സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / പാപ്പാ ഫ്രാന്‍സിസ് / വചനസമീക്ഷ

ഉള്ളതില്‍നിന്ന് എന്തെങ്കിലും കൊടുക്കുന്നത് കാരുണ്യപ്രവൃത്തിയല്ല


അപരനിലേയ്ക്ക് ഇറങ്ങുകയും താദാത്മ്യപ്പെടുകയുംചെയ്യുന്ന ക്രിസ്ത്വാനുകരണമാണ് കാരുണ്യം!

ജൂണ്‍ 5-Ɔ൦ തിയതി തിങ്കളാഴ്ച വിശുദ്ധ ബോനിഫെസിന്‍റെ അനുസ്മരണനാളില്‍ പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ രാവിലെ ദിവ്യബലി അര്‍പ്പിക്കവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. തോബിത്തിന്‍റെ പുസ്തകത്തിലെ ആദ്യവായനയെ ആധാരമാക്കിയായിരുന്നു വചനചിന്തകള്‍. (തോബി.1:3.. 2:1-8). 

1. പങ്കുവയ്ക്കലല്ല കാരുണ്യം    സ്വജനങ്ങള്‍ക്കൊപ്പം ബന്ധിയാക്കപ്പെട്ട് അസ്സീറിയായിലെ നിനേവെ പട്ടണത്തില്‍ തോബിത്തും കുടുംബവും പാര്‍ത്തിരുന്നു. അയാള്‍ നീതിമാനായിരുന്നു. ജീവിതം അപകടപ്പെടുത്തിയും പീഡിതരായ മനുഷ്യരെ സഹായിക്കുമായിരുന്നു. കൊല്ലപ്പെട്ടവരുടെ ശരീരങ്ങള്‍ ഒളിവില്‍ അടക്കംചെയ്യാന്‍പോലും അയാള്‍ ഉദാരമതിയായിരുന്നു. ശാരീരികവും ആത്മീയവുമായ  14 കാരുണ്യപ്രവൃത്തികളില്‍ ഒന്നാണല്ലോ മൃതരെ അടക്കംചെയ്യുന്നത്. ഉള്ളതില്‍നിന്ന് കുറച്ചു പങ്കുവച്ചുകൊടുക്കുന്നത് കാരുണ്യമല്ല.

2.  പ്രവൃത്തിബദ്ധമാകുന്ന സ്നേഹം - കാരുണ്യം     പങ്കുവയ്ക്കലിനുമപ്പുറം അപരോട് താദാത്മ്യപ്പെടുത്തുന്ന ആത്മഭാവമാണ് കാരുണ്യപ്രവൃത്തി. വേദനിക്കുന്നരുടെ വേദനിയില്‍ പങ്കുചേരുന്നതാണിത്. മനസ്സമാധാനത്തിനുള്ള പ്രവൃത്തി മാത്രമല്ല കാരുണ്യം. നിശ്ശബ്ദമെങ്കിലും അത് ത്യാഗം ആവശ്യപ്പെടുന്നു. അത് അപരന്‍റെ വിഷമത്തിലുള്ള പങ്കുചേരലാണ്. പങ്കുവയ്ക്കലും, പിന്നെ അപരന്‍റെ വേദനയോടുള്ള താദാത്മ്യപ്പെടലും - രണ്ടും ഒത്തുചേരുന്നതാണ് കാരുണ്യപ്രവൃത്തി. ഉദാരമതിയാകുന്നത് നല്ല കാര്യമാണ്. എന്നാല്‍ അപരന്‍ വേദനിക്കുമ്പോള്‍ പ്രവൃത്തിബദ്ധമായി എനിക്ക് ആ വേദനയില്‍ പങ്കുചേരാനാകുമോ? അപരന്‍റെ വേദനയിലെ പ്രവൃത്തിബദ്ധമായ പങ്കുചേരലാണ് താദാത്മ്യംപ്രാപിക്കല്‍! പാപ്പാ വ്യക്തമാക്കി.

