സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / പാപ്പാ ഫ്രാന്‍സിസ് / പ്രബോധനങ്ങള്‍

സല്‍പ്രവൃത്തികള്‍ ദൈവസ്നേഹത്തിന്‍റെ പ്രതിഫലനങ്ങള്‍ : പാപ്പാ ഫ്രാന്‍സിസ്


അനുദിന ജീവിതത്തില്‍ നാം സഹോദരങ്ങള്‍ക്കു ചെയ്യുന്ന സല്‍പ്രവൃത്തികള്‍ ദൈവികകാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രതിഫലനങ്ങളാണ്.

മേരിസ്റ്റ് സന്ന്യാസസമൂഹത്തിന് അവരുടെ സ്ഥാപനത്തിന്‍റെ രണ്ടാം ശതാബ്ദിയോട് അനുബന്ധിച്ച് ഏപ്രില്‍ 20-Ɔ൦ തിയതി വ്യാഴാഴ്ച വത്തിക്കാനില്‍നിന്നും അയച്ച സന്ദേശത്തില്‍ പാപ്പാ ഉദ്ബോധിപ്പിച്ചു. കൊളംമ്പിയയിലാണ് മേരിസ്റ്റ് സന്ന്യാസസമൂഹത്തിന്‍റെ രണ്ടാം ശതാബ്ദി സമ്മേളനവും ജനറല്‍ ചാപ്റ്ററും നടക്കുന്നത്. 1817-ല്‍ ഫ്രാന്‍സില്‍ വിശുദ്ധനായ മര്‍സിലിന്‍ കമ്പാഞ്ഞ യുവജനങ്ങളുടെ വിദ്യാഭ്യാസത്തിനും, അതുവഴി അവരെ നല്ല പൗരന്മാരും ക്രൈസ്തവരുമാക്കുന്നതിന് തുടക്കമിട്ടതാണ് മേരിസ്റ്റ് സന്ന്യാസസമൂഹം (Congregation of the Marist Brothers & Fathers).

സ്ഥാപനത്തിന്‍റെ രണ്ടാം ശതാബ്ദി ആഘോഷിക്കുന്ന മേരിസ്റ്റ് സഭാഗങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ ബലഹീനതകളിലും കുറവുകളിലും ദൈവം നമ്മെ മറക്കുന്നില്ല, അതിനാല്‍ അവിടുത്തെ കാരുണ്യവും സ്നേഹവും എപ്പോഴും നന്മയായും സല്‍പ്രവൃത്തികളായും വളരുമെന്ന ബോധ്യമാണ് മേരിസ്റ്റ് സമൂഹത്തിന്‍റെ ആത്മീയ സിദ്ധിയെന്ന്, സ്ഥാപകസിദ്ധിയെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

 നന്മയുടെ ശുഭാപ്തിവിശ്വാസമാണ് ഇന്നത്തെ ലോകത്ത്  നമുക്ക് ആവശ്യം. സഭാ സ്ഥാപനത്തിന്‍റെ രണ്ടാം ശതാബ്ദി ആചരിച്ചുകൊണ്ട് 22-Ɔമത് പൊതുസമ്മേളനത്തിലൂടെ “എല്ലാം നവമായി തുടങ്ങാനുള്ള” (to begin everything anew) കാല്‍വയ്പ് നടത്തുമ്പോള്‍, “അപരന്‍ എനിക്ക് പ്രിയപ്പെട്ട സഹോദരനായി മാറട്ടെ...” (ഫില. 16) എന്നും പാപ്പാ സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു. ഇന്നിന്‍റെ സമൂഹിക പശ്ചാത്തലത്തില്‍ സ്ഥാപനത്തിന്‍റെ മൂലലക്ഷ്യം ദൈവാത്മാവിന്‍റെ സഹായത്തോടെയാണ് നാം വിവേചിച്ചെടുക്കേണ്ടത്. യുവജനങ്ങളുടെ വിദ്യാഭ്യാസത്തിനും രൂപീകരണത്തിനും സ്ഥാപകനായ വിശുദ്ധ മര്‍സെലിന്‍ പകര്‍ന്നുതന്നിട്ടുള്ളത് നിസ്വാര്‍ത്ഥ സമര്‍പ്പണത്തിന്‍റെ മൗലികമായ വീക്ഷണമാണ്.

