സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / പ്രത്യേകഇനങ്ങള്‍ / വചനവീഥി

ശരണഗീതത്തിന്‍റെ തുടര്‍പഠനം സങ്കീര്‍ത്തനത്തിലെ ദൈവാവിഷ്ക്കാരം


വ്യക്തിയുടെ ശരണം വളരെ വൈകാരികമായും വ്യക്തമായും ചിത്രീകരിക്കുന്ന 27-‍Ɔ൦ സങ്കീര്‍ത്തന പഠനത്തിന്‍റെ ആറാം ഭാഗമാണിത്. മൊത്തമുളള 14 പദങ്ങളുടെയും വ്യാഖ്യാനം മനസ്സിലാക്കിയ നമുക്കിനി പൊതുവായൊരു അവലോകനത്തിലൂടെ സങ്കീര്‍ത്തനത്തെ കുറെക്കൂടി അടുത്തു മനസ്സിലാക്കുവാന്‍ ശ്രമിക്കാം.

ജരൂസലേം ദേവാലയത്തോടുള്ള വാത്സല്യംനിറഞ്ഞ ഓര്‍മ്മകളുമായിട്ടാണ് സങ്കീര്‍ത്തകന്‍ ശരണത്തിന്‍റെ വികാരം പദങ്ങളില്‍ പ്രകടമാക്കുന്നതെന്ന തനിമയാര്‍ന്നൊരു കാഴ്ചപ്പാട് ഈ ഗീതത്തെക്കുറിച്ച് നിരൂപകന്മാര്‍ നല്‍കുന്നുണ്ട്.. ‘ഒരു കാര്യം മാത്രം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു,’ ആഗ്രഹിക്കുന്നു, എന്നു സങ്കീര്‍ത്തകന്‍ ആമുഖമായി പറയുമ്പോള്‍, ആദ്യമായി, ദൈവത്തിലുള്ള അചഞ്ചലമായ ശരണമാണ് പ്രയോഗം വ്യക്തമാക്കുന്നത് (പദങ്ങള്‍ 1-6-വരെ). രണ്ടാമതായി, സഹായത്തിനുള്ള നിലവിളിയും തിരുസന്നിധിയിലുള്ള സമാശ്വാസവും വ്യക്തമാക്കുന്നു. അങ്ങയുടെ മുഖം എന്നില്‍നിന്നും മറച്ചുവയ്ക്കരുതേ  എന്‍റെ സഹായകനായ ദൈവമേ,  ങ്ങയുടെ ദാസനെ കോപത്തോടെ തള്ളിക്കളയരുതേ  (7-മുതല്‍ 13-വരെയുള്ള പദങ്ങളില്‍). പിന്നെ അവസാനമായി,

കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍,

ദുര്‍ബലരാകാതെ ധൈര്യമവലംബിക്കുവിന്‍

കര്‍ത്താവിനുവേണ്ടി കാത്തിരിക്കുവിന്‍.

ഗായകന്‍റെ വാക്കുകളില്‍ ദൈവത്തിന്‍റെ ഒരു അരുളപ്പാടാണ് (14-Ɔമത്തെ പദത്തില്‍) അവസാനപദം വെളിപ്പെടുത്തുന്നത്.

ഈ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലപിച്ചിരിക്കുന്നത്, ‍ഡാവിനയും സംഘവുമാണ്.

Musical Version of Ps. 27

സന്തോഷിക്കുവിന്‍, നിങ്ങള്‍ സന്തോഷിക്കുവിന്‍

ഇസ്രായേലിന്‍ നാഥന്‍ എഴുന്നള്ളുന്നു

ദൈവം, യാഹ്വേ... ഇസ്രായേലിന്‍റെ വെളിച്ചമായിട്ടാണ് ജരൂസലേത്ത് പ്രഘോഷിക്കപ്പെടുന്നത്. അങ്ങനെ ജീവിതത്തിന്‍റെ വെളിച്ചമായ ദൈവത്തില്‍ ഗായകന്‍ ശരണപ്പെട്ടു പ്രാര്‍ത്ഥിക്കുന്നു.

ഹെബ്രായമൂലത്തില്‍ വെളിച്ചത്തിന് സമാന്തരമോ, പര്യായമോ ആയിട്ടുള്ള പദമാണ് രക്ഷ. അങ്ങനെയാണ് ‘കര്‍ത്താവ്, ദൈവം എന്‍റെ പ്രകാശവും രക്ഷയുമാണ്’ എന്ന പ്രയോഗം ഉണ്ടാകുന്നതെന്ന് നമുക്ക് വ്യക്തമായും മനസ്സിലാക്കാം. സങ്കീര്‍ത്തന പദങ്ങള്‍ ഏശയാ പ്രവാചകനെ ഉദ്ധരിക്കുന്നത് വളരെ ശ്രദ്ധേയമാണ്.