3. ജീവന്‍കൊടുത്ത്  ജീവന്‍ നേടുന്നവര്‍    നിനേവെ പട്ടണത്തില്‍ ബന്ധികളായി കഴിഞ്ഞിരുന്ന യഹൂദര്‍ മരിച്ചാല്‍ അടക്കംചെയ്യാന്‍പോലും സ്വാതന്ത്ര്യമില്ലായിരുന്നു. ആരെങ്കിലും അതു ചെയ്താല്‍ കൊല്ലപ്പെടാം. അങ്ങിനെയൊരു സാഹചര്യത്തിലാണ് തോബിത്ത് രാത്രിയുടെ ഒളിവിലും മറവിലും, സ്വന്തം ജീവന്‍ പണയംവച്ചും മരിച്ചവരെ അടക്കംചെയ്തിരുന്നത്. അതിനാല്‍ കരുണ്യപ്രവൃത്തിയെന്നാല്‍ പങ്കുയ്ക്കല്‍ മാത്രമല്ല. പാപ്പാ സമര്‍ത്ഥിച്ചു.  മനുഷ്യര്‍ അപകടത്തിലാകുന്ന അവസരങ്ങള്‍ നിരവധിയാണ്. പന്ത്രണ്ടാം പിയൂസ് പാപ്പായുടെ കാലത്താണ് നാസികളുടെ യുദ്ധഭീഷണി റോമാ നഗരത്തിനുണ്ടായത്. വിപ്രവാസികളായ യഹൂദരുടെ ജീവന്‍ രക്ഷിക്കാന്‍ പാപ്പാ അവരെ വത്തിക്കാനില്‍ ഒളിവില്‍ പാര്‍പ്പിച്ചത് ചരിത്രമാണ്. സ്വന്തം ജീവന്‍ പണയപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം അതു ചെയ്തത്! ഇത് കാരുണ്യപ്രവൃത്തിയാണ്!

4. ക്രിസ്തു കാട്ടിയ കാരുണ്യം    കാരുണ്യപ്രവൃത്തി ചെയ്യുന്നവരെക്കുറിച്ച് രണ്ടു പ്രത്യേകതകള്‍ ചൂണ്ടിക്കാട്ടാം. ആദ്യമായി തോബിത്തിനെപ്പോലെ അവര്‍ മറ്റുള്ളവരാല്‍ വേട്ടയാടപ്പെടും, വിമര്‍ശിക്കപ്പെടും. രണ്ടാമതായി സ്വസ്ഥമായിരിക്കുന്നതിനു പകരം അയാള്‍ ഒരു ‘കിറുക്കനെപ്പോലെ’ അസ്വസ്ഥനും പ്രവൃത്തി ബദ്ധനുമായിരിക്കും. പ്രവര്‍ത്തനനിബിഡമായി ജീവിച്ചുകൊണ്ടും സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടും നന്മചെയ്യാം, കാരുണ്യപ്രവൃത്തികള്‍ ചെയ്യാം. സുഖമില്ലാത്ത എന്‍റെ ഒരു സുഹൃത്തിനെ സന്ദര്‍ശിച്ചു സാന്ത്വനപ്പെടുത്തുന്നതിനു പകരം, അയാളെ ഒന്നു ഫോണ്‍ വിളിച്ചിട്ട്, എനിക്ക് ടി.വി.കാണാം, പിന്നെ വിശ്രമിക്കാം, ഉറങ്ങാം. കരുണകാട്ടാനും മനുഷ്യരെ രക്ഷിക്കാനും സ്വയാര്‍പ്പണംചെയ്ത ക്രിസ്തുവിന്‍റെ മാതൃകയാണ് നമുക്കു പ്രചോദനമേകേണ്ടത്.   സ്വര്‍ത്ഥതയുടെ വലയംവിട്ട് അപരനിലേയ്ക്ക് ഇറങ്ങുകയും താദാത്മ്യപ്പെടുകയും ചെയ്യുന്ന ക്രിസ്ത്വാനുകരണമാണ് കാരുണ്യം!