സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / പ്രത്യേകഇനങ്ങള്‍ / വചനവീഥി

ശരണഗീതത്തിന്‍റെ തുടര്‍പഠനം 5 സങ്കീര്‍ത്തനത്തിലെ ദൈവാവിഷ്ക്കാരം


രുപത്തിയേഴാം സങ്കീര്‍ത്തനപഠനത്തിന്‍റെ അഞ്ചാം ഭാഗമാണ് ഈ പ്രക്ഷേപണത്തില്‍. മനുഷ്യന്‍റെ ദൈവത്തിലുള്ള സത്തയായ, അടിസ്ഥാനപരമായ ശരണം വെളിപ്പെടുത്തുന്ന ഈ സങ്കീര്‍ത്തനത്തിന്‍റെ, ഈ ഗീതത്തിന്‍റെ ആദ്യത്തെ 7 പദങ്ങളുടെ വ്യാഖ്യാനമാണ് കഴിഞ്ഞ പ്രക്ഷേപണങ്ങളില്‍ മനസ്സിലാക്കിയത്. ദൈവം സമാധാനത്തിന്‍റെയും അനുഗ്രഹത്തിന്‍റെയും ഉറവിടവും, സുരക്ഷയുടെ ഉറച്ചകോട്ടയും, അഭയകേന്ദ്രവുമാകയാല്‍ അവിടുന്നില്‍ സന്തോഷപുരസ്സരം പ്രത്യാശയര്‍പ്പിക്കുവിന്‍, എന്നാണ് സങ്കീര്‍ത്തകന്‍, ഗായകന്‍ ആരംഭത്തില്‍ത്തന്നെ ആഹ്വാനംചെയ്യുന്നത്. അതിനാല്‍ മനുഷ്യന്‍ ദൈവത്തില്‍ അര്‍പ്പിക്കുന്ന പതറാത്ത വിശ്വാസവും അചഞ്ചലമായ ശരണവുമാണ് ഈ സങ്കീര്‍ത്തനത്തിന്‍റെ പൊരുള്‍ എന്നു ആവര്‍ത്തിച്ചു പറയുകയാണ്. ദൈവത്തിലുള്ള ശരണം, ഒരു സംവാദത്തിലേയ്ക്ക്, dialogue form തുടര്‍ന്നതും പുരോഗമിക്കുന്നതുമാണ് തുടര്‍ന്നുള്ള വരികളില്‍ നാം കാണുന്നത്. അങ്ങനെ ഇനി നമുക്ക് 7-മുതല്‍ 14-വരെയുള്ള പദങ്ങളുടെ വ്യാഖ്യാനത്തിലേയ്ക്ക് ഇനി നമുക്ക് കടക്കാം. 

ഈ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലപിച്ചിരിക്കുന്നത്, ‍ഡാവിനയും സംഘവുമാണ്.

Musical Version of Ps. 27

സന്തോഷിക്കുവിന്‍, നിങ്ങള്‍ സന്തോഷിക്കുവിന്‍

ഇസ്രായേലിന്‍ നാഥന്‍ എഴുന്നള്ളുന്നു

ഏഴാമത്തെ പദത്തിന്‍റെ ആദ്യപദംതന്നെ ഈ സങ്കീര്‍ത്തനത്തിന്‍റെ രണ്ടാം ഘട്ടത്തിന്‍റെ സവിശേഷതയായ സംവാദശൈലി, ദൈവത്തോടു സംവദിക്കുന്ന മനുഷ്യന്‍റെ രൂപം (the man in dialogue with God)  ദൈവത്തോടുള്ള മനുഷ്യന്‍റെ സംഭാഷണം, സംവാദം വെളിപ്പെടുത്തന്നതാണ്.

7. കര്‍ത്താവേ, ഞാന്‍ ഉച്ചത്തില്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ അവിടുന്നു കേള്‍ക്കണമേ,  കാരുണ്യപൂര്‍വ്വം എനിക്ക് ഉത്തരമരുളേണമേ.

ഗായകന്‍ ദേവാലയത്തിലോ, തന്‍റെ ഭവനത്തിലോ ഇരുന്ന് ആലപിക്കുന്നതുപോലുള്ളൊരു ഭാവമാണ് പദങ്ങള്‍ ഇവിടെ വെളിപ്പെടുത്തുന്നത്. എന്നാല്‍ ഗായകന്‍ വിലപിക്കുന്നതിനു മുന്‍പേ ദൈവം മറുപടി നല്‍കിയിരിക്കുന്നതും സങ്കീര്‍ത്തനപദങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

8. എന്‍റെ മുഖം നിങ്ങള്‍ തേടുവിന്‍, എന്ന് അവിടുന്നു കല്പിച്ചു.

