനര്‍ജീവന വൈദ്യശാസ്ത്രം രാജ്യാന്തരസമ്മേളനം വത്തിക്കാനില്‍


ശാസ്ത്രവും വിശ്വാസവും തമ്മില്‍ വിഘടിപ്പില്ലെന്ന്, സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ജ്യാന്‍ ഫ്രാങ്കോ റവാസി പ്രസ്താവിച്ചു. ഏപ്രില്‍ 28-ന് വത്തിക്കാനില്‍ സംഗമിക്കാന്‍പോകുന്ന പുനര്‍ജീവന വൈദ്യശാസ്ത്രം (Regenerative Medicine) സംബന്ധിച്ച ത്രിദിന രാജ്യാന്തര സമ്മേളനത്തെക്കുറിച്ചിറക്കിയ പ്രസ്താവനയിലാണ് കര്‍ദ്ദിനാള്‍ റവാസി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

മാനവരാശിയുടെ ശാരീരികവും മാനസികവുമായ വ്യഥകളുടെ സ്പന്ദനങ്ങള്‍ അറിഞ്ഞുകൊണ്ടാണ് നവയുഗത്തിന്‍റെ പുനര്‍ജനകമായ വൈദ്യശാസ്ത്ര രീതികളെക്കുറിച്ച് ലോകത്തു വളര്‍ന്നിട്ടുള്ള ചികിത്സാസമ്പ്രദായങ്ങള്‍ കൂട്ടിയിണക്കുന്ന സമ്മേളനം വത്തിക്കാന്‍ വിളിച്ചുകൂട്ടിയിരിക്കുന്നത്. ഏപ്രില്‍ 26-ാം തിയതി ചൊവ്വാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ കര്‍ദ്ദിനാള്‍ റവാസി വ്യക്തമാക്കി. 28-ാം തിയതി വ്യാഴാഴ്ച ആരംഭിക്കുന്ന സംഗമം 30-ാം തിയതി ശനിയാഴ്ചവരെ നീണ്ടുനില്ക്കും. പാപ്പാ ഫ്രാന്‍സിസ് സമ്മേളനത്തെ അഭിസംബോധനചെയ്യും.

ക്യാനസര്‍പോലുള്ള മാരക രോഗങ്ങള്‍ക്കു പ്രതിരോധചികിത്സ മനുഷ്യന്‍റെതന്നെ ജൈവകോശങ്ങളില്‍ വികസിപ്പിച്ചെടുക്കുന്ന വൈദ്യശാസ്ത്രത്തിന്‍റെ നവവും പ്രത്യാശപകരുന്നതുമായ ചികിത്സാസമ്പ്രദായങ്ങളെയും പരീക്ഷണങ്ങളെയും അംഗീകരിക്കുകയും, അത് മാനവരാശിക്ക് ഉപയോഗപ്പെടുന്ന രീതിയില്‍ പങ്കുവയ്ക്കുകയുമാണ് Stem for Life Foundation-നോടുചേര്‍ന്ന് വത്തിക്കാന്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര സമ്മേളനത്തിന്‍റെ ലക്ഷ്യം. കര്‍ദ്ദിനാള്‍ റവാസി വിശദീകരിച്ചു.  മനുഷ്യശരീരത്തെ ബാധിക്കുന്ന രോഗങ്ങള്‍ക്കുള്ള പ്രതിവിധി ശരീരത്തില്‍ത്തന്നെ കണ്ടെത്താമെന്നുള്ള ഏറെ പ്രത്യാശപകരുന്ന കണ്ടുപിടുത്തമാണ് പുനര്‍ജീവന വൈദ്യശാസ്ത്രത്തിന്‍റെ (Regenerative Medicine) ചികിത്സാക്രമങ്ങളെന്ന് കര്‍ദ്ദിനാള്‍ റവാസി വ്യക്തമാക്കി. കോശചികിത്സയുടെ സാദ്ധ്യതകളെക്കുറിച്ചുള്ള അവബോധനം ലോകത്തിനു നല്‍കുവാനും അങ്ങനെ മാനവരാശിയുടെ ജീവിതവ്യഥകള്‍, വിശിഷ്യ ശാരീരികമായ രോഗങ്ങളില്‍നിന്നും ഉണ്ടാകുന്ന ക്ലേശങ്ങള്‍ ലഘൂകരിക്കുവാനുമുള്ള നവമായ പാതയാണിത്:

പുനര്‍ജനകമായ ക്യാസര്‍ പ്രതിരോധന ചികിത്സ, കോശചികിത്സയും ആരോഗ്യസംരക്ഷണവും, അത്യപൂര്‍വ്വരോഗങ്ങളുടെ പുനര്‍ജീവനചികിത്സാരീതി, പുനര്‍ജീവനചികിത്സയും അതിന്‍റെ ധാര്‍മ്മിക വെല്ലുവിളികളും (Ethical issues and challenges in the regenerative system of treatment),  സാധാരണ കണ്ടുവരുന്ന പ്രമേഹരോഗത്തിന്‍റെ കോശചികിത്സാപ്രതിവിധി സമ്പ്രദായം  (Treatment on Type 1 Diabetes), നവസാങ്കേതികതയും ആരോഗ്യസംരക്ഷണ രീതികളും, അനുഭാവപൂര്‍ണ്ണവും നവവുമായ വയോജന ചികിത്സ (Study on Healthy Aging features in the light of regenerative system), കുട്ടികളിലെ ക്യാന്‍സറിനുള്ള പുനര്‍ജീവന  ചികിത്സ  (Regenerative System for the Paediatric cancer) എന്നിങ്ങനെയുള്ള വിഷയങ്ങള്‍ പുനര്‍ജീവന വൈദ്യശാസ്ത്രത്തിന്‍റെ നവമായ വീക്ഷണത്തില്‍ ത്രിദിനസമ്മേളനത്തില്‍ ചര്‍ച്ചചെയ്യപ്പെടുകയും വിലയിരുത്തപ്പെടുകയുംചെയ്യും.








All the contents on this site are copyrighted ©.