ഇസ്രായിലിന്‍റെ പ്രകാശം അഗ്നിയായും അവന്‍റെ പരിശുദ്ധന്‍ ഒരു ജ്വാലയായി തെളിയും.

അതു ജ്വാലിച്ച് ഒറ്റ ദിവസംകൊണ്ട് അവന്‍റെ മുള്ളുകളും മുള്‍ച്ചെടികളും ദഹിപ്പിച്ചുകളയും. (ഏശയ 10, 17). രക്ഷയുടെ ദൈവത്തെ, അല്ലെങ്കില്‍ രക്ഷകനായ ദൈവത്തെയാണ് സങ്കീര്‍ത്തകനെപ്പോലെതന്നെ പ്രവാചകനും പ്രഘോഷിക്കുന്നത്. കൂടാതെ വെളിച്ചം സന്തോഷത്തിന്‍റെ പൂര്‍ണ്ണതയും പ്രതീകവുമാണ്. അങ്ങനെയെങ്കില്‍, ‘ഞാന്‍ ആരെ പേടിക്കണം, ഭയപ്പെടണം?’ കൂടാതെ ‘കര്‍ത്താവ് ജീവന്‍റെ കോട്ടയുമാണ്.’ കര്‍ത്താവിന്‍റെ രക്ഷയുടെയും ശക്തിയുടെയും സംരക്ഷണത്തിലാണ് സങ്കീര്‍ത്തകനെന്ന്, പദങ്ങള്‍ വ്യക്തമാക്കുന്നു. പ്രകാശവും രക്ഷയും രണ്ടു ഗഹനമായ വാക്കുകളുടെ ഇടകലര്‍ന്ന  പ്രയോഗം ഈ ഗീതത്തെ ശ്രദ്ധേയമാക്കുന്നു.

ഇരയെ വിഴുങ്ങുന്ന മൃഗത്തെപ്പോലെയെന്നാണ് സങ്കീര്‍ത്തകന്‍ ശത്രുക്കളെ വിവരിക്കുന്നത്. എന്നാല്‍ അവര്‍ പരാജയപ്പെടുകതന്നെ ചെയ്യും. സങ്കീര്‍ത്തകനു പൂര്‍ണ്ണമായ ശരണമുണ്ട്. ഇതിലും ഉപരിയായി ശത്രുസൈന്ന്യം ആക്രമിച്ചാല്‍പ്പോലും വിജയിക്കാമെന്ന പ്രത്യാശയുമുണ്ട്, ഉറപ്പുണ്ട്.

‘ജീവിതകാലം മുഴുവന്‍ ഞാന്‍ കര്‍ത്താവിന്‍റെ ഭവനത്തില്‍ വസിക്കും.’

ഇതാണു സങ്കീര്‍ത്തകന്‍റെ മനോഭാവം, ആഗ്രഹം, പ്രാര്‍ത്ഥന. എന്തിനാണ്? കര്‍ത്താവിന്‍റെ സൗഹൃദം മനസ്സിലാക്കാന്‍, അവിടുത്തെ സാന്നിദ്ധ്യവും സാമീപ്യവും അനുഭവിക്കാന്‍, അവിടുത്തെ സ്തുതിക്കാന്‍, അവിടുത്തെ പ്രവൃത്തിയും മഹത്ത്വവും ദര്‍ശിക്കാന്‍, സ്വന്തം പ്രവൃത്തികളെ സുസ്ഥിരവും ഫലദായകവുമാക്കുവാന്‍. അവിടുത്തെ ആലയം വീക്ഷിച്ച് അതിന്‍റെ രൂപഭംഗിയില്‍ ആനന്ദിക്കുവാനും, രക്ഷയുടെ അരുളപ്പാടുകള്‍ ശ്രവിക്കുവാനും വേണ്ടിയാണ്. കൂടാരത്തില്‍ വസിക്കുന്ന കര്‍ത്താവ് സങ്കീര്‍ത്തകനു തന്‍റെ ആലയത്തില്‍ അഭയം നല്‍കുകയും, കൂടാരത്തിനുള്ളില്‍ ഒളിപ്പിക്കുകയും, ഉയര്‍ന്ന പാറമേല്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്നു. ക്രമക്കേടിന്‍റെ ഓളങ്ങള്‍ ഈ പാറയില്‍ വന്നടിക്കുമ്പോള്‍, അവ തട്ടിത്തകരും. ഇതേ ചിന്തകള്‍ വീണ്ടും പ്രവാചകന്‍ പ്രഘോഷിക്കുന്നുണ്ട്,  ഏശയാ.. (30, 29)... ഉത്സവരാത്രിയിലെന്നപോലെ നിങ്ങള്‍ ഗാനമാലപിക്കും, ഇസ്രായേലിന്‍റെ രക്ഷാശിലയായ കര്‍ത്താവിന്‍റെ പര്‍വ്വതത്തിലേയ്ക്കു കുഴല്‍നാദത്തിനൊത്ത് പോകുമ്പോഴെന്നപോലെ നിങ്ങള്‍ ഹൃദയത്തില്‍ ആനന്ദിക്കും.

Musical Version of Ps. 27

കര്‍ത്താവുതന്നെയാണെന്നും ജീവരക്ഷ

രക്ഷയുടെ സ്രോതസ്സില്‍നിന്നും ഞാന്‍ ജലം ശേഖരിക്കും

കര്‍ത്താവിനെന്നും ഞാന്‍ നന്ദിയര്‍പ്പിക്കും

അവിടുത്തെ നാമെന്നും നിങ്ങള്‍‍ വിളിച്ചപേക്ഷിക്കുവിന്‍.

കൂടാതെ കര്‍ത്താവ് പീഡിതനു രക്ഷ നല്കും,  ശത്രുക്കളുടെമേല്‍ വിജയം വരിക്കും. ശിരസ് ഉയര്‍ത്തുക... ഉയര്‍ത്തിപ്പിടിക്കുക... അത് വിജയത്തിന്‍റെ അടയാളമാണ്. ബലികളും സ്തുതിയുമാണ് തുടര്‍ന്ന് അര്‍പ്പിക്കുക. ഇവിടെ ദൈവത്തിന്‍റെ രക്ഷയിലുള്ള ഉറപ്പും ദൈവത്തിലുള്ള ശരണവും നേര്‍ച്ചകാഴ്ചകളും ഒന്നുചേര്‍ന്നു നില്ക്കുന്നു. കേള്‍ക്കപ്പെടുന്നതിനും ദൈവത്തിന്‍റെ കരുണ ലഭിക്കുന്നതിനുമായി സങ്കീര്‍ത്തകന്‍ തിരുസന്നിധിയില്‍ ഉച്ചത്തില്‍ വിളിച്ചപേക്ഷിക്കുകയാണ്. ദൈവത്തിന്‍റെ മുഖം തേടുക. അവിടുത്തെ സഹായം അപേക്ഷിക്കുക, എന്നത് ദൈവ കല്പനയാണ്. ഇതിനോടു സാമീപ്യമുള്ള ഒരു പ്രാര്‍ത്ഥന ‘അമര്‍നാ ലിഖിതങ്ങളില്‍’ (Egyptian Clay tablet documents called Amarna Writings) ഉണ്ട്:  “അങ്ങ് എനിക്കു ജീവന്‍ തന്നു അങ്ങുതന്നെ എനിക്കു മരണവും തന്നു. അങ്ങയുടെ മുഖത്തേയ്ക്കു ഞാന്‍ നോക്കുന്നു….”   ഈജിപ്തില്‍ കണ്ടെത്തിയിട്ടുള്ള പുരാതനമായ ലിഖിതങ്ങളുള്ള മണ്‍ഫലകങ്ങളാണ്, സങ്കീര്‍ത്തനചിന്തകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന അമര്‍നാ ലിഖിതങ്ങള്‍.

സങ്കീര്‍ത്തനത്തിന്‍റെ 9, 10 പദങ്ങളില്‍ കാണുന്ന ദൈവത്തിന്‍റെ ‘മുഖം മറയ്ക്കല്‍’... മുഖം തിരിയ്ക്കല്‍... എന്ന പ്രയോഗം സൂചിപ്പിക്കുന്നത് ദൈവത്തിന്‍റെ കൈവെടിയലും, തിരസ്ക്കരണവും കോപവുമാണ്. അതായത് അവകാശങ്ങള്‍ ഇല്ലാത്ത സങ്കീര്‍ത്തകന്‍ രക്ഷകനും വിധിയാളനുമായ ദൈവത്തോടു യാചിക്കുകയാണ്. ദാസനായിട്ടു സ്വയം വിശേഷിപ്പിക്കുന്നത് ശുശ്രൂയ്ക്കുള്ള തന്‍റെ സന്നദ്ധതയാണ് പ്രകടമാക്കുന്നത്. സ്വന്തപ്പെട്ടവര്‍ ഉപേക്ഷിച്ചാല്‍പ്പോലും ദൈവം കൈവിടുകയില്ല എന്ന ഉറച്ച ശരണം പദങ്ങളില്‍ വെളിപ്പെടുന്നു.

Musical Version Ps. 27

ദൈവമഹത്വമാണെന്നും എന്‍റെ രക്ഷ

ഞാന്‍ കര്‍ത്താവില്‍ ആശ്രയിക്കുന്നു

ഒരുനാളും ഞാന്‍ ഭയപ്പെടുകയില്ല

എന്തെന്നാല്‍ എന്‍റെ ബലവും ഗാനവും കര്‍ത്താവാണ്.