ഗ്രാമാന്തരങ്ങളിലെ കൃഷിയിടംപോലെയാകണം നമ്മുടെ വിദ്യാഭ്യാസരീതികള്‍. സാഹചര്യമെന്തായാലും നിലം ഉഴുതുമറിക്കുകയും, കള പറിച്ചുമാറ്റുകയും, വിത്തു പാകി മുളപ്പിക്കുകയും ചെയ്യണം. അങ്ങനെ പ്രതിഫലേച്ഛ നോക്കാതെയുള്ള ത്യാഗപൂര്‍ണ്ണമായ സമര്‍പ്പണമാണ് വിദ്യാഭ്യാസം. ഹൃദയത്തിന്‍റെ ശ്രേഷ്ഠഭാവവും അതിന്‍റെ പങ്കുവയ്ക്കലുമാണ്. മറ്റുള്ളവര്‍ക്ക് വിദ്യ പകര്‍ന്നുനല്കാനുള്ള ആത്മീയതയുടെ ഭാഗമായി, വിദ്യാഭ്യാസപ്രവര്‍ത്തകന്‍ ആദ്യം യഥാര്‍ത്ഥമായ വിദ്യ ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു. അങ്ങനെ മാനുഷികവും ആത്മീയവുമായി സ്വയം ആര്‍ജ്ജിച്ചെടുത്തിട്ടുള്ള അറിവിന്‍റെ കലവറയില്‍നിന്നാണ് വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ നന്മ പകര്‍ന്നു നല്കേണ്ടത്. പണിതുയര്‍ത്തുന്ന നിലത്ത് കര്‍ഷകന്‍ നന്മയുടെ ദൈവികമുദ്രയാണ് പതിപ്പിക്കേണ്ടത്. അത്രത്തോളം വിശ്വസ്തതയും സമര്‍പ്പണവും നന്മയും ഒരു വിദ്യാഭ്യാസപ്രവര്‍ത്തകന് ഉണ്ടായിരിക്കേണ്ടതാണ്. കര്‍ഷകനെപ്പോലെ, വിദ്യാഭാസപ്രവര്‍ത്തകന്‍ ദൈവത്തിന്‍റെ കൈകളിലെ ഉപകരണം മാത്രമാണ്. പാപ്പാ ഉദ്ബോധ്പ്പിച്ചു.

വിശ്വസിക്കുന്ന കാര്യങ്ങള്‍ക്ക് സാക്ഷ്യമേകാനും, അങ്ങനെ നന്മയുടെ ലോകം ചുറ്റും വളര്‍ത്താനും കരുത്തുള്ളവരെയാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യം. മേരിസ്റ്റ് സഭാംഗങ്ങള്‍ക്ക് മറിയത്തിന്‍റെ വിനീതഭാവവും സേവനമനോഭാവവും, സന്നദ്ധതയും, നിശബ്ദസമര്‍പ്പണവും ഉണ്ടാവട്ടെ! പാപ്പാ ആശംസിച്ചു. ഇന്നിന്‍റെ നവമാനവികതയ്ക്ക് നല്ലവിദ്യാഭ്യാസം ആവശ്യമാണ്. പാവങ്ങളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും മുറിപ്പെട്ടവരെയും പ്രത്യേകം തുണയ്ക്കുകയും കരുതുകയും കാക്കുകയുംചെയ്യുന്ന ആര്‍ദ്രത ഇന്നിന്‍റെ ആവശ്യമാണ്. മനുഷ്യന്‍റെ പ്രത്യാശയെ തകര്‍ക്കാത്ത നല്ലപിതാവാണ് ദൈവം എന്ന് സകലര്‍ക്കും അനുഭവവേദ്യമാക്കുന്ന രീതിയിലാവട്ടെ, മേരിസ്റ്റ് സഹോദരങ്ങലുടെ പ്രവര്‍ത്തനങ്ങള്‍, വിശിഷ്യാ നിങ്ങളുടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും... അവയിലെ പ്രവര്‍ത്തകരും!

വിശുദ്ധ മര്‍സിലിന്‍റെ ചൈതന്യം ഇന്നിന്‍റെ ലോകത്ത് വിശ്വസ്തതയോടെ ജീവിക്കാന്‍ ദൈവാത്മാവ് നിങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും പ്രചോദിപ്പിക്കട്ടെ, നയിക്കട്ടെ! ഇങ്ങനയൊരു പ്രാര്‍ത്ഥനയോടെയാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.