സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / പാപ്പാ ഫ്രാന്‍സിസ് / പ്രബോധനങ്ങള്‍

ക്രിസ്തു പഠിപ്പിക്കുന്ന സമാനതകളില്ലാത്ത സ്നേഹം


മെയ് 18-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി, സാന്താമാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കവെ ലൗകികമല്ലാത്തതും സമാനതകളില്ലാത്തതുമായ ക്രിസ്തു പകര്‍ന്നു നല്കുന്ന സ്നേഹത്തെക്കുറിച്ചാണ് പാപ്പാ ഫ്രാന്‍സിസ് വചനചിന്തകള്‍ പങ്കുവച്ചത്.

1. ജീവിതത്തിന് അടിസ്ഥാനം സ്നേഹമാണ്     സ്നേഹം പങ്കുവയ്ക്കുക എന്നത് ക്രിസ്തീയ ദൗത്യമാണ്. ദൈവികസ്നേഹം ക്രിസ്തീയ ജീവിതത്തിന്‍റെ കേന്ദ്രവുമാണ്. വിശുദ്ധ യോഹന്നാന്‍റെ സുവിശേഷഭാഗത്തെ ആധാരമാക്കിയായിരുന്നു പാപ്പായുടെ ചിന്തകള്‍ (യോഹ. 15, 9-11). പിതാവു സ്നേഹച്ചതുപോലെ ‍ഞാനും നിങ്ങളെ സ്നേഹിക്കുന്നു. അതിനാല്‍ നിങ്ങള്‍ ആ സ്നേഹത്തില്‍ വസിക്കണം! ഈ യുക്തിയാണ് ക്രിസ്തു പഠിപ്പിക്കുന്നത്. പിതാവിനെ സ്നേഹിക്കുന്നവര്‍ അവിടുത്തെ കല്പനകള്‍ അനുസരിക്കുന്നു. അതിനാല്‍ സ്നേഹം കല്പനകള്‍ക്കും നിയമത്തിനും ആധാരമാണ്. അങ്ങനെ ക്രിസ്തീയ ജീവിതത്തിന് അടിസ്ഥാനം സ്നേഹമാണെന്നും സ്നേഹമായിരിക്കണമെന്നും പാപ്പാ സമര്‍ത്ഥിച്ചു.

2. വിഭജിതമായ സ്നേഹം – സ്വാര്‍ത്ഥസ്നേഹം    ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്നും നമ്മെ പിന്‍തിരിക്കുന്ന സ്നേഹമുണ്ട്. പിതാവിന് നമ്മളോടുള്ള സ്നേഹവും നമുക്ക് അവിടുത്തോടുള്ള സ്നേഹവുമാണ് എന്നാല്‍ എല്ലാറ്റിനും ആധാരം. ഈ ലോകം തരുന്ന സ്നേഹം മിഥ്യയാണ്. അത് വസ്തുക്കളോടും, തന്നോടുതന്നെയും, അഹങ്കാരത്തിനും അധികാരണത്തിനും പണത്തിനുമുള്ള അവിഹിത സ്നേഹമാണ്. എന്നാല്‍ ഇവ പിതാവില്‍നിന്നോ ക്രിസ്തുവില്‍നിന്നോ ഉള്ളതല്ല. അവ നമ്മെ പിതാവിലേയ്ക്ക് അടുപ്പിക്കുന്നില്ല, മറിച്ച് അകറ്റുകയാണ് ചെയ്യുന്നത്. വിഭജിതമായ സ്നേഹവും നല്ലതല്ലെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. ദൈവത്തെ പൂര്‍ണ്ണമായും സ്നേഹിക്കുക. പാതി മനസ്സ് ലൗകിതയോട് ഒട്ടിനില്ക്കുമ്പോള്‍ അത് വിഭജിതമായ സ്നേഹമാണ്.