      9-1 കര്‍ത്താവേ, അങ്ങയുടെ വഴി എനിക്കു കാണിച്ചുതരണമേ

         എനിക്കു ശത്രുക്കളുള്ളതിനാല്‍ എന്നെ നിരപ്പായ വഴിയിലൂടെ നയിക്കണമേ.

കര്‍ത്താവിന്‍റെ വഴികള്‍ പഠിപ്പിക്കുവാനുള്ള പ്രാര്‍ത്ഥനയാണ് ആദ്യം. അതു നീതിയുടെയും സത്യത്തിന്‍റെയും ജീവന്‍റെയും നിരപ്പുള്ളതും സുഗമവുമായ മാര്‍ഗ്ഗമാണ്. ശത്രുക്കളുടെ അത്യാഗ്രഹം സങ്കീര്‍ത്തകനെ നശിപ്പിക്കുകയാണ്. അവരുടെ മാര്‍ഗ്ഗം കള്ളസാക്ഷ്യവും അനീതിയുമാണ്. കള്ളസാക്ഷ്യം പറഞ്ഞ് വിജയംനേടുക, കൂടെയുളളവരെ തരംതാഴ്ത്തുക, അവരെ ചിവിട്ടത്താഴ്ത്തി സ്വന്തം നിലനില്പ് ഉറപ്പുവരുത്തിക എന്നിവ ഇന്നിന്‍റെ രീതിയായി മാറിയിട്ടുണ്ട്.

എന്നാല്‍ നീതിയിലുമുള്ള സത്യത്തിലുള്ള വിധി ദൈവത്തിന്‍റെ പക്കല്‍നിന്നു മാത്രമാണ്. അതു ജീവനിലുള്ള പ്രത്യാശ നല്‍കുന്നു. ദൈവത്തിന്‍റെ നന്മയും അവിടുത്തെ സ്നേഹവാത്സല്യവും പര്യായമായി മനസ്സിലാക്കാം. ഇത് ജീവിക്കുന്നവരുടെ നാട്ടിലാണു ദര്‍ശിക്കുന്നത്. ജീവനും രക്ഷയും തന്നുകൊണ്ടുള്ള അത്ഭുതപ്രവൃത്തിയിലൂടെയാണ് ദൈവം ഇതു സാധിക്കുന്നത്.

14 കര്‍ത്താവിനുവേണ്ടി കാത്തിരിക്കുവിന്‍.

ഏതു പ്രതിസന്ധിയിലും പതറാതെ കര്‍ത്താവില്‍ ശരണപ്പെടുവാനുള്ള രക്ഷയുടെ അരുളപ്പാടായിട്ടു വേണം ഈ സമാപനപദത്തെ മനസ്സിലാക്കാന്‍. ശത്രുക്കള്‍ സങ്കീര്‍ത്തകനെ പീ‍ഡിപ്പിക്കുകയും ആരോപണങ്ങള്‍കൊണ്ട് ശിക്ഷിക്കുന്നു. അകറ്റിനിര്‍ത്തുന്നു. ഈ സാഹചര്യത്തിലാണ് ഗീതത്തിലെ ശരണത്തിന്‍റെയും യാചനയുടെയും ശക്തി സുവ്യക്തമാകുന്നത്. യാതൊരു ശക്തിക്കും തന്നെ ദൈവത്തില്‍നിന്നും അകറ്റാന്‍ സാധിക്കുയില്ല. ദൈവമാണു രക്ഷയുടെ വഴി കാണിച്ചുകൊടുക്കുന്നത്. സങ്കീര്‍ത്തകന്‍ പ്രതിപാദിക്കുന്ന രക്ഷ ഈ ലോകത്തിനും ഉപരിയായിട്ടുള്ളതാണെന്ന് പദങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ദൈവത്തിന്‍റെ രക്ഷയ്ക്ക് കാത്തിരിക്കുവിന്‍, അവിടുത്തെ കരുണയില്‍ അഭയംതേടുവിന്‍, ദൈവത്തിന്‍റെ രക്ഷയില്‍ ശരണനേടുവിന്‍......

             Musical Version of Ps. 27

ജനതകളുടെ ഇടയില്‍ കര്‍ത്താവിന്‍റെ പ്രവര്‍ത്തികള്‍

നിങ്ങള്‍ വിളംമ്പരംചെയ്യുവിന്‍

അവിടുത്തെ നാമം ഉത്തമമെന്നു നിങ്ങള്‍ പ്രഘോഷിക്കുവിന്‍

സന്തോഷത്തോടെ അവിടുത്തേയ്ക്കെന്നും

നിങ്ങള്‍ കീര്‍ത്തനം പാടുവിന്‍.