മറുപടി ബഹുവചനത്തിലുള്ളതാണെന്ന് മൂല രചനയില്‍നിന്നും മനസ്സിലാക്കാം. നിങ്ങള്‍ മുഖംതേടുവിന്‍ എന്നാണ്. താങ്കള്‍ മുഖംതേടുവിന്‍ എന്നോ, നീ മുഖതേടുവിന്‍ എന്നോ അല്ല. വ്യക്തമായും, സ്പഷ്ടമായും നിങ്ങള്‍ മുഖംതേടുവിന്‍ എന്നുതന്നെയാണ്. അതിനാല്‍ ദൈവം സംവദിക്കുന്നത് ദാവീദുരാജാവിനോടോ, അല്ലെങ്കില്‍ മറ്റേതെങ്കിലും വ്യക്തിയോടോ അല്ല. മറിച്ച് ദൈവജനം മുഴുവനോടും, എന്നോടും നിങ്ങളോടും സംയുക്തമായിട്ടാണ്. ഒരു പ്രാര്‍ത്ഥനാസമൂഹം മുഴുവനോടുമായിട്ടാണ് കര്‍ത്താവ് അഭിസംബോധനചെയ്യുന്നത്. അതുപോലെ ദൈവത്തിന്‍റെ കരുണാര്‍ദ്രമുഖം ക്രിസ്തുവില്‍ ലോകം ദര്‍ശിക്കുന്നു എന്ന ചിന്തയും ഇവിടെ സ്ഥാപിതമാകുന്നുണ്ട്.

             Musical Version of Ps. 27

കര്‍ത്താവുതന്നെയാണെന്നും ജീവരക്ഷ

രക്ഷയുടെ സ്രോതസ്സില്‍നിന്നും ഞാന്‍ ജലം ശേഖരിക്കും

കര്‍ത്താവിനെന്നും ഞാന്‍ നന്ദിയര്‍പ്പിക്കും

അവിടുത്തെ നാമെന്നും നിങ്ങള്‍‍ വിളിച്ചപേക്ഷിക്കുവിന്‍.

തുടര്‍ന്ന് മനുഷ്യന്‍റെ അന്തരംഗം, ഹൃദയം മന്ത്രിക്കുന്നു, മറുപടിപറയുന്നു.  8-ാമത്തെ പദമാണീ മറുപടി:

    കര്‍ത്താവേ, അങ്ങയുടെ മുഖം ഞാന്‍ തേടുന്നു

    എന്‍റെ ഹൃദയം അങ്ങയോടും മന്ത്രിക്കുന്നു

കര്‍ത്താവേ, ഞാന്‍ അങ്ങേ മുഖം അന്വേഷിക്കുകയാണ്. അത് അങ്ങ് എന്നില്‍നിന്നും മറക്കരുതേ, എന്ന് സങ്കീര്‍ത്തകന്‍ തുടര്‍ന്നു യാചിക്കുന്നു.  അങ്ങേ മുഖം എന്നില്‍നിന്നും മറച്ചു പിടിക്കരുതേ, എന്നു പറയുന്ന മനുഷ്യന്‍റെ ഉള്ളിലെ വികാരം നമുക്ക് ഔഹിക്കാവുന്നതാണ്. ദൈവം ഇവിടെ, തന്‍റെ ചാരത്തുണ്ട്, തന്നെ ശ്രവിക്കുന്നുണ്ട് എന്ന ഉറപ്പോടെയാണ് അയാള്‍ പറയുന്നത്. ദൈവമേ, അങ്ങേ തിരുമുഖം ഞാന്‍ ദര്‍ശിക്കട്ടെ, അങ്ങ് അത് മറച്ചുപിടിക്കല്ലേ, ഒളിച്ചുപിടിക്കല്ലേ, എന്ന ധ്വനി മാത്രമാണ്... പദങ്ങളില്‍ വരി‍ഞ്ഞു നില്ക്കുന്നത് എന്നു പറയേണ്ടതില്ലല്ലോ. ദൈവമേ, അങ്ങ് അവിടെയുണ്ട്, എന്നില്‍നിന്നും അങ്ങേ മുഖം മറക്കരുതേ... എന്നു മാത്രമാണ് സങ്കീര്‍ത്തകന്‍ യാചിക്കുന്നത്.  ഇങ്ങനെ ശരണം യാചിക്കുന്ന മനുഷ്യന്‍റെ പ്രശ്നം എന്താണെന്നു നമുക്കു പരിശോധിക്കാം.

   അങ്ങയുടെ മുഖം എന്നില്‍നിന്നും മറച്ചുവയ്ക്കരുതേ.

   എന്‍റെ സഹായകനായ ദൈവമേ,

   അങ്ങയുടെ ദാസനെ കോപത്തോടെ തള്ളിക്കളയരുതേ

   എന്‍റെ രക്ഷകനായ ദൈവമേ, എന്നെ തിരസ്ക്കരിക്കരുതേ.

