വിഖ്യാതമായ 3 മേരിയന്‍ കേന്ദ്രങ്ങളിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് പ്രത്യേക പ്രതിനിധികളെ നിയോഗിച്ചു. ഏപ്രില്‍ 19-Ɔ൦ തിയതി ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച പ്രസ്താവന വത്തിക്കാന്‍ പുറത്തുവിട്ടത്.
1. സ്കൂത്തരിയിലെ സദുപദേശത്തിന്റെ നാഥയുടെ നാമത്തിലുള്ള തീര്‍ത്ഥാടനകേന്ദ്രം
സദുപദേശത്തിന്റെ കന്യകാനാഥയുടെ വര്‍ണ്ണചിത്രം അല്‍ബേനിയയിലെ പുരാതന നഗരമായ സ്കൂത്തരിയില്നിന്നും ഇറ്റലിയില്‍ റോമിന് അടുത്തുള്ള ജെനസ്സാനോയില് അത്ഭുതകരമായി എത്തിച്ചേര്‍ന്നതിന്റെ ഏപ്രില്‍ 26-Ɔ൦ തിയതി ആചരിക്കപ്പെടുന്ന 550-Ɔ൦ വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കാന്‍ സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ മുന്‍പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് റോഡിനെയാണ് പാപ്പാ നിയോഗിച്ചിരിക്കുന്നത്. ആഘോഷങ്ങള്‍ നടക്കുന്ന സ്കൂത്തരിയിലെ സദുപദേശത്തിന്റെ കന്യകാനാഥയുടെ Our Lady of Good Counsel തീര്‍ത്ഥാടന കേന്ദ്രത്തിലെ ജൂബിലിയാഘോഷത്തിലേയ്ക്കാണ് പാപ്പാ ഫ്രാന്‍സിസ് പ്രത്യേക പ്രതിനിധിയെ നിയോഗിച്ചിക്കുന്നത്.
അല്‍ബേനിയയ്ക്കും ഈസ്താംബൂളിനുമടുത്ത് - ഇന്നത്തെ ഉസ്ക്കുദാറിലെ പുരാതന ദേവാലയത്തില്‍നിന്നും (പഴയ നഗരമായ സ്കൂത്തരിയിലെ) സദുപദേശത്തിന്റെ കന്യകാനാഥയുടെ വര്‍ണ്ണചിത്രം തുര്‍ക്കികളുടെ ആക്രമണകാലത്ത് ഇറ്റലിയില്‍ ജെനസ്സാനോയിലെ തീര്ത്ഥസ്ഥാനത്തേയ്ക്ക് അത്ഭുതകരമായി സഞ്ചരിച്ച് എത്തിച്ചേര്‍ന്നു എന്നാണ് വിശ്വാസം.
2. ഫാത്തിമായിലെ അല്മായ സംഗമം
ഫാത്തിമ തീര്‍ത്ഥത്തിരുനടയില്‍ സംഗമിക്കുന്ന 5-Ɔമത് ലോക കത്തോലിക്കാ അല്മായ സംഗമത്തിലേയ്ക്കും (Cursillos of Christianity) തന്റെ പ്രതിനിധിയെ പാപ്പാ നിയമിച്ചു.
ഫാത്തിമ ദര്‍ശനത്തിന്റെ 100-Ɔ൦ വാര്‍ഷികം അവസരമാക്കിക്കൊണ്ട് മെയ് 4-മുതല്‍ 6-വരെ പോര്‍ച്ചുഗലിലെ കന്യകാനാഥയുടെ തീര്‍ത്ഥത്തിരുനടയില്‍ സംഗമിക്കുന്ന രാജ്യാന്തര കത്തോലിക്കാ അല്മായ സംഖ്യത്തിലേയ്ക്കാണ് സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്, കര്‍ദ്ദിനാള്‍ ജോ ബ്രാസ് ദെ ആവിസിനെ പ്രതിനിധിയായി പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചത്.
സ്പെയിനിലെ ക്രൈസ്തവ പീഡനകാലത്ത് 1944-ല്‍ സ്ഥാപിതമായ കത്തോലിക്ക പ്രേഷിത പ്രസ്ഥാനമാണ് The Apostolic Movement –Cursillos de Christanidad. സ്പെയിനില്‍ മയോര്‍ക്ക എന്ന സ്ഥലത്തുണ്ടായിരുന്ന അല്മായരുടെ കൂട്ടായ്മയാണ് ഇതിന്റെ സ്ഥാപകര്‍. വിശുദ്ധ സ്ഥലങ്ങളിലേയ്ക്കുള്ള ക്രിസ്ത്യന്‍ തീര്‍ത്ഥാടനത്തിനു സഹായകമാകുന്ന നേതാക്കളെയും സന്നദ്ധ സേവകരെയും രൂപീകരിക്കയായിരുന്നു ആദ്യം പ്രസ്ഥാനത്തിന്റെ ലക്ഷ്യമെങ്കിലും, പിന്നീട് ഏറെ ബോധ്യമുള്ള അല്മായ നേതാക്കളുടെ പ്രസ്ഥാനമായി ഇക് മാറുകയും ലോകത്തിന്റെ ഇതര രാജ്യാങ്ങളിലേയ്ക്ക് വ്യാപിക്കുകയുംചെയ്തു.
3. കസാഖിസ്ഥാനിലെ ഫാത്തിമ കേന്ദ്രത്തിലേയ്ക്ക്
മദ്ധ്യേഷ്യന്‍ രാജ്യമായ കസാഖിസ്ഥാനില്‍ കര്ഗാണ്ടിയിലുള്ള ഫാത്തിമാനാഥയുടെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ മെയ് 13-നു സമാപിക്കുന്ന മേരിയന്‍ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ വത്തിക്കാന്റെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ‘കോര്‍ ഊനും പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ ( Cor Unum Pontifical Council) മുന്‍പ്രസിഡന്റ്, കര്‍ദ്ദിനാള്‍ പോള്‍ ജോസഫ് കോര്ഡ്സിനെ പാപ്പാ നിയമിച്ചു.
ഫാത്തിമാ ദര്‍ശനത്തിന്റെ 100-Ɔ൦ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് കസാഖിസ്ഥാനിലെ കര്ഗണ്ടിയിലുള്ള മേരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ മദ്ധ്യേഷ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവമക്കള്‍ സംഗമിക്കുന്നത്.
ഏപ്രില്‍ 19-ന് പുറത്തുവിട്ട വത്തിക്കാന്റെ പ്രസ്താവനയിലൂടെയാണ് ലോകത്തെ ഈ മൂന്നു വ്യത്യസ്ത മേരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ രാജ്യാന്തര വിശ്വാസ കൂട്ടായ്മകളിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് തന്റെ പ്രതിനിധികളെ നിയോഗിച്ചിരിക്കുന്നത്.
സമൂഹ്യശൃംഖലകള്‍: