സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / പാപ്പാ ഫ്രാന്‍സിസ് / വചനസമീക്ഷ

പന്തക്കുസ്താതിരുന്നാള്‍-പാപ്പായുടെ വചനസമീക്ഷ


ആഗോള കത്തോലിക്കാസഭ പന്തക്കുസ്താതിരുന്നാള്‍ ആചരിച്ച നാലാം തിയതി ഞായറാഴ്ച(04/06/17) വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ ഫ്രാന്‍സീസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സാഘോഷമായ ദിവ്യബലിയര്‍പ്പിക്കപ്പെട്ടു. ഈ തിരുന്നാള്‍ക്കുര്‍ബ്ബാനയില്‍ ഭാരതമുള്‍പ്പടെയുള്ള നാടുകളില്‍ നിന്നെത്തിയിരുന്ന അറുപതിനായിരത്തോളം വിശ്വാസികള്‍ പങ്കുകൊണ്ടു. കരിസ്മാറ്റിക്ക് നവീകരണപ്രസ്ഥാനത്തിന്‍റെ സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് റോമില്‍ ഞായറാഴ്ചവരെ നടന്ന പഞ്ചദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്ന വിവിധ രാജ്യക്കാരായിരുന്ന ആയിരക്കണക്കിനു തീര്‍ത്ഥാടകരും ദിവ്യബലിയില്‍ സംബന്ധിച്ചു. ഇവരില്‍ നിരവധി മലയാളികളും ഉണ്ടായിരുന്നു. ഗായകസംഘം പ്രവേശനഗീതം ആരംഭിച്ചപ്പോള്‍ പാപ്പാ പ്രദക്ഷിണമായി ബലിവേദിയിലെത്തുകയും ധൂപാര്‍പ്പണാനന്തരം വിശുദ്ധകുര്‍ബ്ബാന ആരംഭിക്കുകയും ചെയ്തു. വചനശുശ്രൂഷാവേളയില്‍ വിശുദ്ധഗ്രന്ഥവായനകള്‍ക്കു ശേഷം ഫ്രാന്‍സീസ് പാപ്പാ സുവിശേഷസന്ദേശം നല്കി.

പാപ്പായുടെ പരിചിന്തനത്തിന്‍റെ സംഗ്രഹം:

യേശുവിന്‍റെ പുനരുത്ഥാനത്തിനുശേഷം, പരിശുദ്ധാരൂപിയുടെ സവിശേഷ സാന്ന്യധ്യത്താല്‍ മുദ്രിതമായ പന്തക്കുസ്താവരെ, 50 ദിവസം നീളുന്ന പെസഹാക്കാലം പന്തക്കുസ്താതിരുന്നാള്‍ ദിനമായ ഈ ഞായറാഴ്ച സമാപിക്കുന്നത് അനുസ്മരിച്ചുകൊണ്ട് ആരംഭിച്ച വചനസമീക്ഷ പാപ്പാ ഇപ്രകാരം തുടര്‍ന്നു.      

പരിശുദ്ധാരൂപിയാണ്, വാസ്തവത്തില്‍, പരമശ്രേഷ്ഠമായ പെസഹാദാനം. സൃഷ്‌ടികര്‍ത്താവായ പരിശുദ്ധാരൂപിയാണ് എന്നും പുതിയവ സൃഷ്ടിക്കുന്നത്.  ഇന്നത്തെ വായനകള്‍ നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്ന രണ്ടു നൂതനകാര്യങ്ങളാണ്. ആദ്യത്തെ വായനയില്‍ നാം കാണുക ശിഷ്യന്മാരെ ഒരു പുതിയ ജനമാക്കിത്തീര്‍ക്കുന്ന അരൂപിയെയാണ്. ഇന്നത്തെ സുവിശേഷവായനയിലാകട്ടെ ശിഷ്യന്മാരില്‍ നവമായൊരു ഹൃദയം സൃഷ്ടിക്കുന്ന പരിശുദ്ധാരൂപിയെ നാം ദര്‍ശിക്കുന്നു.

പുതിയ ജനം. പന്തക്കുസ്താദിനത്തില്‍ പരിശുദ്ധാരൂപി തീനാവിന്‍റെ രൂപത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവരുന്നു. “അഗ്നിജ്വാലകള്‍ പോലുള്ള നാവുകള്‍ ശിഷ്യരി‍ല്‍ ഒരോരുത്തരുടെയുംമേല്‍ വന്നു നിന്നു.....അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു... അവര്‍‍ വിവിധ ഭാഷകള്‍ സംസാരിക്കാന്‍ തുടങ്ങി. (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍,2,3-4). ദൈവവചനം പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനം വവരിക്കുന്നത് ഇപ്രകാരമാണ്, അതായത്, ഈ അരൂപി ആദ്യം ഓരോരുത്തരുടെയുംമേല്‍ വന്നു നില്ക്കുന്നു, തദ്ദനന്തരം എല്ലാവരെയും ഒന്നിപ്പിക്കുന്നു. എല്ലാവര്‍ക്കും കൃപയേകുന്നു, സകലരും ഐക്യത്തിലാകുന്നു. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ ഒരേ പരിശുദ്ധാരൂപിതന്നെയാണ് വൈവിധ്യവും ഐക്യവും ഉണ്ടാക്കുന്നത്, ഒറ്റജനതയായക്കി മാറ്റുന്നത്, നാനാത്വത്തില്‍ ഏകത്വം സംജാതമാക്കുന്നത്. സഭ സാര്‍വ്വത്രികമാണ്. ആദ്യം, ഭാവനയോടും അചിന്തനീയമായവിധത്തിലും വൈവിധ്യം സൃഷ്ടിക്കുന്നു; എല്ലായുഗങ്ങളിലും ഈ അരൂപി നൂതനങ്ങളും വ്യത്യസ്തങ്ങളുമായ സിദ്ധികള്‍ക്ക്  ജന്മമേകുന്നു. ഈ അരൂപിതന്നെ, പിന്നീട്, ഐക്യം സാക്ഷാത്ക്കരിക്കുന്നു. പര്സപരം ബന്ധിപ്പിക്കുന്നു, ഒരുമിച്ചുകൂട്ടുന്നു, ഏകതാനത പുന:സൃഷ്ടിക്കുന്നു.

ഈ അരൂപി തന്‍റെ സാന്നിധ്യത്താലും പ്രവര്‍ത്തനത്താലും, വ്യതിരിക്തവും വിഭിന്നങ്ങളുമായ ആത്മാവുകളെ ഐക്യത്തില്‍ ഒന്നിപ്പിക്കുന്നു എന്ന് അലക്സാണ്ഡ്രിയായിലെ സിറില്‍ യോഹന്നാന്‍റെ സുവിശേഷം പതിനൊന്നാം അദ്ധ്യായത്തിന്‍റെ വ്യാഖ്യാനത്തില്‍ പറയുന്നുണ്ട്.