3. അസ്തമിക്കാത്ത സ്നേഹം - ദൈവസ്നേഹം    ദൈവസ്നേഹം അളവും അതിരുമില്ലാത്തതാണ്. അത് സമൃദ്ധമാണ്. ദൈവസ്നേഹത്തിന്‍റെ അളവ്, അതിന് അളവില്ലെന്നതാണെന്ന്, പാപ്പാ വിശേഷിപ്പിച്ചു. ക്രിസ്തു നല്കുന്ന കല്പനകള്‍ പാലിച്ചു ജീവിക്കുന്നവര്‍ പിതാവില്‍ ഒന്നായി ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ വസിക്കുന്നു. കാരണം ക്രിസ്തു പിതാവില്‍നിന്നുമാണ്. അങ്ങനെ അളവും അതിരുമില്ലാത്ത, ഒരുക്കലും അസ്തമിക്കാത്ത ഈ സ്നേഹത്തിന്‍റെ ആഴവും വ്യപ്തിയും മനസ്സിലാക്കുന്നവര്‍ക്ക് ക്രിസ്തുസ്നേഹത്തില്‍നിന്നും അകന്നിരിക്കാനാവില്ല.  

4. സ്നേഹത്തില്‍നിന്നും  ഉതിരുന്ന ആനന്ദം    ദൈവത്തെ അനുസരിച്ചും അവിടുത്തെ സ്നേഹിച്ചും ആത്മീയാനന്ദത്തില്‍ ജീവിക്കുകയെന്നതാണ് ക്രൈസ്തവദൗത്യം. ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ ജീവിക്കുന്നവര്‍ക്ക് അവിടുത്തെ ആനന്ദവും ലഭിക്കും. സ്നേഹത്തൊടൊപ്പം അവിടുന്നു നല്കുന്ന ദാനമാണ് ആനന്ദം. മെത്രാന്‍ സ്ഥാനത്തേയ്ക്ക് ഒരു വൈദികന്‍ ഉയര്‍ത്തപ്പെട്ടു. പ്രായമായ പിതാവിനെ കാണാന്‍ ചെന്ന മെത്രാനു അന്നു കിട്ടിയ ഉപദേശം പാപ്പാ പങ്കുവച്ചു. വൈദികന്‍റെ പിതാവ് ബിരുദധാരിയായിരുന്നില്ല. എന്നിട്ടും ജീവിതാനുഭവത്തില്‍നിന്നും പറഞ്ഞുകൊടുത്ത കാര്യം ശ്രദ്ധേയമായിരുന്നു. അനുസരണയോടെ ജീവിച്ച് ജനത്തെ സന്തോഷത്തോടെ ശുശ്രൂഷിക്കണം. ദൈവസ്നേഹത്തില്‍നിന്നും ഉരുത്തിരിയുന്ന സന്തോഷത്തില്‍ ജീവിച്ച്, ആ സന്തോഷം ജനങ്ങള്‍ക്ക് പങ്കുവച്ചു കൊടുക്കുന്നതാണ് യഥാര്‍ത്ഥ സ്നേഹം!

5. സ്നേഹത്തിന്‍റെ പ്രായോജകര്‍    മെത്രാന്മാരും വൈദികരും സന്ന്യസ്തരും ജനത്തിന് ആത്മീയ സന്തോഷം പങ്കുവയ്ക്കാന്‍ വിളിക്കപ്പെട്ടവരാണ്. അതിനുള്ള ഏകമാര്‍ഗ്ഗം സ്നേഹമാണ്. യഥാര്‍ത്ഥമായ സ്നേഹത്തില്‍നിന്നും ഉതിരുന്ന സന്തോഷം ജനങ്ങളുമായി പങ്കുവയ്ക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ക്രിസ്തുവിന്‍റെ സനേഹത്തില്‍ ജീവിക്കാനും വളരാനുമുള്ള ആനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കാം. അതുവഴി ജനങ്ങളെ സന്തോഷത്തോടെ ശുശ്രൂഷിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ, ഇടയാക്കട്ടെ, എന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത് (നടപടി 15, 7-21).