  എന്നെ കൈവെടിയരുതേ.

  അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലും

  കര്‍ത്താവ് എന്നെ കൈക്കൊള്ളും .

ഈ ദുര്‍ഭഗനായ മനുഷ്യന്‍ എന്തു യാതനയാണ് സഹിക്കുന്നത് എന്നു മനസ്സിലാക്കേണ്ടതാണ്. ജീവിതത്തില്‍ നാം ഓരോരുത്തരും അനുഭവിക്കുന്നത് വിവിധങ്ങളും, തനിമയാര്‍ന്നതുമായ പ്രശ്നങ്ങളാണ്. ഓരോരുത്തര്‍ക്കും അവരുടേതായ നരകങ്ങള്‍ ഉണ്ട്. “നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ....” എന്നു പച്ചമലയാളത്തില്‍ പറയാവുന്നതാണ്. അതു നാം തന്നെ ചിലപ്പോള്‍ സൃഷ്ടിക്കാറുണ്ട്, അല്ലെങ്കില്‍ ചിലപ്പോള്‍ മറ്റുളളവര്‍ നമുക്കായി സൃഷ്ടിക്കാറുണ്ട്. എങ്ങനെയായിരുന്നാലും.. പ്രത്യാശ ദൈവത്തിലാണ്. കൃത്യമായ കാരണം, സങ്കീര്‍ത്തകന്‍ പദങ്ങളില്‍ വെളിപ്പെടുത്തുന്നത് നമുക്ക് ശ്രദ്ധിക്കാം....

കര്‍ത്താവേ, അങ്ങയുടെ വഴി എനിക്കു കാണിച്ചുതരണമേ

എനിക്കു ശത്രുക്കളുള്ളതിനാല്‍ എന്നെ നിരപ്പായ വഴിയിലൂടെ നയിക്കണമേ.

വൈരികളുടെ ഇഷ്ടത്തിന് എന്നെ വിട്ടുകൊടുക്കരുതേ

കള്ളസാക്ഷികള്‍ എനിക്കെതിരേ ഉയര്‍ന്നിരിക്കുന്നു ‌അവര്‍ ക്രൂരത നിശ്വസിക്കുന്നു.

ജീവിക്കുന്നവരുടെ ദേശത്തു കര്‍ത്താവിന്‍റെ നന്മ

കാണുമെന്നു ഞാന്‍ വിശ്വസിക്കുന്നു.

കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍,

ദുര്‍ബലരാകാതെ ധൈര്യമവലംബിക്കുവിന്‍

കര്‍ത്താവിനുവേണ്ടി കാത്തിരിക്കുവിന്‍.

തന്‍റെ മാതാപിതാക്കള്‍ തന്നെ കൈവിട്ടു. അവര്‍ തന്നെ മനസ്സിലാക്കുന്നില്ല. ആനുകാലിക ഭാഷയില്‍ പറഞ്ഞാല്‍ ഇവിടെ ഒരു തലമുറകളുടെ അന്തരമാണ്, the Generation Gap…  അതിനാല്‍ ദൈവമേ, അങ്ങ് എന്‍റെ പിതാവും മാതാവുമാണ്. ഞാന്‍ അങ്ങെ മകനും മകളുമാണ്. അങ്ങേ കൈകളില്‍ എന്നെ താങ്ങിക്കൊള്ളും എന്നുള്ള പ്രത്യാശയാണ് സങ്കീര്‍ത്തകന്‍ പദങ്ങളിലൂടെ വെളിപ്പെടുത്തുന്നത്.  പതിനൊന്നാമത്തെ വരികള്‍ തൊട്ട് സംവാദം കുറെക്കൂടെ ഉത്തരാവാദിത്വപൂര്‍ണ്ണമാവുകയാണ്. കാരണം ഇവിടെ ദൈവം നീട്ടുന്ന തുണയില്‍ മനുഷ്യന്‍റെ പങ്കാളിത്തമുണ്ട്. എങ്കിലും മനുഷ്യന്‍റെ യാചനയില്‍ ആദ്യപടി ദൈവത്തിന്‍റേതാണ്. ദൈവമാണ് ആദ്യപടി, മുന്‍കൈ എടുക്കുന്നത്.

Musical Version Ps. 27

ദൈവമഹത്വമാണെന്നും എന്‍റെ രക്ഷ

ഞാന്‍ കര്‍ത്താവില്‍ ആശ്രയിക്കുന്നു

ഒരുനാളും ഞാന്‍ ഭയപ്പെടുകയില്ല

എന്തെന്നാല്‍ എന്‍റെ ബലവും ഗാനവും കര്‍ത്താവാണ്.