ആവര്‍ത്തിക്കപ്പെടുന്ന രണ്ടു പ്രലോഭനങ്ങള്‍ നാം ഒഴിവാക്കേണ്ടതായിട്ടുണ്ട്. ഇവയില്‍ ഒന്ന്, ഐക്യരഹിത വൈവിധ്യത്തിനായുള്ള അന്വേഷണമാണ്. വ്യത്യസ്തരായി കാണപ്പെടാന്‍ ശ്രമിക്കുമ്പോഴും, അണികളും സംഘങ്ങളും സൃഷ്ടിക്കുമ്പോഴും, മറ്റുള്ളവയെ ഒഴിവാക്കുന്ന കടുത്തനിലപാടെടുക്കുമ്പോഴും, തന്‍റേതാണ് ഏറ്റം നല്ലതെന്നും, തന്‍റേതുമാത്രമാണ് ശരി എന്നുമുള്ള ചിന്തയില്‍ സ്വന്തം സവിശേഷതകളില്‍ സ്വയം അടച്ചിടുമ്പോഴും ഇതു സംഭവിക്കുന്നു. സത്യത്തിന്‍റെ  കാവല്‍ക്കാര്‍ തങ്ങളാണെന്ന് ഇക്കൂട്ടര്‍ കരുതുന്നു. അപ്പോള്‍ മുഴുവനുമല്ല ഒരു ഭാഗം മാത്രം തിരഞ്ഞെടുക്കുന്നു. അപ്പോള്‍ സഭയിലല്ല, മറ്റെന്തിലെങ്കിലും അംഗമാകുന്നു, ഏകാത്മാവില്‍ സഹോദരീസഹോദരന്മാരാകാതെ ഏതെങ്കിലും ഒരു വിഭാഗത്തിനു വേണ്ടി കൊടിപിടിക്കുന്നവരാകുന്നു. സഭയുടെ എളിയവരും കൃതജ്ഞതാഭരിതരുമായ മക്കളാകുന്നതിനു പകരം ഗതകാലത്തിന്‍റെ  കടുംപിടുത്തക്കാരായ കാവല്‍ക്കാരും മുന്നണിപ്പോരാളികളുമായി അവര്‍ മാറുന്നു. അങ്ങനെ ഐക്യമില്ലാത്ത വൈവിധ്യം സംജാതമാകുന്നു. ഇതിന വിപരീതമായ ഒരു പ്രലോഭനമാണ് വൈവിധ്യം കൂടാതെയുള്ള ഐക്യത്തിനായുള്ള അന്വേഷണം. ഇവിടെ ഐക്യം ഏകരൂപമായി പരിണമിക്കുകയാണ്. എല്ലാം ഒത്തൊരുമിച്ചു ഒരുപോലെ ചെയ്യാന്‍, എല്ലാവരും എല്ലായ്പോഴും ഒരുപോലെ ചിന്തിക്കാന്‍ ബാദ്ധ്യസ്ഥരാകുന്നു. അവിടെ ഐക്യം ഇല്ലാതാകുന്നു, സ്വാതന്ത്യം ഇല്ലാതാകുന്നു. എന്നാല്‍ പൗലോസപ്പസ്തോലന്‍ പറയുന്നു: “എവിടെ കര്‍ത്താവിന്‍റെ ആത്മാവുണ്ടോ അവിടെ സ്വാതന്ത്ര്യമുണ്ട്” കോറിന്തോസുകാര്‍ക്കുള്ള രണ്ടാം ലേഖനം,3,17

പരിശുദ്ധാരൂപിയോടു അവിടെത്ത ഐക്യത്തിനായി യാചിക്കുകയാകണം നമ്മുടെ പ്രാര്‍ത്ഥന. വ്യക്തിപരമായ തല്പര്യങ്ങള്‍ക്കതീതമായി അവിടത്തെ, നമ്മുടെ സഭയെ ആശ്ലേഷിക്കാനും സ്നേഹിക്കാനും നമുക്കു കഴിയുന്നതിനുള്ള അവിടത്തെ കടാക്ഷത്തിനായി നാം പ്രാര്‍ത്ഥിക്കണം. സകലര്‍ക്കുമിടയില്‍ ഐക്യം സംജാതമാക്കുകയും വിഷലിപ്തമായ കളകളുടെയും അസൂയകളുടെയും വിത്തുവിതയക്കുന്ന വ്യര്‍ത്ഥസംഭാഷണങ്ങളില്‍ നിന്നു വിട്ടുനില്ക്കുകയും, അങ്ങനെ, സഭയുടെ മനുഷ്യരാകാന്‍, അതായത് കൂട്ടായ്മയുടെ സ്ത്രീപുരുഷന്മാരാകാന്‍ നമുക്ക് കഴിയുന്നതിനുള്ള കൃപ പരിശുദ്ധാരൂപിയോടു യാചിക്കാം. നമ്മുടെ അമ്മയും ഭവനവും, അതാതയത്, പരിശുദ്ധാരൂപിയുടെ വൈവിധ്യമാര്‍ന്ന ആനന്ദം പങ്കുവയ്ക്കുകയും സ്കലരെയും സ്വാഗതം ചെയ്യുകയും തുറന്നുകിടക്കുന്നതുമായ ഒരു ഭവനം ആയി സഭയെ കരുതാന്‍ കഴിയുന്ന ഒരു ഹൃദയം പ്രദാനം ചെയ്യുന്നതിനുവേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം.