ദൈവമേ, അങ്ങേ വഴികള്‍ എന്നെ പഠിപ്പിക്കണമേ. വൈരികളും കള്ളസാക്ഷികളും എനിക്കെതിരായി ഉയരുകയാണ്. അതിനാല്‍ ദൈവമേ, അങ്ങ് ഉണരണമേ... അങ്ങ് എന്നെ പഠിപ്പിക്കണമേ.. കാരണം സ്വമേധയാ എന്തുചെയ്യണമെന്ന് തനിക്കറിയില്ലെന്ന് സങ്കീര്‍ത്തകന്‍ സമ്മതിക്കുന്നു. ഈ ഭൂമിയില്‍ എനിക്കു ചുറ്റും തിന്മ ഉയരുന്നുണ്ടെങ്കിലും, ജീവിക്കുന്നവരുടെ ദേശത്ത്, അതായത്, ലോകത്ത്... ഈ ഭൂമിയില്‍ കര്‍ത്താവിന്‍റെ നന്മ ഞാന്‍ ദര്‍ശിക്കും... എന്നു പറയുമ്പോള്‍ വീണ്ടും പദങ്ങളില്‍ ദൈവത്തിലുള്ള പതരാത്ത വിശ്വാസം, അചഞ്ചലമായ ശരണമാണ് പ്രകടമാകുന്നത്.

ജീവിക്കുന്നവരുടെ ദേശത്തു കര്‍ത്താവിന്‍റെ നന്മ

കാണുമെന്നു ഞാന്‍ വിശ്വസിക്കുന്നു.

കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍,

ദുര്‍ബലരാകാതെ ധൈര്യമവലംബിക്കുവിന്‍

കര്‍ത്താവിനുവേണ്ടി കാത്തിരിക്കുവിന്‍.

“ജീവിക്കുന്നവരുടെ ദേശം,” എന്ന സങ്കീര്‍ത്തകന്‍റെ പ്രയോഗം ശ്രദ്ധേയമാണ്. അത് ഭൂമിയാകാം, സ്വര്‍ഗ്ഗമാകാം. കാരണം, ദൈവം ഒരുപോലെ  ജീവിക്കുന്നവരുടെയും മരണമടഞ്ഞവരുടെയും അതിനാഥനാണവിടുന്ന്. ഒപ്പം നിത്യതയില്‍ ഉള്ളവരുടെയും നാഥനാണ് അവിടുന്ന്. ദൈവം ഇസ്രായേലിന് ഉടമ്പടിയിലൂടെ വെളിപ്പെടുത്തിയതും, അതുപോലെ പിന്നീട് ക്രിസ്തുവിലൂടെ പുതിയ നിയമത്തില്‍ നവഇസ്രായേലായ തന്‍റെ ജനത്തിനും വെളിപ്പെടുത്തിയതും, ഈ ഭൂമിയില്‍ ക്രിസ്തു മനുഷ്യരോടൊത്തു ജീവിച്ചതുമെല്ലാം സജീവനാകുന്ന, ജീവിക്കുന്ന ദൈവത്തിന്‍റെ the Living God അനുഭവമാണ് പ്രകടമാക്കുന്നത്. പൗലോസ് അപ്പസ്തോലന്‍റെ വാക്കുകളില്‍ പൂര്‍വ്വകാലങ്ങളില്‍ ദൈവം പ്രാവചകരിലൂടെ വെളിപ്പെടുത്തിയിരുന്നത്, കാലത്തികവില്‍ തന്‍റെ തിരുക്കുമാരന്‍ ക്രിസ്തുവിലൂടെ വെളിപ്പെടുത്തികൊണ്ട്, ദൈവം മനുഷ്യരുടെകൂടെ വസിച്ചു. സങ്കീര്‍ത്തകന്‍ പദങ്ങളില്‍ പ്രകടമാക്കുന്ന പ്രത്യാശയുടെ പൂര്‍ണ്ണിമയാണ് കാലത്തികവില്‍ ക്രിസ്തുവില്‍ നാം ദര്‍ശിച്ചത്, യാഥാര്‍ത്ഥ്യമായത് എന്ന ചിന്തയോടെ ഇന്നത്തെ പഠനം ഉപസംഹരിക്കാം.

Musical Version of Ps. 27

ജനതകളുടെ ഇടയില്‍ കര്‍ത്താവിന്‍റെ പ്രവര്‍ത്തികള്‍

നിങ്ങള്‍ വിളംമ്പരംചെയ്യുവിന്‍

അവിടുത്തെ നാമം ഉത്തമമെന്നു നിങ്ങള്‍ പ്രഘോഷിക്കുവിന്‍

സന്തോഷത്തോടെ അവിടുത്തേയ്ക്കെന്നും

നിങ്ങള്‍ കീര്‍ത്തനം പാടുവിന്‍.