നമുക്ക് രണ്ടാമത്തെ പുതുമയിലേക്കൊന്നു നോക്കാം. പുത്തന്‍ ഹൃദയം ആണ് അത്. തന്‍റെ ശിഷ്യന്മാര്‍ക്ക് ആദ്യമായി പ്രത്യക്ഷപ്പെടുന്ന ഉത്ഥിതന്‍ പറയുന്നു: “നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍; നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവൊ അവ അവരോട് ക്ഷമിക്കപ്പെട്ടിരിക്കും” (യോഹന്നാന്‍ 20,22-23). തന്‍റെ   പീഢാസഹനവേളയില്‍ തന്നെ ഉപേക്ഷിക്കുകയും തന്നെ തള്ളിപ്പറയുകയും ചെയ്ത ശിഷ്യന്മാരെ യേശു അപലപിക്കുന്നില്ല, പ്രത്യുത അവര്‍ക്ക് പൊറുക്കലിന്‍റെ  ആത്മാവിനെ പ്രദാനം ചെയ്യുന്നു. ഉത്ഥിതന്‍റെ പ്രഥമ സമ്മാനം പരിശുദ്ധാരൂപിയാണ്. ആ അരൂപി നല്കപ്പെടുന്നത് സര്‍വ്വോപരി, പാപങ്ങള്‍ പൊറുക്കുന്നതിനാണ്. പൊറുക്കലാണ് നമ്മെ ഒറ്റക്കെട്ടായി നിറുത്തുന്ന പാശം, ഭവനത്തിന്‍റെ കല്ലുകളെ ഒന്നിപ്പിക്കുന്ന കുമ്മായം. പൊറുക്കല്‍ അതിശക്തമായ ഒരു ദാനമാണ്, അത് ഏറ്റം വലിയ സ്നേഹമാണ്, സകല പ്രതികൂല സാഹചര്യങ്ങളിലും ഒന്നിപ്പിച്ചു നിറുത്തുന്നതും, തകര്‍ച്ച തടയുന്നതും ബലപ്പെടുത്തുന്നതും വിളക്കിച്ചേര്‍ക്കുന്നതുമാണത്. മാപ്പുനല്കല്‍ ഹൃദയത്തെ സ്വതന്ത്രമാക്കുന്നു, വീണ്ടുമൊരു തുടക്കത്തിന് അതനുവദിക്കുന്നു. പൊറുക്കല്‍ പ്രത്യാശ പ്രദാനം ചെയ്യുന്നു. പൊറുക്കലില്ലെങ്കില്‍ സഭയെ പടുത്തുയര്‍ത്തുക സാധ്യമല്ല.

പൊറുക്കലിന്‍റെ ആത്മാവ് സകലവും അനുരഞ്ജനത്താല്‍ പരിഹരിക്കുന്നു. സ്വീകരിക്കപ്പെട്ട ക്ഷമയുടെയും നല്കപ്പെട്ട ക്ഷമയു‌ടെയും, ദൈവിക കാരുണ്യത്തിന്‍റെ പാതയിലൂടെ,  അങ്ങോട്ടുമിങ്ങോട്ടുമുള്ള സരണിയിലുടെ ചരിക്കാനാണ് പരിശുദ്ധാരൂപി ഉപദേശിക്കന്നത്.

ക്ഷമയാല്‍ നവീകരിക്കപ്പെട്ടുകൊണ്ടും നമ്മെ സ്വയം തിരുത്തിക്കൊണ്ടും നമ്മുടെ സഭാമാതാവിന്‍റെ വദനം എന്നും ഏറ്റം മനോഹരമാക്കാം; അപ്പോള്‍ മാത്രമെ നമുക്കു മറ്റുള്ളവരെ സ്നേഹത്തില്‍ തിരുത്താന്‍ കഴിയുകയുള്ളു. സഭയിലും പലപ്പോഴും പാപമാകുന്ന ചാരത്താല്‍ നാം മറയ്ക്കുന്ന നമ്മുടെ ഉള്ളിലും കത്തുന്ന സ്നേഹാഗ്നിയായ പരിശുദ്ധാരൂപിയോടു നമുക്കു പ്രാര്‍ത്ഥിക്കാം:

എന്‍റെ ഹൃദയത്തിലും സഭയുടെ ഹൃദയത്തിലും കുടികൊള്ളുന്ന ദൈവത്തിന്‍റെ  അരൂപിയേ, നാഥാ, സഭയെ വൈവിധ്യത്തില്‍ രൂപപ്പെടുത്തി മുന്നോട്ടു നയിക്കുന്നവനേ അങ്ങ് വന്നാലും. ജീവിക്കുന്നതിന് ജലം എന്ന പോലെ അങ്ങയെ ഞങ്ങള്‍ക്കാവശ്യമാണ്. ഞങ്ങളുടെ മേല്‍ ഇനിയും ഇറങ്ങി വരിക, ഞങ്ങളെ പഠിപ്പിക്കുക, ഞങ്ങളു‌ടെ ഹൃദയങ്ങളെ നവീകരിക്കുക, അങ്ങ് ഞങ്ങളെ സ്നേഹിക്കുന്നതുപോലെ സ്നേഹിക്കാന്‍ ഞങ്ങളെ പഠിപ്പിക്കുക, അങ്ങ് പൊറുക്കുന്നതുപോലെ പൊറുക്കാന്‍ ഞങ്ങളെ പഠിപ്പിക്കുക. ആമേന്‍

                        ... പാപ്പാ ...

 

ഈ വാക്കുകള്‍ക്കു ശേഷം വിശുദ്ധ കുര്‍ബ്ബാന തുടര്‍ന്ന പാപ്പാ സമാപാനശീര്‍വ്വാദത്തിനു മുമ്പ് ത്രികാല പ്രാര്‍ത്ഥന നയിച്ചു. പ്രാര്‍ത്ഥനയ്ക്കൊരുക്കമായി നടത്തിയ ഹ്രസ്വ വിചിന്തനത്തില്‍ പാപ്പാ അനുവര്‍ഷം ഒക്ടോബറില്‍ ആചരിക്കപ്പെടുന്ന ലോക പ്രേഷിതദിനത്തിനുള്ള സന്ദേശം പന്തക്കുസ്താ തിരുന്നാള്‍ ദിനമായ ഈ ഞായറാഴ്ച പരസ്യപ്പെടുത്തുകയാണെന്ന് വെളിപ്പെടുത്തി. “ക്രൈസ്തവവിശ്വാസത്തിന്‍റെ ഹൃദയസ്ഥാനത്തു നില്ക്കുന്ന ദൗത്യം” എന്നതാണ് ഇക്കൊല്ലത്തെ ഈ ദിനാചരണത്തിന്‍റെ വിചിന്തനപ്രമേയം എന്നും പാപ്പാ വെളിപ്പെടുത്തി.

ലണ്ടനില്‍ നിരപരാധികള്‍ ഇരകളാക്കപ്പെട്ടതള്‍പ്പെടെയുള്ള ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ യുദ്ധങ്ങളുടെയും ഭീകാരക്രമണങ്ങളുടെയും മുറിവുകള്‍ സൗഖ്യമാക്കുന്നതിനും, വിശ്വശാന്തി പ്രദാനം ചെയ്യുന്നതിനും പരിശുദ്ധാരൂപിയോടു പ്രാര്‍ത്ഥിച്ചു. കരിസ്മാറ്റിക്ക് നവീകരണപ്രസ്ഥാനത്തിന്‍റെ അമ്പതാം സ്ഥാപനവാര്‍ഷികം ആഘോഷിക്കുന്നവരെയും പാപ്പാ അനുസ്മരിച്ചു.

വിശുദ്ധകുര്‍ബ്ബാനയുടെ അവസാനം പാപ്പാ  എല്ലാവര്‍ക്കും തന്‍റെ ശ്ലൈഹികാശീര്‍വാദം നല്കി.